Articles
സുന്നികളുടെ കരുത്തുറ്റ ശബ്ദം
പണ്ഡിതരുടെ മരണം ലോകത്തിന്റെ മരണമാണ് എന്നാണല്ലോ. അതിലേക്ക് സൂചന നല്‍കുന്നതാണ് മഹാനായ ചിത്താരി ഹംസ മുസ്‌ലിയാരുടെ വിടവാങ്ങല്‍. അറിവനുഭവങ്ങളുടെ നേര്‍സാക്ഷ്യമായിരുന്നു ഹംസ മുസ്‌ലിയാരുടെ ജീവിതം. ചെറുപ്പം മുതലേ ഞങ്ങള്‍ ഒരുമിച്ചായിരുന്നു വളര്‍ന്നത്. ഒരേ നാട്ടുകാരും സമപ്രായക്കാരുമായതിനാല്‍ ഞങ്ങള്‍ തമ്മില്‍ അത്രയേറെ ബന്ധമാണുണ്ടായിരുന്നത്. ഒരുമിച്ച് ഓത്തുപള്ളിയിലും സ്‌കൂളിലും പഠിച്ച ഞങ്ങള്‍ക്ക് ദര്‍സീ രംഗത്ത് പ്രചോദനമായത് ഉസ്താദിന്റെ ജേഷ്ഠ സഹോദരന്‍ അബ്ദുല്ല മുസ്‌ലിയാരുടെ ഉപദേശങ്ങളായിരുന്നു. നാട്ടിലും മറുനാടുകളിലും വഅള് പരിപാടികളുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ പോവുന്ന പതിവ് ഹംസ ഉസ്താദിന് ഉണ്ടായിരുന്നു. അന്നത്തെ ഇ എസ് എല്‍ സി വിജയിച്ച ഹംസ മുസ്‌ലിയാര്‍ തുടര്‍വിദ്യാഭ്യാസത്തിന് പോകാതെ ദര്‍സിലേക്ക് പോകുന്നത് പലര്‍ക്കും മുറുമുറുപ്പുണ്ടായിരുന്നു. എങ്കിലും ഉറച്ച ചുവട്‌വെപ്പോടെയാണ് അദ്ദേഹം ദീനി പഠന രംഗത്ത് കാലെടുത്ത് വെച്ചത്.
റമസാന്‍ കാലങ്ങളില്‍ ദര്‍സ് അവധിയായിരുന്നാല്‍ ഞങ്ങള്‍ കൂടുതല്‍ സമയവും ചിലവഴിച്ചത് പട്ടുവം ജുമുഅത്ത് പള്ളിയിലായിരുന്നു. ആ സമയങ്ങളില്‍ ഞാനും മറ്റു കുട്ടികളും കളിതമാശകളില്‍ ഏര്‍പ്പെടുമ്പോള്‍ ഹംസ മുസ്‌ലിയാര്‍ പള്ളിയിലെ മൂലയിലിരുന്ന് കിതാബ് നോക്കുകയായിരിക്കും. സദാ സമയവും കിതാബുകളില്‍ മുഖംകുമ്പിട്ടിരിക്കുന്ന പതിവായിരുന്നു അദ്ദേഹത്തിന്. അതായിരിക്കാം ദീനീ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന് ലഭ്യമാക്കിയത്.
കണ്ണിയത്ത് ഉസ്താദിന്റെ അരുമ ശിഷ്യനായ ഹംസ ഉസ്താദിന് മസ്അല വിഷയങ്ങളില്‍ പ്രത്യേകം കഴിവുണ്ടായിരുന്നു. മഹല്ലുകളില്‍ തര്‍ക്ക വിഷയങ്ങളിലും മറ്റു കര്‍മശാസ്ത്ര വിഷയങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കാന്‍ ഉസ്താദിന് കഴിയുമായിരുന്നു. ഓര്‍മശക്തിയും മനഃക്കരുത്തുമാണ് ഹംസ ഉസ്താദിന്റെ ആരോഗ്യമെന്ന് പറയാം. ചെറുപ്പത്തിലേ പഠിക്കാന്‍ തത്പരനായിരുന്ന അദ്ദേഹം മറ്റുവള്ളവര്‍ക്ക് പ്രചോദനമായിരുന്നു. നാട്ടുകാര്‍ക്ക് ഉസ്താദ് ഒരു മാര്‍ഗദര്‍ശിയായിരുന്നു. സ്വകുടുംബത്തെ ദീനീമാര്‍ഗത്തിലേക്ക് നയിച്ചാണ് ഉസ്താദ് സേവനരംഗത്തിറങ്ങിയത്.
