Kerala
വയനാട് മണ്ഡലത്തിനായി കോണ്‍ഗ്രസില്‍ പടയൊരുക്കം
അരീക്കോട്: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കാനായി കോണ്‍ഗ്രസില്‍ നേതാക്കളുടെ പടയൊരുക്കം. 2009ല്‍ രൂപവത്കരിച്ച മണ്ഡലത്തില്‍ രണ്ട് തവണയും കോണ്‍ഗ്രസിലെ എം ഐ ഷാനവസാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അദ്ദേഹം കെ പി സി സി ഭാരവാഹിയായതോടെ മത്സരിക്കാന്‍ സാധ്യതയില്ല. മാത്രമല്ല പ്രായാധിക്യവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയിലെ അതൃപ്തിയും കാരണം അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ലന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഷാനവാസ് മാറി നില്‍ക്കുന്നുവെന്ന് വ്യക്തമായതോടെയാണ് മണ്ഡലത്തില്‍ മത്സരിക്കാനായി കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങിയത്.
കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്, ആര്യാടന്‍ ശൗഖത്ത്, മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, കെ പി സി സെക്രട്ടറി എന്‍ എ കരീം, മലപ്പുറം ഡി സി സി മുന്‍ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി എന്നിവരാണ് മത്സരിക്കാനായി അവസരം തേടുന്നത്. ടി സിദ്ദീഖ്, ആര്യാടന്‍ ശൗഖത്ത്, വി വി പ്രകാശ് എന്നിവര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടവരാണ്. ഇവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആഗ്രഹവും പാര്‍ട്ടിക്കുണ്ട്. ടി സിദ്ദീഖിനെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്നാണ് പാര്‍ട്ടി ഉന്നതരായ ഉമ്മന്‍ ചാണ്ടി, എ കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരുടെ ആഗ്രഹം. എന്നാല്‍ മണ്ഡലത്തിലെ 50 ശതമാനം വോട്ടും മലപ്പുറം ജില്ലയില്‍ നിന്നായതിനാല്‍ മലപ്പുറത്ത്കാരനായ ഒരാളെ മത്സരിപ്പിക്കണമെന്നാണ് മലപ്പുറത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
അതേസമയം, വയനാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഏറനാട്, വണ്ടൂര്‍ നിയസഭാ മണ്ഡലങ്ങള്‍ ഒഴികെയുള്ള അഞ്ചും ഇടതിന്റെ കൈവയിലാണ്. മുസ്‌ലിം സ്ഥാനാര്‍ഥിയെ തന്നെ ഇവിടെ നിര്‍ത്തണമെന്ന നിര്‍ബന്ധ ബുദ്ധിയും കോണ്‍ഗ്രസിനുണ്ട്. ഇറക്കുമതി സ്ഥാനാര്‍ഥിയെ വേണ്ടെന്നാണ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതിന് മേല്‍കോയ്മ ലഭിച്ചതിനാല്‍ വയനാടില്‍ കരകയറാന്‍ എളുപ്പമല്ലെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിന്റേത്.
അതിനിടെ, വയനാട് മണ്ഡലം തങ്ങള്‍ക്ക് വിട്ട് തരണമെന്ന് ഘടകകക്ഷിയായ മുസ്‌ലിം ലീഗും ആവശ്യപ്പെടുന്നുണ്ട്. എം ഐ ഷാനവാസ് മണ്ഡലത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കിയിട്ടില്ലെന്ന പരാതി പാര്‍ട്ടിക്കാരില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ അദ്ദേഹം മണ്ഡലത്തിലേക്ക് എത്താറില്ലത്രെ.
ഇടത് മുന്നണിയില്‍ സി പി ഐ മത്സരിക്കുന്ന സീറ്റാണിത്. സി പി ഐക്ക് വിജസാധ്യത കുറവായതിനാല്‍ സി പി എം മറ്റു സീറ്റുകള്‍ വെച്ച് മാറാനും ശ്രമം നടത്തുന്നുണ്ട്. സി പി എം നേതാവ് അസൈന്‍ കാരാട്, ഡി വൈ എഫ് ഐ നേതാവ് റിയുനുദ്ദീന്‍ എന്നിവരിലൊരാളെ മത്സരിപ്പിക്കാനുള്ള ശ്രമവും സി പി എം നടത്തുന്നുണ്ട്. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ എല്ലാവിധ ഒരുക്കങ്ങള്‍ക്കും ഇവിടെ തുടക്കം കുറിച്ചിട്ടുണ്ട്. യു ഡി എഫ് പാര്‍ലിമെന്റ്, നിയമസഭാ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും സജീവമാണ്.
മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മണ്ഡലങ്ങള്‍ കൂടിയതാണ് വയനാട് പാര്‍ലിമെന്റ് മണ്ഡലം. 2014ലെ തിരഞ്ഞെടുപ്പില്‍ 20,870 വോട്ടിനാണ് എം ഐ ഷാനവാസ് വിജയിച്ചത്. സി പി ഐയിലെ സത്യന്‍ മൊകേരിയായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.