Connect with us

Malappuram

ആകാശം റോസണിഞ്ഞു; കൗതുകവും ആശങ്കയും

Published

|

Last Updated

ഇന്ന് സൂര്യോദയത്തിന് മുമ്പായി ആകാശത്ത് ദൃശ്യമായ പ്രതിഭാസം

കൊളത്തൂര്‍: ആകാശം റോസണിഞ്ഞത് കൗതുകമായി ഒപ്പം ആശങ്കയും. ഇന്ന് സൂര്യോദയത്തിന്റെ 40 മിനുട് മുമ്പാണ് ആകാശത്തില്‍ ഈ പ്രതിഭാസം ദൃശ്യമായത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ രാവിലെ 6.40 വരെ ആകാശം റോസ് നിറത്തില്‍ കാണപ്പെട്ടു. സിറസ് എന്ന മേഘങ്ങള്‍ ആകാശത്ത് ഉണ്ടാകുമ്പോഴാണ് ഈ പ്രതിഭാസം കാണപ്പെടുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. മഞ്ഞു നിറഞ്ഞ അന്തരീക്ഷമുള്ളപ്പോള്‍ ഈ പ്രതിഭാസം രൂപപ്പെടാറുണ്ട്. 50 കിലോമീറ്റര്‍ പരിധിയിലോ അതില്‍ കുറവോ ആണ് ഇത് അനുഭവപ്പെടുക. പക്ഷേ കേരളത്തില്‍ പലയിടത്തും ഇതു കണ്ടതായാണ് വിവരം. സൂര്യന്‍ ഉദിക്കുന്നതിന് തൊട്ടു മുമ്പ് മിസ്റ്റ് എന്ന മഞ്ഞു കണികകളില്‍ തട്ടി വരുന്ന ചിതറിയ സൂര്യപ്രകാശമാണ് ആകാശത്തിന് റോസ് നിറം നല്‍കുന്നത്. സീറസ് മേഘങ്ങളില്‍ മഞ്ഞു നിറഞ്ഞ ഉയര്‍ന്ന മേഘങ്ങളുടെ
വിഭാഗത്തില്‍ പെടുന്ന മേഘം തട്ടി പ്രതിഫലിക്കുമ്പോള്‍ ആകാശം മുഴുക്കെ ഈ നിറം തോന്നും. മഞ്ഞിന്റെ അളവിന് അനുസരിച്ച് നിറവും മാറും.


ഈ പ്രതിഭാസം രൂപപ്പെട്ടാല്‍ അന്ന് മഴയുണ്ടാകില്ലന്ന് തീര്‍ച്ചപ്പെടുത്താം. കാരണം മഴക്ക് സാധ്യതയുള്ള മേഘങ്ങള്‍ ആകാശത്ത് ഉണ്ടാക്കുമ്പോള്‍ ഇതുണ്ടാകില്ല. സൂര്യപ്രകാശത്തിലെ വിബ്ജിയോര്‍ എന്ന നിറങ്ങള്‍ മഞ്ഞിലെ ക്രിസ്റ്റലില്‍ തട്ടി കലൈഡോസ് കോപ്പില്‍ കാണുന്നതുപോലെ പ്രതീതിയുണ്ടാക്കുന്നു. ഇതിനിടെ തരംഗദൈര്‍ഘ്യം കുറഞ്ഞ ഇളംനീലയും തരംഗദൈര്‍ഘ്യം കൂടിയ ചുവപ്പും കലര്‍ന്നാണ് വയലറ്റ് അല്ലെങ്കില്‍ പിങ്ക് നിറം അനുഭവപ്പെടുന്നത്. പൊടി, മഞ്ഞ് എന്നിവയുടെ തോതനുസരിച്ച് ആകാശം ഓറഞ്ച്, ഇളം നീല, പിങ്ക്, ചുവപ്പ്, നിറങ്ങളിലും കാണപ്പെടാം. ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും തണുപ്പു കൂടിയ ദിവസമായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.

Latest