Cover Story
കേരളത്തിലെ ബ്ലേഡ് റണ്ണര്‍
1999 ജൂലൈ എട്ട്. പാക്കിസ്ഥാനുമായുള്ള കാര്‍ഗില്‍ യുദ്ധ സമയം. ധീരരായ ഇന്ത്യന്‍ സൈനികര്‍ ജീവന്‍ പണയം വെച്ച് പൊരുതുന്നു. അതിര്‍ത്തക്കപ്പുറത്ത് നിന്ന് പാക് സൈനികര്‍ തൊടുത്ത മോര്‍ട്ടാര്‍ ആക്രമണത്തില്‍ മേജര്‍ ഡി പി സിംഗിന് ഗുരുതര പരുക്കേല്‍ക്കുന്നു. സൈനിക ആശുപത്രിയില്‍ ഡോക്ടര്‍ അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിക്കുന്നു. പക്ഷേ, ഇതേ ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ക്ക് നേരിയ സംശയം. മുന്നില്‍ കിടക്കുന്ന ശരീരത്തില്‍ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ട്. പ്രതീക്ഷ കൈവിടാതെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജീവന്‍ രക്ഷാ പ്രവര്‍ത്തനം നടക്കുന്നു. സിംഗിന്റെ ജീവന്‍ രക്ഷിക്കാന്‍ രണ്ട് കാലുകളും മുറിച്ചുമാറ്റുന്നു. പത്ത് വര്‍ഷത്തിന് ശേഷം ഡല്‍ഹിയിലെ ഒരു മാരത്തണ്‍ വേദി. ഡി പി സിംഗ് മൈതാനത്തിറങ്ങി. കളിക്കാരെ പരിചയപ്പെടാനോ ആശംസാ പ്രസംഗം നടത്താനോ അല്ല. മത്സരിക്കാന്‍. കൃത്രിമ കാലിന്റെ കരുത്തോടെ നഷ്ടപ്പെട്ട സ്വപ്‌നങ്ങളെയും ദീനനോട്ടങ്ങളെയും പിന്നിലാക്കാന്‍.. പിന്നീട് ഡി പി സിംഗിന്റെ കുതിപ്പായിരുന്നു. ഹാഫ് മാരത്തണില്‍ പങ്കെടുക്കുന്ന ഇന്ത്യക്കാരനായ ആദ്യ ബ്ലേഡ് റണ്ണറെന്ന ഖ്യാതിയും അദ്ദേഹത്തിനായി.
ട്രാക്കില്‍ നേട്ടങ്ങള്‍ ഓടിപ്പിടിക്കുമ്പോഴും തന്നെപ്പോലെ വീട്ടിലും കിടക്കയിലും ക്രച്ചസിലും വീല്‍ച്ചെയറിലുമൊക്കെ സ്വപ്‌നങ്ങളെ തള്ളിനീക്കുന്ന ഒരുപാട് പേരുണ്ടെന്നും അവര്‍ക്ക് ഇച്ഛാശക്തിയും ഉള്‍ക്കരുത്തും നല്‍കേണ്ടതുണ്ടെന്നുമുള്ള സാമൂഹികബോധം ഡി പി സിംഗിനെ മഥിച്ചിരുന്നു. അതിനായി ആവുംവിധം പ്രയത്‌നിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് പുതുലോകത്തിന്റെ കിളിവാതിലായ സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി “ദ ചലഞ്ചിംഗ് വണ്‍സ്” എന്ന ഫേസ്ബുക്ക് കൂട്ടായ്മ ആരംഭിക്കുന്നത്. ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ പങ്കുവെച്ച കൃത്രിമ കാലുകളുമായി മാരത്തണില്‍ പങ്കെടുക്കുന്ന വീഡിയോകള്‍ കണ്ടാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി 31കാരനായ സജേഷ് കൃഷ്ണന്‍ കൃത്രിക കാലുകളുമായി മാരത്തണില്‍ പങ്കെടുക്കുന്നത്. കേരളത്തിന്റെ ആദ്യ ബ്ലേഡ് റണ്ണറുടെ ജനനമായിരുന്നു അത്. അപകടത്തെ തുടര്‍ന്ന് മുറിച്ചു മാറ്റേണ്ടി വന്ന ഇടതുകാലിനു പകരം ബ്ലേഡ് ഫൂട്ടണിഞ്ഞ് ഉയരങ്ങള്‍ കീഴടക്കുന്ന സജേഷ് കൃഷണന്‍ ഇന്ന് വിധി തളര്‍ത്തിയ നിരവധി പേര്‍ക്ക് പ്രചോദനമാകുന്നുണ്ടെങ്കില്‍ അത് ലക്ഷ്യത്തിന് വേണ്ടി നടത്തിയ ആത്മസമര്‍പ്പണത്തിന്റെ കഥയാണ്.