കണ്ണിയത്ത് ഉസ്താദിന്റെയും പി എ ഉസ്താദിന്റെയും ശിഷ്യനെന്ന നിലയില്‍ ചിത്താരി ഉസ്താദ് എല്ലാ കാര്യത്തിലും കണിശത പുലര്‍ത്തിയിരുന്നു. പ്രത്യേകിച്ച് മതകാര്യങ്ങളില്‍. സുന്നത്ത് ജമാഅത്തിന്റെ നിലനില്‍പ്പിന് വേണ്ടിയായിരുന്നു അദ്ദേഹം ശബ്ദിച്ചത്. സുന്നികളുടെ കാര്യം എവിടെയും ആര്‍ജവത്തോടെ അദ്ദേഹം വിളിച്ചുപറഞ്ഞു. സമസ്തയിലുണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ താജുല്‍ ഉലമക്കും ഖമറുല്‍ ഉലമക്കും നൂറുല്‍ ഉലമക്കും ഒപ്പം കന്‍സുല്‍ ഉലമ നിലനിന്നത് ആ ആര്‍ജവത്തിന് തെളിവാണ്. പിന്നീടങ്ങോട്ട് ചിത്താരി ഉസ്താദ് സുന്നികളുടെ കരുത്തുറ്റ ശബ്ദമായി മാറി. നേതൃപാടവം കൊണ്ട് കരുത്ത് തെളിയിച്ചു. സംഘടനയെ ബലപ്പെടുത്തുന്ന തീരമാനങ്ങളെടുക്കാനും അത് ശക്തമായി നടപ്പിലാക്കാനും കന്‍സുല്‍ ഉലമക്ക് കഴിഞ്ഞിട്ടുണ്ട്. അഴകുഴമ്പന്‍ നിലപാടുകള്‍ അദ്ദേഹത്തിന് അറിയില്ല. ദീര്‍ഘവീക്ഷണമുള്ള ഒരു ഗുരുവിന്റെ ശിഷ്യനായത് കൊണ്ട് തന്നെ ആ ഉസ്താദിന്റെ ഗുണങ്ങള്‍ അദ്ദേഹത്തില്‍ പ്രതിഫലിച്ചിരുന്നു.
പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഹംസ ഉസ്താദ് മുന്‍പന്തിയിലുണ്ടായിരുന്നു. അശരണരായ മുതഅല്ലിംകള്‍ക്ക് പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിതെ വരുന്നതിന്റെ പ്രയാസം ഉസ്താദിനെ അലട്ടിയിരുന്നു. അതാണ് മുതഅല്ലിം സ്‌കോളര്‍ഷിപ്പ് എന്ന ആശയം ഉസ്താദ് ഉയര്‍ത്തിയത്. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ നിരവധി മുതഅല്ലിംകളാണ് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ് അര്‍ഹരായി പഠനം നടത്തിവരുന്നത്. ഒരു പക്ഷെ, കേരളത്തില്‍ ആദ്യം തന്നെ പെണ്‍കുട്ടികളുടെ യതീംഖാന എന്ന ആശയവും ഹംസ ഉസ്താദിന്റെ മനോതലത്തില്‍ നിന്ന് വന്നതാവാം. അല്‍മഖര്‍ ബനാത്ത് ഓര്‍ഫനേജില്‍ ഇതിനകം നൂറുക്കണക്കിന് യതീമുകളായ പെണ്‍കുട്ടികള്‍ പഠിച്ചിറങ്ങി. അനുയോജ്യരായ വരന്‍മാര്‍ക്കൊപ്പമാണ് അവരെ കൈപിടിച്ചിറക്കിയത്. അഗതികളായ പെണ്‍കുട്ടികളും ഇന്ന് അല്‍മഖറില്‍ പഠിച്ചുവരുന്നുണ്ട്. അല്‍മഖറിന്റെ കഥ പറയുമ്പോള്‍ അത് ഹംസ ഉസ്താദിന്റെ കൂടി കഥയായി മാറുന്നത് സ്ഥാപനവും ഉസ്താദും തമ്മില്‍ എത്രമാത്രം കെട്ടുപിണഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
ഉസ്താദിന്റെ വിയോഗം വലിയ വിടവാണ് വരുത്തിയത്. അല്‍മഖര്‍ അനാഥമാവുകയാണ്. മൂന്ന് പതിറ്റാണ്ട് കാലത്തോളം അല്‍മഖറിന്റെ ആത്മാവും ജീവനാഡിയുമായി പ്രവര്‍ത്തിച്ചു. അതിലേറെ വര്‍ഷം സുന്നത്ത് ജമാഅത്തിന്റെ നിസ്വാര്‍ഥ സേവകനായി. അറിവിന്റെ, വിശ്വാസത്തിന്റെ പ്രകാശം സ്ഫുരിക്കുന്ന ആ മുഖം ഇനി ഓര്‍മയില്‍ മാത്രം. യാ അല്ലാഹ്! ഹംസ ഉസ്താദിന്റെ ദറജയെ നീ ഉയര്‍ത്തണേ. ജന്നാത്തുന്നഈമില്‍ ഞങ്ങളെ ഒരുമിപ്പിക്കണമേ. ആമീന്‍.