Connect with us

Articles

ജാതിയും അയിത്തവും അവസാനിക്കുന്നില്ല

Published

|

Last Updated

ജാതീയതക്കും അയിത്തത്തിനുമെതിരെ ഘോരഘോരം പ്രസംഗിക്കുകയും ആശയപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നവരെല്ലാം കാലങ്ങളായി കേരളീയസമൂഹത്തില്‍ അദിവാസി ദളിത് വിഭാഗങ്ങള്‍ നേരിടുന്ന ജാതീയ വിവേചനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നോ? അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം സാധ്യമാക്കാനും പട്ടിക വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനും നടത്തിയ പോരാട്ടങ്ങള്‍ വിജയിച്ചതിന്റെ കഥകളാണ് നവോത്ഥാന സദസ്സുകളിലൊക്കെയും പൊലിമയോടെ ഇന്നും ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. എന്നാല്‍, ആദിവാസികള്‍ അടക്കമുള്ള പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ ഇപ്പോഴും അയിത്തമുണ്ടെന്നതിന്റെ തെളിവുകള്‍ നവോത്ഥാനമൂല്യങ്ങളുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്ന വലിയൊരു സാമൂഹിക പ്രശ്‌നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാനത്തെ പല ഉള്‍നാടന്‍ പ്രദേശങ്ങളിലും ജാതീയ വേര്‍തിരിവുകളും അയിത്തവും ശക്തമായി നിലനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യം അപമാനഭാരത്തോടെയല്ലാതെ ഉള്‍ക്കൊള്ളാനാവുകയില്ല.

കാസര്‍കോട് ജില്ലയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ പട്ടികവിഭാഗത്തിന് പ്രവേശനം നല്‍കുന്നില്ലെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പട്ടികജാതിവര്‍ഗ കമ്മീഷന്‍ ഉത്തരവിട്ടതോടെ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സവര്‍ണ അവര്‍ണ അന്തരങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ആചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വനിതാമതില്‍ നടക്കാനിരിക്കെയാണ് വനിതാ മതിലിനെക്കാളും ഗുരുതരവും പ്രസക്തവുമായ ജാതി മതില്‍ പ്രശ്‌നത്തിലേക്ക് സമകാലിക സ്ഥിതിവിശേഷം വിരല്‍ ചൂണ്ടുന്നത്. ജാതിമതില്‍ തകര്‍ക്കുകയെന്നതാണ് കേരളം ഏറ്റെടുക്കേണ്ട പ്രധാനദൗത്യമെന്നാണ് ചില ക്ഷേത്രങ്ങളില്‍ ജാതിയുടെ പേരില്‍ നടക്കുന്ന അയിത്താചരണങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. കാസര്‍കോട്ടെ ഒരു ക്ഷേത്രത്തില്‍ പട്ടിക വര്‍ഗ കുടുംബത്തിലെ കുഞ്ഞിന് ചോറൂണ് നടത്തിയതിന് ശേഷം ചാണകവെള്ളം തെളിച്ച് ശുദ്ധികലശം നടത്തിയത് ഒരു വിഭാഗം ജനങ്ങളെ അപമാനത്തിന്റെ ആഴത്തിലേക്ക് വലിച്ചെറിഞ്ഞ പ്രവര്‍ത്തിയായി മാത്രമേ കാണാനാവുകയുള്ളൂ.

ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ദളിതര്‍ക്ക് പൂജാരി അവരുടെ സ്പര്‍ശമേല്‍ക്കാതിരിക്കാന്‍ പ്രസാദം എറിഞ്ഞുകൊടുക്കുന്നതു സംബന്ധിച്ചും പട്ടികവര്‍ഗ കമ്മീഷന് ലഭിച്ച പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. അധഃസ്ഥിത ജനവിഭാഗങ്ങളെ ഇന്നും മനുഷ്യരായി കാണാനും ആ രീതിയില്‍ ഇടപെടാനും കാണാത്ത വിധം ഇരുണ്ടകാലത്തിന്റെ തടവറയില്‍ കഴിയുന്ന മേല്‍ജാതിക്കാരായ പലര്‍ക്കും സാധിക്കുന്നില്ലെന്നറിയുമ്പോള്‍ ആദ്യം പൂര്‍ണമായും തുടച്ചുനീക്കപ്പെടേണ്ടത് ഹീനമായ ജാതീയമനോഭാവമല്ലേയെന്ന ചോദ്യമാണ് ഉയര്‍ന്നുവരേണ്ടത്. കേരളത്തില്‍ ആദിവാസികളും ദളിതരും ഏറ്റവും കൂടുതല്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പോലും സവര്‍ണചിന്താഗതിക്കാര്‍ നിശ്ചയിക്കുന്ന ജാതീയ അതിരുകളില്‍ ഒതുങ്ങിജീവിക്കാന്‍ ഇവരെല്ലാം നിര്‍ബന്ധിക്കപ്പെടുകയാണ്. സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരുടെ കുടുംബക്ഷേത്രങ്ങളില്‍ പട്ടികവിഭാഗത്തില്‍ പെട്ടവര്‍ക്ക് ദര്‍ശനം നല്‍കാറില്ലെന്നതു സംബന്ധിച്ച് മുമ്പേ തന്നെ പരാതികളുയര്‍ന്നിരുന്നു. ഇത്തരം ക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുമ്പോള്‍ മതിലിന് വെളിയില്‍ മാറിനിന്ന് വീക്ഷിക്കാനുള്ള അനുവാദം മാത്രമേ കാടിന്റെ മക്കളെന്ന് മുദ്രകുത്തപ്പെട്ടവര്‍ക്ക് ലഭിക്കാറുള്ളൂ. ഭക്ഷണശാലയിലേക്ക് കടക്കാനുള്ള അനുവാദവും ഇവര്‍ക്കില്ല. കാസര്‍കോട് ജില്ലയില്‍ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളുമുള്ള നിരവധി പട്ടികജാതി വര്‍ഗ വിഭാഗങ്ങളില്‍ പെട്ടവര്‍ അധിവസിക്കുന്നുണ്ട്. കൊറഗന്‍, മാവിലന്‍, പുലയന്‍, വേട്ടുവന്‍, മലവേട്ടുവന്‍, വണ്ണാന്‍, മണ്ണാന്‍, ചെറുമന്‍, മലയന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവരുടെ വീടുകളില്‍ വിവാഹം നടന്നാല്‍ മേല്‍ജാതിക്കാരെ ക്ഷണിക്കാന്‍ പാടില്ലെന്ന അപ്രഖ്യാപിത നിയമം കാലങ്ങളായുണ്ട്.
പഴയ കാലത്തെ ജാതിപ്രമാണിമാര്‍ ഉണ്ടാക്കിയ ഈ അയിത്തവ്യവസ്ഥ ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നു. ചില സ്ഥലങ്ങളില്‍ വിവാഹച്ചടങ്ങിന് മേല്‍ ജാതിക്കാര്‍ ക്ഷണിക്കപ്പെട്ടാല്‍ തന്നെ ഭക്ഷണം കഴിക്കാതെ മടങ്ങിപ്പോകും. സവര്‍ണ കുടുംബങ്ങളിലെ വിവാഹച്ചടങ്ങുകള്‍ക്ക് ആദിവാസികളെ ക്ഷണിക്കാതെ മാറ്റി നിര്‍ത്തുന്ന പ്രവണത ഇപ്പോഴുമുണ്ട്. അവര്‍ വന്നാല്‍ തന്നെയും അവരെ വേറെ ഇരുത്തി ഭക്ഷണം നല്‍കുകയും ചെയ്യുന്നു. സവര്‍ണജാതികളില്‍ പെട്ടവരുടെ വീടുകളില്‍ കെട്ടിയാടുന്നത് സൗന്ദര്യമുള്ള ദേവീദേവന്‍മാരുടെ തെയ്യക്കോലങ്ങളാണെങ്കില്‍ ആദിവാസി പട്ടികജാതി ഊരുകളില്‍ കെട്ടിയാടപ്പെടുന്നത് ചാമുണ്ഡി, കരിഞ്ചാമുണ്ഡി, കോപ്പാളത്തി, കുറത്തിയമ്മ, പഞ്ചുരുളി തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഉഗ്രരൂപികളായിരിക്കും. കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ തറവാടുകളില്‍ നടക്കുന്ന തെയ്യംകെട്ട് മഹോത്സവങ്ങളില്‍ സവര്‍ണജാതികളില്‍ പെട്ടവര്‍ പങ്കെടുക്കുമെങ്കിലും ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിക്കുന്ന അവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ആദിവാസികള്‍ ഉണ്ടാക്കുകയും വിളമ്പുകയും ചെയ്യുന്നുവെന്ന കാരണത്താല്‍ ഭക്ഷണം ബഹിഷ്‌കരിക്കുന്ന മനോഭാവം അതേ പടി നിലനില്‍ക്കുന്ന കാലത്ത് ഏത് തരത്തിലുള്ള നവോഥാനമാണ് വിജയിക്കുകയെന്ന് നമ്മള്‍ സ്വയം വിമര്‍ശനാത്മകമായി തന്നെ പരിശോധിക്കണം. നാട്ടിന്‍പുറങ്ങളില്‍ ഘോഷയാത്രകളില്‍ ദളിതരെ പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തുന്നതും തൊഴിലുറപ്പിന് പോകുന്ന സ്ത്രീകളിലെ മുന്തിയ ജാതിക്കാര്‍ ദളിത് വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കാത്തതുമൊക്കെ ഇനിയും അവസാനിപ്പിക്കാനാകാത്ത പരമ്പരാഗത ആചാരങ്ങളാണ്.

കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടക സവര്‍ണമേധാവിത്വവും ജന്മിത്വവും അയിത്ത ചിന്താഗതിയും അതിശക്തമായി നിലനില്‍ക്കുന്ന നാടാണ്. കര്‍ണാടക ഉഡുപ്പിയിലെ ക്ഷേത്രത്തില്‍ ദളിതര്‍ക്കെതിരെ നിലനിന്നിരുന്ന ഒരു ആചാരം നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായി നിര്‍ത്തലാക്കിയതുസംബന്ധിച്ച വാര്‍ത്ത ഏറെ അഭിമാനം പകരുന്നതായിരുന്നു. ബ്രാഹ്മണരുടെ എച്ചിലിലകളില്‍ ദളിതര്‍ ഉരുളുന്ന ആചാരമാണ് എന്നെന്നേക്കുമായി അവസാനിപ്പിച്ചിരിക്കുന്നത്. ദളിതരെ മൃഗങ്ങളെക്കാളും നിന്ദ്യമായി കാണുന്ന ദുരാചാരമായിരുന്നു ഇത്. നിര്‍ത്തലാക്കപ്പെടേണ്ട ജാതിവിവേചനത്തിലധിഷ്ഠിതമായ ഒട്ടനവധി ആചാരങ്ങള്‍ ഇനിയുമുണ്ട്. കര്‍ണാടകയിലും ദളിതര്‍ക്ക് പ്രവേശനം നിഷിദ്ധമായ ക്ഷേത്രങ്ങളുണ്ട്. പൊതുവഴിയും കുടിവെള്ളവും നിഷേധിക്കപ്പെടുന്ന തരത്തിലുള്ള മറ്റുവിലക്കുകള്‍ ഇതിന് പുറമെയാണ്. കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജന്മിമാരായ സവര്‍ണജാതിക്കാര്‍ ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതുസംബന്ധിച്ച് സമീപകാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

പട്ടിക വിഭാഗത്തില്‍ പെട്ടവര്‍ക്ക് നടന്നോ വാഹനങ്ങളിലോ പോകാന്‍ അനുവദിക്കാതെ വഴിയടക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അധികാരികള്‍ പോലും ഇതിനോട് മുഖം തിരിക്കുകയായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ച ദളിത് സ്ത്രീയുടെ മൃതദേഹം വാഹനത്തില്‍ കൊണ്ടുപോകാന്‍ റോഡ് വിട്ടുനല്‍കാതിരുന്നതിന്റെ പേരില്‍ ബന്ധുക്കള്‍ ഈ മൃതദേഹം മറ്റൊരു വഴിയിലൂടെ കിലോമീറ്ററുകളോളം ചുമന്നുകൊണ്ടുപോയതു സംബന്ധിച്ച വാര്‍ത്ത പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ അധികാരികളും ജനപ്രതിനിധികളും ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും പട്ടികവര്‍ഗകുടുംബങ്ങളുടെ സൗകര്യാര്‍ഥം റോഡ് നിര്‍മിച്ചുനല്‍കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു.

