Connect with us

Ongoing News

വ്യാവസായിക വളര്‍ച്ചക്ക് തുറമുഖ-വിമാനത്താവള കോറിഡോര്‍

Published

|

Last Updated

ഉത്തര മലബാറിന്റെയും കര്‍ണ്ണാടകയിലെ രണ്ട് ജില്ലകളുടെയും വികസനത്തിന് കുതിപ്പേകി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മട്ടന്നൂരില്‍ യാഥാര്‍ഥ്യമാകുബോള്‍ അഴിക്കല്‍ തുറമുഖം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കരുത്താകുകയാണ്. അഴീക്കല്‍ തുറമുഖം 2020ല്‍ കമ്മിഷന്‍ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിന്റെ ചുവടുപിടിച്ച് 2019 ഓടെ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക തുറമുഖമാക്കി മാറ്റാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യപനത്തിലാണ് പ്രതീക്ഷ. അഴിക്കല്‍ തുറമുഖത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനും തുറമുഖ വികസന വകുപ്പ് മന്ത്രി മന്ത്രി രാമചന്ദ്രന്‍ കടപ്പള്ളി ഉപാധ്യക്ഷനുമായി അഴീക്കല്‍ പോര്‍ട്ട് ലിമിറ്റഡ് എന്ന പേരില്‍ നേരത്തേ കമ്പനി രൂപീകരിച്ചു. നിരവധി പ്രഖ്യാപനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ ഘട്ടങ്ങളില്‍ അഴിക്കല്‍ തുറമുഖത്തിനുവേണ്ടി നടത്തിയെങ്കിലും ഭൂരുഭാഗവും പതിവ് പല്ലവി ആയി. 1960കളില്‍ പറഞ്ഞു കേട്ട അഴീക്കല്‍ തുറമുഖം പദ്ധതി ആറു പതിറ്റാണ്ടുകള്‍ വേണ്ടിവന്നു ഈ രീതിയിലെങ്കിലും വികസനത്തിന്റെ വെളിച്ചമെത്താന്‍. ഗതാഗത കുരുക്കും റോഡുകളുടെ അപര്യാപ്തതയുമാണ് ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്‌നം. ഈ ഘട്ടത്തില്‍ തുറമുഖങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ട് കപ്പല്‍ ഗതാഗതം നടപ്പാകുന്നതോടെ ഗതാഗത കുരുക്കും പാരിസ്ഥിതിക പ്രശ്‌നങ്ങളും കുറക്കുന്നതിന് സാധിക്കും. റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളിലൂടെ നടക്കുന്ന ചരക്ക് നീക്കത്തെക്കാള്‍ ചിലവ് കുറഞ്ഞതാണ് തീരദേശ ചരക്ക് നീക്കും എന്നതും പ്രധാനമാണ്.

