Articles
വന്നെത്തി ഒന്നാം വസന്തം
റബീഅ് വീണ്ടും സമാഗതമായിരിക്കുന്നു. പ്രളയാനന്തര കേരളത്തിന്റെ ആദ്യ റബീഅ് ആണിത്. പ്രളയം ഒരുപാട് നിരാശകള്‍ സമ്മാനിച്ചെങ്കിലും പ്രളയം വിതച്ച വിപത്തുകളില്‍ നിന്ന് അസാമാന്യ മനക്കരുത്തോടെ കരകയറാന്‍ കേരളം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനാവശ്യമായ വഴികളെല്ലാം പലവിധത്തില്‍ നമുക്ക് തുറന്നു ലഭിക്കുന്നു. സ്വയം മറന്ന് സാമൂഹ്യബോധത്തിലേക്ക് ജനത ഉയര്‍ന്ന മഹത്തായ സമയം കൂടിയായിരുന്നു പ്രളയകാലം. അതിനാല്‍ തന്നെ പ്രളയകാലം ആപത്തുകാലമായിരുന്നെങ്കിലും മാനസികമായി കരുത്തും ആവേശവും നമുക്ക് വേണ്ടുവോളം ഉണ്ടായിരുന്നു. കൈമെയ് മറന്ന് നമ്മള്‍ മനുഷ്യന്‍ എന്ന ഒറ്റവികാരത്തിലേക്ക് ഉയര്‍ന്നു. എന്നും നിലനിര്‍ത്തേണ്ട ഉദാത്തമായ സ്വഭാവമായിരുന്നു അത്. പക്ഷേ, അന്ന് കാണിച്ച മാനവിക ബോധമെല്ലാം വറ്റിപ്പോയോ എന്നു തോന്നിക്കുന്ന തരത്തിലായിരുന്നു തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍.
റബീഅ് മുന്നോട്ടു വെക്കുന്ന ഏറ്റവും മഹത്തായ സന്ദേശവും മാനവികതയുടെതാണ്. തിരുനബി സ്വയം സമര്‍പ്പിച്ചപ്പോഴാണ് ഇസ്‌ലാം ലോകത്ത് പൂത്തുതളിര്‍ത്തത്. മക്കയിലെ ഏറ്റവും പ്രമുഖ തറവാട്ടില്‍ പിറന്ന അശ്‌റഫുല്‍ ഖല്‍ഖിന് സുന്ദരമായി സ്വയം ജീവിച്ച് മരിക്കാമായിരുന്നു. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വം അവിടുന്ന് തോളിലേറ്റി. ആ ഉത്തരവാദിത്വത്തിന്റെ വലിപ്പമറിയണമെങ്കില്‍ നമ്മള്‍ ചെയ്യുന്ന ഒരു സ്വഭാവം ഉപേക്ഷിക്കാന്‍ നമുക്കുണ്ടാകുന്ന മാനസിക പ്രയാസമെത്രയാണെന്നാലോചിച്ചാല്‍ മതിയാകും. ആ സ്ഥാനത്താണ് ഒരു സമുദായത്തെ ആകെ പരിവര്‍ത്തിപ്പിക്കേണ്ട ഉത്തരവാദിത്വം അശ്‌റഫുല്‍ ഖല്‍ഖ് ഏറ്റെടുക്കുന്നത്. അവിടുന്ന് തന്റെ ദൗത്യവുമായി രംഗത്തിറങ്ങുമ്പോള്‍ മക്കയിലെ സാമൂഹിക സ്ഥിതി എന്തായിരുന്നു എന്ന് പ്രവാചക പ്രണയികള്‍ക്കും ചരിത്രാവബോധമുള്ളവര്‍ക്കും വ്യക്തമായ ധാരണയുണ്ട്. മദ്യം ദാഹശമനിയായും വികാരം ലൈംഗികതയായും വിനോദം യുദ്ധമായായും നിര്‍വചിച്ചിരുന്നു ആ ഇരുണ്ട സമുദായം. ഈ ജാഹിലിയ്യാ സമൂഹത്തെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത് ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവര്‍ വഴി കേടിത്തരത്തിലാണ് എന്ന് പറയുന്നതിന് പകരം അവര്‍ വഴികേടിത്തരത്തില്‍ മുങ്ങികുളിച്ചവരാണ് എന്നാണ് അല്ലാഹു പറഞ്ഞത്. വസ്ത്രത്തില്‍ ചെളി പുരണ്ടാല്‍ കഴുകി വൃത്തിയാക്കാം. എന്നാല്‍ ചെളിയും വസ്ത്രവും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റാത്ത രീതിയിലായാല്‍ എന്ത് ചെയ്യും? ഇത് പോലെയായിരുന്നു തിരുദൂതരുടെ സമയത്ത് ജാഹിലിയ്യാ സമൂഹം. എന്നാല്‍, ഇത്തരം ഒരു സമൂഹത്തെയാണ് വെറും 23 വര്‍ഷത്തെ തന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി തിരുനബി ലോകര്‍ക്ക് മാതൃകാ യോഗ്യരായ ഒരു സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചു നല്‍കിയത്. എന്നിട്ടവിടുന്ന് പറഞ്ഞു: “എന്റെ അനുചരന്മാര്‍ നക്ഷത്ര സമന്മാരാണ്. അവരില്‍ ആരെ പിന്‍പറ്റിയാലും അവര്‍ സന്മാര്‍ഗം സിദ്ധിക്കും”.
