Articles
ഇതെന്ത് നീതി ?
ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ സമാനതകളില്ലാത്ത നീതിനിഷേധത്തിന് ഇരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ് പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെന്നത് അദ്ദേഹത്തിന്റെ ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന യാഥാര്‍ഥ്യമാണ്. നിരപരാധിയായിട്ട് കൂടി നീണ്ട ഒമ്പതര വര്‍ഷക്കാലം കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ജയില്‍വാസമനുഭവിക്കേണ്ടി വന്ന മഅ്ദനി ഇപ്പോള്‍ ബെംഗളൂരു സ്‌ഫോടനക്കേസിന്റെ പേരില്‍ വിചാരണ നേരിടുകയാണ്. ഈ കേസിന്റെ പേരില്‍ മഅ്ദനി അനുഭവിച്ചുകൊണ്ടിരിക്കുന്നത് നീതീകരിക്കാനാകാത്ത നീതിനിഷേധമാണെന്നത് സമൂഹത്തിന്റെ നാനാതുറകളിലുള്ള ഉന്നതര്‍ തന്നെ ഇതിനകം പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഏറ്റവും ഒടുവില്‍, മാരക രോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന മാതാവിനെ കാണാന്‍ അനുമതി തേടി വിചാരണക്കോടതിയെ സമീപിച്ച മഅ്ദനിക്ക് സന്ദര്‍ശനാനുമതി നല്‍കികൊണ്ട് കോടതി വെച്ച ഉപാധികളാണ് വിചിത്രം.
അര്‍ബുദ രോഗത്തിന്റെ അവസാനഘട്ടത്തില്‍ വേദന കടിച്ചമര്‍ത്തി കഴിയുന്ന മാതാവിനെ കാണാനുള്ള മഅ്ദനിയുടെ ആഗ്രഹത്തിന് കരിനിഴല്‍ വീഴ്ത്തുന്നതായി മാറിയിരിക്കുകയാണ് നീതിന്യായ സംവിധാനത്തിന്റെ ഏറെ വിചിത്രമായ ഈ നിബന്ധനകള്‍. കടുത്ത നിയന്ത്രണങ്ങളുള്ളതിനാല്‍ കേരളത്തിലേക്കുള്ള യാത്ര ദുഷ്‌കരമാക്കിയതിനെ തുടര്‍ന്ന് മാതാവിനെ സന്ദര്‍ശിക്കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ട ഗതികേടിലാണ് മഅ്ദനി. ഇന്ന് മുതല്‍ നവംബര്‍ നാല് വരെ കേരളം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയെങ്കിലും പ്രതികൂലമായത് കര്‍ശന നിര്‍ദേശങ്ങളാണ്.
ആരോടും സംസാരിക്കരുതെന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തകരുമായും ആശയ വിനിമയം നടത്തരുതെന്നുമൊക്കെയാണ് ഇളവ് അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നത്. ആരോടും സംസാരിക്കാതെയും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളുമായി പോലും ബന്ധപ്പെടാതെയും ഒരിക്കലും മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല എന്നിരിക്കെയാണ് കോടതി ഇത്തരമൊരു വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആരോടും ഒന്നും സംസാരിക്കരുത്, ഒരു പാര്‍ട്ടി നേതാവിനോടും പ്രവര്‍ത്തകനോടും സംസാരിക്കരുത്, ഏതെങ്കിലും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആരെങ്കിലും ഇങ്ങോട്ടു വന്നാലും അവരോട് സംസാരിക്കരുത്. അവരെ തിരിച്ചയക്കണം. ഇത്തരത്തിലുള്ള നിബന്ധനകളാണ് വെച്ചിട്ടുള്ളത്.
