Prathivaram
ഹാജിയുടെ വഴിക്കുറിപ്പുകള്‍
“ഇന്ന് ഒരു സംഗതി എനിക്ക് കാണാനായി. കഅ്ബയുടെ കില്ലയില്‍ തുണിക്കഷ്ണങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. കറുത്ത സാധാരണ തുണിയാണത്. പലയിടത്തും കീറിയിട്ടുണ്ട്. ദ്വാരങ്ങളും മങ്ങലുകളുമുണ്ട്. മഴയും വെയിലും തട്ടി ശോഭ മങ്ങിയിട്ടുണ്ട്…
തിരക്ക് കാരണം പള്ളിയുടെ പുറത്തും പായ വിരിച്ചിട്ടുണ്ട്. റൗളയുടെ ഭാഗത്ത് പഴയ പായയാണ് വിരിച്ചിരിക്കുന്നത്. ആളുകള്‍ കൂടുന്നതിനനുസരിച്ച് പായകളില്ല. തുര്‍ക്കികളുടെ കാലത്തുണ്ടായിരുന്ന മുന്തിയ പരവതാനി നജ്ദികള്‍ നശിപ്പിച്ചു. ഇപ്പോള്‍ പ്രവാചകന്റെ പള്ളിയില്‍ കീറിപ്പറിഞ്ഞ ചാക്കുതുണികളാണ് പലയിടത്തും വിരിച്ചിരിക്കുന്നത്. എനിക്ക് സങ്കടം തോന്നി.”
ബ്രിട്ടീഷ് ഇന്ത്യയിലെ ഐ സി എസ് ഉദ്യോഗസ്ഥനായിരുന്ന അമീര്‍ അഹ്മദ് അലവി 1929ല്‍ നടത്തിയ ഹജ്ജ്‌യാത്രയുടെ സ്മൃതികള്‍ വരഞ്ഞിട്ട തന്റെ “സഫ്‌റേ സാദാത്ത്” എന്ന കൃതിയില്‍ പാവന നഗരങ്ങളായ മക്കയിലെയും മദീനയിലെയും പുണ്യ ഗേഹങ്ങളുടെ അക്കാലത്തെ അവസ്ഥ വിവരിക്കുന്ന ഒരു ഭാഗമാണിത്. മക്കയും മദീനയും അടങ്ങിയ പഴയ ഹിജാസിന്റെയും അവിടുത്തെ വിശുദ്ധ ഗേഹങ്ങളുടെയും തെരുവുകളുടെയും കെട്ടിടങ്ങളുടെയും കഴിഞ്ഞ നൂറ്റാണ്ടിലെ ഭൗതിക സാഹചര്യങ്ങള്‍ എന്തായിരുന്നുവെന്നും ഇന്ന് പെട്രോ ഡോളറിന്റെ ആസ്തിയില്‍ അവ എത്രത്തോളമാണ് വികസിച്ചതെന്നും അടുത്തറിയാന്‍ അമീര്‍ അഹ്മദ് അലവിയുടെ ഹജ്ജ് യാത്രാ കുറിപ്പിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാവും. കേവല യാത്രാ കുറിപ്പുകളെന്നതിലുപരി അതത് കാലഘട്ടത്തിന്റെ ചരിത്രരേഖ കൂടിയാണ് ഹജ്ജ് യാത്രാ സാഹിത്യമെന്ന് ബോധ്യപ്പെടും. ഇബ്‌റാഹീം നബിയുടെ വിളിയാളം കേട്ട്, ഭക്തിയും ആത്മ നിര്‍വൃതിയും മനസ്സാവഹിച്ച്, സഹനവും സാഹസവും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് പുണ്യ ഭവനങ്ങളിലെത്തിയ അനേകം തീര്‍ഥാടകരുടെ ഇത്തരം യാത്രാകുറിപ്പുകള്‍ ഹജ്ജ് യാത്രാ സാഹിത്യത്തില്‍ നമുക്ക് കണ്ടെത്താനാവും.
