Connect with us

Articles

അനിര്‍വചനീയം ഈ ഗുരുമുഖം

Published

|

Last Updated

കന്‍സുല്‍ ഉലമ മൗലാന കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി-വളരെ ചെറുപ്പത്തില്‍ തന്നെ ഈ നാമം എന്റെ ഹൃദയത്തില്‍ കോറിയിടപ്പെട്ടിരുന്നു. ഒരു ഗര്‍ജനം പോലെയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഗാംഭീര്യത മുറ്റിയ മുഖ ഭാവങ്ങളും എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. എന്നാല്‍ അടുത്ത് ബന്ധപ്പെടാനും ആ ജ്ഞാന സാഗരത്തില്‍ നിന്ന് വിദ്യനുകരാനും അവസരം ലഭിച്ചത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു.

എസ് എസ് എല്‍ സി ക്ക് ശേഷം പെരുമുഖം ബീരാന്‍ കോയ ഉസ്താദിന്റെ മകനും പ്രമുഖ പണ്ഡിതനുമായ അബ്ദുല്‍ ഗഫൂര്‍ ബാഖവി ഉസ്താദിന്റെ ഫറോക്കിലെ ദര്‍സില്‍ കിതാബോതി പഠിക്കുമ്പോഴാണ് ഉസ്താദ് ദര്‍സ് മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയവതരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ശൈഖുനാ ചിത്താരിയുടെ നേതൃത്വത്തിലുള്ള പുതിയൊരു ദര്‍സിലേക്ക് എന്നെ മുദരിസയായി ക്ഷണിച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം നമുക്ക് ദര്‍സ് അങ്ങോട്ട് മാറാം എന്നും ഉസ്താദ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചു. ഫറോക്കിലെ ദര്‍സ് പഠനത്തിനിടയില്‍ മീഞ്ചന്ത ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ തുടര്‍ പഠനത്തിനുള്ള അവസരവും ഉസ്താദ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഉസ്താദിന്റെ കൂടെ ഞങ്ങള്‍ 15 വിദ്യാര്‍ഥികള്‍ തളിപ്പറമ്പിലെ നാടുകാണിയിലെത്തുന്നു.

1994 ഏപ്രില്‍ മൂന്നിന് ഒരു നട്ടുച്ച സമയത്താണ് ഞങ്ങള്‍ അവിടെയെത്തിയത്. ഏക്രയോളം വരുന്ന അല്‍മഖറിന്റെ പ്രധാന കാമ്പസായ നാടുകാണി ദാറുല്‍ അമാനിന്റെ ഉദ്ഘാടനം കൂടിയായിരുന്നു അത്. തഫ്‌സീറുല്‍ ജലാലൈനി ഓതിത്തന്നു കൊണ്ട് ശൈഖുനാ ചിത്താരി ഉസ്താദ് ആ കര്‍മ്മം നിര്‍വ്വഹിച്ചു. ചുറ്റു ഭാഗത്തും മനുഷ്യ വാസത്തിന്റെ ഒരു ലക്ഷണം പോലും കാണാനില്ലാത്ത വിജനവും ഭീതിപ്പെടുത്തുന്നതുമായ ഒരു പ്രദേശമായിരുന്നു അന്ന് നാടുകാണി. വൈദ്യുതിയില്ലാത്ത നാടുകാണിയിലെ അര്‍ദ്ധരാത്രികളില്‍ ഹിം്രസ ജീവികളുടെ ശബ്ദവും കേള്‍ക്കാമിയിരുന്നു. വ്യാഴാഴ്ച്ചകളില്‍ മറ്റു വിദ്യാര്‍ത്ഥികളും ഉസ്താദുമാരും നാട്ടില്‍ പോവുമ്പോള്‍ ഭയ വിഹ്വലരായി കഴിഞ്ഞു കൂടിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ നാടുകാണിയിലെ ഈ അന്തരീക്ഷത്തിലും അവിടെത്തന്നെ ദര്‍സ്പഠനം തുടരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് ചിത്താരി ഉസ്താദ് എന്ന മഹാഗുരുവിന്റെ ഉപദേശങ്ങളും സാനിദ്ധ്യവും സ്‌നേഹത്തോടെയുള്ള പെരുമാറ്റവുമായിരുന്നു.

