Prathivaram
പുസ്തകച്ചട്ടയിലുമുണ്ട് സര്‍ഗാത്മകത
ജുമ്പ ലഹിരിയുടെ ദി ക്ലോത്തിംഗ് ഓഫ് ബുക്‌സ്, ചെറുതെങ്കിലും മനോഹരമായ പുസ്തകമാണ്. അല്ലെങ്കിലും പുസ്തകങ്ങളുടെ വലുപ്പച്ചെറുപ്പത്തിനനുസരിച്ചു ആശയങ്ങളുടെയോ വായനയുടെയോ വലുപ്പം കുറയില്ലല്ലോ. ചെറിയ പുസ്തകങ്ങള്‍ വായിക്കാന്‍ എളുപ്പമായിരിക്കും, കൂടുതല്‍ വായനാശീലമില്ലാത്ത ആളുകള്‍ക്ക്. കുറഞ്ഞ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു പുസ്തകം തീര്‍ത്തല്ലോ എന്ന ആനന്ദമുണ്ടാകും.
പുസ്തകങ്ങളെ പരമാവധി ചെറുതാക്കി വായനക്കാര്‍ക്ക് ആസ്വാദ്യകരമാക്കുകയും ആ അക്ഷരങ്ങളെ അനശ്വരമാക്കുകയും ചെയ്ത ഒട്ടനേകം എഴുത്തുകാരുണ്ട്. മലയാളത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അങ്ങനെയായിരുന്നല്ലോ. മുപ്പതിനും നൂറിനും ഇടയിലാണ് ബഷീറിന്റെ മിക്ക പുസ്തകങ്ങളുടെയും പേജെണ്ണം. എന്നാലും കുട്ടികളെയും മുതിര്‍ന്നവരെയും അവ ആസ്വദിപ്പിക്കുന്നു. ചെറിയ പുസ്തകങ്ങളാണെങ്കിലും അവ എഴുതാനുള്ള അധ്വാനം കുറവാണെന്ന് കരുതരുത്. പ്രത്യേകിച്ച് ഫിക്ഷനില്‍. ബഷീറിന്റെ ജീവചരിത്രം എഴുതിയ എം കെ സാനുവിന്റെ പരാമര്‍ശം ഉണ്ട്; എത്ര സാഹസികമായും സമയമെടുത്തും ആയിരുന്നു ബഷീര്‍ അവ പൂര്‍ത്തിയാക്കിയതെന്ന്.
ജുമ്പ ലഹിരി ഇന്ത്യന്‍ വംശജയായ ഇംഗ്ലീഷ് എഴുത്തുകാരിയാണ്. പുലിറ്റ്‌സറും പെന്‍ അവാര്‍ഡും ബുക്കര്‍ പ്രൈസും ലഭിച്ച പ്രതിഭാശാലിയായ എഴുത്തുകാരി. ലണ്ടനിലാണ് പിറവി. മാതാപിതാക്കള്‍ ബംഗാളി വംശജര്‍. ജുമ്പ ലഹിരിക്കു രണ്ട് വയസ്സായപ്പോള്‍ കുടുംബം അമേരിക്കയിലേക്ക് കുടിയേറി. അച്ഛന്‍ അമര്‍ ലഹിരി ഒരു ലൈബ്രേറിയനായിരുന്നു. അമ്മ ഇന്ത്യന്‍ സംസ്‌കാരവും ബംഗാളി പാരമ്പര്യവും മുറുകെപ്പിടിക്കണെമന്ന് വാശിയുള്ള ആളായിരുന്നു. അതിനാല്‍, ഒത്തിരി സംഘര്‍ഷങ്ങളുടെ മധ്യേയുള്ള അവരുടെ വളര്‍ച്ചയുടെയും അതോടൊപ്പം വികസിച്ച വീക്ഷണങ്ങളുടെയും വൈവിധ്യം കാണാം ജുമ്പയുടെ പുസ്തകങ്ങളില്‍.
പുസ്തകങ്ങളുടെ വസ്ത്രധാരണം വ്യത്യസ്തമായ ഒരു പ്രമേയത്തെ കേന്ദ്രീകരിച്ച് എഴുതപ്പെട്ട ഓര്‍മകളുടെ സമാഹാരമാണ്. പുസ്തകച്ചട്ടകളാണ് വിഷയം. പുസ്തകത്തിന്റെ കവറുകള്‍ കേവലം അകത്തെ അക്ഷരങ്ങളെ ഭദ്രമായി സൂക്ഷിക്കുന്നവ എന്നതിനപ്പുറം സൗന്ദര്യപരമായ അനേകം മാനങ്ങള്‍ അടങ്ങിയതാണ് എന്നാണ് അവരുടെ നിരീക്ഷണം. പുസ്തകക്കവറുകളില്‍ എഴുത്തുകാരും പ്രസാധകരും സൂക്ഷ്മത പുലര്‍ത്തുന്ന ഇക്കാലത്ത് അവരുടെ നിരീക്ഷണത്തിന് പ്രസക്തിയേറെയാണ്.