ഹജ്ജെഴുത്തിന്റെ
ആരംഭവും വ്യാപനവും
മക്കയിലെ പുരാതന ഭവനമായ വിശുദ്ധ കഅ്ബയിലെത്തി ഹജ്ജ് നിര്‍വഹിക്കല്‍ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനമാണ്. സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിര്‍വൃതിയുമായി വര്‍ഷംപ്രതി ലക്ഷോപലക്ഷം പേരാണ് കഅ്ബാലയത്തെയും മനസ്സാവഹിച്ച് ഈ പുണ്യകര്‍മത്തിനെത്തുന്നത്. ഹജ്ജ് ചെയ്ത് ആത്മീയോത്കര്‍ഷം നേടിയെടുത്ത തീര്‍ഥാടകര്‍ തങ്ങളുടെ ആത്മാനുഭൂതികള്‍ സ്വജനങ്ങളെ അറിയിക്കുന്നതിനും പ്രസന്നയാത്രയുടെ നോവും നനവും ഓര്‍മിച്ചോര്‍മിച്ച് ആസ്വദിക്കുന്നതിനും വേണ്ടി എഴുതിത്തുടങ്ങിയതാണ് ഹജ്ജെഴുത്തുകള്‍. ഇസ്‌ലാമിക സാഹിത്യ ലോകത്ത് ഈ സഞ്ചാരക്കുറിപ്പിന് വലിയ ഇടമുണ്ട്. അറബിയില്‍ “രിഹ്‌ല”യെന്നും പേര്‍ഷ്യനില്‍ “സഫര്‍നാമ”യെന്നും അറിയപ്പെടുന്ന ഈ കുറിപ്പുകള്‍ സാഹിത്യം എന്നതിലുപരി സാംസ്‌കാരികവും ചരിത്രപരവുമായ ജ്ഞാനഖനി കൂടിയാണ്.
അബ്ബാസിയ്യ ഖലീഫമാരുടെ കാലം മുതല്‍ക്കുതന്നെ ഹജ്ജ്‌യാത്രാവിവരണങ്ങള്‍ എഴുതിത്തുടങ്ങി. വാര്‍ത്താ വിനിമയവും ആശയക്കൈമാറ്റവും ഇത്രയൊന്നും വിപുലമായിട്ടില്ലാതിരുന്ന അക്കാലത്തും വികാരാര്‍ദ്രവും തീര്‍ഥാടനേഛ സൃഷ്ടിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതും അപൂര്‍വ തേജസ് നിറഞ്ഞു നില്‍ക്കുന്നതുമായ ഒട്ടേറെ രിഹ്‌ലകള്‍ വെളിച്ചം കാണുകയുണ്ടായി. അബ്ബാസിയ്യ കാലഘട്ടത്തിലെ പഴയ യാത്രാ വിവരണങ്ങള്‍ക്ക് ശേഷം തീര്‍ഥാടന സാഹിത്യത്തില്‍ നിറഞ്ഞുനിന്ന പുതിയ രചനകളായിരുന്നു പേര്‍ഷ്യനിലും ഇംഗ്ലീഷിലും ലാറ്റിനിലുമുണ്ടായ ഹജ്ജ്‌യാത്രാ വിവരണങ്ങള്‍. അബ്ബാസിയ്യകാല രചനകള്‍ ചിത്രപ്പണികളും അലങ്കാരപ്പണികളും നടത്തിയാണ് പ്രകാശിതങ്ങളായതെങ്കില്‍ കൊളോണിയല്‍ യുഗത്തിലെ യാത്രാവിവരണങ്ങള്‍ മിക്കതും ഹസ്തലിഖിതത്തില്‍ മാത്രമായി ഒതുങ്ങുകയും ചിലതുമാത്രം ഗുട്ടന്‍ബര്‍ഗിന്റെ അച്ചുകളില്‍ മഷിപുരളുകയും ചെയ്തു. പ്രസിദ്ധീകരണലക്ഷ്യം വച്ച് തയ്യാറാക്കിയ ദിനക്കുറിപ്പുകളായിരുന്നില്ല എന്നതിനാല്‍ തന്നെ ഇവയിലധികവും പൊടിപ്പും തൊങ്ങലും നാലയലത്ത് തൊട്ടുതീണ്ടാത്തവയും ശുദ്ധവുമായിരുന്നു.
