Articles
ജീവന്‍ രക്ഷിച്ചതിന് കൂലിയോ?
സമീപകാലത്തെ രണ്ട് സംഭവങ്ങള്‍ നമുക്ക് താരതമ്യം ചെയ്യാം. ഒന്നാമത്തേത് പ്രളയകാല ജനകീയ രക്ഷാപ്രവര്‍ത്തനം. ലോകം കണ്ട മഹാ ദുരന്തങ്ങളില്‍ ഒന്നായ കേരളത്തിലെ പ്രളയക്കെടുതിക്കാലത്തെ മഹത്തായ രക്ഷാപ്രവര്‍ത്തന ദൗത്യം ഏറ്റെടുത്തു നിര്‍വഹിച്ച മത്സ്യത്തൊഴിലാളികളെ നമുക്ക് സ്മരിക്കാം. ജീവന്‍ പണയപ്പെടുത്തിയാണ് അവര്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ചത്. സമാനതകളില്ലാത്ത ആ രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ 3000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അത് നിരസിച്ചു കൊണ്ട് തങ്ങള്‍ രക്ഷിച്ചത് സ്വന്തം സഹോദരങ്ങളെയാണെന്നും അതിന് കൂലി വേണ്ടെന്നും പ്രഖ്യാപിച്ചത് മറക്കാനാവില്ല.
രണ്ടാമത്തേത്, പ്രളയക്കെടുതിയില്‍ നിന്നും ഇനിയും മുക്തമായിട്ടില്ലാത്ത കേരളത്തോട്, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ നല്‍കിയതിന് കൂലി ചോദിച്ച ഭാരത മോദി സര്‍ക്കാറിന്റെ മനുഷ്യത്വം മരവിച്ച കത്തുകളാണ്. രക്ഷാപ്രവര്‍ത്തനത്തിന് വൈകിയാണെങ്കിലും ചില സൈനിക വിമാനങ്ങളും കോപ്ടറുകളും ഉപയോഗിച്ചതിന് 33,79,250 രൂപ ഉടനെ അടക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. പ്രളയ ബാധിതരായ മനുഷ്യര്‍ക്ക് കഞ്ഞി കുടിക്കാന്‍ അരിയും മണ്ണെണ്ണയും നല്‍കിയതിന് പണം ആവശ്യപ്പെട്ട മോദി സര്‍ക്കാര്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതിന് കൂലി ചോദിക്കുന്നുവെന്നത് സങ്കടകരവും അപമാനകരവുമാണ്.
ലോകത്ത് എത്ര ക്രൂരരായ ഭരണാധികാരികളാണെങ്കിലും സ്വന്തം ജനതയുടെ ജീവന്‍ രക്ഷിച്ചതിന് വാടക ചോദിക്കാന്‍ ഇടയില്ല. ഒരു പ്രകൃതി ദുരന്തമുണ്ടായാല്‍, പൗരനെ സഹായിക്കാന്‍ ബാധ്യസ്ഥമല്ലേ കേന്ദ്ര സര്‍ക്കാര്‍? ഇനി അതൊരു കാരുണ്യപ്രവര്‍ത്തനമാണെങ്കിലും അതിന്റെ ഫണ്ട് തിരിച്ചു ചോദിക്കാമോ?
എത്രയോ വിദേശ രാജ്യങ്ങളില്‍ ദുരന്തമുണ്ടായപ്പോള്‍ ഇന്ത്യയുടെ സഹായഹസ്തം നിര്‍ലോഭം നാം നല്‍കിയിട്ടില്ലേ? ആ പണം അവരോട് നാം തിരിച്ചു ആവശ്യപ്പെടുന്ന സന്ദര്‍ഭം ഉണ്ടായിട്ടില്ലല്ലോ.
ഈ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്കാരുടേതല്ലായെന്നുണ്ടോ? അതോ കേരളം ഇന്ത്യക്ക് വെളിയിലുള്ള ഒരു ശത്രു രാജ്യമാണോ? ശത്രു രാജ്യത്തെ ജനങ്ങളാണെങ്കില്‍ പോലും ദുരന്ത വേളകളില്‍ ജനങ്ങളെ സഹായിക്കാനുള്ള മനസ്സ് ഭരണാധികാരികള്‍ക്കുണ്ടാവണം. പ്രളയക്കാലത്തെ കഞ്ഞിക്ക് 223 കോടി രൂപ അടക്കണമെന്ന് ഉത്തരവിട്ട കേന്ദ്ര ബി ജെ പി സര്‍ക്കാര്‍ കേരള ജനതയെ വെറുപ്പോടെയും ശത്രുതയോടെയുമാണ് സമീപിക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ചെയ്യുന്നത്.
ഒരു സര്‍ക്കാര്‍ എത്രത്തോളം ദയാരഹിതമാണ് എന്ന് അളക്കാന്‍ ഇത്തരമൊരു നടപടി മാത്രം മതി. കേരളത്തോട് കേന്ദ്ര സര്‍ക്കാറിന് പകയുള്ളത് പോലെയാണ് പെരുമാറ്റം. നയപരമായ കാരണങ്ങളാല്‍, ബി ജെ പിയുടെ നയ പരിപാടികളെ കേരള ജനത എതിര്‍ക്കുന്നു വെന്നത് വാസ്തവം. പ്രത്യേകിച്ചും അവരുടെ വിഘടന വിഭജന തന്ത്രങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് കേരളത്തിനുണ്ട്.