പതിനെട്ടാം വയസ്സിലെ അപകടം
പയ്യന്നൂര്‍ വെള്ളൂരിലെ കിഴക്കുമ്പാട്ട് കെ സി കൃഷ്ണന്റെയും എം വി സതിയുടെയും മകനായ സജേഷ് കൃഷണന്‍ കോറോം ശ്രീ നാരായണ എന്‍ജിനീയറിംഗ് കോളജില്‍ ആദ്യവര്‍ഷ വിദ്യാര്‍ഥിയായിരിക്കെ, 2005ല്‍ ആണ് സ്വപ്‌നങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തിയ ആ ബൈക്ക് അപകടം സംഭവിക്കുന്നത്. സുഹൃത്തിന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് വിധി ടിപ്പര്‍ ലോറിയുടെ രൂപത്തില്‍ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സജേഷിന്റെ ഇടതുകാല്‍പാദത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. മംഗലാപുരം തേജസ്വനി ആശുപത്രിയിലായിരുന്നു ചികിത്സ. ഇടതുകാല്‍പാദം മുറിച്ചു മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അവര്‍ ഒന്നുകൂടി പറഞ്ഞു, പാദം മുറിച്ചു മാറ്റിയാലും ജീവിതകാലം മുഴുവന്‍ ക്രച്ചസ് ഉപയോഗിക്കേണ്ടി വരും. കാല്‍മുട്ടിനു താഴെ മുറിച്ച് മാറ്റിയാല്‍ കൃത്രിമ കാല്‍ പിടിപ്പിച്ച് നടക്കാം. ക്രച്ചസില്‍ ജിവിതകാലം മുഴുവന്‍ നടക്കുന്നതിനെക്കാള്‍ നല്ലത് കൃത്രിമ കാല്‍ വെച്ച് ജീവിതം തിരിച്ചുപിടിക്കാമെന്ന ഉറച്ച തീരുമാനത്താല്‍ ഇടതുകാല്‍ മുട്ടിനു താഴെ വെച്ച് മുറിച്ചു മാറ്റി. മാസങ്ങളോളം ആശുപത്രിവാസം. ക്രച്ചസില്‍ കൂട്ടുകാരുടെ സഹായത്തോടെ പരീക്ഷകള്‍ എഴുതി. 2008ല്‍ പഠനം പൂര്‍ത്തിയാക്കി. അപ്പോഴും വിധിയെ പഴിച്ച് വീടിന്റെ അകത്തളങ്ങില്‍ നിരാശയില്‍ ഒതുങ്ങിക്കൂടാന്‍ സജേഷ് തയ്യാറായില്ല. അതിനിടയില്‍ കോയമ്പത്തൂരില്‍ ജോലി ലഭിച്ചു. പിന്നിട് തോട്ടട ഐ ടി ഐയില്‍ ഗസ്റ്റ് ലക്ചററായി. അതിനിടയില്‍ ബെംഗളൂരുവില്‍ പോയി കൃത്രിമ കാല്‍വെച്ചു.
പ്രതീക്ഷയുടെ ചിറകുകള്‍
മേജര്‍ ഡി പി സിംഗ് തുടക്കമിട്ട “ദ ചലഞ്ചിംഗ് വണ്‍സ്” ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ മെല്ലെ പ്രതീക്ഷയുടെ ചിറക് മുളക്കുകയായിരുന്നു. 2015ല്‍ കൊച്ചിയില്‍ നടന്ന സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ പങ്കെടുക്കാന്‍ ഈ ഫേസ്ബുക്ക് കൂട്ടായ്മയിലെ 20 പേര്‍ക്ക് അവസരം ലഭിച്ചു. അതിലെ ഏക മലയാളിയായിരുന്നു സജേഷ്. ഈ ആവശ്യത്തിനാണ് പോകുന്നതെന്ന് വീട്ടില്‍ പറയാതെ കൊച്ചിയിലേക്ക് വണ്ടി കയറി. മാരത്തണില്‍ 48 മിനുട്ടു കൊണ്ട് അഞ്ച് കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. കൃത്രിമ കാലുമായി മാരത്തണില്‍ പങ്കെടുക്കുന്ന മലയാളി എന്ന ചരിത്രത്തിലേക്കാണ് സജേഷ് അന്ന് ഓടിക്കയറിയത്. ആദ്യ മത്സരത്തില്‍ ആ സമയത്തിനുള്ളില്‍ അത്ര ദൂരം ഓടി എന്നത് വലിയ നേട്ടമായിരുന്നു. ആ മാരത്തണ്‍ നല്‍കിയ ആത്മവിശ്വാസം ലോകം കീഴടക്കിയതിന് തുല്യമായിരുന്നെന്ന് സജേഷ് പറയുന്നു. ദക്ഷിണാഫ്രിക്കന്‍ ബ്ലേഡ് റണ്ണര്‍ ഓസ്‌കാര്‍ പിസ്റ്റോറിയസിന്റെ ജീവിതവും ഏറെ പ്രചോദനം നല്‍കിയിരുന്നു.
