Connect with us

Articles

വിശുദ്ധ പശുവിന്റെ ഓരോരോ പ്രയോജനങ്ങള്‍

Published

|

Last Updated

കടിച്ചു തുറക്കേണ്ട എണ്ണമയമുള്ള കാട്രിഡ്ജുകള്‍. എണ്ണമയമുണ്ടാക്കുന്നത് പശുവിന്റെയും പന്നിയുടെയും കൊഴുപ്പാണെന്ന അഭ്യൂഹം. ഹിന്ദുക്കളെ സംബന്ധിച്ച് വിശുദ്ധമാണ് പശു, മുസ്‌ലിംകളെ സംബന്ധിച്ച് വര്‍ജിക്കേണ്ടതാണ് പന്നി. ഇവയുടെ കൊഴുപ്പാണ്, തങ്ങള്‍ കടിച്ചുതുറക്കുന്ന കാട്രിഡ്ജുകളില്‍ എണ്ണമയമുണ്ടാക്കുന്നത് എന്ന ചിന്ത ഇന്ത്യന്‍ പട്ടാളക്കാരില്‍ വളര്‍ന്നതാണ്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധിനിവേശത്തിനെതിരായ ആദ്യ സമരമായി വിശേഷിപ്പിക്കപ്പെടുന്ന 1857ലെ ശിപായി ലഹളക്ക് വഴിവെച്ചത് എന്നാണ് പൊതുവില്‍ വിശ്വസിക്കപ്പെടുന്ന ചരിത്രം.

നാട്ടുരാജാക്കന്‍മാര്‍ പിന്‍ഗാമികളില്ലാതെ മരിച്ചാല്‍, അവരുടെ അധീനതയിലുണ്ടായിരുന്ന പ്രദേശം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമസ്ഥതയിലാകുമെന്ന വ്യവസ്ഥ, ജാതി വ്യവസ്ഥയുടെ പേരില്‍ അതിക്രമങ്ങള്‍ അരങ്ങേറിയിരുന്ന പശ്ചാത്തലത്തില്‍ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനം വ്യാപിപ്പിക്കാന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍, ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയിരുന്ന കൊടിയ വിഭവ ചൂഷണം സൃഷ്ടിച്ച അസ്വസ്ഥതകള്‍ തുടങ്ങിയവയൊക്കെയാണ് ശിപായി ലഹളയുടെ യഥാര്‍ഥ കാരണങ്ങളെന്ന വിശകലനം വേറെയുണ്ട്. അപ്പോഴും പൊടുന്നനെയുള്ള കാരണം എണ്ണമയമുള്ള കാട്രിഡ്ജുകളാണെന്ന്, സാമൂഹിക കാരണങ്ങള്‍ വിശദീകരിക്കുന്നവരും സമ്മതിക്കും. ലഹള അടിച്ചമര്‍ത്തുന്നതില്‍ ബ്രിട്ടീഷ് സൈന്യം വിജയിച്ചുവെങ്കിലും വൈദേശികാധിപത്യത്തിനെതിരെ ഇന്ത്യക്കാരെ യോജിപ്പിക്കുന്നതില്‍ 1857ലെ സമരം വലിയ പങ്കുവഹിച്ചതായാണ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രേഖപ്പെടുത്തല്‍. അത് ശരിയായിരിക്കെ തന്നെ, സംഘര്‍ഷങ്ങളുടെ സൃഷ്ടിക്ക് ഏറ്റവുമെളുപ്പം ഉപയോഗിക്കാവുന്ന സംഗതികളുടെ കണ്ടെത്തല്‍ കൂടിയാണ് അന്ന് നടന്നത്. അധിനിവേശം പൂര്‍ത്തിയാക്കാനും ബ്രിട്ടന്റെ നേരിട്ടുള്ള ഭരണത്തിലേക്ക് കാര്യങ്ങളെത്തിക്കാനും അവ്വിധമൊരു കലാപം ആവശ്യമാണെന്ന് സാമ്രാജ്യത്വം അന്ന് ചിന്തിച്ചിരുന്നോ ആവോ!

