Articles
കര്‍ണാടകയില്‍ വീണ്ടും ഡ്രസ് റിഹേഴ്‌സല്‍
ജാതി, മത, സാമുദായിക ഘടകങ്ങള്‍ നിര്‍ണായക ശക്തിയായി നിലനില്‍ക്കുന്ന കര്‍ണാടക വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് അമരുകയാണ്. സംസ്ഥാനത്തെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കവെ അടുത്തമാസം മൂന്നിന് നടക്കാനിരിക്കുന്ന ഈ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നേതൃത്വം ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്‌സലായി ഉപതിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നവരുമുണ്ട്.
കര്‍ണാടക മുഖ്യമന്ത്രിയായി അധികാരത്തിലെത്താമെന്ന് മനപ്പായസമുണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ശ്രദ്ധേയമായ മണ്ഡലം. യെദ്യൂരപ്പ ലോക്‌സഭാംഗത്വം രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇത് കൂടാതെ ബെല്ലാരി, മാണ്ഡ്യ എന്നീ ലോക്‌സഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പതിനാറാം ലോക്‌സഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തിര. കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്ത് ബി ജെ പിയാണ് ആദ്യം രംഗത്ത് വന്നത്. അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്നായിരുന്നു ബി ജെ പി കണക്കുകൂട്ടിയിരുന്നത്. വെറും നാല് മാസക്കാലത്തേക്ക് വേണ്ടി മാത്രം ലോക്‌സഭയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതാണ് ബി ജെ പി ചോദ്യം ചെയ്തത്.
ദേശീയ തലത്തില്‍ രൂപപ്പെട്ടുവരുന്ന വിശാല മതേതര സഖ്യത്തിന് അസ്തിവാരം കുറിച്ച കര്‍ണാടകയില്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പിയുടെ ഏക എം എല്‍ എയായി ജയിച്ചുകയറിയ എന്‍ മഹേഷ് സഖ്യസര്‍ക്കാറിലുള്ള മന്ത്രിപദവി സമീപനാളില്‍ രാജിവെച്ചൊഴിഞ്ഞതോടെയാണ് ഈ ആശങ്ക ബലപ്പെട്ടിരിക്കുന്നത്. ബി എസ് പി അധ്യക്ഷ മായാവതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മഹേഷ് മന്ത്രിസ്ഥാനം രാജിവെച്ചതെന്നാണ് വിവരം. മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് കര്‍ണാടക മന്ത്രിസഭയില്‍ നിന്നുള്ള മഹേഷിന്റെ രാജി. എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേള സാക്ഷ്യം വഹിച്ചത് പ്രതിപക്ഷ ഐക്യത്തിനായിരുന്നു. ഇന്ത്യയിലെ മതേതര- ജനാധിപത്യ ചേരി പുതിയ സഖ്യ നീക്കത്തിലൂടെ കരുത്താര്‍ജിക്കുമെന്നായിരുന്നു അന്ന് ജനങ്ങള്‍ കരുതിയിരുന്നത്. പുതിയ സാഹചര്യത്തില്‍ സഖ്യനീക്കം എത്രത്തോളം ഫലപ്രദമായി തീരുമെന്ന് കണ്ടറിയണം.
കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിലും ഭരണത്തിലും കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. ബി ജെ പി നേതാക്കളായ യെദ്യൂരപ്പയും ബി ശ്രീരാമലുവും എം എല്‍ എമാരായപ്പോള്‍ കളമൊരുങ്ങിയ ശിവമൊഗ്ഗയിലെയും ബെല്ലാരിയിലെയും തിരഞ്ഞെടുപ്പ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ്. ശിവമൊഗ്ഗയില്‍ ബി എസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്രയാണ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നത്. രാഘവേന്ദ്രയെ നേരിടുന്നത് ജെ ഡി യുവിലെ മഹിമ ജെ പാട്ടീലാണ്. മുന്‍ മുഖ്യമന്ത്രി ജെ എച്ച് പാട്ടീലിന്റെ മകനാണ് മഹിമ. ബി ജെ പിയുടെ ഉരുക്കു കോട്ടയായാണ് ശിവമൊഗ്ഗ അറിയപ്പെടുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ അത്ര സുഗമമല്ല. ബെല്ലാരി മണ്ഡലത്തില്‍ ജെ ശാന്തയാണ് ബി ജെ പി ടിക്കറ്റില്‍ മത്സരിക്കുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എസ് ഉഗ്രപ്പയാണ് ഇവിടെ ശാന്തയുടെ എതിരാളി. മൊലക്കല്‍മുലുവില്‍ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട ബി ശ്രീരാമലുവിന്റെ സഹോദരിയാണ് ശാന്ത. തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ജെ ഡി എസും ഒറ്റക്കെട്ടായി നേരിടുന്നതാണ് ബി ജെ പിക്ക് കടുത്ത ക്ഷീണമുണ്ടാക്കിയിരിക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വത്തെ അമ്പരപ്പിച്ച് കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഗ്രാമപ്രദേശങ്ങളിലെല്ലാം കൂടുതല്‍ സീറ്റുകള്‍ നേടി തിരിച്ചുവരാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും ഈ നില ആവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാകുകയാണെങ്കില്‍ ശിവമൊഗ്ഗയും ബെല്ലാരിയും അടങ്ങുന്ന സിറ്റിംഗ് സീറ്റുകള്‍ ബി ജെ പിക്ക് നഷ്ടപ്പെടും. ഇത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനമാണ് രണ്ട് മണ്ഡലങ്ങളിലും ഇപ്പോള്‍ ബി ജെ പി നടത്തുന്നത്. ജെ ഡി എസിലെ സി എസ് പുട്ടരാജു സഖ്യ സര്‍ക്കാറില്‍ മന്ത്രിയായപ്പോഴാണ് മാണ്ഡ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രാജിവെച്ചതിനെ തുടര്‍ന്ന് രാമനഗരയിലും വാഹനാപകടത്തില്‍ കോണ്‍ഗ്രസ് എം എല്‍ എ സിദ്ധന്യാമ ഗൗഡ മരണപ്പെട്ടതിനെ തുടര്‍ന്ന് ജാമഖണ്ഡിയിലുമാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാണ്ഡ്യയിലും രാമനഗരയിലും ജയിച്ചുകയറാന്‍ കഴിയുമെന്ന യാതൊരു പ്രതീക്ഷയും ബി ജെ പി നേതൃത്വം വെച്ചുപുലര്‍ത്തുന്നില്ല. ജനതാദള്‍- എസിന് വേരോട്ടമുള്ള മണ്ഡലങ്ങളാണിവ. മാണ്ഡ്യയില്‍ ജെ ഡി എസിന്റെ ആര്‍ ശിവമേഗൗഡയാണ് ഗോദയിലുള്ളത്. ഓരോ വര്‍ഷം കഴിയുന്തോറും പാര്‍ട്ടിയുടെ ജനകീയാടിത്തറ ശക്തിയാര്‍ജിച്ച് വരുന്ന കാഴ്ചയാണ് ഇവിടങ്ങളില്‍ കാണാന്‍ കഴിയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാമനഗരയില്‍ നിന്ന് ജനവിധി തേടിയ എച്ച് ഡി കുമാരസ്വാമിക്ക് പ്രചാരണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും മണ്ഡലത്തില്‍ വരേണ്ട സാഹചര്യമുണ്ടായിരുന്നില്ല.
കുമാരസ്വാമിയുടെ വിജയം അണികള്‍ ഏറ്റെടുത്ത നിലയിലായിരുന്നു ഇവിടെ കാര്യങ്ങള്‍. അണികളുടെ മുന്നില്‍ എന്ത് പ്രയാസങ്ങളും പരിഭവങ്ങളും കുമാരസ്വാമി തുറന്നുപറയും. ചിലപ്പോള്‍ പൊട്ടിക്കരയും. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അതുകൊണ്ട് തന്നെ കുമാരസ്വാമി കുമാരണ്ണനാണ്. കുമാരസ്വാമിയുടെ ഭാര്യ അനിതയാണ് രാമനഗരയില്‍ ജനവിധി തേടുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ മത്സരിക്കുന്ന മണ്ഡലമായതിനാല്‍ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ പതിഞ്ഞ മണ്ഡലമായി രാമനഗര മാറിയിട്ടുണ്ട്. അനിതയെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോണ്‍ഗ്രസിലെ പ്രാദേശിക ഘടകം തുടക്കത്തില്‍ എതിര്‍പ്പുമായി വന്നിരുന്നുവെങ്കിലും ഇപ്പോള്‍ ഇതെല്ലാം കെട്ടടങ്ങിയ മട്ടാണ്. കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വര, കെ പി സി സി പ്രസിഡന്റ് ഡോ. ദിനേശ് ഗുണ്ടുറാവു എന്നിവര്‍ പ്രാദേശിക നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നത്തിന് രമ്യമായ പരിഹാരമുണ്ടായത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന പൊതുവികാരമാണ് പ്രാദേശിക ഘടകം തുടക്കത്തില്‍ കൈക്കൊണ്ടിരുന്നത്. അനിതാ കുമാരസ്വാമിക്കെതിരെ ബി ജെ പിയുടെ എല്‍ ചന്ദ്രശേഖറാണ് മത്സരിക്കുന്നത്.
