Articles
തിരഞ്ഞെടുപ്പ് ഫലവും കര്‍ഷകരും
ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒരു സംസ്ഥാനത്ത് പോലും ബി ജെ പി സഖ്യത്തെ ഭരണാധികാരമേല്‍പ്പിക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല എന്ന കാര്യത്തില്‍ ജനാധിപത്യ മതേതര വിശ്വാസികള്‍ ഏറെ ആഹ്ലാദിക്കുകയാണ്. കര്‍ഷകര്‍, ഇടത്തരം കച്ചവടക്കാര്‍, തൊഴിലാളികള്‍, ചെറുകിട വ്യവസായികള്‍ മുതലായവര്‍ പ്രത്യേകിച്ചും.
മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ കര്‍ഷകരെയും ഇടത്തരം സാമ്പത്തിക ശേഷിയുള്ളവരെയും ചെറുകിട വ്യാപാരികളെയുമെല്ലാം സാമ്പത്തികമായി ഏറെ പിന്നോട്ട് നയിച്ചതിനെ തുടര്‍ന്നുള്ള ജനകീയ പ്രതിഷേധത്തിന്റെ അനന്തരഫലമായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍. മന്‍മോഹന്‍ സര്‍ക്കാറിന്റെ ദയനീയ പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് രമേശ് ചെന്നിത്തല ഒറ്റവാക്കില്‍ നല്‍കിയ മറുപടി ദിവസം തോറും ഇന്ധനവില വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്ന സര്‍ക്കാറിനെ ജനങ്ങള്‍ വിണ്ടും അതികാരമേല്‍പ്പിക്കാന്‍ തയ്യാറാകുമോ എന്നതായിരുന്നു.
അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ബി ജെ പിക്ക് ഒരു സംസ്ഥാനത്തും ഭരണം നടത്താനുള്ള അവസരം ലഭിച്ചില്ലെന്ന് മാത്രമല്ല അവര്‍ 15 വര്‍ഷം തുടര്‍ച്ചയായി ഭരണത്തിലിരുന്ന ഛത്തീസ്ഗഢില്‍ പോലും അതിദയനീയമായി പരാജയപ്പെടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ ബി ജെ പി നേതാവിന്റെ പ്രതികരണവും നാലര വര്‍ഷം മുമ്പ് ചെന്നിത്തല പറഞ്ഞതിന്റെ തനിയാവര്‍ത്തനമായിരുന്നു എന്ന് കാണാവുന്നതാണ്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിപ്പിടിച്ച വികസന പ്രശ്‌നങ്ങള്‍ക്കു പകരം നമ്മുടെ ശ്രദ്ധ പ്രതിമകളുടെ പേരുകള്‍ മാറ്റുന്നതിലും രാമക്ഷേത്രത്തിലുമായിപ്പോയതാകാം പരാജയ കാരണമായി എനിക്ക് തോന്നുന്നത് എന്നായിരുന്നു ബി ജെ പി നേതാവും മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എം പി യുമായ സഞ്ജയ് കക്കഡെ മാധ്യമങ്ങളോട് പറഞ്ഞത്.
നാലര വര്‍ഷം മുമ്പ് മന്‍മോഹന്‍ സര്‍ക്കാറിന്റെ പുത്തന്‍ സാമ്പത്തിക നയങ്ങളെയും അതിന്റെ ഭാഗമായി ജനങ്ങള്‍ നേരിട്ട് കൊണ്ടിരുന്ന സാമ്പത്തിക പ്രയാസങ്ങളും കര്‍ഷകര്‍ അനുഭവിച്ച് കൊണ്ടിരുന്ന ദുരിതങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാജ്യത്താകമാനം മുഖ്യവിഷയമായി ഉന്നയിച്ചിരുന്ന നരേന്ദ്ര മോദിയും സംഘവും അവരുടെ നാലര വര്‍ഷത്തെ ഭരണത്തില്‍ സിംഗിന്റെ പിന്തുടര്‍ച്ചക്കാരായി മാറി. ഒപ്പം രാജ്യത്ത് ജാതി മത വിശ്വാസങ്ങളുടെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിനും നാല്‍ക്കാലികളുടെ പേരില്‍ മനുഷ്യരെ കൊലപ്പെടുത്തുന്നതിനും അതിന്റെ തുടര്‍ച്ചയെന്നോണം രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക്് അവസരങ്ങള്‍ സൃഷ്ടിക്കുകയും കലാപകാരികളെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചാനയിക്കുകയും ചെയ്യുന്നതില്‍ താത്പര്യപൂര്‍വം ഇടപെട്ട് കൊണ്ടിരിക്കുന്നതുമാണ് ജനങ്ങള്‍ക്ക് കാണാനായത്.
ഇതര സംസ്ഥാനങ്ങളിലുള്ളവരെ പോലെ തന്നെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലുള്ളവരും മോദി സര്‍ക്കാറിന്റെ മേല്‍ പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം അനുഭവിക്കേണ്ടി വന്നവരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാന്‍ ഇടയില്ല.
