Connect with us

Articles

ദുരന്തകാലത്തെ മാലിന്യ നിര്‍മാര്‍ജനം

Published

|

Last Updated

പ്രളയവും വെള്ളപ്പൊക്കവും ധാരാളം ഖരമാലിന്യ ഉണ്ടാക്കും. പൊതുവില്‍ പറഞ്ഞാല്‍ ഇത് രണ്ടു തരത്തില്‍ ഉണ്ട്.

1. ദുരന്തത്തിന് മുമ്പ് ഉപയോഗപ്രദമായിരുന്ന വസ്തുക്കള്‍ ദുരന്തം കാരണം മലിനമായി തീരുന്നത്. പ്രളയത്തില്‍ നശിക്കുന്ന മരം, വീട്ടുപകരണങ്ങള്‍, പൊളിഞ്ഞു വീഴുന്ന കെട്ടിടങ്ങള്‍, എമ്പാടും കേറിക്കിടക്കുന്ന ചെളി, മറിഞ്ഞു പോകുന്നതും ചീഞ്ഞുപോകുന്നതുമായ മരങ്ങള്‍, വാഹനങ്ങള്‍ ഇവയെല്ലാം ദുരന്തകാലത്ത് പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ ആണ്.

2. ദുരിതാശ്വസ ക്യാമ്പുകളില്‍ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങള്‍ (കക്കൂസ് മാലിന്യങ്ങള്‍, ബാക്കി വരുന്ന ഭക്ഷണം, പ്ലാസ്റ്റിക് കുപ്പികള്‍, ഭക്ഷണ അവശിഷ്ടങ്ങള്‍, ക്യാമ്പിലേക്ക് ഓരോ വസ്തുക്കള്‍ കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന പാക്കിംഗ് വേസ്റ്റ്).

പല സാഹചര്യത്തിലും നഗരത്തില്‍ ഉണ്ടായിരുന്ന മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ ദുരന്തം താറുമാറാക്കും. പതിവിലും ആയിരം മടങ്ങ് മാലിന്യം നിര്‍മാര്‍ജനം ചെയ്യേണ്ട സാഹചര്യവും ഉണ്ടാകും. ഇത് ഭൗതിക സൗകര്യങ്ങളുടേയും തൊഴിലാളികളുടേയും കഴിവിനപ്പുറത്ത് ആയിരിക്കും. സംവിധാനം കൂപ്പുകുത്തും.

കേരളത്തില്‍ കാര്യങ്ങള്‍ ഒന്ന് കൂടി വഷളാണ്. കാരണം സാധാരണമായി നന്നായി പ്രവര്‍ത്തിക്കുന്ന ഒരു മാലിന്യ നിര്‍മാര്‍ജന സംവിധാനം പോലും ഒരു മുനിസിപ്പാലിറ്റിയിലും പഞ്ചായത്തിലും ഇല്ല. അവിടെയാണ് ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നത്. മറ്റൊരു മിനി ദുരന്തമായി ഇത് മാറും. അന്താരാഷ്ട്ര രംഗത്ത് ദുരന്തകാല മാലിന്യ നിര്‍മാര്‍ജനത്തിന് സ്വീകരിക്കുന്ന രീതികള്‍ എന്തൊക്കെയാണെന്ന് ചുരുക്കിപ്പറയാം.

1. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മാലിന്യ സംസ്‌കരണത്തിന് എന്ത് സംവിധാനങ്ങള്‍ ആണ് ഉള്ളത്, എത്ര ആളുകള്‍ അവിടെ തൊഴിലെടുക്കുന്നുണ്ട്, അവര്‍ക്ക് എത്രത്തോളം സാങ്കേതിക ജ്ഞാനം ഉണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തുക.

2. ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഏതൊക്കെ മാലിന്യങ്ങള്‍ എത്ര അളവില്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നതിന്റെ കണക്കെടുപ്പ് നടത്തുക. ഇത് രണ്ടും വെള്ളമിറങ്ങി അടുത്ത 24 മണിക്കൂറിനകം നടത്തിയിരിക്കണം.
3. ഏതൊക്കെ തരം മാലിന്യങ്ങളാണ് കൈകാര്യം ചെയ്യാനുള്ളത് എന്നതിന്റെ ലിസ്റ്റ് ഉണ്ടാക്കുക. പൊതുവില്‍ താഴെ പറയുന്ന വസ്തുക്കളാണ് ഒരു പ്രളയത്തില്‍ ഉണ്ടാകുന്നത്;