ഹജ്ജ് യാത്രാ സാഹിത്യത്തില്‍ കീര്‍ത്തി നേടിയതും ദേശാന്തരങ്ങള്‍ക്കപ്പുറം വ്യാപിച്ചതും ഇറാന്‍, സ്‌പെയിന്‍, മൊറോക്കോ, ഇംഗ്ലണ്ട്, ഇന്ത്യ, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ആഫ്രിക്ക, സഊദി അറേബ്യ, യുനൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രികരുടെ കുറിപ്പുകളാണ്. പണ്ഡിതന്മാര്‍, കവികള്‍, രാജ്ഞികള്‍, അടിമകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ലിംഗ പ്രായ വ്യത്യാസങ്ങളില്ലാതെ വിവിധ ദേശങ്ങളിലും വംശങ്ങളിലുമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
അമേരിക്കന്‍ മുസ്‌ലിംപണ്ഡിതനും തൊണ്ണൂറുകളില്‍ ഹജ്ജ്‌യാത്രാ സാഹിത്യരംഗത്തെ നിറസാന്നിധ്യവുമായ മൈക്കല്‍ വൂള്‍ഫ്, ഹജ്ജെഴുത്തിന്റെ ചരിത്രവും പശ്ചാത്തലവും വിവരിക്കുന്ന One thousand Roads to mecca എന്ന കൃതി പ്രസിദ്ധപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ ആയിരം വര്‍ഷങ്ങളിലായി ഹജ്ജനുഭവങ്ങള്‍ വരഞ്ഞുവച്ച കൃതികളെയും കര്‍ത്താക്കളെയുമാണ് വൂള്‍ഫ് പഠനവിധേയമാക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് അധിനിവേശത്തെ, മുന്‍വിധികളേതുമില്ലാതെ നിഷ്പക്ഷമായി അനാവരണം ചെയ്ത യൂറോപ്യന്‍ ചരിത്രകാരി മാഡം ബര്‍ബാറ ഡി മറ്റ്കാല്‍ഫ് തന്റെ പഠനത്തില്‍ കൊളോണിയല്‍ ഇന്ത്യയിലെ ഹജ്ജ്‌യാത്രകളെ സസൂക്ഷ്മം വിശകലനം ചെയ്യുന്നുണ്ട്. ഹജ്ജിന്റെ പ്രസക്തി ആധുനിക ലോകത്ത് കാലമെത്ര ചെന്നാലും കുറയുകയില്ലെന്നും യൂറോപ്യന്‍ ക്രൈസ്തവ തീര്‍ഥാടനങ്ങളില്‍ നിന്ന് ഏറെ വിഭിന്നമാണ് മക്കയിലേക്കുള്ള വിശ്വാസിപ്രയാണമെന്നും ബര്‍ബാറെ നിരീക്ഷിക്കുന്നു.
പാവന നഗരങ്ങള്‍ മനസ്സാവഹിച്ച മുസ്‌ലിം തീര്‍ഥാടകരുടെ അനുഭവക്കുറിപ്പുകള്‍, സാഹസികരും പ്രഛന്നരുമായി വിശുദ്ധ ഭൂമിയിലെത്തുന്ന അമുസ്‌ലിം സഞ്ചാരികളുടെ യാത്രാ വിവരണങ്ങള്‍ എന്നിങ്ങനെ രണ്ട് ഗണങ്ങളായാണ് ഹജ്ജ് യാത്രാ സാഹിത്യം പുരോഗമിക്കുന്നത്. ഇരു ധാരകളിലെയും രചനകള്‍ വ്യത്യസ്ത അനുഭവങ്ങള്‍ നല്‍കുന്ന പൊതുഭൂമിയായാണ് മക്കയെ ചിത്രീകരിക്കുന്നത്. സാഹസികതയുടെയും കായികാധ്വാനത്തിന്റെയും ആധ്യാത്മിക ആവേശത്തിന്റെയും അനുരണനങ്ങള്‍ എല്ലാ കൃതികളിലും പ്രകടമാണ്.
