Connect with us

Malappuram

വൈസനിയം കര്‍മ ശാസ്ത്ര ക്യാമ്പിന് ഉജ്ജ്വല തുടക്കം

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമി വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന ദ്വിദിന കര്‍മ്മ ശാസ്ത്ര പഠന ക്യാമ്പിന് ഉജ്ജ്വല തുടക്കം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മത നിയമങ്ങള്‍ പറയണമെങ്കില്‍ കര്‍മ ശാസ്ത്രത്തില്‍ ആഴമേറിയ അവഗാഹമുണ്ടായിരിക്കണം. ഇതില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തതിനാലാണ് പലപ്പോഴും അബദ്ധങ്ങളിലേക്കും തെറ്റിദ്ധാരണകളിലേക്കും എത്തിപ്പെടുന്നതെന്നും പണ്ഡിതന്മാര്‍ കര്‍മ ശാസ്ത്രത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, ഏലംകുളം അബ്ദുര്‍റഷീദ് സഖാഫി, അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി, അബൂബക്കര്‍ അഹ്്‌സനി പറപ്പൂര്‍, അഹ്്മദ് കാമില്‍ സഖാഫി മമ്പീതി, സുലൈമാന്‍ സഅ്ദി വയനാട് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. നാളെ സമാപിക്കുന്ന പഠന ക്യാമ്പില്‍ സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട ആയിരം പ്രതിനിധികളാണ് സംബന്ധിക്കുന്നത്.
സമാപന ദിവസമായ നാളെ ത്വലാഖ്, അല്‍ ഖവാഇദുല്‍ ഫിഖ്ഹിയ്യ, ഇസ്്‌ലാമിക സാമ്പത്തിക ശാസ്ത്രം, കര്‍മ ശാസ്ത്രത്തിലെ സാങ്കേതിക പ്രയോഗങ്ങള്‍, ജനാഇസ്: ചില അവബോധങ്ങള്‍ എന്നീ വിഷയങ്ങളില്‍ മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാര്‍, അബ്ദുറഷീദ് സഖാഫി ഏലംകുളം, അഹ്്മദ് അബ്ദുള്ള അഹ്്‌സനി ചെങ്ങാനി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍ എന്നിവര്‍ ക്ലാസുകള്‍ എടുക്കും. വൈകുന്നേരം 5 ന് നടക്കുന്ന സമാപന സംഗമം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും.

വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് നടന്ന് വരുന്നത്. ശനിയാഴ്ച രാവിലെ 9ന് സ്ത്രീകള്‍ക്കായി എം ലൈറ്റ് സംഘടിപ്പിക്കുന്നുണ്ട്. കുടുംബ ശാക്തീകരണം എന്ന വിഷയത്തില്‍ റഹ്്മത്തുല്ല സഖാഫി എളമരം ക്ലാസെടുക്കും. പ്രകീര്‍ത്തന സദസ്സ്, പ്രാര്‍ത്ഥന എന്നിവ പരിപാടിയില്‍ നടക്കും.

Latest