പൊളിഞ്ഞു പോയതോ പൊളിച്ചു കളയുന്നതോ ആയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍. മരത്തിന്റെ ഉരുപ്പടികള്‍ (ചീത്തയായ ഫര്‍ണിച്ചര്‍, മേശകള്‍, കസേരകള്‍, വാതില്‍, ജന്നല്‍). ചീത്തയായ ബഡ്ഡുകള്‍, സോഫകള്‍. പ്ലാസ്റ്റിക് വസ്തുക്കള്‍. വസ്ത്രങ്ങള്‍. പേപ്പര്‍. ചീത്തയായ ഭക്ഷണ വസ്തുക്കളും ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന മറ്റു വസ്തുക്കളും. ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങിയ വൈറ്റ് ഗുഡ്‌സ്. കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ഇന്‍വെര്‍ട്ടര്‍, സോളാര്‍ തുടങ്ങിയ ഇലക്ട്രോണിക് വേസ്റ്റ്.

വീട്ടിലും ആശുപത്രിയിലും ഫാര്‍മസിയിലും ഉള്ള മരുന്നുകള്‍, ലബോറട്ടറികളില്‍ ഉള്ള രാസ വസ്തുക്കള്‍, വളക്കടകളിലും മറ്റുമുള്ള കീടനാശിനികള്‍, ഫാക്ടറികളിലും മറ്റുമുണ്ടായിരുന്ന രാസപദാര്‍ഥങ്ങള്‍. മൃഗങ്ങങ്ങളുടെ മൃതദേഹങ്ങള്‍, മറിഞ്ഞു വീണതും ചീഞ്ഞു പോയതും ആയ മരങ്ങള്‍, കേടായ വാഹനങ്ങള്‍. ദുരിതാശ്വാസ ക്യാംപില്‍ പുതിയതായി ഉണ്ടാകുന്ന മാലിന്യങ്ങള്‍. എവിടെയും നിറഞ്ഞു നില്‍ക്കുന്ന ചെളി

4. പ്രളയത്തിന്റെ സാഹചര്യത്തില്‍ ഇവയില്‍ പുതിയ ക്യാമ്പ് മാലിന്യങ്ങള്‍ ഒഴിച്ച് മറ്റെല്ലാം ചെളിയില്‍ മുങ്ങിയ അവസ്ഥയില്‍ ആയിരിക്കും. എങ്ങനെയാണ് ഈ വസ്തുക്കളെ കൈകാര്യം ചെയ്യുന്നതെന്ന് സര്‍ക്കാറിന് വ്യക്തമായ രൂപം അടുത്ത 48 മണിക്കൂറിനുള്ളില്‍ ഉണ്ടാകണം. അല്ലെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനം ജനങ്ങള്‍ നേരിട്ട് ഏറ്റെടുക്കും (ഇന്നലെ തന്നെ പാലത്തിന്റെ മുകളില്‍ കിടന്നിരുന്ന മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിക്കളയുന്ന വീഡിയോ കണ്ടു. ഇനിയുള്ള ദിവസങ്ങളില്‍ മറ്റു പ്രായോഗികമായ പരിഹാരങ്ങള്‍ നല്‍കിയില്ലെങ്കില്‍ തീര്‍ച്ചയായും നാട്ടുകാര്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വയം കണ്ടുപിടിക്കും).