യൂറോപ്യന്‍ നവോത്ഥാന കാലഘട്ടം മൂതല്‍ നാല് നൂറ്റാണ്ടോളമായി ഹജ്ജിന്റെ അനുഭവ സമൃദ്ധി കണ്ടറിഞ്ഞ പടിഞ്ഞാറന്‍ ക്രിസ്ത്യന്‍ എഴുത്തുകാര്‍ മുതവ്വിഫുമാരുടെ കണ്ണ് വെട്ടിച്ചും വേഷം മാറിയുമെല്ലാമാണ് മക്കയിലേക്ക് നുഴഞ്ഞു കയറിയിരുന്നത്. തീര്‍ഥാടനം എന്നതിനു പുറമെ സാഹസികതയും അറിവ് സമ്പാദനവും പ്രശസ്തി മോഹവുമെല്ലാം ഉള്‍ക്കൊണ്ട ഉദ്യമങ്ങളായിരുന്നു ഇവ. അപരിചിതരായ വായനക്കാര്‍ക്ക് പുതിയ അനുഭവങ്ങള്‍ പറഞ്ഞു കൊടുക്കുക എന്ന ഉദ്ദേശ്യത്തില്‍ എഴുതിയ ഇവരുടെ കുറിപ്പുകള്‍ കിഴക്കിനെ നിഗൂഢവും പ്രാകൃതവുമായ ദേശമായി ഗണിക്കാന്‍ ചിലപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ട്. മതപരമായ കാരണങ്ങളാല്‍ പാവന നഗരങ്ങളില്‍ നിന്ന് വിലക്ക് സ്വീകരിക്കേണ്ടി വന്നവരുടെ ഇത്തരത്തിലുള്ള ചില രചനകള്‍ വിരസതയും ദുഷിപ്പും നിറഞ്ഞ വിവരണങ്ങളാണ് നല്‍കുന്നത്.
ആരോഗ്യപരമായ വായനക്ക് ഒട്ടും നിരക്കാത്ത ഈ സൃഷ്ടികള്‍ പാശ്ചാത്യരില്‍ അടഞ്ഞതും ഇരുണ്ടതുമായ ധാരണകള്‍ രൂപപ്പെടാന്‍ ഇട നല്‍കുന്നു. നവോത്ഥാനകാലം മുതല്‍ ആരംഭിച്ചതും സാങ്കേതിക സഹായങ്ങളോടെ ഇപ്പോള്‍ കൂടുതല്‍ വിപുലമായതുമായ ചരക്കിന്റെയും സേവനങ്ങളുടെയും സ്വതന്ത്ര വ്യാപാരത്തിലൂന്നിയ പടിഞ്ഞാറിന്റെ മൂലധന മോഹങ്ങള്‍ക്കുള്ള ഭൂപടമായും ഇത്തരം സാഹിത്യങ്ങള്‍ വര്‍ത്തിക്കുന്നു. എങ്കിലും യൂറോപ്പിന് ഇസ്‌ലാമിനെ കുറിച്ചുള്ള ധാരണ രൂപാന്തരപ്പെടുത്താനും പുതിയ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും വേദി ഒരുക്കാനും ഈ രചനകള്‍ സഹായകമായി. എന്നാല്‍ മുസ്‌ലിം തീര്‍ഥാടകര്‍ ഹജ്ജ് നല്‍കിയ ആത്മീയാനുഭൂതിയോടു കൂടി സമൃദ്ധവും ഏകാത്മകവുമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയുടെ ആസ്ഥാനമായും പ്രൊഫഷണല്‍ ജീവിതത്തിനപ്പുറം തന്റെ ഭാവി തുടരാനുള്ള ഒരു കേന്ദ്രമായും മക്കയെ കാണുന്നു.