1996ല്‍ കനകപുരയില്‍നിന്ന് ലോക്‌സഭാ സ്ഥാനാര്‍ഥിയായി കുമാരസ്വാമി മത്സരിച്ചപ്പോഴാണ് അനിത ആദ്യമായി പ്രചാരണത്തിനിറങ്ങുന്നത്. അത് അവരുടെ രാഷ്ട്രീയ പ്രവേശനം കൂടിയായിരുന്നു പിന്നീട് 12 വര്‍ഷത്തിന് ശേഷം 2008ല്‍ തുമകുരു ജില്ലയിലെ മധുഗിരി ഉപതിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച് അനിത വിജയിക്കുകയും ചെയ്തു. എന്നാല്‍ 2013ലെ തിരഞ്ഞെടുപ്പില്‍ ചന്നപട്ടണയില്‍ നിന്ന് ജനവിധി തേടിയെങ്കിലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ആയിരുന്ന സി പി യോഗേശ്വറിനോട് പരാജയപ്പെട്ടു. 2014ല്‍ ബെംഗളൂരു റൂറല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. അവിടേയും പരാജയമായിരുന്നു ഫലമെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നു. ജെ ഡി എസിന്റെ ഉരുക്കുകോട്ടയായ രാമനഗരയില്‍ കുമാരസ്വാമിക്ക് എപ്പോഴും ഈസി വാക്കോവറായിരുന്നു എന്ന് പറയുന്നതായിരിക്കും ശരി. 21,530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഇത്തവണ ജയിച്ചുകയറിയത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലമായ ജാമഖണ്ഡിയും തിരഞ്ഞെടുപ്പ് ചൂടിലമര്‍ന്നുകഴിഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും ജാമഖണ്ഡി മണ്ഡലം കോണ്‍ഗ്രസ് എം എല്‍ എയുമായ സിദ്ധു ബി ന്യാമഗൗഡ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ ആനന്ദ ന്യാമെ ഗൗഡയാണ് മത്സരിക്കുന്നത്. ശ്രീകാന്ത് കുല്‍ക്കര്‍ണിയാണ് ഇവിടത്തെ ബി ജെ പി സ്ഥാനാര്‍ഥി. ഇവിടെ നിന്ന് നിരവധി തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിദ്ധു ബി ന്യാമഗൗഡ മണ്ഡലത്തില്‍ ഇതിനകം ഒട്ടേറെ ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഇതെല്ലാം മകന്റെ വിജയം എളുപ്പമാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ഉറച്ച് വിശ്വസിക്കുന്നു.
കര്‍ണാടകയിലെ അഞ്ച് മണ്ഡലങ്ങള്‍ തിരഞ്ഞെടുപ്പിന്റെ പോര്‍മുഖത്തെത്തി നില്‍ക്കുമ്പോഴാണ് ലൈംഗിക ആരോപണം ബി ജെ പിയെ വേട്ടയാടിയിരിക്കുന്നത്. ബി ജെ പി ബെല്ലാരി ജില്ലാ വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. കന്നഹോസല്ലി സ്വദേശിയായ യുവതിയാണ് ബി ജെ പി നേതാവിനെതിരെ ചിത്രങ്ങള്‍ അടങ്ങുന്ന തെളിവുമായി രംഗത്ത് വന്നത്.
ദേവനഗര, ബെല്ലാരി ജില്ലകളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തിന്റെ ഐ ടി ഐ കോളജില്‍ ജോലി വാഗ്ദാനം ചെയ്തുവത്രേ. തുടര്‍ന്ന് ലൈംഗിക ചൂഷണം നടത്തി. എന്നാല്‍ പിന്നീട് ജോലി നല്‍കിയില്ലെന്നാണ് യുവതിയുടെ ആരോപണം. ബെല്ലാരിയിലെ പ്രചാരണത്തില്‍ ഈ വിഷയം ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസും ജനതാദള്‍ എസും.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് വിഷയം കൊണ്ടുവന്നത് അബദ്ധമായിപ്പോയെന്നും വലിയ തെറ്റാണ് ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് സംഭവിച്ചിരിക്കുന്നതെന്നുമുള്ള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിന്റെ വളരെ വൈകിയുള്ള തുറന്നുപറച്ചില്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ഈ തുറന്നുപറച്ചില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്ത് ചലനമുണ്ടാക്കുമെന്ന് കണ്ടറിയണം. നവംബര്‍ മൂന്നിന്റെ വിധിയെഴുത്ത് ഈ ചലനങ്ങളെല്ലാം അടയാളപ്പെടുത്തും.