Connect with us

Articles

വിശ്വാസവും ആള്‍ക്കൂട്ടവും

Published

|

Last Updated

ശബരിമല പ്രശ്‌നം കേരളത്തെയുംകൊണ്ടേ പോകൂ എന്നൊക്കെ പേടിക്കുന്നവരുണ്ട്. അവരുടെ പേടി മുഴുവനായും അസ്ഥാനത്താണെന്നും പറയാറായിട്ടില്ല. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനത്തിനര്‍ഹതയുണ്ട് എന്ന സുപ്രീം കോടതിവിധിയോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ട്. എന്നാല്‍, വിധിക്കെതിരെ എന്ന മട്ടില്‍ രംഗത്തുവന്നിരിക്കുന്നവരുടെ മഹാ സഖ്യനിര്‍മാണമാണ് വാസ്തവത്തില്‍ സമാധാന കാംക്ഷികളെയും മതനിരപേക്ഷ വാദികളെയും സങ്കടത്തിലാക്കുന്നത്. സംഘ്പരിവാറുംകോണ്‍ഗ്രസും മുസ്‌ലിം ലീഗും മുതല്‍ ജനപക്ഷം വരെയുള്ള രാഷ്ട്രീയ സംവിധാനങ്ങളും വിവിധ പത്രങ്ങളും ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും നിരവധി വ്യക്തികളും കുറേയധികം സാധാരണക്കാരും (അതോ സാധാരണക്കാരുടെ വേഷമണിഞ്ഞെത്തിയ ഗുണ്ടകളോ) എല്ലാം അയ്യപ്പനെയും ശബരിമലയെയും സ്ത്രീപ്രവേശത്തില്‍ നിന്ന് സംരക്ഷിച്ച് വിശ്വാസവും സംരക്ഷിച്ച് മുന്നേറുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഈ ഐക്യം തീര്‍ത്തും അപകടകരമായ ഒരുകൂട്ടായ്മയാണെന്നും അത് കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെയും ഭാവിക്ക് അത്യന്തം ദോഷം ചെയ്യുമെന്നും പറയാതിരിക്കാനാവില്ല.

പ്രധാനപ്പെട്ട ഒരു കാര്യം, ഭക്തജനക്കൂട്ടായ്മ എന്നും അയ്യപ്പവിശ്വാസികള്‍ എന്നുമുള്ള പേരുകളില്‍ ഒന്നിച്ചു കൂടിയവര്‍ സുപ്രീം കോടതി വിധിക്കെതിരായ ഒരു അഭിപ്രായ സ്വരൂപീകരണം എന്ന നിലക്ക് രംഗത്തെത്തിയവര്‍ മാത്രമല്ല എന്നതാണ്. കോടതിയുടെ, ഭരണഘടനാധിഷ്ഠിതമായ അധികാരത്തിനെതിരായ ഒരു വമ്പിച്ച നീക്കമായി നാമിതിനെ തിരിച്ചറിയണം. വിശ്വാസത്തിന്റെ പേരും ആനുകൂല്യവും പ്രയോജനപ്പെടുത്താമെങ്കില്‍, സുപ്രീംകോടതി വിധി ലംഘിക്കാനും നടപ്പിലാക്കാതിരിക്കാനും അട്ടിമറിക്കാനും വരെ സാധ്യമാണെന്ന പ്രതീതി ജനിപ്പിക്കുക എന്നതാണ് ഈ ആള്‍ക്കൂട്ട നീതിയുടെ ലക്ഷ്യം. സുപ്രീം കോടതിയുടെ വിധികളോടോ അഭിപ്രായങ്ങളോടോആര്‍ക്കും വിയോജിക്കാനേ പാടില്ല എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. ജനാധിപത്യപരമായും സമാധാനപരമായും ഭരണഘടനയോട് കൂറു പുലര്‍ത്തിക്കൊണ്ടും നിയമസംവിധാനങ്ങള്‍ക്ക് കീഴപ്പെട്ടുകൊണ്ടും വിയോജിപ്പുകള്‍ ഉന്നയിക്കുക എന്നത് ആധുനിക രാഷ്ട്ര രൂപവത്കരണത്തിന് അനിവാര്യമാണ്താനും. എന്നാല്‍, മതവര്‍ഗീയതയും ജാതിപ്രമാണിത്തവും രാജഭരണത്തിന്റെ ഓര്‍മകളും പൗരോഹിത്യവും പ്രയോജനപ്പെടുത്തിക്കൊണ്ട് അക്രമാസക്തമായ ഒരു ആള്‍ക്കൂട്ടത്തെ നിര്‍മിച്ചെടുക്കുകയും അരാജകമായ രീതിയില്‍സുപ്രീം കോടതി വിധിയെ അട്ടിമറിക്കാന്‍ തീരുമാനിക്കുകയും ചെയ്യുക എന്നത് ഏറ്റവും വലിയ രാജ്യദ്രോഹപ്രവര്‍ത്തനമാണെന്ന് പറയാതിരിക്കാനാവില്ല. ആത്മഹത്യാ ഭീഷണിമുഴക്കിയും രക്തവും മൂത്രവും ക്ഷേത്രസന്നിധിയില്‍ വീഴ്ത്തിയും മറ്റും തങ്ങളുടെ കാര്യസാധ്യങ്ങള്‍ നിര്‍വഹിക്കുമെന്ന വായാടിത്തം വരെ ചിലര്‍ ഉന്നയിച്ചു കഴിഞ്ഞു. അതായത്, സുപ്രീം കോടതിയുടെ അധികാരവും ഭരണഘടനയിലധിഷ്ഠിതമായ ധാര്‍മികാശയങ്ങളും മതവര്‍ഗീയതയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ആള്‍ക്കൂട്ട നിര്‍മാണത്തിലൂടെ നിര്‍മാര്‍ജനം ചെയ്യാനാവുമെന്നാണിവര്‍ കണക്കു കൂട്ടുന്നത്.