The travels of Ibn Bathutha എന്ന കൃതിയില്‍ സാഗരങ്ങളും മരുഭൂമികളും താണ്ടിയുള്ള ദുര്‍ഘടപഥങ്ങളെ വിവരിക്കുന്നിടത്ത് ഹജ്ജ് നല്‍കുന്ന അനശ്വരമായ ആത്മനിര്‍വൃതിയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇബ്‌നു ജുബൈറിന്റെ The Travels of Ibn Jubyr, അലി അബ്ബാസിയുടെ The t ravels of Ali Bey Al-Abbasi എന്നീ രചനകള്‍ സാഹസികത നിറഞ്ഞ വഴികള്‍ പിന്നിട്ട് പുണ്യഭൂമിയുടെ മാറിലണഞ്ഞ തീവ്രവിശ്വാസിയുടെ കിതപ്പുകളൊപ്പിയെടുത്തവയാണ്.
ഹജ്ജ് യാത്രാസാഹിത്യത്തിലെ എക്കാലത്തെയും മികച്ച രചനകളിലൊന്നാണ് മുഹമ്മദ് അസദിന്റെ The Road to Mecca. താന്‍ കണ്ട അറേബ്യയെ അസദ് സരളസുന്ദരമായ ഭാഷയില്‍ വിവരിക്കുന്നുണ്ട്. മക്കയും മദീനയും അടങ്ങിയ ഹിജാസിന്റെ ദൈനംദിന ജീവിതവും പ്രകൃതവുമെല്ലാം ഉള്‍ക്കൊണ്ട ഈ ഗ്രന്ഥം അറേബ്യന്‍ സംസ്‌കാരത്തിന്റെ തന്നെ തനിഭാവം പങ്കുവെക്കുന്നു.
കറുത്ത വര്‍ഗക്കാരുടെ വിപ്ലവനേതാവും ആഫ്രോഅമേരിക്കന്‍ എഴുത്തുകാരനുമായ മാല്‍കം എക്‌സ് 1962ലെ തന്റെ ഹജ്ജ് യാത്രക്കിടയിലാണ് യഥാര്‍ഥ ഇസ്‌ലാമിനെ അടുത്തറിയുന്നത്. നാഷന്‍സ് ഓഫ് ഇസ്‌ലാം എന്ന തന്റെ മാതൃസംഘടന യഥാര്‍ഥ ഇസ്‌ലാമില്‍ നിന്ന് ഏറെ അകലെയാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഹജ്ജ് നല്‍കിയ ആത്മീയാവേശത്തില്‍ നിന്നാണ് തന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താര്‍ജിക്കുന്നത്. The Autobiography of Malcolm x എന്ന ആഥകഥയില്‍ ഹജ്ജിന്റെ ചൈതന്യത്തെയും ഹജ്ജ് നല്‍കുന്ന ആത്മ സംതൃപ്തിയെയും കുറിച്ച് മാല്‍ക്കം വാചാലനാവുന്നു.
ബോളോഗ്‌നയില്‍ നിന്ന് 1503ല്‍ പുറപ്പെട്ട തീര്‍ത്ഥാടക സംഘത്തിന്റെ കാവല്‍ക്കാരനായാണ് ലുഡോവികോ ഡി വാര്‍ത്തേമ മക്കയിലെത്തുന്നത്. ലാറ്റിനില്‍ രചിക്കപ്പെട്ട തന്റെ യാത്രാവിവരണത്തില്‍ ഹിജാസിലെ പാവന നഗരങ്ങളെയും അവിടെ തമ്പടിക്കുന്ന യാത്രാസംഘങ്ങളെയും അദ്ദേഹം കുറിച്ചുവെക്കുന്നുണ്ട്. ജോസഫ് പിസ്റ്റിന്റെ A True and Faithful Account of Religion and manners of Mahometans, സര്‍ റിച്ചാര്‍ഡ് ബര്‍ട്ടന്റെ A personal Narrative of a Journey to Al-Madinah and Meccah, ജോണ്‍ എഫ് കിയാനെയുടെ Six months in Meccah എന്നീ കൃതികള്‍ യാത്രാവഴികളെയും പാവനനഗരങ്ങളെയും പറ്റിയുള്ള പടിഞ്ഞാറന്‍ സങ്കല്‍പ്പങ്ങളെക്കുറിച്ച് പറയുന്നു.
