Connect with us

Prathivaram

തമിഴ് മനമറിഞ്ഞ്‌

Published

|

Last Updated

കാങ്കയത്ത് ഒരു മതില്‍ക്കെട്ടില്‍ സ്ഥിതിചെയ്യുന്ന മസ്ജിദും ക്ഷേത്രവും

നാല് ദിവസത്തെ യാത്ര. തമിഴ്‌നാട്ടിലെ ട്രിച്ചി, കാവേരി, കോയമ്പത്തൂര്‍, ശ്രീരംഗം, തഞ്ചാവൂര്‍ തുടങ്ങിയവയാണ് ലക്ഷ്യം. സുഹൃത്ത് ഹനീഫയോടൊപ്പം പെരിന്തല്‍മണ്ണയില്‍ നിന്ന് കാറില്‍ പാലക്കാട്ടേക്ക്. ഭക്ഷണം കഴിച്ച് വാളയാര്‍ വഴി ട്രിച്ചി ലക്ഷ്യമാക്കി യാത്ര… വാളയാര്‍ കഴിഞ്ഞതോടെ വഴിയരികിലെല്ലാം പുളിമരങ്ങള്‍ നിരനിരയായി പൂത്തുനില്‍ക്കുന്നത് മനോഹര കാഴ്ചയാണ്. ഇവിടെ നിന്നാണത്രെ നമ്മുടെ നാട്ടിലേക്കൊക്കെ പുളി എത്തുന്നത്. കോയമ്പത്തൂര് നിന്നുള്ള റോഡ് യാത്ര ആസ്വദിക്കേണ്ടതുതന്നെയാണ്. സ്വപ്‌നംപോല്‍ സുന്ദരമായ കാഴ്ചകള്‍. തലേ ദിവസം മഴ പെയ്തതിനാല്‍ നല്ല തണുപ്പ്. വഴികളിലുടനീളം പ്രകൃതി അതീവ സൗന്ദര്യത്തോടെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. രാത്രി പത്തോടെ ഞങ്ങള്‍ ട്രിച്ചിയിലെത്തി. ഭക്ഷണം കഴിക്കാനായി അടുത്തുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ കയറി. ദോശയും ചട്ട്ണിയും ചായയും. ചായക്ക് മാത്രം 25 രൂപ!

പിറ്റേന്ന് അതിരാവിലെ ട്രിച്ചി ബസ് സ്റ്റാന്‍ഡിലേക്കിറങ്ങി. തിരക്കുണ്ട്. കാറിനേക്കാള്‍ കൂടുതല്‍ ബൈക്കുകളാണ്. ഭക്ഷണം കഴിച്ച് ശ്രീരംഗന്‍ ക്ഷേത്രവും കാവേരി നദിയും കാണാനിറങ്ങി. ബസിലെ ബോര്‍ഡുകളെല്ലാം തമിഴില്‍. ഒന്നും മനസ്സിലായില്ല. നിറഞ്ഞ ചിരിയോടെ നില്‍ക്കുന്ന ഒരു ചേട്ടന്റെ അടുത്ത് പോയി ശ്രീരംഗം “പെരിയ സ്വാമി എങ്കേ പോകെ” എന്ന് താഴ്മയോടെ ചോദിച്ചു. എന്റെ കൈയില്‍ പിടിച്ച് ബസിനടുത്തേക്ക് എത്തിച്ചു. കൂടെ ഒരു ഉപദേശവും, “പേഴ്‌സ് ശ്രദ്ധിക്കണം”. പേരറിയാത്ത ആ മനുഷ്യനോട് നന്ദി പറഞ്ഞ് ബസില്‍ കയറി. 16 കിലോമീറ്റര്‍ യാത്രക്ക് 11 രൂപ (കേരളത്തേക്കാള്‍ മൂന്ന് രൂപ മാറ്റം) ടിക്കറ്റ്. ട്രിച്ചി ചന്തയിലെത്തിയപ്പോള്‍ എന്റെ അടുത്ത് രണ്ട് യുവാക്കള്‍ വന്നിരുന്നു. നോക്കി ചിരിച്ചപ്പോള്‍ ഞാന്‍ സംസാരം തുടങ്ങി. ചിലതൊക്കെ അവര്‍ക്ക് മനസ്സിലായി. മലയാളിയാണല്ലേ എന്നൊരു ചോദ്യവും. പണ്ട് വീട്ടില്‍ ജോലിക്ക് വന്ന പെര്‌സ് എന്നയാളോട് തമിഴ് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് മനസ്സിലാകുകയും തിരിച്ച് മറുപടിയും തന്നിരുന്നു. എന്നാല്‍, ഇവരോട് ആ തമിഴ് പ്രയോഗിച്ചപ്പോള്‍ മുഴുവനായും മനസ്സിലാവുന്നില്ല. തിരികെ എന്നോട് കുറേ എന്തൊക്കെയോ വേഗത്തില്‍ പറഞ്ഞു. കുറച്ചു മനസ്സിലായ ഞാന്‍ മറുപടി “ആമ”യിലൊതുക്കി. രണ്ടാളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. ഗോപി ഇംഗ്ലീഷ് സംസാരിക്കുമെന്ന് പറഞ്ഞപ്പോള്‍ പിന്നെ ഇംഗ്ലീഷിലാക്കി സംസാരം. ഞങ്ങള്‍ മൂന്ന് പേരും ശ്രീരംഗന്‍ ക്ഷേത്രത്തിനടുത്ത് ഇറങ്ങി. ഗോപി മൊബൈല്‍ നമ്പര്‍ തന്ന് ഇനി വരുമ്പോള്‍ വിളിക്കണമെന്ന് പറഞ്ഞ് പിരിഞ്ഞു.

