Book Review
സിറാജുന്നിസ മരിച്ചിട്ടില്ല
രാഷ്ട്രീയം കഥകളില്‍ വരുന്നത്, ഓരോ കാലത്തെയും ചിന്തകളെ ഉണര്‍ത്താനും നവീകരിക്കാനും ഉതകും. പലപ്പോഴും അത്തരം സാഹിത്യങ്ങള്‍ ദീര്‍ഘമായ ഭാവിയില്‍ പോലും ആ സംഭവത്തെ കരുത്തോടെ ഓര്‍മകളില്‍ നിലനിര്‍ത്താനും ഓരോ കാലത്തെയും പുതിയ തലമുറകള്‍ക്ക് ചരിത്രത്തിന്റെ വ്യത്യസ്ത അധ്യായങ്ങളെ മനസ്സിലാക്കാനും സഹായിക്കും.
ഓരോ കാലത്തെയും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പ്രതിപാദിക്കുന്ന കഥകളുടെ കൂട്ടത്തില്‍ മലയാളത്തില്‍ എന്‍ എസ് മാധവന്റെയും സക്കറിയയുടെയും കെ ആര്‍ മീരയുടെയും എല്ലാം പേരുകള്‍ നാം കേള്‍ക്കും. ആ ശ്രേണിയില്‍ പുതിയ കാലത്ത് നവീനമായ ഭാഷയും ശൈലിയും സങ്കേതങ്ങളും കൊണ്ട് നിറഞ്ഞുനില്‍ക്കുന്ന എഴുത്തുകാരനാണ് ടി ഡി രാമകൃഷ്ണന്‍.
നോവലുകളിലൂടെയാണ് മലയാള സാഹിത്യത്തിലേക്ക് ടി ഡി പ്രവേശിക്കുന്നത്. ദീര്‍ഘകാലം തമിഴ്‌നാട്ടിലായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍ മേഖല. തമിഴും മലയാളവും വായിച്ച് സമ്പന്നമായ കാലമായിരുന്നുവതെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട് പിന്നീട്. നാല്‍പ്പതാം വയസ്സിന് ശേഷമാണ് രചനാലോകത്തേക്ക് പ്രവേശിക്കുന്നത്. അതിനാല്‍ തന്നെ, അത്രയും കാലത്തെ തയ്യാറെടുപ്പുകളുടെ, ചരിത്ര ബോധ്യങ്ങളുടെ, അനുഭവങ്ങളുടെ ലോകങ്ങള്‍ സൂക്ഷ്മമായും ഹൃദ്യമായും ടി ഡിയുടെ രചനകളില്‍ വായിക്കാനാകും. ഏറ്റവും ആധുനികമായ അല്ലെങ്കില്‍ ആധുനിക ശാസ്ത്രസാങ്കേതിക ലോകം സ്വപ്‌നം കാണുന്ന ഇടങ്ങളെപ്പോലും മായികമായി അവതരിപ്പിക്കുന്ന, എന്നാല്‍ യാഥാര്‍ഥ്യത്തിന്റെ തനിമയെന്നു വായനയിലുടനീളം ഏതൊരാള്‍ക്കും തോന്നിക്കുന്ന സവിശേഷ രചനാരീതിയാണത്.
ടി ഡിയുടെ ആദ്യ നോവല്‍ “ആല്‍ഫ” തന്നെയെടുക്കാം. ആദിമ മനുഷ്യന്റെ ജീവിതം സ്വപ്‌നം കണ്ട് എല്ലാവിധ ആധുനിക സംവിധാനങ്ങളെയും ഉപേക്ഷിച്ച് പച്ചയായ പ്രകൃതിയില്‍ പരീക്ഷണ ജീവിതം നടത്താനായി, ആരാരും താമസിച്ചിട്ടില്ലാത്ത എത്തിച്ചേര്‍ന്നിട്ടില്ലാത്ത ദീപില്‍ പോകുന്ന ഒരു കൂട്ടം അഭ്യസ്തവിദ്യരായ മനുഷ്യരുടെ കഥയാണിത്. ആസക്തിയുടെ നടുവില്‍ നിന്ന് വിപാടനം ആഗ്രഹിച്ചു പോയെങ്കിലും പലതരം ആഗ്രഹങ്ങള്‍ക്ക് മധ്യേ ഒടുങ്ങിപ്പോകുന്ന അവരുടെ ജീവിതത്തിന്റെ ആവിഷ്‌കാരം. പ്രവചനങ്ങളുടെയും സാധ്യതകളുടെയും ചിത്രീകരണമാണെങ്കിലും യാഥാര്‍ഥ്യത്തിന്റെ പ്രതീതി നല്‍കുന്നവയാണ് ഓരോ വരിയും.
