Articles
പ്രതിസന്ധികള്‍ കരുത്താക്കിയ നേതാവ്
ഐക്യകേരളത്തിലെ ഏറ്റവും ജനകീയനും കരുത്തനുമായ കോണ്‍ഗ്രസ് നേതാവായിരുന്നു ലീഡര്‍ കെ കരുണാകരന്‍. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്കെടുത്ത് ചാടി അക്ഷീണവും അചഞ്ചലവുമായ പ്രയത്‌നത്തിലൂടെ കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും സമുന്നതനായ നേതാവായി മാറുകയായിരുന്നു അദ്ദേഹം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടങ്ങള്‍ക്കുടമയായിരുന്നു ലീഡര്‍. കൊച്ചി നിയമസഭ, തിരുകൊച്ചി നിയമ സഭ, കേരള നിയമ സഭ, ലോക് സഭ, രാജ്യസഭ എന്നിങ്ങനെ നമ്മുടെ എല്ലാ നിയമ നിര്‍മാണ സഭകളിലും അംഗമാകാന്‍ അവസരം ലഭിച്ച ഒരേ ഒരു മലയാളിയായിരുന്നു അദ്ദേഹം. കാല്‍ നൂറ്റാണ്ടിലധികം കാലം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ നേതാവ്, നാല് തവണ മുഖ്യമന്ത്രി. ഇനി ഒരു രാഷ്ട്രീയ നേതാവിനും തന്റെ പുരുഷായുസ്സില്‍ തകര്‍ക്കാന്‍ കഴിയാത്തത്ര റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ചരിത്രത്തിലേക്ക് നടന്ന് നീങ്ങിയത്. ഇനി എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലാണ് ഇതു പോലൊരു മഹത്ജീവിതത്തിന് സാക്ഷികളാകാന്‍ നമുക്കാവുക.
നാം ഇന്ന് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കേരളം സൃഷ്ടിച്ചതില്‍ കെ കരുണാകരന്‍ നല്‍കിയ സംഭാവന താരതമ്യങ്ങള്‍ക്കപ്പുറമാണ്. ഒരു ഭരണകര്‍ത്താവിന്റെ ആദ്യത്തെയും അവസാനത്തെയും പരിഗണന ജനങ്ങളായിരിക്കണം എന്നദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ ദക്ഷിണ വ്യോമ കമാന്‍ഡ് വരെ, കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയം മുതല്‍ കായംകുളം താപ വൈദ്യുതി നിലയം വരെ. കേരളത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടുന്നതെല്ലാം കെ കരുണാകരന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്.
ലീഡര്‍ ഓര്‍മയായിട്ട് ഇന്ന് എട്ട് വര്‍ഷമാകുന്നു. ഇന്നും കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ വ്യക്തിത്വം ലീഡര്‍ തന്നെയാണ്. സ്വാതന്ത്ര്യാനന്തര കേരളത്തിലെ നാലര ദശാബ്ദങ്ങളെ കരുണാകരന്റെ കാലം എന്നാണ് രാഷ്ട്രീയ ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്താറുള്ളത്. സൂക്ഷ്മബുദ്ധി, പ്രതിബദ്ധത, നിര്‍ഭയത്വം എന്നിവ സമഞ്ജസമായി സമ്മേളിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 1986 ല്‍ എന്റെ 29ാമത്തെ വയസ്സിലാണ് ഞാന്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായി ചേരുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു ആ കാലഘട്ടം. തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പാക്കാനും ലീഡര്‍ കാണിച്ച ചടുലതയും ആര്‍ജവവും അത്ഭുതത്തോടെയായിരുന്നു ഞാന്‍ നോക്കി നിന്നത്. എന്റെ പിന്നീടുള്ള പൊതു പ്രവര്‍ത്തന ജീവിതത്തെ മുന്നോട്ട് നയിച്ച ചാലക ശക്തി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച അനുഭവ സമ്പത്തായിരുന്നു.