1800കളുടെ തുടക്കത്തില്‍ മലായിയില്‍ നിന്നു മദീനയിലേക്കുള്ള സാര്‍ഥവാഹക സംഘത്തിന്റെ കൂടെ ഹജ്ജിനെത്തിയ സ്വിസ് നിരീക്ഷകന്‍ ജോണ്‍ ലൂയിസ് ബര്‍ക്കാര്‍ട്ട് രചിച്ച The Travels in the Hijaz of Arabia, ഇറാനിയന്‍ ബിരുദധാരി മുഹമ്മദ് ഹുസൈന്‍ ഹര്‍ഫാനിയുടെ The Shi”ite piligrimage to Mecca, ഒട്ടകപ്പുറത്തുള്ള തീര്‍ഥാടനത്തിന്റെ അവസാന ദശകങ്ങളെ പരാമര്‍ശിക്കുന്ന എല്‍ഡണ്‍ റട്ടറിന്റെ The Holy Cities in Arabia, 1927ല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കുടുംബത്തോടൊപ്പം പുണ്യനഗരത്തിലണഞ്ഞതിന്റെ ദീപ്തസ്മരണകള്‍ വരഞ്ഞിടുന്ന വിന്‍ഫ്രഡ് സ്റ്റഗറുടെ Always Bells, ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഹാരി സെന്റ്‌ജോണ്‍ ഫില്‍ബിയുടെ An Autobiography and A Pilgrim in Arabia, ഇറാനിയന്‍ നോവലിസ്റ്റ് ജലാല്‍ അലി അഹ്മദിന്റെ Lost in the Crowd എന്നീ രചനകളും തീര്‍ഥാടനത്തിന്റെ സഹനപഥങ്ങള്‍ താണ്ടുന്നു.
മക്കാ നിവാസിയായ ഹംസ ബുഖാരി 1940ല്‍ രചിച്ച The Shelterd Quarter: A tale of Boyhood in Mecca എന്ന ബാല്യകാലസ്മരണ മക്ക കൈവരിച്ച പ്രതാപത്തെയും കാലാന്തരങ്ങളിലുണ്ടായ മാറ്റത്തെയും അടുത്തറിയാനുള്ള അടിസ്ഥാന രേഖയാണ്. ആര്‍തര്‍ ജെ ബി പേവലിന്റെ A modern pilgrim in mecca and siege in San”a എന്ന ഗ്രന്ഥം ഹജ്ജ് തീര്‍ഥാടനത്തിലെ അമുസ്‌ലിം സഞ്ചാരികളുടെ പങ്കാളിത്തം സൂചിപ്പിക്കുന്നു. ഇരുപത്തിയഞ്ചാം വയസ്സില്‍ മക്കയിലെത്തിയ അദ്ദേഹം ദമസ്‌ക്കസ്- മദീന റയില്‍വേയെക്കുറിച്ചെഴുതിയ ആദ്യ ഹജ്ജെഴുത്തുകാരനും പടിഞ്ഞാറു നിന്ന് ഹജ്ജിനെക്കുറിച്ചെഴുതാന്‍ വേഷം മാറി വന്ന അവസാന യാത്രികനുമാണ്.
റിച്ചാര്‍ഡ് ഹക്‌ല്യൂട്ട് എഴുതിയ the principal navigation, Voyages, Traffiques, And Discoveries of the English Nation (1599) എന്ന കൃതിയില്‍ സാഗരങ്ങളും കടലിടുക്കുകളും താണ്ടിയുള്ള മുസ്‌ലിം തീര്‍ഥാടനങ്ങളെ മുന്‍നിര്‍ത്തി പറയുന്നൊരു അധ്യായമുണ്ട്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ക്ഷോഭങ്ങളും ഭയപ്പെടാതെ സര്‍വവും നാഥനില്‍ ഭരമേല്‍പ്പിച്ചുള്ള മുസ്‌ലിം സാര്‍ഥവാഹക സംഘങ്ങളുടെ യാത്രകളെ അദ്ദേഹം അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.
(അവസാനിച്ചിട്ടില്ല)
.