സന്ദര്‍ശനം സാധ്യമാകില്ലെന്ന
അവസ്ഥ: മഅ്ദനി
ഈയൊരു അവസരത്തില്‍ മാതാവ് മരണശയ്യയില്‍ കിടക്കുന്ന സാഹചര്യത്തില്‍പ്പോലും എനിക്കു കാണാന്‍ വരാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. വരണമെങ്കില്‍ എന്റെ യാത്രയില്‍ അനുഗമിക്കേണ്ടവരുള്‍പ്പെടെ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരാണ്. അപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടവരെ കാണരുത്, സംസാരിക്കരുത് അവരോട് ഒരു തരത്തിലുമുള്ള ആശയവിനിമയവും നടത്തരുത് എന്നൊക്കെ പറയുമ്പോള്‍ എനിക്കത് കഴിയില്ല. ഇതുപോലെ ഒരു നിലയിലും അംഗീകരിക്കാന്‍ പറ്റാത്ത വിധമുള്ള വേറെയും കുറെയധികം നിബന്ധനകള്‍ വെച്ചിട്ടുണ്ട്. എന്റെ സഹായികളായി നില്‍ക്കുന്നവരൊക്കെ പി ഡി പി പ്രവര്‍ത്തകരാണ്. പാര്‍ട്ടിയുടെ സി എസ് സി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നോടൊപ്പം സഹായികളായി നില്‍ക്കുന്നുണ്ട്. ഇവരോടൊക്കെ എങ്ങനെയാണ് സംസാരിക്കാതിരിക്കുക.
കേസ് സംബന്ധമായ മുഴുവന്‍ കാര്യങ്ങള്‍ക്കുമായി ഓടിനടക്കുന്ന മുഹമ്മദ് റജീബ്, എന്റെ സഹായിയായി നില്‍ക്കുന്ന സലീം ബാബു ഇവരൊക്കെ സി എസ് സി അംഗങ്ങളാണ്. അതുപോലെതന്നെ പാര്‍ട്ടിയുടെ സീനിയര്‍ വൈസ് ചെയര്‍മാന്‍ എന്റെ ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവാണ്. എന്റെ അനുജന്മാരൊക്കെ പാര്‍ട്ടി മെമ്പര്‍മാരാണ്. ഇതുകൂടാതെ കസിന്‍ ബ്രദേഴ്‌സില്‍ പലരും കോണ്‍ഗ്രസിലും ലീഗിലും സി പി എമ്മിലുമൊക്കെ പ്രവര്‍ത്തിക്കുന്നവരാണ്. അയല്‍വാസികളാണ്. ഇവരൊക്കെ എന്നെ കാണാന്‍ വരികയോ, മാതാവ് വല്ലാത്ത അവസ്ഥയില്‍ കിടക്കുമ്പോള്‍ അവരെ സന്ദര്‍ശിക്കാന്‍ വരികയോ ചെയ്യുമ്പോള്‍ എന്നെ കണ്ടുപോയാല്‍, അല്ലെങ്കില്‍ ഞാന്‍ അവരെ കണ്ടുപോയാല്‍ അത് കോടതിയലക്ഷ്യമായി ചിത്രീകരിച്ച് റിപ്പോര്‍ട്ട് ചെയ്ത് എനിക്കെതിരെ കരുക്കള്‍ നീക്കാനുള്ള വളരെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായാണ് കോടതിയില്‍ നിന്നുതന്നെ ഇത്തരമൊരു ഉത്തരവെന്നും ഇത് വേദനാജനകമാണെന്നും മഅ്ദനി പറയുന്നു.