5. നാല് അടിസ്ഥാന കാര്യങ്ങള്‍ ആണ് ദുരന്തകാലത്തെ വേസ്റ്റ് മാനേജ്‌മെന്റില്‍ പ്രധാനമായിട്ടുള്ളത്. എത്ര കൂടുതല്‍ വസ്തുക്കള്‍ വീട്ടില്‍ തന്നെ പുനരുപയോഗിക്കുന്നുവോ അത്രയും കുറച്ചു മാലിന്യമേ പുറത്തേക്ക് കളയാന്‍ ഉണ്ടാകുകയുള്ളൂ. അതുകൊണ്ടു തന്നെ വസ്തുക്കള്‍ വൃത്തിയാക്കി രണ്ടാമത് ഉപയോഗിക്കുന്നതും (ൃലൗലെ), വേറെ എന്തിനെങ്കിലും പകരമായി ഉപയോഗിക്കുന്നതും (ൃലര്യരഹല) പ്രോത്സാഹിപ്പിക്കണം. കാമ്പിലേക്ക് വസ്തുക്കള്‍ കൊണ്ടുവരുന്നത് എത്ര കുറച്ചു പ്ലാസ്റ്റിക്ക് പാക്കിംഗുകള്‍ ഉപയോഗിക്കുന്നുവോ അത്രയും നല്ലതാണ്. പുറത്തേക്ക് കളയുന്ന വസ്തുക്കള്‍ ഒരുമിച്ചു കൂട്ടിയിടാതെ തരംതിരിച്ച് മാറ്റിയിടണം. വീട്ടില്‍ നിന്നും ഇത്തരത്തില്‍ വേര്‍തിരിച്ചിട്ട വസ്തുക്കള്‍ ശേഖരിക്കാന്‍ സര്‍ക്കാറിന്റെ വ്യക്തമായ ഒരു സംവിധാനം വേണം. അത് ഒരാഴ്ചക്കകം സജ്ജമാവുകയും വേണം.

6. മാലിന്യങ്ങള്‍ ശേഖരിക്കാനും നിര്‍മാര്‍ജനം ചെയ്യാനും ഇപ്പോള്‍ തന്നെ ഒരു സംവിധാനവും ഇല്ലാത്ത സംസ്ഥാനത്തില്‍ പുതിയതായി എല്ലാ മാലിന്യങ്ങള്‍ക്കും വെവ്വേറെ സംവിധാനങ്ങള്‍ ഉണ്ടാക്കുക എന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ സാധാരണ സ്പീഡനുസരിച്ചു പ്രായോഗികമായ കാര്യമല്ല. ഇതിന് പണം എവിടെ നിന്നും കിട്ടും? പണം കിട്ടിയാല്‍ പോലും കേരളത്തില്‍ ഒരിടത്തും മാലിന്യം സംസ്‌കരിക്കാന്‍ പോയിട്ട് ശേഖരിച്ചു വെക്കാന്‍ പോലും സ്ഥലം തരാന്‍ ആരും തയ്യാറല്ലല്ലോ. എന്തിന് ആരുടെ എങ്കിലും വീടിന്റെ അടുത്ത് മാലിന്യങ്ങള്‍ സംഭരിച്ചുവെക്കാന്‍ പോലും ആളുകള്‍ അനുവദിക്കില്ല.

7. ഈ വിഷയത്തെ സര്‍ക്കാര്‍ എങ്ങനെയും നേരിട്ടേ മതിയാകൂ. കാരണം ഖരമാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് എലിയും മറ്റു രോഗവാഹകരും പെരുകാന്‍ ഇടയാക്കും. മാലിന്യങ്ങള്‍ വീടിനടുത്തു നിന്നും മാറ്റാതെ പുനര്‍ നിര്‍മാണം സാധ്യമല്ല. മാലിന്യങ്ങള്‍ വീടിനു മുമ്പില്‍ കിടക്കുന്നിടത്തോളം കാലം മാനസികമായി ദുരന്തം ആളുകളില്‍ നിന്നും അകലുന്നുമില്ല.

8. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപടേണ്ടിവരും. ഉപയോഗിച്ച് ഓരോ വാര്‍ഡിലും വെറുതെ കിടക്കുന്ന സ്ഥലം കുറച്ചു നാളത്തേക്ക് താല്‍ക്കാലികമായി ശേഖരിച്ചു വക്കാനുള്ള സ്ഥലമായി കണ്ടു പിടിക്കണം. അവ വാടക കൊടുത്ത് ഏറ്റെടുക്കേണ്ടി വരും. വിട്ടുനല്‍കാന്‍ ഉടമസ്ഥര്‍ തീരുമാനിച്ചാല്‍ പ്രത്യേക അധികാരങ്ങള്‍ ഉപയോഗിക്കേണ്ടി വരും. പുറത്തുതള്ളുന്ന മാലിന്യങ്ങള്‍ ഈ സ്ഥലത്ത് എത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടതായും വരും.

