Connect with us

Articles

സൈബര്‍ ലോകത്ത് ചാരക്കണ്ണുകള്‍: വാട്ടര്‍ഗേറ്റ് ആവര്‍ത്തിക്കുമോ?

Published

|

Last Updated

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചാരക്കണ്ണുകള്‍ നിരീക്ഷിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന അസ്വസ്ഥജനകമായ വാര്‍ത്തയാണ് ഈ ഡിസംബറിന്റെഅന്ത്യപാദങ്ങളില്‍ വന്ന പ്രധാനപ്പെട്ട ഒന്ന്. പല ഫാസിസ്റ്റ് നടപടികളില്‍ ഒന്നായി മാത്രം നമുക്കതിനെ കാണാനാകില്ല, പൗരസ്വാതന്ത്ര്യത്തെ തടവിലാക്കാന്‍ ആസൂത്രിതമായി കേന്ദ്ര സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ മൂര്‍ത്ത നടപടിയാണിത്.
പൗരന്മാരുടെ ഏത് വിവരവും ഏത് സന്ദര്‍ഭത്തിലും മൊബൈലില്‍ നിന്നോ കമ്പ്യൂട്ടറില്‍ നിന്നോ ശേഖരിക്കാന്‍ എന്‍ ഐ എ ഉള്‍പ്പെടെയുള്ള 10 ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന ഉത്തരവാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വീഥികളില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങിയ ഭരണകൂട നിരീക്ഷണ സംവിധാനം ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ തുടങ്ങിയിരിക്കുന്നു. സി ബി ഐ, ഇന്റലിജന്‍സ് ബ്യൂറോ, റോ, എന്‍ ഐ എ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങി ബി ജെ പി നേതാക്കള്‍ക്കും ആര്‍ എസ് എസിനും സ്വാധീനമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നാട്ടുകാരുടെ കമ്പ്യൂട്ടര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയാല്‍ പിന്നെ ജനങ്ങളുടെ സ്വകാര്യത ഈ രാജ്യത്ത് അവശേഷിക്കില്ല.

ജനങ്ങളെ വേട്ടയാടാന്‍ ഭരണകൂടത്തിന് തുറന്ന അനുമതി നല്‍കുന്നതിന് തുല്യമാണിത്. രാജ്യദ്രോഹം സംശയിക്കുന്ന ഏതൊരാളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാമെന്ന വാദം തുടക്കം മാത്രമാണ്. എത് പൗരന്റെ ഏത് വിവരവും സേവന ദാതാക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയും വിധം ഒരു നിയമം ലോകത്തെവിടെയും നിലവിലില്ല. ഒരു സമ്പൂര്‍ണ ഫാസിസ്റ്റ് രാജ്യത്ത് മാത്രമേ അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഭരണകൂടം ആസൂത്രണം ചെയ്യാനിടയുള്ളൂ. ആധാര്‍ കാര്‍ഡിലൂടെയായിരുന്നു ആരംഭം. അത് പൗരനെ വേട്ടയാടാന്‍ തയ്യാറാക്കിയ ആദ്യത്തെ ചുവടുവെപ്പായിരുന്നുവെന്ന കാര്യവും ശ്രദ്ധിക്കുക.