ജീവിതകാലം മുഴുവന്‍ അധ്യാപനത്തിന് ഉഴിഞ്ഞുവെച്ച ഏതെങ്കിലും അധ്യാപകന് സാധിക്കുമോ തന്റെ വിദ്യാര്‍ഥികളെല്ലാം മാതൃകായോഗ്യരാണെന്നു പറയാന്‍? മതപ്രബോധനത്തിനിറങ്ങുന്നവര്‍, ആദ്യമായി ആരായിരുന്നു അശ്‌റഫുല്‍ ഖല്‍ഖ് എന്നും എന്തായിരുന്നു അവിടുത്തെ ജീവിതമെന്നും കൃത്യമായി അടുത്തറിയണം. എന്നിട്ട് അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. പ്രബോധകനായ മുത്ത് നബി തങ്ങളെ നോക്കൂ. 63 വര്‍ഷത്തെ പ്രവാചക ജീവിതത്തെ പ്രവാചകത്വത്തിനു മുമ്പ്, ഹിജ്‌റക്കു മുമ്പ്, ഹിജ്‌റക്കു ശേഷം എന്നിങ്ങനെ മൂന്നായി ഭാഗിക്കാം. അങ്ങനെയെങ്കില്‍ പ്രവാചകന്റെ ജീവിതം തന്നെയായിരുന്നു പ്രബോധനമെന്ന് കാണാം. വിശ്വാസിക്ക് സ്വയം പ്രബോധകനായി വളരാന്‍ സാധിക്കണം. അതിന് വേണ്ടി നമ്മള്‍ ഘോരഘോരം പ്രസംഗിച്ചു നടക്കേണ്ട. മറിച്ച്, അശ്‌റഫുല്‍ ഖല്‍ഖിന്റെ ജീവിതം പകര്‍ത്തിയെടുക്കാന്‍ ശ്രമിച്ചാല്‍ മതി.
വിശ്വസ്തതയായിരുന്നു നബിതങ്ങള്‍ ആകര്‍ഷിക്കപ്പെട്ടതിന്റെ സുപ്രധാന ഘടകം. പ്രവാചക ലബ്ധിക്ക് മുമ്പ് തന്നെ അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന ബഹുമതി നേടി അവിടുന്ന് സ്വീകാര്യനായി. വിശ്വസ്തതയുള്ള പ്രബോധകനെ മാത്രമേ പ്രബോധിതര്‍ ഉള്‍കൊള്ളുകയുള്ളൂ. എല്ലാ ബന്ധങ്ങളും ശക്തി പ്രാപിക്കുന്നത് വിശ്വാസ്യതയിലൂടെയാണ്. ശിഥിലമാകുന്നത് വഞ്ചനയിലൂടെയും. അമാനത്ത് നഷ്ടപ്പെടുക എന്നത് ഖിയാമത്ത് നാളിന്റെ അടയാളമായി എണ്ണിയിട്ടുണ്ട്. ജീവിതത്തിന്റെ സര്‍വ മേഖലകളിലും വിശ്വസ്തത കാത്തുസൂക്ഷിക്കാന്‍ ദാഇകള്‍ക്ക് കഴിയണം. വിശ്വസ്തതയുടെ പ്രാധാന്യത്തെക്കുറിച്ച് നബി(സ) തന്റെ സ്വഹാബത്തിനെ നിരന്തരം ഉണര്‍ത്താറുണ്ടായിരുന്നു. ഒരു ഹദീസില്‍ ഇപ്രകാരം കാണാം. അനസ്(റ) പറയുന്നു: അമാനത്ത് ഇല്ലാത്തവന് ഈമാനില്ല എന്ന് ഉപദേശിക്കാതെ നബി(സ) ഞങ്ങളെ അഭിസംബോധന ചെയ്തിട്ടേയില്ല. വിശ്വസ്തത പുലര്‍ത്തുന്നവരെയും അല്ലാത്തവരെയും വേര്‍തിരിച്ചു തന്നെയാണ് ഇസ്്‌ലാം സമീപിക്കുന്നത്.