എന്തുകൊണ്ടാണ് കെ കരുണാകരന്‍ ഒരു മികച്ച ഭരണകര്‍ത്താവായി വിലയിരുത്തപ്പെടുന്നത്? ഒരേ സമയം രാഷ്ട്രീയവും അക്കാദമികവുമായ ചോദ്യമാണിത്. ആധുനിക മാനേജ്‌മെന്റില്‍ നിര്‍വഹണ നൈപുണ്യം എന്നൊരു പദമുണ്ട്. തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നത് ഇന്നത്തെ സാഹചര്യത്തില്‍ വലിയ കാര്യമല്ല. അതിന്റെ ഫലപ്രാപ്തി എന്നത് പ്രധാന്യമേറിയ ഘടകമാണ്. അതിനെയാണ് നിര്‍വഹണ നൈപുണ്യം എന്നത് കൊണ്ടുദ്ദേശിക്കുന്നത്. ഒരു രാഷ്ട്രീയ തീരുമാനം ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് അത് ഫലപ്രാപ്തിയിലെത്തുമ്പോള്‍ അഥവാ അവരുടെ ജീവിതത്തില്‍ ആ തീരുമാനം മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ്. ലീഡറുടെ പ്രത്യേകത ഇതില്‍ രണ്ടിലും ഒരേ പോലെ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നതാണ്. താന്‍ എടുത്ത് നടപ്പാക്കുന്ന തീരുമാനങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതില്‍ ഒരു വിമര്‍ശനത്തെയും അദ്ദേഹം ഭയന്നില്ല. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയം, കൊച്ചി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിയ ഗോശ്രീ പാലങ്ങള്‍ ഇവയെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോള്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകള്‍ അനവധിയായിരുന്നു. അന്ന് അതിനെയെല്ലാം ലീഡര്‍ ഭയന്നിരുന്നെങ്കില്‍ കേരളത്തിന്റെ വികസന പാന്ഥാവിലെ ഈ നാഴികക്കല്ലുകള്‍ നമുക്ക് മുന്നില്‍ ഉണ്ടാകില്ലായിരുന്നു.
അഖിലേന്ത്യാ തലത്തിലെ പ്രമുഖരായ നേതാക്കളുമായി വലിയ ആത്മബന്ധമാണ് ലീഡര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ആ ബന്ധമെല്ലാം അദ്ദേഹമുപയോഗിച്ചത് സംസ്ഥാനത്തിന്റെ നന്മക്ക് വേണ്ടി മാത്രമായിരുന്നു. 1983-84 കാലഘട്ടം. അന്ന് കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരുന്നു. റിസര്‍വ് ബേങ്കാകട്ടെ കടുത്ത നിയന്ത്രണമാണ് കേരളത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത്. ട്രഷറിക്ക് പൂട്ട് വീഴുന്ന അവസ്ഥ. ലീഡര്‍ അന്ന് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്നു. ഇന്നത്തെ പോലെ മൊബൈല്‍ ഫോണ്‍ സംവിധാനങ്ങളൊന്നും ഇല്ല. ധനകാര്യ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ കര്‍ണാടക ചീഫ് സെക്രട്ടറിയെ വിളിച്ച് ലീഡര്‍ എവിടെയെന്ന് തപ്പിപ്പിടിച്ച് ട്രങ്ക് ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ്. രാത്രി ഏറെ വൈകി അദ്ദേഹത്തെ ലൈനില്‍ കിട്ടിയ പാടെ പരിഭ്രാന്തരായ ഉദ്യേഗസ്ഥര്‍ പറഞ്ഞു, “സര്‍, റിസര്‍വ് ബേങ്ക് കടുത്ത നടപടികളാണ് എടുത്തിരിക്കുന്നത്, ട്രഷറി പൂട്ടേണ്ടി വരും”. ലീഡര്‍ സൗമ്യമായി പ്രതിവചിച്ചു: “നാളെ പത്ത് മണി വരെ സമയമുണ്ടല്ലോ നിങ്ങള്‍ പോയി സമാധാനമായി കിടന്നുറങ്ങ്”. അന്ന് കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ലീഡറുടെ ഒറ്റ ഫോണ്‍ കോള്‍. നിമിഷങ്ങള്‍ കൊണ്ട് റിസര്‍വ് ബേങ്ക് നിയന്ത്രണങ്ങളെല്ലാം നീക്കി. പിറ്റേന്ന് ട്രഷറി തുറന്നു. അതായിരുന്നു കരുണാകരന്‍, കൊടുങ്കാറ്റ് മലയിളക്കി വന്നാലും ചിരിച്ച് കണ്ണിറുക്കി അതിനെ കുളിര്‍ക്കാറ്റാക്കി മാറ്റുന്ന മാന്ത്രിക വിദ്യ ലീഡര്‍ക്ക് മാത്രം സ്വന്തം.