സ്ത്രീകളെ വഴിയില്‍ തടയുകയും ആക്രമിക്കുകയും വരെ ചെയ്യാന്‍ തങ്ങള്‍ക്കധികാരമുണ്ടെന്ന മട്ടിലാണ് ചിലര്‍ രംഗത്തുവന്നിരിക്കുന്നത്. മുഖ്യധാരാ രാഷ്ടീയ കക്ഷികള്‍ ഇത്തരം സമരങ്ങളെ തണുപ്പിച്ചെടുക്കുന്നതിനു പകരം, എരിതീയില്‍ എണ്ണ ഒഴിക്കുന്നതു പോലുള്ള സമീപനങ്ങളാണ് എടുത്തിരിക്കുന്നത് എന്നതും ഖേദകരമാണ്. മിക്ക രാഷ്ടീയ കക്ഷികളുടെയും ദേശീയ നേതൃത്വങ്ങള്‍ ശബരിമലയിലെ സ്ത്രീപ്രവേശത്തെ സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് അതേ പാര്‍ടികളുടെ സംസ്ഥാന ഘടകങ്ങള്‍ നേര്‍വിപരീത സമീപനങ്ങളെടുത്ത് തെരുവിലിറങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഫാസിസ്റ്റ് വിരുദ്ധ സമരമുന്നണിക്ക് നേതൃത്വം നല്‍കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കോണ്‍ഗ്രസ് പ്രത്യക്ഷമായി തന്നെ ഹിന്ദു-സവര്‍ണ വര്‍ഗീയവാദികളുടെ അക്രമാസക്ത സമരത്തിലണിചേരുകയും ചില നേതാക്കള്‍ ഉദ്ഘാടനമടക്കം നടത്തി എന്നതും ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ഇത്തരം വൈപരീത്യങ്ങള്‍ വരും നാളുകളില്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കണമെന്നുമില്ല.