എന്തായാലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ (വിശുദ്ധ) പശു ചെറുതല്ലാത്ത പങ്കുവഹിച്ചുവെന്നതാണ് ചരിത്രം. വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരമുറപ്പിക്കാനും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള സംഘര്‍ഷ സൃഷ്ടിക്കും. ഉത്തര്‍ പ്രദേശുള്‍പ്പെടെ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ച് നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളായിരുന്നു. ആ നിയമങ്ങളുടെ നടപ്പാക്കല്‍, ഗുണ്ടാ സംഘങ്ങളെ ഏല്‍പ്പിക്കുകയും അതുവഴി എളുപ്പത്തില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കുകയുമാണ് സംഘ്പരിവാരം ചെയ്തത്. 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്ര ഭരണത്തിലെത്തിയതിന് ശേഷം ഇത്തരം സംഘര്‍ഷങ്ങള്‍ പെരുകി. അതിന്റെ തുടര്‍ച്ചയാണ്് ഡിസംബര്‍ മൂന്നിന് ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹറിലുണ്ടായത്. പശുക്കളെ കൊല്ലുന്നത് കണ്ടതിനെത്തുടര്‍ന്ന് പൊടുന്നനെ ഒരു വിഭാഗം പ്രതിഷേധിച്ചെത്തുകയും അത് സംഘര്‍ഷമായി വളരുകയും പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്തതല്ല. യാദൃച്ഛികമായി സംഭവിച്ചത് എന്ന് വാദിച്ചുറപ്പിക്കേണ്ട ഉത്തരവാദിത്തം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സംഘ്പരിവാരത്തിനുമുണ്ടായേക്കാം. പക്ഷേ, വസ്തുതകള്‍ ആ വാദങ്ങളെ ഖണ്ഡിക്കുന്നതാണ്.
2017ലെ ഉത്തര്‍ പ്രദേശ് നിയസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം നടത്തിയ അന്വേഷണം, ഗൗരവമുള്ള ചില കണക്കുകള്‍ മുന്നോട്ടുവെച്ചിരുന്നു. 2010 ജനുവരിക്കും 2016 ഏപ്രിലിനുമിടക്ക് ഉത്തര്‍ പ്രദേശില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പലതിലും പശു ഒരു പ്രധാന കാരണമായിരുന്നു. അഞ്ച് വര്‍ഗീയ സംഘര്‍ഷങ്ങളെടുത്താല്‍ അതിലൊന്നിന് കാരണം പശുവാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പശുവുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ 2012ന് ശേഷം വര്‍ധിച്ചുവരുന്നതായും കണ്ടെത്തി. 2013ല്‍ മുസഫര്‍ നഗറില്‍, സംഘ്പരിവാരം സൃഷ്ടിച്ചെടുത്ത വര്‍ഗീയ സംഘര്‍ഷം, 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വലിയ വിജയത്തിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിരുന്നു. അതിനൊപ്പം പശുവിന്റെ പേരില്‍ സൃഷ്ടിച്ചെടുത്ത കലാപങ്ങളുമുണ്ടായിരുന്നുവെന്നാണ് ഈ അന്വേഷണം വ്യക്തമാക്കിയത്. 2017ല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വലിയ വിജയത്തിന് പിന്നിലും ഇത്തരം സംഘര്‍ഷങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത ധ്രൂവീകരണം വലിയ പങ്കാണ് വഹിച്ചത്. ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം ശക്തമായ പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലാണ് പശുവിന്റെ പേരിലുള്ള സംഘര്‍ഷങ്ങളില്‍ ഭൂരിഭാഗവും അരങ്ങേറിയിരുന്നത്. 2017ല്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഇത്തരം അതിക്രമങ്ങളുടെ എണ്ണം പിന്നെയും കൂടി. ഏതാണ്ടെല്ലാം അരങ്ങേറിയത് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ തന്നെ.
മാതൃസ്ഥാനത്ത് ഹിന്ദുക്കള്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പശുവിനെ വ്യാപകമായി കൊല്ലുകയാണെന്നും കടത്തിക്കൊണ്ടുപോയി കശാപ്പിന് വില്‍ക്കുകയാണെന്നുമുള്ള പ്രതീതി സൃഷ്ടിക്കാനാണ് ന്യൂനപക്ഷ സ്വാധീനം ശക്തമായ പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിനെ സംഘര്‍ഷങ്ങളുടെ വേദിയാക്കാന്‍ കാരണം. ന്യൂനപക്ഷ സമുദായാംഗങ്ങളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ സംസ്ഥാനത്താകെ വര്‍ഗീയ ധ്രുവീകരണം ഉറപ്പാക്കാനും സാധിച്ചിരുന്നു. ഇപ്പോള്‍ സംഘര്‍ഷമുണ്ടായ ബുലന്ദ് ശഹറും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ തന്നെ. പശുക്കളെ കൊല്ലുന്നത് കണ്ടുവെന്ന് ബജ്‌രംഗ് ദള്‍ നേതാവ് പോലീസില്‍ പരാതി നല്‍കുന്ന ദിവസം, പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ പങ്കെടുത്ത പ്രാര്‍ഥനാ സംഗമം സമാപിക്കുന്ന ദിവസമായിരുന്നുവെന്ന് പ്രത്യേകം ഓര്‍ക്കണം. വലിയൊരു വര്‍ഗീയ സംഘര്‍ഷത്തിന് വിത്തിടാന്‍ പറ്റിയ അവസരമാണെന്ന് സംഘ്പരിവാര നേതാക്കള്‍ കരുതിയതിന്റെ ഫലമാകണം ബജ്‌രംഗ് ദള്‍ നേതാവിന്റെ പരാതിയും ബുലന്ദ് ശഹറില്‍ അരങ്ങേറിയ സംഘര്‍ഷവും. പ്രതീക്ഷിച്ചതില്‍ നിന്ന് ഭിന്നമായി പോലീസുമായാണ് അക്രമികള്‍ക്ക് ഏറ്റുമുട്ടേണ്ടിവന്നത് എന്നുമാത്രം. മുമ്പ് ഗോ സംരക്ഷണ ഗുണ്ടകളുടെ ആക്രമണത്തില്‍ മുഹമ്മത് അഖ്‌ലാഖ് കൊല്ലപ്പെട്ട കേസ് അന്വേഷിക്കുകയും സംഘ്പരിവാര്‍ പ്രവര്‍ത്തകരെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന്റെ ജീവനെടുക്കാന്‍ അക്രമികള്‍ക്ക് സാധിക്കുകയും ചെയ്തു.
പശുവിന്റെ പേരില്‍ അരങ്ങേറുന്ന അതിക്രമങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം പതിവില്ല ഉത്തര്‍ പ്രദേശില്‍. അക്രമങ്ങളുടെ ആസൂത്രകരെ കണ്ടെത്താന്‍ ഉത്തര്‍ പ്രദേശ് പോലീസ് ശ്രമിക്കാറില്ല. ഗോസംരക്ഷണത്തിന്റെ പേരില്‍ രംഗത്തെത്തുന്ന ഗുണ്ടകളല്ല, അവരുടെ ഇരയാകുന്നവര്‍ പ്രതികളാകുന്നതാണ് പതിവ് രീതി. പശുക്കടത്തിനോ നിയമവിരുദ്ധമായ അറവിനോ ഒക്കെ അവര്‍ പ്രതികളാക്കപ്പെടും. കാര്‍ഷികാവശ്യങ്ങള്‍ക്കായി കാലികളെ വാങ്ങുന്നവരോ മാംസാവശ്യങ്ങള്‍ക്കായി പശുവല്ലാത്ത കാലികളെ കൊല്ലുന്നവരോ ഒക്കെയാകും പലപ്പോഴും ഇവ്വിധം പ്രതികളാക്കപ്പെടുക. ഇതില്‍ നിന്ന് അല്‍പ്പമെങ്കിലും ഭിന്നമായത് മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസായിരുന്നു. അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസം പരിശോധനക്ക് അയക്കുകയും അത് ഗോമാംസമല്ലെന്ന് തെളിയിക്കുകയും ചെയ്തത് സുബോധ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു. അക്രമം ആസൂത്രണം ചെയ്തവരെ അറസ്റ്റ് ചെയ്ത സുബോധ് കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കോടതിയില്‍ മൊഴി നല്‍കേണ്ടയാളുമായിരുന്നു. അത്തരത്തിലൊരാളെ ഇല്ലാതാക്കാന്‍ കഴിഞ്ഞത്, വലിയ സംഘര്‍ഷമെന്ന ലക്ഷ്യം സാധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, സംഘ്പരിവാരത്തിന് നേട്ടം തന്നെ.

