Prathivaram
എന്തുപറ്റി കുടുംബങ്ങള്‍ക്ക്?
കുടുംബം എന്നതിന്റെ വ്യാഖ്യാനം കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നത് എന്നാണ്. സമകാലിക സാഹചര്യത്തില്‍ ഈ വ്യാഖ്യാനത്തിന്റെ സാംഗത്യം നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കുടുംബങ്ങളിലെയും സമൂഹത്തിലെയും വ്യക്തികള്‍ തമ്മിലുള്ള പരസ്പരബന്ധവും വിശ്വാസവും സൗഹാര്‍ദവും സ്‌നേഹവുമൊക്കെ തികച്ചും അന്യമായിക്കൊണ്ടിരിക്കുന്ന ഹൈടെക് യുഗമാണിത്. അംഗസംഖ്യ ചെറുതെങ്കിലും, ഉള്ള അംഗങ്ങള്‍ വൈകാരിക പ്രശ്‌നങ്ങളില്‍ ഇടപെടുക എന്നതാണ് സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള മാര്‍ഗം.
“നാട്യപ്രധാനം നഗരം ദരിദ്രം/ നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം” എന്ന കവിവാക്യം പുനര്‍വായിക്കണം. കുറച്ചുകാലം മുമ്പു വരെ നമ്മുടെ ഗ്രാമങ്ങളില്‍ സജീവമായിരുന്ന പണപ്പയറ്റ് സമ്പ്രദായം (പണം പലിശയില്ലാതെ കടം കൊടുക്കുന്ന രീതി) ഇന്ന് നാമാവശേഷമായിരിക്കുന്നു. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന ഈ സമ്പ്രദായത്തിന്റെ നാശം അവിശ്വാസം മുഖമുദ്രയാക്കിയ സമൂഹത്തിന്റെ ദുരവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരസ്പര സ്‌നേഹം, വിശ്വാസം, ആത്മാര്‍ഥത തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരുന്ന കൂട്ടുകുടുംബ വ്യവസ്ഥയുടെ തകര്‍ച്ച സമൂഹത്തില്‍ സംഘര്‍ഷങ്ങളും ആത്മഹത്യകളും വര്‍ധിക്കാന്‍ കാരണമായി. കുടുംബത്തിന്റെ വരുമാനത്തിനനുസരിച്ച് ലളിതമായി, മിതമായ രീതിയിലുള്ള ജീവിതം നയിച്ചവരാണ് മുമ്പുകാലത്തെ കൂട്ടുകുടുംബങ്ങളിലധികവും. ഇന്നാകട്ടെ യാതൊരു ആസൂത്രണവുമില്ലാതെ വരുമാനത്തേക്കാളേറെ ലക്കും ലഗാനുമില്ലാതെ കടം വാങ്ങി അത്യാഡംബര ജീവിതം നയിക്കുന്നവര്‍. ഏത് നിമിഷവും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താന്‍ സാധ്യതയുള്ളവരാണ് ഭൂരിഭാഗവും. സാങ്കേതികവിദ്യയുടെ വിസ്മയലോകത്ത് വിരാജിക്കുന്ന മലയാളി, അണുകുടുംബത്തിലേക്കും മൊബൈല്‍- സൈബര്‍ ലോകത്തേക്കും ചുരുങ്ങിപ്പോകുന്ന അവസ്ഥ കടുത്ത ആശങ്കയുളവാക്കുന്നു. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും അതിരുകള്‍ തീര്‍ക്കുന്ന വീടുകളില്‍ വ്യക്തിഗത പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും ചര്‍ച്ച ചെയ്തു പരിഹരിക്കാനുമുള്ള വേദികള്‍ ഇല്ലാതായിരിക്കുന്നു. ഇതിന്റെ ഫലമായി വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍, ലഹരി ഉപയോഗം എന്നിങ്ങനെയുള്ള മാനസികപ്രശ്‌നങ്ങളും വിവാഹേതരബന്ധങ്ങളുമൊക്കെ സമൂഹത്തെയാകമാനം ഗ്രസിച്ചിരിക്കുന്നു.
സാമ്പത്തിക ആസൂത്രണമില്ലായ്മ കൊണ്ട് കടക്കെണിയിലകപ്പെട്ട് മാനസിക സംഘര്‍ഷം വന്ന് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കുടുംബ ആത്മഹത്യകളില്‍ കേരളം നാലാം സ്ഥാനത്താണെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആത്മഹത്യ ചെയ്തവരില്‍ 55 ശതമാനം സ്ത്രീകളാണ്; കൂടുതല്‍ കുടുംബിനികളും. ആത്മഹത്യക്ക് കുടുംബപ്രശ്‌നങ്ങളാണ് പ്രധാന കാരണം. ഭര്‍ത്താവിന്റെ അമിത മദ്യപാനവും മാനസിക സാമ്പത്തിക പ്രശ്‌നങ്ങളും വരവില്‍ കവിഞ്ഞ ചെലവും കുടുംബ ബജറ്റിന്റെ പാകപ്പിഴകളും ഒക്കെയാണ് കേരളത്തില്‍ കുടുംബ ആത്മഹത്യകള്‍ വര്‍ധിക്കാന്‍ കാരണം. സമ്പന്നരുടെ ജിവിതശൈലി അനുകരിക്കാന്‍ ഇടത്തരക്കാരും പാവപ്പെട്ടവരും നടത്തുന്ന ആശ്വാസ്യമല്ലാത്ത ശ്രമങ്ങളാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നത്. ബ്ലേഡ് മാഫിയകളില്‍ നിന്ന് കൊള്ളപ്പലിശക്ക് പണം കടം വാങ്ങിയും വീട് പണയപ്പെടുത്തിയും പലിശരഹിതമെന്ന പരസ്യങ്ങളുടെ വലയില്‍ കുടുങ്ങി ടി വി, ഫ്രിഡ്ജ്, കാര്‍ എന്നിവ വാങ്ങിക്കൂട്ടിയും പണക്കാരനോട് മത്സരിക്കാന്‍ പാഴ്ശ്രമങ്ങള്‍ നടത്തുന്ന മലയാളികള്‍ ഒട്ടേറെയുണ്ട്. തുടര്‍ന്ന് കടുത്ത കടക്കെണിയില്‍ അകപ്പെടുന്ന ഇക്കൂട്ടര്‍ മദ്യം, മയക്കുമരുന്ന്, സൈബര്‍- വിവാഹേതര ബന്ധങ്ങള്‍ എന്നിവയില്‍ താത്കാലിക ആശ്വാസം കണ്ടെത്തുന്നു. വിഷാദാവസ്ഥ, സംശയരോഗം തുടങ്ങിയ കടുത്ത മാനസികപ്രശ്‌നങ്ങള്‍, ലൈംഗിക പ്രശ്‌നങ്ങള്‍, കുടുംബബന്ധങ്ങളുടെ തകര്‍ച്ച എന്നിവയിലേക്ക് ഇവ നയിക്കുമെന്ന് ഒരിക്കലും ചിന്തിക്കാറില്ല.