നെഹ്‌റു കുടുംബത്തിലെ മൂന്ന് തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ദിരാജിയുടെ ഏറ്റവും വിശ്വസ്തനായ നേതാവായിരുന്നു ലീഡര്‍. രാജീവ് ഗാന്ധിയുമായും സോണിയാജിയുമായും അതേ ബന്ധം തുടര്‍ന്നു.
1977 ലെ തിരഞ്ഞെടുപ്പില്‍ ചാണക്യനെന്നും തന്ത്രജ്ഞനെന്നും പലരും പുകഴ്ത്തിയ ഇ എം എസിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി പി എമ്മിനെയും വെറും 17 സീറ്റിലൊതുക്കിയാണ് ലീഡര്‍ ഐക്യജനാധിപത്യമുന്നണിയെ അധികാരത്തിലേറ്റിയത്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഇടതു തീവ്രവാദത്തെ നിര്‍ദാക്ഷീണ്യം അടിച്ചമര്‍ത്തിയത് കൊണ്ട് മാത്രമാണ് കേരളം ഛത്തീസ്ഗഢോ, ഝാര്‍ഖണ്ഡോ ആകാതിരുന്നത്. അടിയുറച്ച കോണ്‍ഗ്രസുകാരനായിരുന്നു ലീഡര്‍. എന്നാല്‍ ഒരാളെ അംഗീകരിക്കുന്നതിലും സഹായിക്കുന്നതിലും അദ്ദേഹം ഒരിക്കലും രാഷ്ട്രീയം പരിഗണിച്ചതേയില്ല. കേരളത്തില്‍ പത്രപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനം എടുത്തത് ലീഡര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്ന് ഇടതുപക്ഷത്ത് അടിയുറച്ച് നിന്ന പത്രപ്രവര്‍ത്തകരെ പെന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക താത്പര്യമെടുത്തു അദ്ദേഹം.
എന്റെ പൊതു പ്രവര്‍ത്തന ജീവിതത്തില്‍ ഗുരുവും വഴികാട്ടിയുമായിരുന്നു ലീഡര്‍. ഞാനടക്കമുള്ള ഒരു തലമുറയിലെ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അദ്ദേഹം വലിയൊരു തണല്‍ മരമായിരുന്നു. അദ്ദേഹം പാര്‍ട്ടി വിട്ടു പോകേണ്ടി വന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ ഇടക്കാലത്തുണ്ടായപ്പോള്‍ അദ്ദേഹത്തെ തിരിച്ച് കൊണ്ടുവരാന്‍ വലിയ പങ്കു വഹിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഭാഗ്യമായി ഞാന്‍ കരുതുന്നു.
കെ കരുണാകരന്റെ സ്മരണകള്‍ക്ക് മുമ്പെന്നെത്തേക്കാളുമേറെ ഇന്ന് പ്രസക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ച് വരുന്നു. അതിന്റെ തുടക്കമാണ് മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കണ്ടത്. ലീഡറെക്കുറിച്ചുള്ള തിളക്കമുള്ള സ്മരണകള്‍ ഈ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് പകരും എന്ന് എനിക്കുറപ്പുണ്ട്.