Ongoing News
കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍
കടലും കായലും ഇഴചേര്‍ന്ന് ഒഴുകുന്ന ഉത്തര മലബാറിന്റെ ഹൃദയമായ കണ്ണൂരില്‍ നിന്ന് സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് പറന്നുയരുമ്പോള്‍ ഒപ്പം വാനോളം ഉയരുന്നത് ഉത്തരമലബാറിലെ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍. തറികളുടെയും തിറകളുടെയും നാട് പോലെ കടലിന്റെയും കായലിന്റെ നാടാണ് ഇവിടം. ആലപ്പുഴ കഴിഞ്ഞാല്‍ ജലസമ്പത്തുകളാല്‍ അനുഗ്രഹീതമാണ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകള്‍ .കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടു കൂടി വഴി തുറക്കുന്നത് ഉത്തരമലബാറിലെ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്കാണ്.
ആലപ്പുഴയില്‍ മാത്രമാണ് കായല്‍ ടൂറിസം അഭിവൃദ്ധിപ്പെട്ടിട്ടുള്ളു. എന്നാല്‍ കായല്‍ ടൂറിസത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ വിശാലമായ കായലുകളും പുഴകളും. പക്ഷെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുവാനോ കൃത്യമായ പരിഗണനയും പ്രോത്സാഹനവും ലഭിക്കുവാനോ ഈ പ്രദേശങ്ങള്‍ക്ക് ഇത്രയും കാലം സാധിച്ചിട്ടില്ല. ഈ പോരായ്യ നികത്തി കൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച കായല്‍ ടൂറിസം പദ്ധതികള്‍ കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നടപ്പിലാക്കുവാനുള്ള സാധ്യതകളാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരവോടെ വഴിതെളിയുന്നത്.പറശ്ശിനി മുതല്‍ നീലേശ്വരം വരെയുള്ള കായല്‍ പുഴകളെ ബന്ധിപ്പിച്ചു കൊണ്ട് ബൃഹത്തായ ഒരു ടൂറിസം പാക്കേജിനുള്ള സാധ്യതകള്‍ വഴി തുറക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് മുതല്‍ കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം വരെ ഒഴുകുന്ന കവ്വായി കായല്‍ സംസ്ഥാത്തെ വലുപ്പത്തില്‍ നാലാം സ്ഥാനമുള്ള കായലാണ് ഇപ്പോള്‍ അന്താരാഷ്ട്ര പദവിയായ രാം സര്‍സൈറ്റ് പദവിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് കവ്വായി കായല്‍. ഏഴോളം കൈവഴികളിലായി ഒഴുകുന്ന കവ്വായി കായല്‍ പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ്. ആറോളം ദ്വീപുകളും ചെറിയ തുരുത്തുകളുമടങ്ങിയ കായല്‍ സമാനതകളില്ലാത്ത നയന മനോഹരായ കാഴ്ചകളാണ് സമ്മാനിക്കുക. ജൈവ വൈവിധ്യങ്ങളുടെ കലവറയായ കവ്വായി കായല്‍ വ്യത്യസ്തങ്ങളായ ദേശാടന പക്ഷികളുടെ കേന്ദ്രവും ധാരളം മത്സ്യ സമ്പത്തിന്റെ ഉറവിടമാണ്.
പയ്യന്നൂര്‍ കൊറ്റി മുതല്‍ തൃക്കരിപ്പുര്‍ ആയിറ്റി വഴി നീലേശ്വരം കോട്ടപ്പുറം വരെയുള്ള കായല്‍യാത്ര ഏത് വിനോദ സഞ്ചാരിയുടെയും മനം കുളിര്‍പ്പിക്കുന്ന ഒന്നാണ്. പക്ഷെ കൃത്യമായ പരിഗണനയും പ്രോത്സാഹനവു ലഭിക്കാത്തതുമൂലം കേവലം പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി പോകുകയാണ് ഇവിടുത്തെ ഒരോ ടൂറിസം പദ്ധതികളും.എന്നാല്‍ പ്രത്യാശയുടെ ചെറിയ വെളിച്ചം പോലെ അടുത്തിടെ കവ്വായി കായല്‍ കേന്ദ്രീകരിച്ച് ചില സ്വകാര്യ ടൂറിസം കമ്പനികള്‍ ഏതാനും ബോട്ട് യാത്ര ഒരുക്കിയത് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സൃഷടിച്ചത് ആശാവഹമായ കാര്യമാണ്.കവ്വായി കായലിന്റെ ഓളപ്പരപ്പില്‍ ഉണ്ടായ ഇത്തരം പ്രതിക്ഷയുടെ ചലനങ്ങള്‍ വിമാനത്താവളത്തിന്റെ വരവോടെ സഫലമാകുമെന്ന പ്രതിക്ഷയിലാണ് പ്രദേശത്തുകാര്‍.വിമാനത്താവ ളത്തിന്റെ വരവ് കണ്ടറിഞ്ഞ് തൃക്കരിപ്പൂര്‍ പാണ്ട്യാല കടപ്പുറത്ത് സംസ്ഥാനത്തിനു തന്നെ മാതൃകയായി ജനകീയ ടൂറിസം പദ്ധതി ആരംഭിച്ചു കഴിഞ്ഞു.