എതിര്‍ പാര്‍ട്ടിക്കാരെയും ചിന്തകരെയും എതിര്‍ശബ്ദമുയര്‍ത്തുന്ന ഏത് പൗരനെയും ഇരുമ്പഴിക്കുള്ളിലാക്കാന്‍ ഈ നിയമം മൂലം അനായാസം കഴിയും. രാഷ്ട്രീയ ധാര്‍മികത, മര്യാദ തുടങ്ങിയവയൊന്നും തീരെ പാലിക്കാത്ത ഒരു സംഘത്തിന് എന്ത് അതിക്രമവും അനീതിയും അരങ്ങേറാന്‍ ഒരു മടിയുമുണ്ടാകില്ലല്ലോ. പക്ഷേ, എത്രമേല്‍ ഭീതി ജനകമായ, അരക്ഷിതമായ ദുരവസ്ഥയിലേക്കാണിത് രാജ്യത്തെ ജനങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് ഓര്‍ത്തുനോക്കുക.
വിവരങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ ലോകത്തു നടന്ന വലിയ കുംഭകോണങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന അമേരിക്കയിലെ വാട്ടര്‍ ഗേറ്റ് സംഭവത്തെ ഈ സന്ദര്‍ഭത്തിലാണ് സ്മരിക്കേണ്ടത്. 1972 ജൂണ്‍ 17നാണ് അന്നത്തെ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമായി അടുപ്പമുള്ള അഞ്ച് പേരെ എതിര്‍ പാര്‍ട്ടിയുടെ – ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനമായ വാട്ടര്‍ ഗേറ്റ് കോംപ്ലക്‌സില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. ഫോണ്‍ സന്ദേശം ചോര്‍ത്തുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പോലീസ് അവരില്‍ നിന്നും പിടിച്ചെടുത്തു.
അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് ഫോണ്‍ ചോര്‍ത്തല്‍ പരിപാടി നടത്തിയത്. ആ രാഷ്ട്രീയ ചാരപ്രവര്‍ത്തനം ലോകത്തെ ഞെട്ടിച്ചു. കോളിളക്കം സൃഷ്ടിച്ച ആ സംഭവത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ തത്സ്ഥാനം രാജിവെക്കേണ്ടി വന്നു.

സ്വന്തം രാജ്യത്തെ ചാരപ്രവര്‍ത്തനം രാജ്യദ്രോഹമാണ് അന്നും ഇന്നും. എന്നാല്‍, നമ്മുടെ രാജ്യത്ത് അത്തരമൊരു ചാരപ്രവര്‍ത്തനം നടത്താന്‍ ഭരണകൂടം നിയമപരമായി ഉത്തരവിട്ടിരിക്കുന്നുവെന്നത് വിചിത്രമാണ്. ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന നാട്ടില്‍ അത്തരം സാധ്യതകള്‍ സംഭവിക്കുക വിരളമാണ്. നമ്മുടെ നാട്ടിലെ ജനാധിപത്യം മരണ ശയ്യയിലായിരിക്കുന്നു.

പൗരാവകാശ ലംഘനം നമ്മുടെ ഭരണഘടന അംഗീകരിക്കുന്നില്ല. എന്നാല്‍, യു പി എ സര്‍ക്കാര്‍ 2009-ല്‍ പാസ്സാക്കിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പ് പ്രകാരമാണ്, ബി ജെ പി സര്‍ക്കാര്‍ പൗരസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ഒരുമ്പെടുന്നത്. ആ വകുപ്പ് തന്നെ പൗരന്റെ സ്വകാര്യാവകാശ സംരക്ഷണത്തിന് എതിരാണ്.
വ്യക്തിസ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ പ്രാണന്‍. അത് നഷ്ടപ്പെട്ടാല്‍ പിന്നെ പൗരന്‍ ഉണ്ടാവില്ല, പ്രജ മാത്രമേ അവശേഷിക്കൂ. ഭരണ മേലാളന്മാര്‍ക്ക് മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്ന അടിമകളെ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ഭരണത്തിന്റെ കാഹളം മുഴങ്ങുകയാണ് ഈ ഉത്തരവിലൂടെ. ഈ സൈബര്‍ ഒളിഞ്ഞു നോട്ടത്തിലൂടെ. ജനാധിപത്യ വ്യവസ്ഥയുടെ അവസാനത്തെ അവശേഷിപ്പുകളും കൂടി അപ്രത്യക്ഷ്യമാകുന്നതോടെ ഇന്ത്യാ മഹാരാജ്യം ഫാസിസ്റ്റ് രാജ്യമായി പരിണമിക്കുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുമോ?

Latest