കേന്ദ്ര സഹായം നല്‍കിയാലും ഇല്ലെങ്കിലും അത്തരം രാഷ്ട്രീയ നിലപാടുകളില്‍ ഒത്തുതീര്‍പ്പ് സ്വീകരിക്കാന്‍ കഴിയില്ല. അത് വേറെ കാര്യം. അതിനര്‍ഥം, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദുരന്ത മുണ്ടായാല്‍ അവിടെ ജനങ്ങളെ സഹായിക്കരുതെന്ന നിലപാട് ഒരിക്കലും കേരള ജനത എടുക്കില്ല. കാരണം, ദുരന്തം ഭരിക്കുന്നവര്‍ക്കല്ല, ജനങ്ങള്‍ക്കാണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്കുണ്ട്.
വിവേകശൂന്യരായ കേന്ദ്ര ഭരണാധികാരികള്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തിന് ലഭിക്കേണ്ട വിദേശ ദുരിതാശ്വാസ സഹായധനത്തിന്റെ വാതിലുകള്‍ പോലും വിദ്വേഷപൂര്‍വം അടക്കുകയാണ് ചെയ്തത്. അത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്. രാജ്യത്തെ ഒന്നായിക്കാണാന്‍ ബാധ്യതപ്പെട്ട ഭരണാധികാരികള്‍ ഒരിക്കലും ചെയ്യരുതാത്ത കാര്യമാണത്.
പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വരണമായിരുന്നു. ഏകദേശം 31,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ വിലയിരുത്തപ്പെട്ടിട്ടുണ്ടല്ലോ. അതില്‍ കേന്ദ്ര സഹായം എത്ര കോടിയാണ് നല്‍കിയത്? കേവലം 600 കോടി രൂപ മാത്രം. അതില്‍ നിന്ന് 223.83കോടിയും 33 കോടി രൂപയും തിരിച്ചു കൊടുത്താല്‍ പിന്നെ ബാക്കിയെന്തുണ്ട്?
ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങള്‍ സംഭാവന നല്‍കിയ തുക അയ്യായിരം കോടി രൂപ യാണ്. അതിലൊരു ചെറിയ ഭാഗം പോലും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാറിന് നല്‍കാന്‍ കഴിഞ്ഞില്ല എന്നത് അപമാനകരം തന്നെ. എന്നാലതേ സമയം, കേന്ദ്ര സര്‍ക്കാര്‍ 3000 കോടി രൂപ മുടക്കി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമ നിര്‍മാണം നടത്തിയെന്നറിയുമ്പോള്‍ ശിരസ്സ് കുനിക്കാതെ നിര്‍വാഹമില്ല.
പട്ടിണിപ്പാവങ്ങള്‍ വിശന്ന് മരിച്ചു വീഴുന്ന ഇന്ത്യാ മഹാരാജ്യത്ത് പ്രതിമ സ്ഥാപിക്കാന്‍ വേണ്ടി കോടികള്‍ പൊടിക്കുന്ന വിചിത്രമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നു. ഈ രാജ്യം ഈ നാട്ടി ലെ സാധാരണ പൗരന്റേതല്ലായെന്നതിന് ഇതിലേറെ തെളിവുകള്‍ ആവശ്യമുണ്ടോ?
കേരള ത്തിന്റ സമ്പദ് വ്യവസ്ഥയുടെ പുനര്‍നിര്‍മാണത്തിന് കേന്ദ്രം സഹായം നല്‍കാന്‍ ബാധ്യസ്ഥമാണ്. കേന്ദ്രം ഇതുവരെ നല്‍കിയത് ഭിക്ഷക്കാശാണ്. അതുപോലും മറ്റ് പേരുകളില്‍ തിരികെ ചോദിച്ചതിന് മോദിയും ബി ജെ പി നേതാക്കളും നിരുപാധികം മാപ്പ് പറയണം. രാഷ്ട്രീയ ധാര്‍മികതയോ മനുഷ്യത്വ മോ അവശേഷിക്കുന്നുവെങ്കില്‍ കേരളത്തിന്റെ അക്കൗണ്ടില്‍ കേന്ദ്ര മന്ത്രി പദവിയിലോ എം പി പദവിയിലോ എത്തിയ ബി ജെ പി നേതാക്കള്‍ ആലോചിക്കുക, നടന്നുകൊണ്ടിരിക്കുന്ന നെറികേടുകളെക്കുറിച്ച്.
മനുഷ്യജീവന്‍ രക്ഷിക്കാന്‍ സൈനിക വിമാനങ്ങള്‍ നല്‍കിയതിന് കൂലി ചോദിച്ച കേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യ ന്‍ ജനതയെ പ്രതിനിധീകരിക്കാന്‍ ഒരര്‍ഥത്തിലും യോഗ്യമല്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. അതിന് അവര്‍ക്ക് നല്‍കേണ്ട മറുപടി നല്‍കിയ 600 കോടി രൂപയെന്ന ഭിക്ഷക്കാശ് പ്രധാനമന്ത്രിക്കു തന്നെ തിരികെ നല്‍കുക എന്നതാണ്.
പണമല്ല വലുത് മനുഷ്യത്വമാണെന്ന വലിയ പാഠവും മോദി സര്‍ക്കാര്‍ പഠിക്കാനുണ്ട്.