പശുക്കളെ കൊല്ലുന്നത് കണ്ടുവെന്ന പരാതിയുമായി പോലീസിനെ സമീപിച്ച ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് കേസിലെ മുഖ്യപ്രതിയെന്ന് ഉത്തര്‍ പ്രദേശ് പോലീസ് പറയുന്നു. സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയ പശുക്കളെ കൊന്നത്, അക്രമമുണ്ടാകുന്നതിന് രണ്ട് ദിവസം മുമ്പെങ്കിലുമാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് പശുക്കളെ കൊല്ലുകയും അവശിഷ്ടങ്ങള്‍ ബുലന്ദ് ശഹറില്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കുകയുമായിരുന്നുവെന്നുമാണ് പോലീസിന്റെ നിഗമനം. സംഘര്‍ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇതെല്ലാം. ഗോഹത്യക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ഉടന്‍ തന്നെ ആരംഭിക്കുകയും ചെയ്തതിന് ശേഷവും പ്രതിഷേധവുമായി ആളുകള്‍ തെരുവിലിറങ്ങിയത്, സംഗതികള്‍ നേരത്തെ ആസുത്രണം ചെയ്തതിന് തെളിവായി പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊക്കെ പറയുമ്പോഴും കേസിന്റെ അന്വേഷണം വസ്തുനിഷ്ഠമായി നടക്കുമോ എന്ന സംശയം ശേഷിക്കുകയാണ്. പശുക്കളെ കൊന്നതിന് നാല് മുസ്‌ലിംകളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പോലീസ്. പശുവിനെ കൊന്നത് ആരെന്നതാണ് ആദ്യം അന്വേഷിക്കേണ്ടത് എന്ന യോഗി ആദിത്യനാഥിന്റെ നിര്‍ദേശം, സബ് ഇന്‍സ്‌പെക്ടറുടെ ജീവനെടുത്തവരെ സംരക്ഷിച്ച് പോലും നടപ്പാക്കേണ്ട ഉത്തരവാദിത്വമുണ്ടല്ലോ പോലീസ് സേനക്ക്! ഗോ സംരക്ഷണത്തിന്റെ മറവില്‍ അക്രമത്തിനും കൊലക്കും മടിക്കാത്ത വര്‍ഗീയവാദികള്‍ സൈന്യത്തില്‍ തന്നെ ഉണ്ടായിരിക്കെ, രാഷ്ട്രീയാധികാരത്തോട് വലിയ വിധേയത്വം പുലര്‍ത്തുന്ന പോലീസ് സേനയിലെ അംഗങ്ങള്‍ ഏതളവില്‍ വര്‍ഗീയവത്കരിക്കപ്പെട്ടിട്ടുണ്ടാകും? പ്രത്യേകിച്ച് ഉത്തര്‍ പ്രദേശ് പോലൊരു സംസ്ഥാനത്ത്. അത്തരമാളുകള്‍ക്ക് സബ് ഇന്‍സ്‌പെക്ടറുടെ ജീവന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനേക്കാള്‍ പ്രധാനം സംഘ്പരിവാരത്തിന്റെ അജന്‍ഡകളായിരിക്കും.