രണ്ടാമത്തെ നോവലാണ് “ഫ്രാന്‍സിസ് ഇട്ടിക്കോര”. യാഥാര്‍ഥ്യത്തിനും മിത്തിനും ഇടയിലൂടെ, തൃശൂര്‍ കുന്നംകുളത്തും പരിസരങ്ങളിലും നിലനില്‍ക്കുന്ന ചില ഐതിഹ്യങ്ങളെ ആസ്പദിച്ച്, കേരളത്തിന്റെ ഗണിതശാസ്ത്ര പാരമ്പര്യത്തിന്റെ സൂക്ഷ്മ വിവരങ്ങള്‍ ചേര്‍ത്ത്, ചാറ്റ് റൂമുകളുടെ രാഷ്ട്രീയം പറഞ്ഞ്, പല വിതാനങ്ങളിലൂടെ മുന്നോട്ടുപോകുന്ന നോവലാണിത്. ഒരു കുറ്റാന്വേഷണ കഥയുടെ പൂര്‍ണചാരുതയുള്ള, തുടര്‍പേജുകളിലേക്ക് വായനക്കാരെ ഭ്രമിപ്പിച്ച് നയിക്കുന്ന പുസ്തകം. കേരളത്തില്‍ 2000ന് ശേഷം വന്ന രചനകളില്‍ വൈവിധ്യം കൊണ്ടും ആഖ്യാന വ്യതിരിക്തത കൊണ്ടും വേറിട്ടുനില്‍ക്കുന്ന രചനയെന്നു നിരൂപകരും വായനക്കാരും ഒരുപോലെ പ്രകീര്‍ത്തിച്ച നോവല്‍.
“സിറാജുന്നിസ” എന്ന പേരില്‍ അദ്ദേഹത്തിന്റെ കഥാസമാഹാരം 2016 ലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ നാലാം പതിപ്പാണ് വിപണിയിലുള്ളത്. സിറാജുന്നിസ എന്ന പേര് പുതിയ തലമുറയിലെ വായനക്കാര്‍ക്ക് ചിലപ്പോള്‍ അപരിചിതമായിരിക്കും. 26 വര്‍ഷം മുമ്പാണ്, പാലക്കാട് വെച്ച് പതിനൊന്ന് വയസ്സുകാരിയായ സിറാജുന്നിസയെ പോലീസ് വെടിവെച്ചു കൊന്നത്. ഒരു ദേശീയ ബി ജെ പി നേതാവിന്റെ യാത്രയുമായി ബന്ധപ്പെട്ട് സുരക്ഷാ പ്രശ്‌നം ആരോപിച്ചായിരുന്നു ആ അരുംകൊല. വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്ന നിഷ്‌കളങ്കമായ ആ കുട്ടിയെ കൊന്ന് പോലീസ് ചാര്‍ത്തിയ പേരായിരുന്നു “കലാപകാരി”. അതിന് ഉത്തരവാദികളായവര്‍ ഒരു ശിക്ഷക്കും അര്‍ഹരാവാതെ വാഴുകയായിരുന്നു പിന്നീടും. ഇന്ത്യയില്‍ ഫാസിസ്റ്റ് രാഷ്ട്രീയം ചുവടുകള്‍ രൂപപ്പെടുത്തുന്നതിന്റെ ആദ്യഘട്ടത്തിലെ രക്തസാക്ഷിയായിരുന്നു സിറാജുന്നിസ. അതിനാല്‍, ഒരു പുസ്തകത്തിനു തന്നെ അവളുടെ പേര് നല്‍കി, ഇനിയൊരിക്കലും ഒരാളും മറക്കാത്ത വിധം അക്ഷരങ്ങളിലൂടെ പുനര്‍ജനിപ്പിക്കുകയാണ് ടി ഡി രാമകൃഷ്ണന്‍.