അഴീക്കല്‍ തുറമുഖ വികസനത്തിനായി ഹോവെ ഇന്റര്‍നാഷണല്‍ ഇന്ത്യ ലിമിറ്റഡിനാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെച്ചത്. തുറമുഖം ആധുനികവത്കരിക്കുന്നതിനായി 500 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിരുന്നു. അന്താരാഷ്ട്ര നിലവാരമുള്ള തുറമുഖമായി മാറുന്നതോടെ കണ്ണൂരിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും കുടക് പരിസര പ്രദേശങ്ങളിലും വ്യാവസായിക പുരോഗതിയില്‍ വലിയ നേട്ടമാകും. നിലവില്‍ രണ്ടര മീറ്ററില്‍ താഴെ മാത്രമാണ് തുറമുഖത്തിന്റെ ആഴം. ഡ്രഡ്ജിങ് പൂര്‍ത്തിയാകുന്നതോടെ ആഴം ആറു മീറ്ററായി വര്‍ധിക്കും. തുറമുഖ വികസനത്തിന്റെ ഭാഗമായി അഴീക്കലിലെ ലൈറ്റ്ഹൗസിന്റെ പ്രകാശതീവ്രത വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ വന്‍കിട തുറമുഖത്തിനുള്ള പ്രോജക്ട് സര്‍വേയുടെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകണം. അടിസ്ഥാന സൗകര്യ വികസനം ഏറെ മുന്നിലാണ് അഴീക്കല്‍ തുറമുഖം. അഴീക്കലില്‍ വിഴിഞ്ഞം, ബേപ്പൂര്‍, കൊല്ലം എന്നിവക്ക് സമാനമായി ബേസിന്‍, ചാനല്‍, വാര്‍ഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 40 ഫീറ്റ് കണ്ടെയിനര്‍ ക്രെയിന്‍, റീച്ച് സ്റ്റാക്കര്‍, 20 ടണ്‍ ക്രെന്‍, ഫോര്‍ക്ക് ലിഫ്റ്റ്, വി ടി എം എസ് എന്നിവ സജ്ജമാണ്. കസ്റ്റംസ് ഓഫീസ് പ്രവര്‍ത്തനം ഒരുക്കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലെത്തി. എമിഗ്രേഷന്‍ മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറാണ് അനുമതി നല്‍കേണ്ടത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും തമ്മിലുള്ള റെയില്‍വേ കണക്ടിവിറ്റിയിലും പ്രതീക്ഷകള്‍ നിരവധിയാണ്. കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ മലബാറിലെ വികസന കവാടമായി കണ്ണൂര്‍ മാറും. വിമാനത്താവളത്തിലേക്കും അഴീക്കല്‍ തുറമുഖത്തേക്കും റെയില്‍പാത തുടങ്ങുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും തുടര്‍പ്രവര്‍ത്തനം മന്ദഗതിയിലാണ്. കണ്ണൂര്‍ സൗത്ത് (താഴെചൊവ്വ) സ്‌റ്റേഷനില്‍ നിന്ന് മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് റെയില്‍പാത നിര്‍മിക്കാന്‍ രണ്ടുതവണ സര്‍വേ നടന്നിരുന്നു. എളയാവൂര്‍, ഏച്ചൂര്‍, കൂടാളി, ചാലോട് വഴി പാത നിര്‍മിച്ചാല്‍ കൂടുതല്‍ പ്രയാസമില്ലാതെ ഭൂമി ഏറ്റെടുക്കാമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാറിന് ലഭിച്ചത്. സാമ്പത്തിക സര്‍വേ കൂടി പൂര്‍ത്തിയാകേണ്ടതുണ്ടെന്നാണ് വിവരം. 22 കിലോമീറ്റര്‍ നീളത്തിലാണ് പാതയുടെ സര്‍വേ. വളപട്ടണത്തുനിന്നാണ് അഴീക്കല്‍ തുറമുഖത്തേക്ക് പാത നിര്‍മിക്കേണ്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് അഴീക്കല്‍ ഭാഗം വരെ റെയില്‍ പാത ഉണ്ടായിരുന്നു എന്നത് ചരിത്ര രേഖയാണ്. വളപട്ടണത്ത് നിന്ന് എട്ട് കിലോമീറ്റര്‍ പാത നിര്‍മിച്ചാല്‍ അഴീക്കല്‍ തുറമുഖത്ത് എത്തി. തുറമുഖവും വിമാനത്താവളവും കേന്ദ്രീകരിച്ച് റെയില്‍ പാത വന്നാല്‍ വ്യാവസായിക വികസനത്തിന് പുത്തന്‍ ഉണര്‍വാകും. യാത്രാവിമാനത്തിന് പുറമെ ചരക്ക് വിമാനത്തിനും വന്‍സാധ്യത തെളിയും. നാലുവര്‍ഷം മുമ്പത്തെ റെയില്‍ബജറ്റില്‍ അഴീക്കല്‍പാത സര്‍വേക്ക് അംഗീകാരം നല്‍കിയിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനമുണ്ടായില്ല.

ചരക്ക് നീക്കത്തിന്റെ സാധ്യതകള്‍ ആശ്രയിച്ചാണ് വ്യാവസായിക പുരുഗതിയുടെ തോത്. തുറമുഖം വികസനം പൂര്‍ത്തിയാകുന്നതോടെകണ്ണൂരില്‍ നിന്നുള്ള കൈത്തറി, മറ്റ് തുണിത്തരങ്ങള്‍, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള തോട്ടണ്ടി, കുടക്, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള നാണ്യവിളകളും മലഞ്ചരക്കുകളും ഇവിടെനിന്ന് നേരിട്ട് വിദേശത്തേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയും. നിലവില്‍ ചെറുകിട തുറമുഖങ്ങള്‍ക്കുള്ള ചരക്കുനീക്കത്തിന് ഇന്‍സെന്റീവ്് മെട്രിക് ടെണ്ണിന് 3 രൂപയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഈ നടപടിയും ചരക്ക് നീക്കത്തിന് കപ്പല്‍ മാര്‍ഗ്ഗം ആകര്‍ഷകമാകും. ആറായിരം ടണ്‍ വരെ ഭാരമുള്ള കപ്പലുകള്‍ എത്തിച്ചേരുന്നതിനാണ് ചാല്‍ നിര്‍മ്മിക്കേണ്ടത്. .

Latest