കൂട്ടുകുടുംബ വ്യവസ്ഥയില്‍ അംഗങ്ങള്‍ക്കിടയില്‍ നിലനിന്നതുപോലുള്ള ആശയവിനിമയത്തിന്റെ അഭാവം അണുകുടുംബങ്ങളുടെ വലിയ ശാപമാണ്. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി, സാമ്പത്തികാസൂത്രണം തുടങ്ങിയ ചര്‍ച്ചകള്‍ ജീവിതപങ്കാളികള്‍ക്കിടയില്‍ പോലും നടക്കുന്നില്ല. ആഡംബര ജീവിതം നയിക്കാന്‍ ധനസമ്പാദനത്തിനായി അവിഹിതമാര്‍ഗങ്ങളുള്‍പ്പെടെ സ്വീകരിച്ച് സ്വന്തം പങ്കാളിയോടുപോലും കിടമത്സരത്തിലേര്‍പ്പെട്ട് വഴക്കടിച്ച് പിരിയുന്ന സംഭവങ്ങളും ഒട്ടേറെയുണ്ട്.
ഈ കുടുംബങ്ങളിലെ കുട്ടികളാണ് അധികം യാതന അനുഭവിക്കുന്നത്. വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍, പലപ്പോഴും അവരുടെ വ്യക്തിത്വത്തിന് പുല്ലുവില കല്‍പ്പിക്കാത്ത മാതാപിതാക്കള്‍ക്ക് മുന്നില്‍ അടിയറവെക്കേണ്ടിവരുന്നു. ഇത് കുട്ടികളില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കടുത്ത മാനസികസമ്മര്‍ദം മൂലം ചീത്ത കൂട്ടുകെട്ടുകളിലും ലഹരിവസ്തുക്കളിലും ആത്മഹത്യയിലും അഭയം പ്രാപിക്കുന്ന കൗമാരക്കാരുടെ എണ്ണവും കൂടിവരികയാണ്.
കൂടിയ ആയുര്‍ദൈര്‍ഘ്യവും സ്ത്രീകളെ വെറുമൊരു ഉപഭോഗവസ്തുവായി കാണുന്ന മലയാളിയുടെ മാറിയ സംസ്‌കാരവും വൃദ്ധജനങ്ങളെയും സ്ത്രീകളെയും തികഞ്ഞ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നു. പഴയ പാരമ്പര്യവും കാഴ്ചപ്പാടുകളും വച്ചുപുലര്‍ത്തുന്ന വൃദ്ധജനങ്ങള്‍ക്കും സൈബര്‍ലോകത്തും സോഷ്യല്‍ മീഡിയകളിലും മുഴുകുന്ന യുവജനങ്ങള്‍ക്കുമിടയില്‍ നികത്താനാകാത്ത വിടവ് നിലനില്‍ക്കുന്നുണ്ട്. പഴയ കൂട്ടുകുടുംബവ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കാണ് മലയാളിയുടെ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും തടയാനുള്ള ഫലപ്രദ മാര്‍ഗം. എന്നാല്‍, ഇക്കാലത്ത് പഴയ സമ്പ്രദായത്തിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാണോയെന്നതിലും സംശയമുണ്ട്. ഏത് രീതിയിലുള്ള കുടുംബമായാലും സുതാര്യതയും ആശയവിനിമയവും പുലര്‍ത്താന്‍ ശ്രദ്ധിക്കണം. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞ് ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ മുന്‍കൈ എടുത്താല്‍ ഇത്തരക്കാര്‍ക്കുവേണ്ടി പഞ്ചായത്തുകള്‍ തോറും കുടുംബ കൗണ്‍സിലിംഗ് സെന്ററുകള്‍ സ്ഥാപിക്കാന്‍ കഴിയും. പേരടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ താത്പര്യമില്ലാത്ത സ്വകാര്യ ദുഃഖങ്ങള്‍ അനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ പ്രാവീണ്യമുള്ള കൗണ്‍സിലര്‍മാരെ ടെലികൗണ്‍സിലിംഗിനായി വിനിയോഗിക്കാം. ആരോഗ്യപരമായ പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചുള്ള അറിവുകള്‍ പഠന സിലബസില്‍ ഉള്‍ക്കൊള്ളിക്കുന്നത് കുട്ടികളില്‍ ചെറുപ്പത്തില്‍തന്നെ മാനസിക പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.
(കോഴിക്കോട് കെ എം സി ടി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകന്‍)
.