സിറാജുന്നിസ പല ഘട്ടങ്ങളില്‍, രാഷ്ട്രീയ ഹിംസയാല്‍ പീഡിതരായ ഇന്ത്യയിലെ മുസ്‌ലിംകളുടെ, അവര്‍ക്കിടയിലെ സ്ത്രീകളുടെ ശബ്ദമാകുകയും അവരുടെ ജീവിതങ്ങള്‍ പറയുകയും ചെയ്യുന്നു ഈ കഥയില്‍. അന്ന് പാലക്കാട് വെച്ച് സിറാജുന്നിസ വെടിയുണ്ടകളേറ്റ്, ഓര്‍മയുടെ തീയായ ശേഷം പിന്നീട് അവളെ എഴുത്തുകാരന്‍ കാണുന്നത് ഗുജറാത്ത് കലാപത്തിനിടയില്‍ ബലാത്സംഗം ചെയ്യപ്പെട്ട, സ്വന്തം മുന്നില്‍ വെച്ച് ശിരസ്സ് ഛേദിക്കപ്പെടുന്ന ഭര്‍ത്താവിന്റെ ആര്‍ത്തട്ടഹാസങ്ങള്‍ കേട്ട പെണ്‍കുട്ടിയായിട്ടാണ്. ഗുജറാത്ത് കൂട്ടക്കൊലയുടെ ഭീകരതയുടെ പ്രതിരൂപം പ്രത്യക്ഷമാകുന്നു ഇവിടെ. രണ്ടാമത് സിറാജുന്നിസയെ കാണുന്നത്, കോയമ്പത്തൂരില്‍ നിന്ന് ഭീകരവാദി എന്ന പേരില്‍ തിരോധാനം ചെയ്യപ്പെട്ട താടിയുള്ള മുസ്‌ലിമിന്റെ ഭാര്യയായാണ്. കുറേക്കാലം പോലീസ് പീഡനങ്ങള്‍ക്കു നടുവിലൂടെ കഴിയുന്ന പെണ്ണിന്റെ ദുരവസ്ഥകള്‍ കടന്നുവരുന്നു. അവസാനം, സിറാജുന്നിസയെ കാണുന്നത് ജെ എന്‍ യുവിലെ കശ്മീരി സ്ത്രീയായാണ്. ആ കശ്മീര്‍ പ്രതിനിധാനം അവളെ സംശയത്തിന്റെ മുള്‍മുനയിലൂടെ അധികാരികള്‍ കാണുന്ന വിധത്തിലേക്ക് മാറ്റുന്നു. ഇന്ത്യയില്‍ ഭരണകൂട ഹിംസ, വിശേഷിച്ചും തൊണ്ണൂറുകള്‍ക്ക് ശേഷം വന്യമായി വളരുന്ന വര്‍ഗീയ ശക്തികള്‍ മുസ്‌ലിംകളെ എങ്ങനെ ക്രൂരമായി നിഗ്രഹിക്കാന്‍ ശ്രമിക്കുന്നു എന്നതിലേക്ക് കൃത്യമായി വെളിച്ചം വീശുന്നു ഈ കഥ.
പുസ്തകത്തിലെ രണ്ടാമത്തെ കഥ “വെറുപ്പിന്റെ വ്യാപാരികള്‍” ആണ്. എഴുത്തുകാരെയും ബുദ്ധിജീവികളെയും വേട്ടയാടുന്ന ഇന്ത്യയിലെ കാവിവര്‍ഗീയതയുടെ ബീഭത്സതയാണ് കഥയുടെ ഇതിവൃത്തം. രാമചന്ദ്രനെന്ന ജനാധിപത്യവാദിയായ എഴുത്തുകാരനെ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ തീവ്രത ചിന്തയിലും ഭാവത്തിലും ഉള്‍ക്കൊണ്ട സുന്ദരരാമന്‍, ഗുണ്ടകളെ വിട്ട് വീട്ടിലേക്ക് കൊണ്ടുവന്നു, ആ രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുകയും നിരസിക്കുകയും ധീരതയോടെ തന്റെ നിലപാടുകള്‍ പറയുകയും ചെയ്തതിനാല്‍ മടക്കയാത്രയില്‍ മരണത്തിലേക്ക് തള്ളിവിടുന്ന ദൃശ്യങ്ങളാണ് കഥ. തുടര്‍ന്ന് വരുന്ന കഥകളിലും കേന്ദ്രപ്രമേയം ജനാധിപത്യ രാഷ്ട്രീയം തന്നെയാണ്.
ടി ഡിയുമായി ഒരിക്കല്‍ ദീര്‍ഘമായി സംഭാഷണം നടത്തിയിരുന്നു, തൃശൂര്‍ കേച്ചേരിയിലെ വീട്ടില്‍ വെച്ച്. തെളിച്ചത്തോടെ, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയം ഉറക്കെപ്പറയുന്ന, വിനയാന്വിതനായ എഴുത്തുകാരന്‍. ഇത്തരം കഥകള്‍ ജാഗ്രതയോടെ ഇരിക്കാന്‍, സിറാജുന്നിസയുടെ വിവിധ പ്രതിനിധാനങ്ങളെ ഓര്‍മിക്കാന്‍, അവരുടെ കൂടെ നില്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഡി സി ബുക്‌സ് ആണ് പ്രസാധനം. എണ്‍പത് രൂപ.
.