ജ്ഞാന സമ്പാദനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ശൈഖുന തന്റെ ശിഷ്യന്മാരെയും ഇല്‍മിന്റെ രംഗത്ത് ഉയര്‍ത്തിക്കൊണ്ടു വരാന്‍ അങ്ങേയറ്റം പരിശ്രമിച്ചിരുന്നു. കേവലം ഒരു വായിച്ചോതിപ്പോകുന്ന ദര്‍സിന് പകരം കിതാബിന്റെ അടിത്തറ ഭദ്രമാക്കാന്‍ പ്രേരണ നല്‍കുന്നതായിരുന്നു അവിടത്തെ ദര്‍സ്. അത്‌കൊണ്ട് തന്നെ എത്ര വലിയ കിതാബാണെങ്കിലും നഹ്‌വ്, സ്വര്‍ഫ്, മന്‍ത്വിഖ്, മആനി ചര്‍ച്ച ചെയ്യാതെ ക്ലാസ് മുന്നോട്ടു പോകില്ല. ഹദീസാണെങ്കിലും ഉസൂലാണെങ്കിലും ഓരോ വരികള്‍ക്കിടയിലും അല്‍ഫിയ്യയും, തുഹ്ഫത്തല്‍വര്‍ദിയും കടന്നു വരും. ശാഇറം ബൈതുകള്‍ക്ക് ഉസ്താദിന്റേതായ ചില വ്യാഖ്യാനങ്ങലും നിരൂപണങ്ങളുമുണ്ടാകും. നഹ്‌വ് സ്വര്‍ഫുകളില്‍ ജ്ഞാനമില്ലാത്തവന്‍ പടുജാഹിലാണെന്ന് ഏത് ഇല്‍മിനും ഇത് ആവശ്യമാണെന്നും തുഹ്ഫത്തുല്‍ വര്‍ദിയയുടെ വരികള്‍ ഉദ്ധരിച്ച് ഇടക്കിടെ ഉണര്‍ത്താറുണ്ട്.

അറബി വ്യകരണം നന്നായി അറിയുന്നവനെ കാട്ടില്‍പോയി മരുന്ന് പറിക്കുന്ന വൈദ്യരോടാണ് ഉസ്താദ് ഉപമിക്കാറുള്ളത്. കാട്ടിനുള്ളില്‍ പ്രവേശിച്ച സാധാരണക്കാരന് എല്ലാം ഒരു കാടായി അനുഭവപ്പെടുമ്പോള്‍ വൈദ്യര്‍ക്ക് അതിലെ ഓരോ സസ്യവും വിവിധ ഗുണങ്ങളുള്ള ഔഷധ ചെടിയായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നു. നഹ്‌വിലും സ്വര്‍ഫിലും അടിത്തറ ശരിയാക്കാതെ മുതിര്‍ന്ന ക്ലാസിലെത്തിയ ഒരു വിദ്യാര്‍ത്ഥിക്ക് നാണത്തോടെ മാത്രമേ ഉസതാദിന്റെ ക്ലാസിലിരിക്കാന്‍ കഴിയൂ. അതിനാല്‍ സ്വാഭാവികമായും ഓതിപ്പോയ ചെറിയ കിതാബുകളൊക്കെ വീണ്ടും ഓതാന്‍ അവന്‍ നിര്‍ബന്ധിതനാകും. ഈ വിനീതന്‍ തന്നെ മുതിര്‍ന്ന ക്ലാസിലെത്തിയപ്പോഴും മൂന്നോ നാലോ തവണ അല്‍ഫിയ്യ ഓതിയിട്ടുണ്ട്.