ഡ്രസ്സ് കോഡിന്റെ വ്യത്യസ്തതകളെക്കുറിച്ചു പറഞ്ഞാണ് ആദ്യ അധ്യായം തുടങ്ങുന്നത്. യൂനിഫോമുകളുടെ ഭംഗി എന്ന പേരില്‍. അമേരിക്കയില്‍ നിന്ന് ലീവിന് ബംഗാളിലേക്ക് പോകുമ്പോള്‍ കാണുന്ന കസിന്‍സിന്റെ സ്‌കൂള്‍ യൂനിഫോമുകളും മറ്റു വസ്ത്രങ്ങളും എത്രത്തോളം വൈവിധ്യമാണെന്നും ഓരോ സ്ഥപനത്തിന്റെയും സ്വഭാവത്തെ അവ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നും അവര്‍ കുറിക്കുന്നു. “കല്‍ക്കട്ടയില്‍ അച്ഛന്റെ വീട്ടില്‍ കുട്ടിക്കാലത്ത് ആയപ്പോള്‍ എന്റെ സമപ്രായക്കാര്‍ എങ്ങനെയാണ് വസ്ത്രം ധരിക്കുന്നത് എന്ന് ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. അവര്‍ സ്‌കൂളിലേക്ക് പോകുന്ന കാലത്താണ് ഞങ്ങളുടെ വെക്കേഷന്‍ ഉണ്ടാകാറ്. കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞ് എന്നും അവര്‍ ഒരു വസ്ത്രം ധരിക്കും, യൂണിഫോം എന്ന പേരില്‍. എന്റെ കസിന്‍സ് വിവിധ സ്‌കൂളുകളില്‍ ആയിരുന്നു, അതിനാല്‍ വിവിധ നിറങ്ങളില്‍ ആയിരുന്നു അവരുടെ വസ്ത്രങ്ങള്‍.” വസ്ത്രങ്ങള്‍ എങ്ങനെ നിറപ്പകിട്ടാര്‍ന്നതാക്കുന്നു എന്നു പറഞ്ഞ ശേഷം അവര്‍ അതിനെ സാമാന്യവത്കരിക്കുന്നത് പുസ്തകക്കവറിനോടാണ്. അകത്തെ അക്ഷരങ്ങളാകുന്ന മര്‍മത്തെ പോറല്‍ വരാതെയും തികവോടെയും ഭംഗിയായും സൂക്ഷിക്കുന്ന കവറുകള്‍. “മുപ്പത്തിരണ്ടാം വയസ്സില്‍ എന്റെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചപ്പോള്‍, എന്റെ മറ്റൊരു വസ്ത്രത്തെ ലോകത്തിലേക്ക് പ്രകാശിപ്പിക്കുന്നു എന്നെനിക്ക് തോന്നി. പക്ഷേ, എന്താണോ എന്റെ അക്ഷരങ്ങള്‍ക്ക് മീതെ കവറായി വരുന്നത്, അതെന്റെ തിരഞ്ഞെടുപ്പ് അല്ലായിരുന്നു. ഞാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ആ സമയത്ത്, ഞാന്‍ ഇഷ്ടപ്പെടാത്ത ഒരു കവര്‍ ആക്കാന്‍, നിരാശാഭരിതമായ സങ്കടകരമായ തീരുമാനം. ഒരു തര്‍ക്കത്തിന് പോകണ്ടാ എന്ന് വെച്ചു ഞാന്‍.”
രണ്ടാമധ്യായം “എന്തിന് വേണ്ടി ഒരു കവര്‍” എന്ന ശീര്‍ഷകത്തിലാണ്. പുസ്തകക്കവറുകളുടെ സവിശേഷതകളെ പറ്റിയാണ് പ്രതിപാദ്യം. “ഒരു പുസ്തകത്തിന്റെ ചട്ട രൂപപ്പെടുത്തുന്നത്, അതിന്റെ രചന പൂര്‍ത്തിയായ ശേഷമാണ്. അത് പുസ്തകത്തിന്റെ ജനനത്തെ കാണിക്കുന്നു. അതേസമയം, ഒരു ക്രിയേറ്റിവ് വര്‍ക്കിന്റെ അവസാനവുമാണത്. കവര്‍ ചെയ്യുന്നതോടെ പുസ്തകം സ്വാതന്ത്ര്യത്തെ പ്രാപിച്ചു. അതിന് സ്വന്തമായ ഒരു ജന്മമുണ്ടായി”.
തുടര്‍ന്നുള്ള ഓരോ അധ്യായത്തിലും ജുമ്പ വിവരിക്കുന്നത് കവറുകളെ പറ്റിയാണ്, വിവിധ മാനങ്ങളില്‍. പുസ്തകക്കവര്‍ ചെയ്യുന്ന രൂപകല്പകരും നിര്‍ദേശം നല്‍കുന്ന പ്രസാധകരും നിര്‍ബന്ധപൂര്‍വം വായിക്കേണ്ടതുണ്ട്, ഈ കൊച്ചു പുസ്തകം. ജുമ്പയുടെ ഭാഷയും രസകരമാണ്. ലളിതവുമാണ്. ഓര്‍മക്കുറിപ്പിന്റെ ഔജല്യം ശോഭയോടെ കാണുന്ന പുസ്തകവുമാണിത്.
.