കോടതിയും സാമൂഹിക പരിഷ്‌കരണവും തമ്മിലെന്തു ബന്ധം എന്നു ചോദിക്കുന്നവരെയും കാണാനിടയായി. കോടതി നിയമം വ്യാഖ്യാനിച്ചാല്‍ പോരേ, സാമൂഹിക പരിഷ്‌കരണ സ്ഥാപനമായി മാറേണ്ടതൊന്നുമില്ല എന്നാണിവരുടെ ന്യായം. കോടതി, ചരിത്രത്തിന്റെയും സാമൂഹിക രൂപവത്കരണത്തിന്റെയും ഉത്പന്നമാണെന്ന കാര്യം മറന്നുകൊണ്ടേ ഇത്തരമൊരു ലഘൂകരണത്തിലേക്ക് നമുക്കെത്തിച്ചേരാന്‍ പറ്റൂ. സമൂഹത്തില്‍ അനീതിയും അസമത്വവുമുണ്ടാക്കുന്ന ഘടകങ്ങളേതൊക്കെ എന്ന് അതാതുകാലത്തിന്റെ സവിശേഷതകളില്‍ നിന്നു കൊണ്ട് പരിശോധിക്കാനുള്ള ബാധ്യത കോടതിക്കുണ്ടെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ കോടതി അത് നിര്‍വഹിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. ഓരോരോ മതങ്ങളെയും വിശ്വാസസംഹിതകളെയും മിനി റിപ്പബ്ലിക്കുകളാക്കി പ്രവര്‍ത്തിക്കാനായി ആധുനിക രാഷ്ട്രത്തിന് അനുവദിക്കാനാവില്ല. അത്തരം പ്രസ്ഥാനങ്ങളുടെയും സമുദായങ്ങളുടെയും ആന്തരിക പ്രവര്‍ത്തനങ്ങളില്‍ വരെ നീതി നിഷേധിക്കപ്പെടുന്നുണ്ടോ എന്ന് കോടതിക്ക് പരിശോധിക്കേണ്ടിവരിക തന്നെ ചെയ്യും. ആ പരിശോധനയുടെ ഉറപ്പാണ് സത്യത്തില്‍ ആധുനിക രാഷ്ട്രത്തെ വിശ്വാസയോഗ്യമാക്കുന്നത് എന്നതാണ് വാസ്തവം. നിയമത്തിനും സാമൂഹികതക്കുമിടയില്‍ ധാര്‍മിക നീതിയുടെ മാര്‍ഗം തെളിയിച്ചെടുക്കുക എന്നതാണ്, എന്നതായിരിക്കണം കോടതിയുടെ പ്രവര്‍ത്തന രീതി. അത് മാറ്റങ്ങള്‍ക്ക് വിധേയമാണെന്നതില്‍ തര്‍ക്കമില്ല. അതാണ്, 1991ലെ കേരള ഹൈക്കോടതി വിധിയെ 2018ല്‍ സുപ്രീം കോടതിക്ക് തിരുത്തേണ്ടിവരുന്നത്. അതാണിവിടെ നടന്നിരിക്കുന്നത്.
ഹിന്ദുക്കള്‍ ഇവിടെ പീഡിപ്പിക്കപ്പെടുന്നു എന്ന ആഖ്യാനം കുറെക്കാലമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്നുണ്ട്. ഈ പ്രചാരവേലയുടെ തുടര്‍ച്ച കൂടിയായിട്ടു വേണം, സുപ്രീംകോടതിവിധിക്കെതിരെ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെതിരിഞ്ഞിരിക്കുന്ന അക്രമാസക്ത സമരത്തിന്റെ ഗതിയെ നിര്‍ണയിക്കേണ്ടത്. ഇതര മതങ്ങളില്‍ നിന്നും കമ്യൂണിസ്റ്റുകാരില്‍ നിന്നും മതേതരവാദികളില്‍ നിന്നും സര്‍വോപരി വിദേശശക്തികളില്‍ നിന്നും എല്ലാം ഹിന്ദുമതത്തിനെതിരായ ആക്രമണങ്ങള്‍ സജീവമാകുന്നു എന്ന ആരോപണത്തിന്റെ മറവിലാണ് ഇപ്പോഴത്തെ വര്‍ഗീയ സമാഹരണം നടന്നിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കേരളം മറികടന്നതായി നാം എപ്പോഴും വിളിച്ചു കൂവുന്ന ജാതിപ്രമാണിത്തവും അഹങ്കാരവും അതിന്റെ തിണ്ണബലങ്ങളും ഇവിടെ തന്നെ ഉണ്ടെന്നതിന്റെ മറ്റൊരു നിദര്‍ശനം കൂടിയാണീ സമരം. മലയരയരുടെയും ഈഴവരുടെയും അവകാശങ്ങള്‍ പിടിച്ചുപറിക്കപ്പെട്ടപ്പോള്‍ ഉന്നയിക്കപ്പെടാതിരുന്ന ആചാരലംഘനം എന്ന ആരോപണം തന്ത്രിമാരുടെയും ബ്രാഹ്മണരുടെയും നിര്‍ദേശങ്ങള്‍ക്കെതിരായി കോടതിയും സര്‍ക്കാറും നീങ്ങുമ്പോള്‍ ഉയരുന്നു എന്നത് എത്രമാത്രം പിന്തിരിപ്പനാണ് എന്നതും കാണേണ്ടതാണ്.