മത്സരങ്ങള്‍, പരീക്ഷണങ്ങള്‍
പിന്നെ മാരത്തണിന്റെ “മാരത്തണാ”യിരുന്നു. പല മത്സരങ്ങളിലും സജേഷ് പങ്കെടുത്തു. 2016ല്‍ കോഴിക്കോടും 2017ല്‍ കൊച്ചിയിലും മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുത്തു. പക്ഷേ, ഇടയ്ക്ക് വീണ്ടും പരീക്ഷണങ്ങള്‍. മത്സരങ്ങളുടെ ആധിക്യം കൃത്രിമകാലിനെ തളര്‍ത്തി. ലക്ഷങ്ങള്‍ ചെലവാക്കി പലതവണ മാറ്റി വെച്ചു. അതൊന്നും സജേഷിന്റെ ലക്ഷ്യത്തിന് തടസ്സമായില്ല. ആ സമയത്താണ് റണ്‍ ഫോര്‍ യുവര്‍ ലഗ്‌സ് എന്ന മാരത്തണില്‍ അതിഥിയായി പങ്കെടുക്കുന്നത്. ഇതിന്റെ സംഘാടകരായ വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം വേഗത്തില്‍ ഓടാന്‍ സാധിക്കുന്ന ബ്ലേഡ് ഫൂട്ട് സമ്മാനിച്ച് സജേഷിന്റെ ആഗ്രഹങ്ങളെ വീണ്ടും ട്രാക്കില്‍ എത്തിച്ചു. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ഈ ബ്ലേഡിന് ഭാരം കുറവാണ്. സജേഷിന്റെ വലിയൊരു ആഗ്രഹമായ ഈ ബ്ലേഡ് ഫുട്ട് സ്വന്തമാക്കുക എന്നത് സഫലമായി. അതോടെ ട്രാക്കില്‍ വീണ്ടും സജീവമായി.
2017 ഡിസംബറില്‍ ഏഴിമല നാവിക അക്കാദമിയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച മാരത്തണില്‍ 10 കിലോമീറ്റര്‍ 1.15 മണിക്കൂറില്‍ ഓടിയെത്തിയ സജേഷ് രേഖപ്പെടുത്തിയത് സമാനതകളില്ലാത്ത നേട്ടമായിരുന്നു. തുടര്‍ന്ന് അഞ്ജു ബോബി ജോര്‍ജിനൊപ്പം ഗ്രീന്‍ പേരാവൂര്‍ മാരത്തണ്‍, ഐ ഐ എമ്മിന്റെ കാലിക്കറ്റ് മാരത്തണ്‍ തുടങ്ങി അഞ്ചിലധികം മത്സരങ്ങളില്‍ പങ്കെടുത്തു. നവംബര്‍ 11 ന് കൊച്ചില്‍ നടന്ന സ്‌പെയിസ് കോസ്റ്റ് സംഘടിപ്പിച്ച ഹാഫ് മാരത്തണ്‍ മാറ്റൊരു ചരിത്രമായി. രണ്ട് മണിക്കൂര്‍ 50 മിനുട്ട് കൊണ്ടാണ് സജേഷ് 21.1 കിലോമീറ്റര്‍ ഓടിയെത്തിയത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലും
മാരത്തണ്‍ തന്റെ ഇഷ്ട മേഖലയായി കാണുമ്പോഴും മറ്റ് ഇനങ്ങളിലും സജേഷ് ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ഫുട്‌ബോളിലും ബാഡ്മിന്റനിലും പരിശീലനം നടത്തുന്ന സജേഷിന് ഇന്ത്യയിലെ ആദ്യത്തെ പാരാ ആംപ്യൂട്ട് ഫുട്‌ബോള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു. ഈ മാസം വിദേശത്ത് നടക്കുന്ന ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധാനം ചെയ്ത് ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പോകുന്ന സജേഷ് മറ്റൊരു ചരിത്ര നേട്ടത്തിന്നരികെയാണ്. ക്രച്ചസ് ഫുട്‌ബോളാണ് കളിക്കേണ്ടത്. ഇതിനായി ഇപ്പോള്‍ വീടിനു സമീപത്തെ ഗ്രൗണ്ടില്‍ പരിശീലനം നടത്തി വരികയാണ്. ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് രാജ്യത്തെ പ്രതിനിധാനം ചെയ്ത് മാരത്തണില്‍ പങ്കെടുക്കുക എന്നതാണ്.
നേട്ടങ്ങള്‍ ഒരോന്നായ് കൈപ്പിടിയിലൊതുക്കുമ്പോള്‍ വേദനകള്‍ മധുരമാകുന്നു. വിധി തളര്‍ത്തിയ ജീവിതത്തിന് മുന്നില്‍ പകച്ചു നില്‍ക്കാതെ വെല്ലുവിളികള്‍ നേട്ടമാക്കിയ ഈ ചെറുപ്പക്കാരന്‍ നാടിന് അഭിമാനമായി ഓടുന്നു. ഇരുട്ടിലായ ജീവിതത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരാം, ലക്ഷ്യങ്ങള്‍ മുറുകെ പിടിക്കുക… സജേഷ് പറയുന്നതും കാണിച്ചു തരുന്നതും ഇതാണ്.
.