Kerala
കരിപ്പൂരിലെ കസ്റ്റംസിനെതിരായ പരാതി: ഉന്നതതല യോഗം ചേരുന്നു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിനെതിരെ വ്യാപകമായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നു. എയര്‍പോര്‍ട്ട് ഡയറക്ടര്‍, കസ്റ്റംസ് കമ്മിഷനര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ യോഗമാണ് ചേരുന്നത്. കസ്റ്റംസ് വിഭാഗത്തിനെതിരെ ഉയര്‍ന്ന പരാതികളെ കുറിച്ച് വിശദമായ ചര്‍ച്ചയാകും നടത്തുക. അതേസമയം, പരാതികള്‍ പലതും വാസ്തവ വിരുദ്ധമാണെന്ന് കസ്റ്റംസ് അസി. കമ്മീഷനര്‍ പ്രതികരിച്ചു.
കസ്റ്റംസ് വിഭാഗത്തിലെ അനാസ്ഥകളെ കുറിച്ചും വികസന കാര്യങ്ങളിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുമുള്ള മെല്ലെപ്പോക്ക് നയത്തെകുറിച്ചും സിറാജ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പരാതി ചര്‍ച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടതായി പി കെ കുഞ്ഞാലിക്കുട്ടി എം പിയുടെ ഓഫീസ് അറിയിച്ചു.
കസ്റ്റംസ് ഓഫീസിലെ സി സി ടി വി ക്യാമറകള്‍ എടുത്തുമാറ്റിയതടക്കമുള്ള പരാതികളാണ് ഉയര്‍ന്നിരുന്നത്. പരാതിയെ തുടര്‍ന്ന് ക്യാമറകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ ഗ്ലാസ് ചുമരുകളില്‍ ഫഌക്‌സ് പതിച്ചതായും ക്ലീനിംഗ് ജീവനക്കാര്‍ക്കടക്കം പ്രവേശനം നിഷേധിച്ച് രഹസ്യ കേന്ദ്രമാക്കി മാറ്റിയതായും പരാതിയുണ്ട്.
ക്ലീനിംഗ് ജോലിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചതു കാരണം ശുചി മുറികളും പരിസരവും വൃത്തിഹീനമായിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടറുകളുടെ പ്രവര്‍ത്തനത്തിലും പരാതിയുണ്ടായി. ഇത്തരം കാര്യങ്ങളെല്ലാം വാര്‍ത്തയിലൂടെ ശ്രദ്ധയില്‍ പെട്ടതായും ബന്ധപ്പെട്ടവരുമായി സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും എം പിയുടെ ഓഫീസ് അറിയിച്ചു.
സി സി ടി വി ക്യാമറകളുടെ കാര്യത്തില്‍ കസ്റ്റംസ് ഓഫീസിന് പ്രത്യേക റോള്‍ ഇല്ലെന്നും പത്രവാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും കസ്റ്റംസ് അസി. കമ്മീഷനര്‍ പറഞ്ഞു. എയര്‍പോര്‍ട്ട് അതോറിറ്റി കമ്മ്യൂണിക്കേഷന്‍ വിഭാഗമാണ് ക്യാമറകള്‍ സ്ഥാപിക്കുന്നതും പരിചരിക്കുന്നതും. പത്രവാര്‍ത്തയെ തുടര്‍ന്ന് ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കരിപ്പൂരില്‍ പണി പൂര്‍ത്തിയായിവരുന്ന പുതിയ ടെര്‍മിനലില്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നതിലെ കാലതാമസത്തിന് പിന്നിലും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരാണെന്ന് കസ്റ്റംസ് വിഭാഗം പറയുന്നു.
ശുചീകരണ തൊഴിലാളികള്‍ക്ക് നിയന്ത്രണങ്ങളൊന്നുമില്ല. മറിച്ചുള്ള പ്രചാരണം തെറ്റാണ്. ഫഌക്‌സുകള്‍ ആറ് വര്‍ഷത്തോളമായി ഉള്ളതാണ്. സുരക്ഷാ കാരണങ്ങളാല്‍ കസ്റ്റംസ് ഓഫീസ് പൂര്‍ണമായും പുറമെ നിന്ന് കാണുന്ന തരത്തില്‍ തുറന്നിടുന്നത് ശരിയല്ല. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. കസ്റ്റംസ് നടപടിക്രമങ്ങളില്‍ കാലതാമസമുണ്ടാകുന്നുവെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.