Kerala
കരിപ്പൂരില്‍ സഊദി എയര്‍ലൈനിന്റെ ജിദ്ദ, റിയാദ് സര്‍വീസ് ഒക്‌ടോബറില്‍
കോഴിക്കോട്: സഊദി എയര്‍ലൈന്‍സിന്റെ കരിപ്പൂര്‍ സര്‍വീസ് അടുത്ത മാസം ആരംഭിക്കും. കോഴിക്കോട് – ജിദ്ദ, റിയാദ് സര്‍വീസ് ആണ് ആരംഭിക്കുന്നത്. വിദേശ വിമാന സര്‍വീസിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കയാണ്. ഈമാസം 29 ന് തന്നെ സര്‍വീസ് തുടങ്ങുന്നതിന് തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്.സഊദിയുടെ ചുവടുപിടിച്ച് എയര്‍ ഇന്ത്യയും ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സും കരിപ്പൂര്‍ സര്‍വീസിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സഊദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ധാരണയനുസരിച്ചുള്ള സീറ്റ് ഷെയറിംഗ് കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതാണ് വിദേശ സര്‍വീസ് വൈകാന്‍ കാരണം.സഊദി സര്‍ക്കാരും സഊദി എയര്‍ലൈനുമാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കേണ്ടത്. സീറ്റ് ഷെയറിംഗ് കരാറനുസരിച്ച് കരിപ്പൂരില്‍ നിന്നുള്ള സീറ്റുകളാണ് സഊദി എയര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഇവ കരിപ്പൂരിലേക്ക് മാറ്റി സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയത്.സഊദി എയര്‍ ഇതിന് തയാറാകുകയാണെങ്കില്‍ ഈമാസം 26 ന് ശേഷം ജിദ്ദ, റിയാദ് സര്‍വീസ് കരിപ്പൂരില്‍ നിന്നും തടസമൊന്നുമില്ലാതെ ആരംഭിക്കാന്‍ കഴിയും. എന്നാല്‍ തിരുവനന്തപുരവും നെടുമ്പാശ്ശേരിയും നിലനിര്‍ത്തി കരിപ്പൂരിനായി പുതിയ ഡെസ്റ്റിനേഷന്‍ ലഭ്യമാക്കാനാണ് സഊദി എയര്‍ ശ്രമിക്കുന്നതത്. കഴിഞ്ഞ ദിവസം സഊദി എയര്‍ മേധാവികളും, വ്യോമയാന വകുപ്പ് അധികൃതരും യോഗം ചേര്‍ന്ന് ഇതുസംബന്ധമായ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സഊദി ഗവണ്‍െമന്റിന് വേണ്ടി ഇന്ത്യയിലെ സഊദി അംബാസിഡര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വഴി വ്യോമയാന മന്ത്രിക്ക് പ്രത്യേക ശുപാര്‍ശ കത്തും നല്‍കിയിട്ടുണ്ട്. നിലവിലുള്ള ഡെസ്റ്റിനേഷന്‍ നിലനിര്‍ത്തി പുതുതായിഅപേക്ഷിക്കുക മാത്രമാണ് സഊദി എയര്‍ ചെയ്യുന്നത്.
ഉഭയ കക്ഷി കരാറനുസരിച്ചുള്ള സീറ്റില്‍ വര്‍ധനയൊന്നും ആവശ്യപ്പെടുന്നില്ല. ഇത് ലഭിക്കാത്ത പക്ഷം നെടുമ്പാശ്ശേരിയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളില്‍ ഒന്ന് കരിപ്പൂരിലേക്ക് കൊണ്ടുവരാനും സഊദി ശ്രമിക്കുന്നുണ്ട്. ഇത് രണ്ടിനും അനുമതി ലഭിക്കാത്ത പക്ഷം തിരുവനന്തപുരത്ത് നിന്നുള്ള സീറ്റുകള്‍ കോഴിക്കോട്ടേക്ക് മാറ്റി അടുത്തമാസം അവസാനം തന്നെ സര്‍വീസ് തുടങ്ങാനാണ് ശ്രമം . അതേസമയം തിരുവനന്തപുരം സര്‍വീസ് പിടിച്ചു നിര്‍ത്താനുള്ള ലോബി സജീവമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏത്‌സമയത്തും സഊദി എയര്‍ലൈനിന് സര്‍വീസ് നടത്താവുന്ന രീതിയില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചിരിക്കയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞമാസം ഒമ്പതിനാണ് ഡി ജി സിഎ സഊദിയക്ക് അനുമതി നല്‍കിയത്. ഇതനുസരിച്ച് കോഡ് ഇ വിഭാഗത്തില്‍ പെട്ട ബോയിംഗ് 777-200, എയര്‍ബസ് 330 -300 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. എമിറേറ്റ്‌സ് ആകട്ടെ സാധ്യതാ പരിശോധനയും പഠനവും നടത്താനുള്ള തയ്യാറെടുപ്പിലാണ്. താമസിയാതെ ഇവര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയാല്‍ നവംബര്‍ അവസാനം എയര്‍ ഇന്ത്യക്കും സര്‍വീസ് ആരംഭിക്കാനാകും. എമിറേറ്റ്‌സിന് അടുത്ത വര്‍ഷം ആദ്യവും.
2015 മെയ് മാസത്തിലാണ് കരിപ്പൂരില്‍ നിന്ന് വലിയ വിമാന സര്‍വീസുകള്‍ നിര്‍ത്തിയത്.റണ്‍വേ വികസനത്തെ തുടര്‍ന്ന് വിദേശ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ വിമാന കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സാങ്കേതികത്വത്തിന്റെ പേരില്‍ തീരുമാനം വൈകുകയായിരുന്നു. കോഴിക്കോട്ടും ഡല്‍ഹിയിലും പ്രക്ഷോഭങ്ങളും ചര്‍ച്ചകളും നടന്നതിനെ തുടര്‍ന്നാണ് വലിയ വിമാനങ്ങള്‍ക്കുള്ള സര്‍വീസ് അനുമതി നല്‍കിയത്.