ബുലന്ദ് ശഹറില്‍ സംഘര്‍ഷമുണ്ടാക്കാന്‍ തിരഞ്ഞെടുത്തത് ഡിസംബര്‍ മൂന്നാണെന്നതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബി ജെ പി പരാജയം ഉറപ്പിച്ച രാജസ്ഥാനില്‍ വോട്ടെടുപ്പ് ഡിസംബര്‍ ഏഴിനായിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഭൂപ്രകൃതിയിലും സാമ്പത്തിക – സാംസ്‌കാരിക ഘടകങ്ങളിലും രണ്ട് പ്രദേശവും സമാനതകള്‍ ഏറെയുണ്ടുതാനും. ലക്ഷ്യമിട്ടതുപോലെ വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയിരുന്നുവെങ്കില്‍ അതിന്റെ പ്രതിഫലനം രാജസ്ഥാന്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകുമോ? അതോ 2019 ലക്ഷ്യമിട്ടുള്ള വര്‍ഗീയ നീക്കങ്ങളുടെ തിരനോട്ടമാണോ ബുലന്ദ് ശഹറില്‍ കണ്ടത്? അധിനിവേശം പൂര്‍ത്തിയാക്കാന്‍ കലാപം അനിവാര്യമെന്ന് ഏറ്റവും നന്നായി അറിയാവുന്നത് സംഘപരിവാരത്തിനാണ്. പശു അതിനുള്ള മികച്ച രാസത്വരകവും.

Latest