നരേന്ദ്ര മോദി സര്‍ക്കാര്‍ അഭിമാന പദ്ധതി എന്ന് വിശേഷിപ്പിച്ചിട്ടുള്ള പ്രതിമ നിര്‍മാണം മൂലം പൊതുഖജനാവിന് ഭീമമായ ശോഷണം സംഭവിച്ചു. അതോടൊപ്പം നോട്ട് നിരോധവും പ്രതിദിന ഇന്ധനവില വര്‍ധനവും കാര്‍ഷികോത്പന്നങ്ങളുടെ വില ഇടിവുമെല്ലാം രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും കര്‍ഷകരുടെയുമെല്ലാം സമാധാനപരമായ ജീവിത സാഹചര്യങ്ങളെ തകര്‍ത്ത് കളയുകയും ചെയ്തു.
മന്‍മോഹന്‍ സിംഗ് സര്‍ക്കാറിനെ അപേക്ഷിച്ച് കര്‍ഷകരുടെ നേതൃത്വത്തിലുള്ള വന്‍ പ്രതിഷേധ സമരങ്ങളാണ് നിരവധി സന്ദര്‍ഭങ്ങളിലായി മോദി സര്‍ക്കാറിനെതിരെ ഉയര്‍ന്ന് വന്നത്. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും ഇടത് പക്ഷവും പ്രാദേശിക പാര്‍ട്ടികളുമെല്ലാം പ്രധാനമായും പ്രചാരണായുധമായി തിരഞ്ഞെടുത്തതും കര്‍ഷകരോടുള്ള മോദിയുടെയും സംസ്ഥാന ബി ജെ പി സര്‍ക്കാറുകളുടെയും ശത്രുതാപരമായ സമീപനങ്ങള്‍ തന്നെ ആയിരുന്നു.
രാജ്യത്തെ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള അര്‍ധ പട്ടിണിക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ സമാധാന ജീവിത മാര്‍ഗങ്ങള്‍ താളം തെറ്റാന്‍ ഇടയായ സാഹചര്യങ്ങളെയെല്ലാം വിസ്മരിച്ച് കൊണ്ട് മോദി സര്‍ക്കാറിന്റെ മത വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇതാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ബി ജെ പി സര്‍ക്കാറുകള്‍ക്ക് തുടര്‍ ഭരണം നഷ്ടപ്പെടാന്‍ കാരണമായത്.
സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബി ജെ പിക്ക് പ്രതികൂലമായി ഭവിക്കാന്‍ കാരണമായത് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളും അദ്ദേഹത്തിന്റെ കര്‍ഷകരോടുള്ള അനുഭാവപൂര്‍വമായ സമീപനങ്ങളുമാണെന്നും അതുകൊണ്ട് ഇത് രാഹുലിന്റെ വിജയമാണെന്നും അഭിപ്രായപ്പെട്ടവരും ഏറെയാണ്. എന്നാല്‍ മിസോറാമില്‍ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് തുടര്‍ ഭരണം നഷ്ടമായി അഞ്ച് സീറ്റില്‍ ഒതുങ്ങേണ്ടി വന്നതും തെലങ്കാനയില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും അവസരങ്ങള്‍ നല്‍കാതെ ടി ആര്‍ എസിന് തുടര്‍ ഭരണത്തിന് അവസരം ലഭിച്ചതും എന്ത് കാരണത്താലാണെന്ന് ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ഷകപക്ഷ സമീപനങ്ങളെ പുകഴ്ത്തി കൊണ്ടിരിക്കുന്നവര്‍ സൗകര്യപൂര്‍വം മറന്ന് പോയതായിരിക്കാം.
വാസ്തവത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത് കര്‍ഷക വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് കൊണ്ട് ഭരണം നടത്തിയിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ബി ജെ പി സര്‍ക്കാറുകളോട് സ്വീകരിച്ച സമീപനങ്ങള്‍ തന്നെയായിരുന്നു കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാവാതിരുന്ന മിസോറാമിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെ ഇറക്കുന്ന കാര്യത്തിലും സ്വീകരിച്ചത്. അതോടൊപ്പം തന്നെ ജനപക്ഷ നിലപാടുകളുമായി സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കിയ തെലങ്കാന രാഷ്ട്രിയ സമിതിക്ക് തുടര്‍ ഭരണത്തിനുള്ള അവസരം നല്‍കാന്‍ ജനങ്ങള്‍ തയ്യാറായി. ഇതിന് പിന്നില്‍ നരേന്ദ്ര മോദി സര്‍ക്കാറിനോടുള്ള വിരോധമോ രാഹുല്‍ ഗാന്ധിയിലുള്ള ശുഭപ്രതീക്ഷയോ ആയിരുന്നില്ലെന്നും മറിച്ച് ടി ആര്‍ എസ് സര്‍ക്കാറിന്റെ ഭരണമികവിന് ലഭിച്ച അംഗീകാരമാണെന്നും തുറന്ന് പറയാന്‍ രാഷട്രീയ നിരീക്ഷകരില്‍ പലരും മറന്ന് പോയതായിരിക്കാം. ചുരുക്കത്തില്‍ ഫലം പരിശോധിച്ചാല്‍ ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും സര്‍ക്കാറുകളെ ജനങ്ങള്‍ താഴെ ഇറക്കാന്‍ തയ്യാറായത് പോലെ തന്നെ ജനഹിത നിലപാടുകള്‍ സ്വീകരിച്ച തെലങ്കാന സര്‍ക്കാറിന് തുടര്‍ ഭരണത്തിനുള്ള അവസരം നല്‍കുന്നതിനും വോട്ടര്‍മാര്‍ തയ്യാറായി എന്നതാണ് വാസ്തവം.