ഒരു ദീനാറിന്റെ നാലിലൊന്ന് അഥവാ ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള ഒരു വസ്തു മോഷ്ടിച്ചാല്‍ ആ മോഷ്ടാവിന്റെ കൈ വെട്ടലാണ് ഇസ്‌ലാം പറയുന്ന ശിക്ഷ. വിശ്വസ്തതയില്ലാത്ത കൈയാണത് എന്നതാണു കാരണം. എന്നാല്‍ ഒരു നിരപരാധിയുടെ കൈ ആരെങ്കിലും വെട്ടിയാല്‍ ഇസ്്‌ലാമിക നിയമ പ്രകാരം തിരികെ കൈ വെട്ടാതെ മാപ്പു നല്‍കുകയാണെങ്കിലുള്ള നഷ്ടപരിഹാരം അമ്പത് ഒട്ടകങ്ങളുടെ മൂല്യമോ അഞ്ഞൂറ് ദീനാറോ ആണ്. അഥവാ ഇരുപത്തഞ്ച് ലക്ഷം രൂപയെങ്കിലും പിഴയടക്കണം. അഥവാ ഇരുപത്തഞ്ച് ലക്ഷമെന്ന മൂല്യം വിശ്വസ്തത നഷ്ടപ്പെടുമ്പോഴേക്കും രണ്ടായിരത്തി അഞ്ഞൂറായി കുറയുന്നു.
ചുരുക്കത്തില്‍ മൃഗങ്ങള്‍ക്ക് മാംസത്തിന്റെ തൂക്കം നോക്കിയാണ് വില നിര്‍ണയിക്കുന്നതെങ്കില്‍ മനുഷ്യന് വില നിര്‍ണയിക്കുന്നത് അവന്റെ വിശ്വസ്തത അളന്നു കൊണ്ടാണ്. രണ്ടാമതായി സാന്ത്വന പ്രവര്‍ത്തനങ്ങളാണ്. മുത്ത് നബിയുടെ ജീവിതത്തെ ബിവി ഖദീജ(റ) വിവരിക്കുന്നത് പ്രബോധകര്‍ക്ക് പാഠമാകണം. ഹിറാ ഗുഹയില്‍ വെച്ച് വഹ്‌യ് ലഭിച്ച വെപ്രാളത്തില്‍ വന്ന നബി(സ)യോട് ഖദീജ ബീവി(റ) പറഞ്ഞു: “നിങ്ങള്‍ കുടുംബ ബന്ധം പുലര്‍ത്തുന്നവരാണ്. അശരണരുടെ അത്താണിയും പാവങ്ങളുടെ അഭയ കേന്ദ്രവുമാണ്. അതുകൊണ്ട് അല്ലാഹു സത്യം, അവന്‍ നിങ്ങളെ വൃഥാവിലാക്കില്ല”. നബി(സ)യുടെ സാന്ത്വന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഖദീജ ബീവി സമാധാനം അരുളിയത്. ഹിറാ ഗുഹയില്‍ നിന്നു വന്ന നബിതങ്ങള്‍ ഖദീജ ബീവി(റ)യോട് “സമ്മിലൂനീ”(എന്നെ മൂടിപ്പുതപ്പിക്കൂ) എന്ന പുല്ലിംഗ ബഹുവചനം ഉപയോഗിച്ചതിനെ സംബന്ധിച്ച് മുഹമ്മദുശ്ശന്‍വീന്‍(റ) പറയുന്നത് ഖദീജ ബീവിയുടെ ദൃഢമായ മനസ്സും ബുദ്ധി വൈഭവവും പുരുഷ സമൂഹത്തെ പോലും വെല്ലുന്നതായിരുന്നുവെന്നാണ്. ഒരു പ്രബോധകന്റെ ജീവിതത്തില്‍ സഹധര്‍മ്മിണിക്കുള്ള പങ്കു കൂടെ സമൂഹത്തെ പഠിപ്പിക്കുകയായിരുന്നു നബി(സ) തങ്ങള്‍.
