Health
എലിപ്പനി പ്രതിരോധം: ഡോക്‌സിസൈക്ലിന്‍ തന്നെ കഴിക്കണമെന്ന് ഐ എം എ വിദഗ്ധസമിതി
തിരുവനന്തപുരം; സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന എലിപ്പനി വ്യാപകമാകാതിരിക്കുവാന്‍ മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും, പ്രളയ ബാധിതരുമായിട്ടുള്ളവരും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡോക്‌സിസൈക്ലിന്‍ പ്രതിരോധ മരുന്ന് തന്നെ നിര്‍ബന്ധമായും കഴിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴിലെ ഡോക്ടര്‍മാരുടെ വിദഗ്ധസമിതി അറിയിച്ചു. പ്രതിരോധ മരുന്നായി കേരളത്തിലുടനീളം ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നതിനാല്‍ ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുവാന്‍ വിമുഖത കാണിക്കുന്നവര്‍ മരണം ക്ഷണിച്ചു വരുത്തുകയേയുള്ളൂവെന്നും വിദഗ്ധ സംഘം അഭിപ്രായപ്പെട്ടു.
ഡോക്‌സിസൈക്ലിന്‍ 200 മില്ലീ ഗുളിക ആഹാരത്തിന് ശേഷം ധാരാളം വെള്ളത്തോടൊപ്പം കഴിക്കുന്നത് ഒരാഴ്ചത്തേക്ക് പ്രതിരോധ ശക്തി നല്‍കുന്നതോടൊപ്പം യാതൊരു പാര്‍ശ്വവശങ്ങളുമില്ലാത്ത മരുന്നു കൂടിയാണ്. അതിനാല്‍ ഡോക്‌സിസൈക്ലിന്‍ പ്രതിരോധ മരുന്നായി സ്വീകരിക്കേണ്ടത് മരണ നിരക്ക് കുറക്കുവാനും എലിപ്പനി വ്യാപിക്കുന്നത് തടയാനും അത്യന്ത്യാപേക്ഷിതമാണെന്നും ഐ എം എ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലകളിലാണ് എലിപ്പനി ബാധിച്ച് കൂടുതല്‍ പേര്‍ മരണമടഞ്ഞിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സംസ്ഥാനത്തെ 13 ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തീരുമാനിച്ചത്.