സത്യത്തില്‍, കേരള സര്‍ക്കാരിനു മുന്നില്‍ ഒരൊറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം വിസ്മരിക്കരുത്.”ഭരണഘടനയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കും എന്ന് സത്യപ്രതിജ്ഞയെടുത്താണ് മന്ത്രിസഭ” അധികാരത്തിലേറുന്നത്. അതുകൊണ്ട് സുപ്രീംകോടതിവിധി നടപ്പിലാക്കിയില്ലെങ്കില്‍ അത് ഭരണഘടനാ ലംഘനമായിത്തീരുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് സര്‍ക്കാര്‍ വിധേയരായിത്തീരുകയുംചെയ്യും. അതൊഴിവാക്കാതെ സര്‍ക്കാറിനു മുന്നില്‍ മറ്റുമാര്‍ഗങ്ങളില്ല. സംഘ്പരിവാര്‍ അതിന്റെ”ഭാഗമായി രക്തസാക്ഷി പരിവേഷമണിയുകയും കമ്യൂണിസ്റ്റുകാര്‍ സാംസ്‌കാരിക യുദ്ധം ആരംഭിക്കുകയും ചെയ്തിരിക്കുകയാണ് എന്നുമാണ് ചിലരുടെ നിരീക്ഷണം. ഇതിനിടയില്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിനെ ചാരി നിന്ന മുസ്‌ലിം ലീഗും ഒലിച്ചു പോകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

രാമനെ വീരനായകനാക്കി മാറ്റിയ രാമജന്മഭൂമി പ്രക്ഷോഭവും 1992 ഡിസംബര്‍ ആറിന്റെ ബാബരി മസ്ജിദ് തല്ലിപ്പൊളിക്കലും അടക്കമുള്ള വഴികളിലൂടെ സഞ്ചരിച്ചെത്തിയ ഹിന്ദു വര്‍ഗീയ വാദികള്‍ തന്നെയാണ് അയ്യപ്പനെ ഉപയോഗപ്പെടുത്തി രാഷ്ടീയ കുതന്ത്രങ്ങളും അക്രമസമരങ്ങളും മെനയുന്നത് എന്നത് തുറന്നു കാട്ടുക തന്നെ ചെയ്യേണ്ടിയിരിക്കുന്നു. സി പി എം ജനറല്‍ സെക്രട്ടറി പറഞ്ഞതു പോലെ മുത്വലാഖ് വിഷയത്തിലും മറ്റും മുസ്‌ലിം സ്ത്രീകളുടെ അവകാശം ഹനിക്കപ്പെടുന്നു എന്നു നിലവിളിച്ചവര്‍, ഇവിടെ ഹിന്ദു സ്ത്രീകളുടെ അവകാശം പിടിച്ചു പറിക്കപ്പെടുന്നു എന്ന് കാണാതിരിക്കുന്നതെന്തുകൊണ്ടാണ്? ഇത്തരം ഇരട്ടത്താപ്പുകള്‍ വര്‍ഗീയവാദികളുടെയും ഫാസിസ്റ്റുകളുടെയുംസ്ഥിരം തന്ത്രമാണ്.
ആള്‍ക്കൂട്ടത്തിന് കാര്യങ്ങള്‍ വിട്ടുകൊടുക്കാതെ ഭരണഘടനാധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയും സമാധാനം സംരക്ഷിക്കുകയും യഥാര്‍ഥ വിശ്വാസികള്‍ക്കും “ഭക്തര്‍ക്കും അയ്യപ്പദര്‍ശനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ മുന്നിലുള്ള ഉത്തരവാദിത്വം. അതവര്‍ നിര്‍വഹിക്കുമെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ര സമ്മേളനങ്ങളിലും വിശദീകരണ പൊതുയോഗങ്ങളിലും ഇക്കാര്യം ഉറപ്പിച്ചും വ്യക്തമായും കൃത്യമായും പറയുന്നുണ്ടെന്നതാണ് നവകേരളത്തിന്റെ പ്രധാന പ്രതീക്ഷ എന്നതും എടുത്തുപറയാതിരിക്കാനാവില്ല.

Latest