തിരു നബിയുടെ ജീവിതത്തിന്റെ ഏത് മേഖലയെടുത്താലും അവിടുന്ന് ആ മേഖലയില്‍ പരിപൂര്‍ണരായിരുന്നു. ഒരു ഭാര്യ-ഭര്‍ത്താവിന്റെ റോള്‍ തിരുനബിയും മഹതി ഖദീജ(റ)യും എത്ര സുന്ദരമായിട്ടാണ് വരച്ചു കാണിച്ചതെന്ന് ചരിത്രത്തില്‍ നിന്ന് നമുക്ക് വ്യക്തമാകും. ഇതു പോലെ ഒരു ഭരണാധിപനെന്ന നിലയിലും നേതാവെന്ന നിലയിലും പിതാവെന്ന നിലയിലും ജീവിതത്തിന്റെ സകല മേഖലകളിലും അശ്‌റഫുല്‍ ഖല്‍ഖ് പരിപൂര്‍ണത പുലര്‍ത്തിയിരുന്നു. “മുഹമ്മദിനെ അനുയായികള്‍ സ്‌നേഹിക്കുന്നത് പോലെ മറ്റൊരു നേതാവിനെയും അനുയായികള്‍ സ്‌നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്ന്” അബൂസുഫ്‌യാന്‍(റ) ശത്രുപക്ഷത്തായിരുന്ന സമയത്ത് പറഞ്ഞതായി കാണാം. മറ്റൊരിക്കല്‍ ശത്രു പക്ഷത്തിന്റെ പിടിയിലകപ്പെട്ട് വധിക്കപ്പെടാന്‍ പോകുന്ന സ്വഹാബിയോട് നിങ്ങളുടെ സ്ഥാനത്ത് മുഹമ്മദിനെ നിറുത്തുന്നത് നിങ്ങള്‍ക്ക് ഇഷ്ട്ടപെടുമോ എന്ന ചോദ്യത്തിന് അതെനിക്ക് ചിന്തിക്കാവുന്നതിലുമപ്പുറമാണെന്ന് മറുപടി പറയുന്ന അനുചരനെകാണാം. ഇതായിരുന്നു തിരുനബിയും അനുയായികളും തമ്മിലുള്ള ബന്ധം. ഇതുപോലെ ഒരുപാട് സംഭവങ്ങള്‍ കാണാം. തന്റെ മുട്ടുകാലും ഇരു കൈകളും നിലത്തമര്‍ത്തി പേരക്കിടാങ്ങള്‍ക്ക് തന്റെ ചുമലിനെ കളിയിടമാക്കി ക്കൊടുക്കുന്ന ഒരു വലിയുപ്പയെ നമുക്ക് നബി ചരിത്രങ്ങളില്‍ വായിക്കാന്‍ സാധിക്കും. തിരുനബി മാതൃകയാണ്. ഒരു മനുഷ്യന്റെ ജീവിത കാലത്ത് ആവശ്യമായതെല്ലാം അവിടുന്ന് കൃത്യമായി തന്നെ ജീവിച്ചു കാണിച്ചിട്ടുണ്ട്. ഇനി ആ മാതൃകകളല്‍ നിന്ന് പാഠം ഉള്‍കൊള്ളേണ്ടത് നമ്മളാണ്. ആ ജീവിതത്തെ അതുപോല തന്നെ പകര്‍ത്താന്‍ നമുക്ക് സാധിക്കണമെന്നില്ല. എങ്കിലും വിശ്വാസിയായ അവിടുത്തെ അനുയായി എന്ന നിലയില്‍ കഴിവിന്റെ പരമാവധി ജീവിതത്തില്‍ അനുധാവനം ചെയ്യാന്‍ നമുക്ക് സാധിക്കണം.