ദര്‍സ് നടത്തുന്ന ഏതാണ്ട് ഏല്ലാ കിതാബുകളും ഉസ്താദിന് ഹിഫ്‌ളാണെന്ന് പറയാം. ചോദ്യങ്ങള്‍ക്ക് ഇബാറത്തുകള്‍ വായിച്ച് കൊണ്ടല്ലാത്ത മറുപടി പറയാറില്ല. അതൊരു പക്ഷെ ഒന്നോ അതിലധികമോ പേജുകള്‍ വരുന്ന ഇബാറത്തുകളായിരിക്കും. എല്ലാം ഒരു തുറന്ന പുസ്തകത്തില്‍ നിന്ന് നോക്കി വായിക്കുന്നത് പോലെ തന്റെ ഓര്‍മ്മയില്‍ നിന്ന് എടുത്ത് ഉസ്താദ് വായിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കും അസൂയ തോന്നാതിരിക്കില്ല. ദര്‍സില്‍ പൂര്‍ണ്ണ നിശബ്ദനായി ഇരിക്കുന്നത് ഉസ്താദ് ഇഷ്ട്ടപ്പെടാറില്ല. ഇടക്കിടെ ചോദിച്ചുകൊണ്ടിരിക്കുന്നതാണ് ഉസ്താദിന് ഏറെ താല്‍പര്യം. ഇശ്കാലുകളില്ലാതെ വിദ്യാര്‍ത്ഥികളെ നോക്കി ” നീ നാഗൂര്‍ത്തെ കുട്ടനാവരുത്” എന്ന് പറയാറുണ്ട്. എന്ത് ചോദിച്ചാലും തലയാട്ടുന്ന സ്വഭാവം. പ്രതികരിക്കുന്ന ആളുകളെയാണ് ഉസ്താദിന് താല്‍പര്യം. കിതാബിന്റെ ആഴങ്ങളിലേക്കിറങ്ങി ചിന്തിക്കാന്‍ ഉസ്താദ് പറയുക വെളുത്ത പേജിലെ കറുത്ത അക്ഷരങ്ങള്‍ നോക്കി വായിക്കലല്ല കിതാബോത്ത്; മറിച്ച് വരികള്‍ക്കിടയില്‍ നിന്ന് ചിന്തിച്ച് കാര്യങ്ങള്‍ മനസ്സിലാക്കലാണ് ഓര്‍ത്തിന്റെ മര്‍മ്മം എന്നാണ്.

അഇമ്മത്ത് മുജ്തഹിദുകളുടെ അത്യദ്ധ്വാനവും അന്വേഷണ ബുദ്ധിയുമാണ് കര്‍മ്മശാസ്ത്ര വിജ്ഞാനം ലോകത്ത് വ്യുല്‍പത്തി നേടിയത്. അതിനാല്‍ കിതാബുകള്‍ ഫീഹി മാഫീഹി എന്ന ആശയത്തില്‍ നിന്നും മാറി അന്വേഷിക്കാനും കണ്ടെത്താനും നമുക്ക് കഴിയണം. ഉസ്താദിന്റെ ഉപദേശം അതാണ്. ഒരു വിഷയത്തിലുള്ള സകല വിശദീകരണങ്ങളും സ്വായത്തമാക്കണം. അതിനാല്‍ ശറഹും ഹാശിയയും നോക്കി വരണം.

ക്ലാസില്‍ നടന്നും ഇരുന്നും മേശമേല്‍ അടിച്ചു കുട്ടികളുടെ ശ്രദ്ധ കിതാബിലേക്ക് കൊണ്ടുവരാന്‍ ഉസ്താദ് ശ്രമിക്കും. അറബിയും ഉറുദുവും കന്നടയും എല്ലാ ഭാഷകളും കടന്നു വരും. വിദ്യാര്‍ത്ഥികളില്‍ സാമ്പത്തിക ക്ഷീണമുള്ളവരെ കണ്ടറിഞ്ഞ് സഹായിക്കാനും ഉസ്താദ് മടിക്കാറില്ല. സ്വന്തം മക്കളെപ്പോലെയാണ് മുതല്ലിമുകളോട് ഉസ്താദ് പെരുമാറുക.