കാവേരി നദിക്കരയില്‍
ദക്ഷിണ ഭാരതത്തിലെ വലിയ നദികളിലൊന്നാണ് കാവേരി. പതിനൊന്ന് മണിയോടെയാണ് ഇവിടെയെത്തിയത്. നിറയെ സ്ത്രീകളും പുരുഷന്മാരും. എല്ലാവരും തൊഴുകൈയോടെ നില്‍ക്കുന്നു. വെള്ളം നന്നേ കുറവ്. തണുത്ത കാറ്റുണ്ട്. ഷൂ ഊരി കൈയില്‍ പിടിച്ച് വെള്ളത്തിലൂടെ നടന്ന് പാലത്തിനടുത്തെത്തി. ചിലര്‍ കിടന്നുറങ്ങുന്നു. മറ്റു ചിലര്‍ തൊഴുകൈയോടെ പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കുന്നു. ഹിന്ദുക്കള്‍, പ്രത്യേകിച്ചും ദ്രാവിഡര്‍ ഇതിനെ പവിത്രമായ നദിയായി കരുതുന്നു. ആര്യന്മാര്‍ ആര്യസാമ്രാജ്യത്തിലെ ഏഴ് പുണ്യ നദികളിലൊന്നായും കണക്കാക്കുന്നുണ്ട്.

ഒഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി മാറിയിട്ടുണ്ട് കാവേരി. നദീതട നിവാസികള്‍ക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള നദി ഇന്ത്യയിലില്ല. പക്ഷേ ഇപ്പോള്‍ ഇതെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. നൂറുകണക്കിന് ലോറികളില്‍ ദിനേന മണല്‍ കയറ്റിപ്പോകുന്നു. ഒട്ടേറെ സ്ത്രീകളും പുരുഷന്മാരും ചാക്കുകണക്കിന് മണല്‍, വാഹനങ്ങളില്‍ കയറ്റിക്കൊണ്ടിരിക്കുന്നു. ഈ പോക്ക് തുടര്‍ന്നാല്‍ കാവേരി വെറും തരിശ് ഭൂമിയാകാന്‍ അധികകാലം വേണ്ടിവരില്ല. പണ്ടുകാലത്ത് മുത്തുച്ചിപ്പി ബന്ധനത്തിന് പേരു കേട്ടതാണ് ഈ നദി.

കാവേരിയും കാഴ്ചകളും കണ്ട് നേരെ ശ്രീരംഗന്‍ ക്ഷേത്രത്തിലേക്ക് വണ്ടികയറി. രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചപ്പോഴേക്കും ക്ഷേത്രമെത്തി. അടുത്തടുത്ത് നിറയെ ക്ഷേത്രങ്ങള്‍. വഴിയിലുടനീളം കച്ചവടക്കാരും ഭിക്ഷാടകരും. ഇതിനിടക്കാണ് ഒരു ആന ഇതിലൂടെ കടന്നുപോയത്. ആനയുടെ അനുഗ്രഹം ഏറ്റുവാങ്ങാനായി ചിലര്‍ തല താഴ്ത്തി.

അമ്പലവും പള്ളിയും ഒരു മതില്‍ക്കെട്ടില്‍

അസറ് വാങ്ക് കൊടുത്തതിന് ശേഷമാണ് കാങ്കയം എന്ന സ്ഥലത്തെത്തിയത്. സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു. വണ്ടി പാര്‍ക്ക് ചെയ്ത് പള്ളിക്കടുത്തെത്തിയപ്പോഴാണ് നന്മയുള്ള ആ കാഴ്ച കണ്ടത്. പള്ളിയും അമ്പലവും ഒരേ മതില്‍ക്കെട്ടിനുള്ളില്‍. മറ്റ് സംസ്ഥാനങ്ങളില്‍ ആദ്യമായി കണ്ടതുകൊണ്ടാണെന്ന് തോന്നുന്നു ഒരുപാട് സന്തോഷമായി. നിസ്‌കാരം കഴിഞ്ഞ് പള്ളി കമ്മിറ്റിയിലെ കുറച്ച് ആളുകളുമായി സംസാരിച്ചു. മലപ്പുറത്ത് നിന്നാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വലിയ താത്പര്യം. നമ്മുടെ നാട്ടിന്‍പുറങ്ങള്‍ പോലെത്തന്നെ വിശേഷ ദിവസങ്ങളില്‍ പരസ്പരം ഭക്ഷണം കൈമാറാറുണ്ട് ഇവിടത്തുകാര്‍. പള്ളിക്കടുത്തുള്ള വീടുകളില്‍ പോയപ്പോഴും അവസ്ഥക്ക് മാറ്റമൊന്നുമില്ല. എല്ലാവരിലുമുണ്ട് സംതൃപ്തിയുടെയും സന്തോഷത്തിന്റെയും നിറവ്. കൂടെ നിന്ന് ഫോട്ടോയുമെടുത്തു. അവരോടെല്ലാം യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. അടുത്തുള്ള കടയില്‍ നിന്ന് ചായ കുടിച്ച് ഉടമ സന്തോഷിനോട് സംസാരിച്ചപ്പോഴും മനം നിറഞ്ഞ ചിരി കണ്ടപ്പോഴും അവിടുത്തെ സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും ആഴവും പരപ്പും മനസ്സിലായി.
.

Latest