Kerala
യു എ ഇ ഭരണകൂടത്തിന്റെ മനുഷ്യസ്‌നേഹത്തെ നെഞ്ചിലേറ്റി മലയാളക്കര

മലപ്പുറം:പ്രളയം ബാധിച്ച കേരളത്തിന് കൈത്താങ്ങുമായി 700 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്ത യു എ ഇയുടെ സ്‌നേഹ സ്പര്‍ശത്തെ ഹൃദയത്തിലേറ്റി മലയാളക്കര. ഇത്രയധികം തുക നല്‍കാനുള്ള മഹാമനസ്‌കതയെ പ്രകീര്‍ത്തിക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍.
സ്വന്തം രാജ്യം പോലും ആവശ്യപ്പെട്ട തുക നല്‍കാതെ കേരളത്തെ അവഗണിച്ചപ്പോള്‍ മലയാളികളോട് യു എ ഇ കാണിച്ച സ്‌നേഹ വായ്പിനെക്കുറിച്ചുള്ള പ്രശംസകളാണ് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് യു എ ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സൈദ് അല്‍ നഹ്‌യാന്റെ വാഗ്ദാനം ആദ്യം പുറംലോകത്തെ അറിയിച്ചത്. വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്ദൂം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ കേരളത്തിലുണ്ടായ ദുരന്തം കഴിഞ്ഞ 18ന് ചിത്രങ്ങള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്ത് കേരള ജനതക്കായി പ്രാര്‍ഥനയും സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലുമുള്ള പോസ്റ്റില്‍ കേരളത്തെ സഹായിക്കാനുള്ള അഭ്യര്‍ഥനയുമുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം:
“സഹോദരീ സഹോദരന്‍മാരേ, കേരളം കനത്ത പ്രളയത്തിലൂടെ കടന്നുപോകുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറ് കണക്കിനാളുകള്‍ മരിച്ചു. ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ബലിപെരുന്നാളിന് മുന്നോടിയായി ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുത്. ദുരിത ബാധിതരെ സഹായിക്കാന്‍ യു എ ഇ യും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഞങ്ങള്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. യു എ ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയ ബാധിതരെ പിന്തുണക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ട്. വിശേഷിച്ച് ബലി പെരുന്നാളിന്റെ പരിശുദ്ധവും അനുഗൃഹീതവുമായ ഈ സന്ദര്‍ഭത്തില്‍”.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേരാണ് ഇത് ഷെയര്‍ ചെയ്യുകയും പിന്തുണക്ക് നന്ദി അറിയിക്കുകയും ചെയ്തത്. കൂടാതെ, യു എ ഇയുടെയും ഖത്വറിന്റെയും സഹായങ്ങളെ പ്രകീര്‍ത്തിച്ച് നിരവധി വീഡിയോകളും പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ യു എ ഇ സര്‍ക്കാറിനോടുള്ള കേരളത്തിന്റെ നന്ദി അറിയിച്ചു. പെരുന്നാള്‍ ആശംസകള്‍ നേരാന്‍ കിരീടാവകാശിയെ സന്ദര്‍ശിച്ച വ്യവസായി എം എ യൂസുഫലിയെയാണ് സഹായ വാഗ്ദാനം യു എ ഇ സര്‍ക്കാര്‍ ആദ്യം അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളും ഗള്‍ഫ്‌നാടുകളും തമ്മില്‍ വൈകാരികമായ ബന്ധമാണ് നിലനില്‍ക്കുന്നത്. മലയാളികള്‍ക്ക് ഗള്‍ഫ് രണ്ടാം വീടാണ്. അറബ് സമൂഹത്തിനും കേരളത്തോട് വൈകാരിക ബന്ധമാണുള്ളതെന്ന് സൂചിപ്പിക്കുന്നതാണ് ഈ വലിയ സഹായമെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.