ഈ ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ ആദിവാസികളാണെന്ന യാഥാര്‍ഥ്യം പരിഷ്‌കൃത സമൂഹം എല്ലായ്‌പ്പോഴും വിസ്മരിക്കുകയാണ്. അവര്‍ക്ക് മറ്റുള്ളവരെ പോലെ തന്നെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിച്ചേരാനും അവകാശമുണ്ട്. അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിരക്ഷയും വിഭാവനം ചെയ്യുന്നുണ്ട്. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റേതുമടക്കം ഒരുതരത്തിലുള്ള വിവേചനവും ഈ വിഭാഗത്തോട് കാണിക്കാന്‍ പാടുള്ളതല്ല. ആരാധനാ സ്വാതന്ത്ര്യവും സഞ്ചാരസ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും മറ്റേതൊരു പൗരനെയും പോലെ ആദിവാസിയുടെയും ഭരണഘടനാപരമായ അവകാശമാണ്. ആ നിലക്ക് ഇതിനെല്ലാം വിരുദ്ധമായ വ്യവസ്ഥിതികളുടെ ഇരകളായി ആദിവാസികള്‍ മാറുമ്പോള്‍ ഭരണഘടനാപരമായ തുല്യനീതിയും തുല്യ അവകാശവുമാണ് നിഷേധിക്കപ്പെടുന്നത്. അവരുടെ ഭൂമിയും മാനവും കവര്‍ന്നെടുത്ത് ആധുനിക സമൂഹം നടത്തുന്ന ചൂഷണങ്ങള്‍ തടയാന്‍ ഇവിടത്തെ നീതിന്യായ വ്യവസ്ഥകള്‍ക്കും സാധിക്കുന്നില്ല. പട്ടികജാതിവര്‍ഗവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികളുടെ നുകങ്ങളില്‍ കറങ്ങുന്ന ഇത്തരം സംഘടനകള്‍ക്ക് പരിമിതികള്‍ ഏറെയാണ്.

ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ അയിത്തത്തിനെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും സമൂഹത്തിന്റെ അടിത്തട്ടില്‍ പൂര്‍ണമായും തുടച്ചുമാറ്റാന്‍ കഴിയാത്ത ജാതിഭ്രാന്തിന്റെ മാറാലകള്‍ പറിച്ചെറിയാതെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാകില്ല. നവോത്ഥാന ചിന്താഗതികള്‍ പ്രസംഗങ്ങളില്‍ പ്രതിഫലിപ്പിക്കുന്നവര്‍ പോലും തങ്ങളുടെ കുടുംബകാര്യം വരുമ്പോള്‍ യാഥാസ്ഥിതികത്വം മുറുകെ പിടിക്കുന്നതായാണനുഭവം. പഴയകാല നവോത്ഥാന പ്രവര്‍ത്തകരില്‍ വലിയൊരു ശതമാനം സവര്‍ണജാതികളില്‍ പെട്ടവരായിരുന്നു. ദളിതരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് പന്തിഭോജനം നടത്തുക വഴി വലിയ വിപ്ലവങ്ങള്‍ക്കാണ് അവര്‍ വഴിതുറന്നത്. അടിസ്ഥാനപരമായി നവോത്ഥാനം പൂര്‍ണതോതില്‍ സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ മാത്രം വിശാലമല്ല കേരളത്തിന്റെ മാനസികാവസ്ഥ. അതിന് അനന്തമായ സഞ്ചാരം തുടരേണ്ടിയിരിക്കുന്നു.

Latest