ഇപ്രാവശ്യം അനാവശ്യമായ നിരവധി കാര്യങ്ങള്‍ ആരോപിച്ച് തന്റെ സന്ദര്‍ശനാനുമതി തടയാനുള്ള പല ശ്രമങ്ങളും നടത്തി. അവസാനം തന്റെ അഭിഭാഷകര്‍ കാര്യങ്ങളൊക്കെ കോടതിയെ ബോധ്യപ്പെടുത്തുകയായിരുന്നു. സാധാരണത്തേത് പോലെ മാധ്യമങ്ങളെ കാണരുത്, കേസിനെ കുറിച്ച് സംസാരിക്കരുത് എന്നിവയൊക്കെയുണ്ട്. ഇതൊക്കെ പാലിക്കാന്‍ കഴിയുന്നവയാണ്. എന്നാല്‍ ഒരിക്കലും പാലിക്കാനാവാത്ത നിബന്ധനകളാണ് കോടതി അതിനോടൊപ്പം മുന്നോട്ടുവെച്ചിരിക്കുന്നതെന്നും മഅ്ദനി ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ പ്രോസിക്യൂട്ടര്‍ ചെയ്തതിനേക്കാള്‍ വലിയ ഉപദ്രവകരമായ കാര്യമാണ് വിധിയില്‍ വന്നിട്ടുള്ളത്. ഏതു കോടതി ആയാലും അവരില്‍ നിന്ന് മനുഷ്യത്വപരമായ സമീപനം ഉണ്ടാകാത്തത് വേദനാജനകമാണ്. പോവാന്‍ പറ്റുമെന്ന പ്രതീക്ഷയിലായിരുന്നു. എന്റെ പ്രിയപ്പെട്ട മാതാവുമായി ഒരു പക്ഷേ അവസാനത്തെ കൂടിക്കാഴ്ചയാകാം. ആ നിലയില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ്. പക്ഷേ അതെത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതുവരെയും സര്‍വശക്തനായ ദൈവത്തിന്റെ മുന്നിലല്ലാതെ തല കുനിച്ചിട്ടില്ല. ഇനിയും ഏതു പ്രതിസന്ധിയിലും എത്ര വിഷമകരവും ഹൃദയഭേദകവുമായ അവസ്ഥ വന്നാലും നാഥന്റെ മുന്നിലല്ലാതെ, മറ്റൊരു ശക്തിയുടെ മുന്നിലും തല കുനിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മഅ്ദനി പറയുന്നു.
പ്രതികൂലമായത് പ്രോസിക്യൂഷന്റെ
നിലപാട്
സാധാരണഗതിയില്‍ സര്‍ക്കാര്‍ നിലപാടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിക്കാറുള്ളത്. എന്നാല്‍ കര്‍ണാടകയില്‍ സ്ഥിതി മറിച്ചാണ്. മഅ്ദനിയുടെ കേസില്‍ പ്രോസിക്യൂട്ടര്‍ പലപ്പോഴും സ്വീകരിക്കുന്നത് മനുഷ്യത്വവിരുദ്ധ നിലപാടാണ്. സര്‍ക്കാറിനെ പോലും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് പ്രോസിക്യൂട്ടര്‍ സദാശിവമൂര്‍ത്തി സ്വീകരിക്കുന്നതെന്ന ആരോപണം നേരത്തെയും ഉയരുന്നതാണ്. രോഗിയായ മാതാവിനെ കാണാന്‍ കേരളത്തില്‍ പോകാന്‍ അനുമതി തേടി മഅ്ദനി കോടതിയില്‍ ഉന്നയിച്ച ആവശ്യം പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഉമ്മയെ കാണാനെന്ന പേരില്‍ മഅദ്‌നി കേരള സന്ദര്‍ശനം നടത്താനാണ് പോകുന്നതെന്നും ആവശ്യം അംഗീകരിക്കരുതെന്നുമാണ് എതിര്‍ സത്യവാങ്മൂലത്തില്‍ പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ഉമ്മയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമാക്കിയുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഹാജരാക്കിയാണ് യാത്രക്കുള്ള അനുമതി തേടിയത്. പക്ഷേ പ്രോസിക്യൂട്ടറുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി വെച്ച നിയന്ത്രണങ്ങള്‍ സത്യത്തില്‍ മാതാവിനെ കാണാനുള്ള സാഹചര്യം തടയുന്ന തരത്തിലേക്ക് മാറുകയായിരുന്നു. വികലാംഗനും രോഗബാധിതനുമായ മഅ്ദനിക്ക് പ്രാഥമിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ പരസഹായം തേടേണ്ട സാഹചര്യം നിലനില്‍ക്കേ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരോടും മിണ്ടരുതെന്ന വ്യവസ്ഥ തന്നെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ബെംഗളൂരു സ്‌ഫോടനക്കേസിന്റെ പേരില്‍ 2010 ആഗസ്റ്റ് 17നാണ് മഅ്ദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിബന്ധനകളില്‍ ഇളവ് നല്‍കിയാലേ സന്ദര്‍ശനം നടക്കൂവെന്ന് പറഞ്ഞ മഅ്ദനി വ്യവസ്ഥകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ ഇളവ് തേടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സമാനതകളില്ലാത്ത
നീതി നിഷേധമെന്ന് പിതാവ്
സമാനതകളില്ലാത്ത നീതി നിഷേധമാണ് നടക്കുന്നതെന്ന് മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് മാസ്റ്റര്‍ പറഞ്ഞു. ഭരണകൂട ഭീകരതയുടെ ഇരയാണ് തന്റെ മകന്‍, വേട്ടയാടല്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും നീതി നല്‍കണമെന്നും സമദ് മാസ്റ്റര്‍ അപേക്ഷിക്കുന്നു. അര്‍ബുദ രോഗം ബാധിച്ച് ഏറ്റവും കഠിനമായ അവസ്ഥയിലൂടെയാണ് എന്റെ ഭാര്യ കടന്ന് പോകുന്നത്, ഓര്‍മ വരുമ്പോഴൊക്കെയും മൂത്തമകനായ മഅ്ദനിയെ ചോദിക്കുന്നുണ്ട്, വേദന കടിച്ചമര്‍ത്തിയുള്ള അവളുടെ ചോദ്യത്തിന് മുന്നില്‍ രോഗബാധിതനായി കഴിയുന്ന എനിക്കും നിസ്സഹായതയോടെ മൗനം അവലംബിക്കാനേ കഴിയുന്നുള്ളൂ- സമദ് മാസ്റ്റര്‍ പറയുന്നു. ഒരു കാല്‍ നഷ്ടപ്പെട്ട മഅ്ദനിക്ക് ബന്ധുക്കളോടും സഹായികളോടും മിണ്ടാതെയും സഹായം തേടാതെയും എങ്ങനെയാണ് കേരളത്തിലേക്ക് വരാനാകുക. മരണത്തോട് മല്ലിടുന്ന അവസ്ഥയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ പോലും കഴിയാത്ത തരത്തില്‍ നമ്മുടെ നീതിന്യായ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് അപകടമാണ്. നിരപരാധിയായിട്ട് പോലും നീണ്ട പത്ത് വര്‍ഷത്തോളം ജയില്‍ വാസം അനുഷ്ഠിക്കേണ്ടി വന്ന ആളാണ് മഅ്ദനി, ഇപ്പോള്‍ സമാനമായ മറ്റൊരു കേസില്‍ എട്ട് വര്‍ഷത്തോളമായി വിചാരണ നേരിടുന്നു. അങ്ങനെയുള്ള ഒരാളോടാണ് കോടതി ഇങ്ങനെ പെരുമാറുന്നതെന്ന് ആലോചിക്കണം. വിചാരണയെന്ന പേരില്‍ കേസ് നീട്ടി കൊണ്ടു പോയി ഇത്രക്കും വലിയ ശിക്ഷ നല്‍കാന്‍ മഅ്ദനി ചെയ്ത തെറ്റ് എന്താണെന്ന് മാതാപിതാക്കളായ തങ്ങളെയെങ്കിലും ബോധ്യപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്കും കോടതികള്‍ക്കും ബാധ്യതയുണ്ടെന്നും സമദ് മാസ്റ്റര്‍ പറയുന്നു.