ഭൂമിയുടെ വരദാനം പോലെ ഒരു നാടിന് ലഭിച്ച പ്രകൃതി ഭംഗിയും മനോഹാരിതയും പ്രയോജനപ്പെടുത്തി അത് ടൂറിസം വികസതത്തിലൂടെ നാടിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗപെടുത്തുവാന്‍ പരസ്പരം കൈകോര്‍ക്കാന്‍ ഒരു ഗ്രാമം തയ്യാറെടുത്തു കഴിഞ്ഞു.കവ്വായി കായലിനും അറബിക്കടലിനും ഇടയില്‍ അര കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വലിയ പറമ്പില്‍ ആണ് നാടിന്റെ പ്രകൃതി ഭംഗി പുറം ലോകത്തേക്ക് തുറന്നു വെച്ചു കൊണ്ട് ജനകീയ ടൂറിസത്തിനായി കൈകോര്‍ക്കുന്നത്.
ജൈവ വൈവിധ്യങ്ങളുടെ കലവറയും അപൂര്‍വ്വയിനം ദേശാടന പക്ഷികളുടെ താവളവും ദൃശ്യ മനോഹരമായ തുരുത്തുകളുമടങ്ങിയ കവ്വായി കായലിന്റെ പ്രകൃതി ഭംഗിയും അറബികടലിന്റെ വശ്യതയും ആകര്‍ഷണവും ഉള്‍പ്പെടുത്തി തൃക്കരിപ്പൂര്‍ കടപ്പുറം വികസന സമിതിയാണ് നാട്ടുകാരുടെ കൂട്ടായ്യയില്‍ ജനകീയ ടൂറിസം നടപ്പിലാക്കുന്നത്. മണ്ണിനും മനുഷ്യനും ഇണങ്ങുന്ന പ്രകൃതിയെ ചൂക്ഷണം ചെയ്യാത്ത ടൂറിസം പദ്ദതി നടപ്പിലാക്കുക എന്ന ഉദ്യേശത്തോടെ നടപ്പിലാക്കുന്ന ജനകീയ ടൂറിസം പദ്ദതി ജനുവരി മാസത്തോടെ യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് കടപ്പുറം വികസന സമിതി.
ടൂറിസം പദ്ദതിയ്ക്കായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫുഡ് കോര്‍ട്ട്, താല്‍ക്കാലിക വിശ്രമമുറികള്‍, ടെന്റ് എന്നിവയുടെ പണികള്‍ നടന്നുവരികയാണ്.കവ്വായി കായലില്‍ കൂടിയുള്ള ഉല്ലാസയാത്രയ്ക്കുള്ള സജ്ജീകരണങ്ങളും തയ്യാറായി കഴിഞ്ഞു. ടൂറിസം മന്ത്രിയുടെ തീയ്യതി ലഭിച്ചാല്‍ ജനുവരിയില്‍ തന്നെ ഉദ്ഘാടനം നടത്തുമെന്ന് വികസന സമിതി ജനറല്‍കണ്‍വീനര്‍ ടി കെ പി മുഹമ്മദ് കുഞ്ഞി പറഞ്ഞു.
പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ പെഡല്‍ ബോട്ട്, ഹൗസ് ബോട്ട്, ബീച്ച് ബൈ റൈഡ് എന്നിവയും ഒരുക്കും. ഹോം സ്‌റ്റേയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുവരികയാണ്.ഇപ്പോള്‍ തന്നെ നിരവധി വിനോദ സഞ്ചാരികള്‍ കായലിന്റെയും അറബികടലിന്റെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ വലിയ പറമ്പയില്‍ എത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടും ചെയ്യുന്നതോടെ ജനകീയ ടൂറിസം പദ്ദതി കൂടുതല്‍ വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
അതിഥി ആതിഥേയ മര്യാദകള്‍ പാലിക്കുന്ന യഥാര്‍ത്ഥ്യ ടൂറിസം ബോധവല്‍ക്കരണവും പ്രദേശത്തെ പ്രകൃതിയും പരിസ്ഥിതിയും നശിപ്പിക്കുന്ന വിധത്തില്‍ പ്രദേശവാസികളുടെ ഗ്രാമീണ ജീവിതത്തിന് ദോഷം വരുന്ന തരത്തില്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും കൊണ്ട് പ്രദേശത്ത് അസ്വസ്ഥത വിതക്കന്ന ടൂറിസത്തിന് തടയിടുക എന്നുള്ള ലക്ഷ്യങ്ങളോടെയാണ് ജനകീയ ടൂറിസം പദ്ദതിയുടെ ഉദ്യേശിക്കുന്നത്. പദ്ധതിയിലൂടെ പ്രാദേശിക വികസനം സാധ്യമാക്കുക, തീരദേശത്തെ കുടുംബങ്ങള്‍ക്ക് അധിക വരുമാനം ഉണ്ടാക്കി എടുക്കുക എന്നതും ജനകീയ ടൂറിസത്തിലൂടെ വികസന സമിതി ലക്ഷ്യമിടുന്നത്.
പഴയങ്ങാടിയിലെ വയലപ്ര പാര്‍ക്ക് പോലുള്ള ചെറിയ കായല്‍ ടൂറിസം പദ്ദതികള്‍ ചേര്‍ത്തിണക്കി കൊണ്ട് വലിയ ടൂറിസം പദ്ദതികള്‍ നടപ്പിലാക്കിയാല്‍ വിദേശികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളുടെ പറുദീസയായി കണ്ണൂര്‍ കാസര്‍കോട് ജില്ലകള്‍ മാറാനുള്ള സാധ്യതകള്‍ ഏറെയാണ്. .