9 . കേടായ വാഹങ്ങള്‍, വൈറ്റ് ഗുഡ്‌സ്, ഇ-മാലിന്യങ്ങള്‍ ഒക്കെ നിര്‍മിച്ച കമ്പനികളോട് ഏറ്റെടുത്തു സംസ്‌കരിക്കാന്‍ പറയേണ്ടിവരും. ഇന്ത്യയിലെ നമ്പര്‍ വണ്‍ ലക്ഷ്വറി കമ്പോളം ആണെന്ന മാര്‍ക്കറ്റ് പവര്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ സര്‍ക്കാര്‍ അധികാരങ്ങള്‍ ഉപയോഗിക്കണം.

10 . ശേഖരിച്ചു വെച്ചിരിക്കുന്ന മാലിന്യങ്ങള്‍ സമയബന്ധിതമായി ട്രീറ്റ് ചെയ്യാന്‍ പദ്ധതി ഉണ്ടാക്കണം. പുതിയ കേന്ദ്രങ്ങള്‍ അതിന് വേണ്ടി ഉണ്ടാക്കേണ്ടിവരും. ജപ്പാനില്‍ മൂന്ന് വര്‍ഷമാണ് സര്‍ക്കാര്‍ ഇതിന് സമയപരിധി തീരുമാനിച്ചത്. അതിന് വേണ്ട നൂറ് ശതമാനം ചിലവും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് മുനിസിപ്പാലിറ്റികള്‍ക്ക് നല്‍കുകയായിരുന്നു. ഇക്കാര്യങ്ങളില്‍ ഒക്കെ വലിയ ചെലവുണ്ടാകും. ജപ്പാനിലെ സുനാമിക്ക് ശേഷം ഖരമാലിന്യ നിര്‍മാര്‍ജനത്തിന്റെ ചെലവ് മാത്രം ഒരു ലക്ഷം കോടി രൂപ ആയിരുന്നു. കേരളത്തിന് ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്നും കിട്ടിയിരിക്കുന്ന അഞ്ഞൂറ് കോടി രൂപ ഉപയോഗിച്ചാലും നമ്മുടെ മാലിന്യ നിര്‍മാര്‍ജനം പോലും നന്നായി ചെയ്യാന്‍ പറ്റില്ല. ഇതിന് വിഭവങ്ങള്‍ കണ്ടെത്തണം.

11 . ദുരന്തകാലത്തെ മാലിന്യ നിര്‍മാര്‍ജന രംഗത്ത് ലോകത്തിന് ഇപ്പോള്‍ പല നല്ല കേസ് സ്റ്റഡീസും ഉണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഒരു പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സാധാരണ മാലിന്യ സംസ്‌കരണത്തില്‍ പോലും അറിവുള്ള സാങ്കേതിക വിദഗ്ധര്‍ ഇല്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിദഗ്ധ സഹായം തേടണം.
(ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനായ ലേഖകന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത്)

സിറ്റിംഗ് റൂമില്‍
നിര്‍മിക്കപ്പെടുന്ന ദുരന്തങ്ങള്‍…

ഏറെ എഴുതേണ്ട ഒരു വിഷയം ആണ്. പക്ഷേ തിരക്കുള്ളതിനാലും മറ്റുള്ള മുന്‍ഗണനാ വിഷയങ്ങള്‍ ഉള്ളതിനാലും ചെയ്യാന്‍ മാറ്റിവെച്ചതാണ്. വേറെ ആരെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു.

ദുരന്തകാലത്തെ മാനസിക ആരോഗ്യ പ്രശ്‌നമാണ് വിഷയം. ദുരന്തത്തില്‍ അകപ്പെട്ടവരുടെ ചിത്രങ്ങളും വീഡിയോയും ഒക്കെ കാണുന്നുണ്ടല്ലോ. രക്ഷപ്പെടുത്തുമ്പോള്‍ പോലും ആളുകള്‍ കരയുകയാണ്. അത് സ്വാഭാവികവും ആണ്. അതിന് മുന്നേ തന്നെ അവര്‍ എത്ര കരഞ്ഞുകാണും, പേടിച്ചു കാണും?

ഈ ദുരന്തത്തില്‍ അകപ്പെട്ടവരെല്ലാം തന്നെ മാനസികമായി തളര്‍ന്നിരിക്കയാണ്. അതില്‍ തന്നെ കുട്ടികള്‍, വയസ്സായവര്‍, അംഗപരിമിതികള്‍ ഉള്ളവര്‍, മാനസികമായ വെല്ലുവിളികള്‍ ഉള്ളവര്‍ ഒക്കെ കൂടുതല്‍ കൂടുതല്‍ മാനസിക സംഘര്‍ഷം അനുഭവിച്ചു കാണും. അതിനി വര്‍ഷങ്ങളോളം അവരെ വേട്ടയാടും. അവരുടെ വ്യക്തിത്വത്തെ തന്നെ അത് മാറ്റും.