ദര്‍സില്‍ കണ്ണിയത്ത ഉസ്താദിന്റെ ശൈലിയാണ് ഉസ്താദ് അവലംബിക്കാറുള്ളത്. പദങ്ങള്‍ക്ക് കണ്ണിയത്തുസ്താദ് എന്തര്‍ത്ഥമാണോ പറഞ്ഞ് കൊടുത്ത് ആ പഴയ മലയാളത്തിലുള്ള അര്‍ത്ഥമായിരിക്കും ഉസ്താദില്‍ നിന്ന ലഭിക്കുക. കണ്ണിയത്ത് ഉസ്താദിനെ പറയാത്ത ക്ലാസുകള്‍ വിരളമാണ്. ചിലപ്പോഴൊക്കെ കണ്ണിയന്‍ ഇവിടെ ഇങ്ങിനെ വിശദീകരിച്ചു എന്ന് പറഞ്ഞുകൊണ്ടും ഉസ്താദ് കരയാറുണ്ട്. കാര്യങ്ങള്‍ വിശദീകരിച്ചു കഴിഞ്ഞാല്‍ മനസ്സിലായോ? മനസ്സിലായില്ലേ….?എന്നാണ് ചോദിക്കുക. ഇതും കണ്ണിയത്തിന്റെ ശൈലിയാണ് ഉസ്താദും ശിഷ്യനുമായുള്ള ബന്ധം അത്രയ്ക്കും സുദൃഢമായിരുന്നു.

ചെറിയ സംശയങ്ങള്‍ക്ക് പോലും നിവാരണ വരുത്താന്‍ കണ്ണിയത്തുസ്താദിനെ സമീപിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ തഖ്‌വീമുല്‍ലിസാനിലെ ഒരു ചെറിയ പദത്തിന്റെ അര്‍ത്ഥം തേടി വാഴക്കാട്ടേക്കു പോയ കഥ ഉസ്താദ് ദര്‍സില്‍ പറഞ്ഞതോര്‍ക്കുകയാണ്. ജ്ഞാന സമ്പാദനത്തില്‍ പ്രായമോ പദവിയോ തടസ്സമല്ലെന്നും എത്ര ചെറിയ വിഷയമാണെങ്കിലും അതുമനസ്സിലാക്കേണ്ടത് ശരിയായ കേന്ദ്രത്തില്‍ നിന്നുമാകണമെന്നുള്ള സന്ദേശമാണ് ഇതിലൂടെ ഉസ്താദ് നമുക്ക് നല്‍കുന്നത്. സുഹ്ബിക്ക് ഒരു മണിക്കൂര്‍ മുമ്പ് ഉണരുന്ന ഉസ്താദ് തഹജ്ജുദിന് ശേഷം സുബ്ഹി വരെ നീണ്ട ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകാറുണ്ട്. ഒരു ദിവസം 1 ജുസ്അ് മിനിമം ഒതുകയെന്നത് ഉസ്താദിന് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. യാത്രയിലും ഉസ്താദ് പതിവായി ഖുര്‍ആന്‍ കൊണ്ട് പോകാറുണ്ട്.

ഇല്‍മിന്റെ എല്ലാ ഫന്നുകളിലും അഗാധജ്ഞാനം നേടിയ ശൈഖുന ബിദളകള്‍ക്കെതിരെ പോരാടിയ ധീര പോരാളി കൂടിയായിരുന്നു. ഞങ്ങള്‍ പഠിക്കുന്ന കാലത്ത് കേരളത്തില്‍ അങ്ങുമിങ്ങും ഖാദിയാനികള്‍ തലപൊക്കി തുടങ്ങിയപ്പോള്‍ ശൈഖുനായെകൊണ്ട് ഒരു പ്രഭാഷണം സംഘടിപ്പിച്ചത് ഓര്‍ക്കുകയാണ്. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ആ പ്രസംഗം പ്രമാണങ്ങളും ആധുനിക പണ്ഡിതന്മാരുടെ ഫത്‌വകളും കൊണ്ട് ഖാദിയാനിസത്തെ പൊളിച്ചെഴുതുന്നതായിരുന്നു. ഞങ്ങള്‍ അതിന്റെ സി ഡി തയ്യാറാക്കി പലസ്ഥലങ്ങളിലും എത്തിച്ചുക്കൊടുത്തു. ചുരുക്കത്തില്‍ എഴുത്തിലോ പ്രസംഗത്തിലോ ഒതുക്കാവുന്ന ഒരു ജീവിതമല്ല ശൈഖനായുടെത്. ഗുരുസ്രേഷ്ഠരായ ഉസ്താദില്‍ നിന്ന് പിതാവിന് തുല്യമായ സ്‌നേഹം പലപ്പോളും അനുഭവിച്ചിട്ടുണ്ട്.

Latest