Kerala
കരിപ്പൂരില്‍ നിന്ന് വലിയ വിമാനം: നടപടി വൈകുന്നു എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധം ശക്തം
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസിന്റെ കാര്യത്തില്‍ എയര്‍ ഇന്ത്യ സ്വീകരിക്കുന്ന സമീപനത്തില്‍ ശക്തമായ പ്രതിഷേധം. സഊദി എയര്‍ലൈന്‍സിന്റെ ജിദ്ദ, റിയാദ് സര്‍വീസ് കോഴിക്കോട്ട് നിന്ന് കേരളപ്പിറവി ദിനത്തില്‍ യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. ശക്തമായ ജനകീയ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചത്. എന്നാല്‍, അതോടെ എല്ലാ നടപടികളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്കുള്ള അന്തിമ അനുമതി നല്‍കിയിട്ട് രണ്ട് മാസമായി. സഊദി എയര്‍ലൈന്‍സ് എല്ലാ നടപടികളും പൂര്‍ത്തീകരിക്കുകയും ചെയ്തു. സീറ്റ് ഷെയറിംഗ് സംബന്ധമായ സാങ്കേതിക പ്രശ്‌നം മാത്രമായിരുന്നു അവര്‍ക്കുള്ള തടസ്സം.
അടുത്ത മാസം ആദ്യത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന രീതിയില്‍ അവരുടെ നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. എന്നാല്‍, എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ നടപടികളൊന്നും എടുത്തിട്ടില്ലെന്നാണ് പരാതി. കരിപ്പൂരില്‍ സന്ദര്‍ശനം നടത്തി ഒരു മാസമായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസിനുള്ള പ്രാഥമിക അപേക്ഷ പോലും കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് എയര്‍ഇന്ത്യ സമര്‍പ്പിച്ചിട്ടില്ല. ഈ അപേക്ഷ സമര്‍പ്പിച്ചതിനുശേഷവും ധാരാളം നടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. സേഫ്റ്റി അസസ്‌മെന്റ്, സര്‍വീസ് ഓപറേറ്റിംഗ് പ്രൊസീഡര്‍ തുടങ്ങിയവക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ല. ഇത് പൂര്‍ത്തിയാക്കിയാലും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍, വ്യോമയാന മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാസങ്ങളെടുക്കും. എന്നിരിക്കെയാണ് സന്ദര്‍ശനം മാത്രം നടത്തി ജനവികാരം തണുപ്പിച്ച് അനങ്ങാപ്പാറ നയം സ്വീകരിക്കാന്‍ എയര്‍ഇന്ത്യ ശ്രമിക്കുന്നത്.
അതേസമയം, കേരളത്തിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് വെട്ടിക്കുറക്കാതെ തന്നെ കരിപ്പൂരില്‍ സര്‍വീസിന് തുടക്കം കുറിക്കാനാണ് സഊദി എയര്‍ ലൈന്‍സ് കിണഞ്ഞു പരിശ്രമിക്കുന്നത്. ഇതിനായി അവര്‍ അംബാസഡറെ പോലും ഇടപെടുവിച്ച് അനുമതിക്കായി ശ്രമിക്കുകയാണ്. സഊദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ധാരണയനുസരിച്ചുള്ള സീറ്റ് ഷെയറിംഗ് കരാറനുസരിച്ച് കരിപ്പൂരില്‍ നിന്നുള്ള സീറ്റുകളാണ് സഊദി എയര്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. സീറ്റ് തിരുവനന്തപുരത്ത് നിന്ന് കരിപ്പൂരിലേക്ക് മാറ്റി സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, കോഴിക്കോട്ടേക്ക് പുതിയ ഡെസ്റ്റിനേഷന്‍ അനുവദിക്കണമെന്നാണ് സഊദി എയര്‍ ലൈനിന്റെ ആവശ്യം. ഇതിനായാണ് അവര്‍ ഇടപെടലുകള്‍ നടത്തുന്നത്.
കരിപ്പൂരില്‍ സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് 2020 വരെ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്താന്‍ നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രാലയം സഊദി എയര്‍ലൈന്‍സിന് അനുമതി നല്‍കിയിരുന്നു. കരിപ്പൂരില്‍ സര്‍വീസ് ആരംഭിച്ചാലും 2020 വരെ തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് സഊദി എയര്‍ലൈന്‍സിന് തുടരാമെന്ന് വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി കഴിഞ്ഞ ദിവസം എം കെ രാഘവന്‍ എം പി അറിയിച്ചിരുന്നു. വലിയ വിമാന സര്‍വീസിനുള്ള എല്ലാ നടപടികളും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സഊദി സര്‍വീസ് തുടങ്ങുന്നതോടെ എയര്‍ ഇന്ത്യ സര്‍വീസിന്റെ കാര്യത്തില്‍ വലിയ സമ്മര്‍ദമുണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ കരുതുന്നതായും സംശയിക്കുന്നു. നേരത്തെ തന്നെ ജനപ്രതിനിധികളും മറ്റു സംഘടനകളും ശക്തമായി രംഗത്തുവന്നതിനാലാണ് എയര്‍ ഇന്ത്യ കരിപ്പൂരില്‍ സന്ദര്‍ശനം നടത്തിയത്. ജനവികാരം തണുക്കുന്നു എന്ന് കണക്കുകൂട്ടിയാണ് അവര്‍ ഇപ്പോള്‍ മെല്ലെപ്പോക്ക് നടത്തുന്നതത്രെ. സഊദി എയര്‍ലൈന്‍സിന് സീറ്റുകളുടെ കാര്യത്തില്‍ തടസ്സങ്ങളുണ്ടെങ്കിലും എയര്‍ ഇന്ത്യക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ല. മാത്രമല്ല, സഊദി സര്‍വീസ് ആരംഭിക്കുമ്പോള്‍ ഉഭയകക്ഷി കരാറനുസരിച്ച് എയര്‍ ഇന്ത്യ വശം 5500 സീറ്റുകള്‍ ഉപയോഗശൂന്യമായി കിടക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എയര്‍ ഇന്ത്യയുടെ ഒളിച്ചോട്ടത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി മലബാര്‍ ഡവലപ്‌മെന്റ് ഫോറം അറിയിച്ചു. മെല്ലെ പ്പോക്കിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും പ്രസിഡന്റ് കെ എം ബശീര്‍ അറിയിച്ചു.