മാനസിക ആരോഗ്യത്തിന് വേണ്ടത്ര ചികിത്സകള്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ല. ഉള്ള സൗകര്യങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ ആളുകള്‍ക്ക് മടിയും ആണ്. ദുരന്തകാലത്തെ സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് എന്നത് ദുരന്തം കഴിയുമ്പോള്‍ ചെയ്യേണ്ട ഒരു പ്രധാനവിഷയമാണ്. അതിന് ലോകത്ത് നല്ല മാതൃകകള്‍ ഉണ്ട്.

കേരളത്തിലെ സിറ്റിംഗ് റൂമുകള്‍ ഒരാഴ്ചയായി വെള്ളപ്പൊക്കമല്ലാതെ മറ്റൊരു വാര്‍ത്തയും കണ്ടുകാണാന്‍ വഴിയില്ല. കേരളത്തില്‍ എവിടെ നിന്നും ഏറ്റവും വിഷമിപ്പിക്കുന്ന, സംഘര്‍ഷ പൂരിതമായ കാഴ്ചകള്‍ ആണ് അവിടെ. ടി വി ഓഫ് ചെയ്താലും വീട്ടില്‍ ചര്‍ച്ചകള്‍ മറ്റൊന്നാകാന്‍ വഴിയില്ല. കേരളത്തിലെ 10 ശതമാനം ആളുകളെ പോലും ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ല, പക്ഷേ, നൂറു ശതമാനം ആളുകളും ഇത് തന്നെയാണ് കാണുന്നതും സംസാരിക്കുന്നതും.

നിങ്ങളുടെ വീട്ടില്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ ഈ കാഴ്ചയും ചര്‍ച്ചകളും അവരെ വളരെ മോശമായി ആഴത്തില്‍ ബാധിക്കും. ദുരന്ത മേഖലയില്‍ നിന്നകലെ, എന്തിന് ദുബൈയിലോ അമേരിക്കയിലോ, പത്താം നിലയിലെ ഫ്‌ളാറ്റിന്റെ മുകളില്‍ ഇരിക്കുന്ന കുട്ടിപോലും വീട്ടിലെ ടി വി യില്‍ ഇതുമാത്രം കണ്ടു കൊണ്ടിരിക്കുകയും വീട്ടിലെ സംസാരം ഇത് മാത്രം ആവുകയും ചെയ്താല്‍ ദുരന്തത്തെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങും. എന്താണ് സംഭവിക്കുന്നത്, അവര്‍ക്ക്, അല്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് എന്തെങ്കിലും വരുമോ എന്നൊന്നും അവര്‍ക്ക് മനസ്സിലാവില്ല. കുട്ടികള്‍ ടെന്‍ഷന്‍ ആകും, അനാവശ്യമായ പെരുമാറ്റങ്ങള്‍ ഉണ്ടാകും, രാത്രി ഉറക്കം കുറയും. ദുരന്തം കഴിഞ്ഞാലും ഇതൊക്കെ അവരെ പിന്തുടരുകയും ചെയ്യും.
നിങ്ങള്‍ ചെയ്യേണ്ട കുറച്ചു കാര്യങ്ങള്‍.
1. ടി വിയില്‍ മുഴുവന്‍ സമയവും ദുരന്ത വാര്‍ത്ത കാണാതിരിക്കുക.
2. കുട്ടികളോട് ദുരന്തത്തെ പറ്റി സംസാരിച്ച് നിങ്ങളുടെ കുടുംബത്തിന് യാതൊരു വിധത്തിലുള്ള അപായവുമില്ല എന്ന് ഉറപ്പു കൊടുക്കണം.
3. ദുരന്തത്തില്‍ പെട്ട മറ്റു കുട്ടികളെ എങ്ങനെ സഹായിക്കണം എന്നൊക്കെ അവരോട് അഭിപ്രായം ചോദിക്കണം.
നിങ്ങളുടെ ചുറ്റുവട്ടത്ത് എത്താത്ത ദുരന്തം സിറ്റിംഗ് റൂമിലെ ടി വി വഴി വീട്ടില്‍ കൂടി എത്തിക്കരുത്.

Latest