Connect with us

Malappuram

അദനിമാര്‍ കര്‍മ ഭൂമിയിലേക്ക്

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ പ്രഥമ സനദ്ദാന സമ്മേളനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ പണ്ഡിതര്‍ ഇനി സമൂഹത്തിനിടയിലേക്ക്. 165 അദനികളും 185 ഹാഫിളുകളുമാണ് പ്രത്യേക സ്ഥാന വസ്ത്രമണിഞ്ഞ് പണ്ഡിതരുടെ അനുഗ്രഹാശിസ്സുകളോടെ സനദ് വാങ്ങിയത്.
മികച്ച പഠന അന്തരീക്ഷത്തില്‍ നിന്ന് കര്‍മ രംഗത്തേക്ക് കാലെടുത്തു വെക്കാന്‍ പ്രാപ്തി നേടിയ നാനൂറ് യുവ പണ്ഡിതര്‍ ഇനി സമൂഹത്തിലെ ചാലക ശക്തികളായി മാറും. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പരിശീലനം നേടുകയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ലഭിക്കുകയും ചെയ്തവരാണ് ഇവരിലേറെയും.

ബഹുഭാഷകളിലും പ്രസംഗങ്ങളിലും എഴുത്തിലുമുള്ള പരിശീലനങ്ങള്‍ സമൂഹ നന്മക്കായി വിനിയോഗിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ബിരുദം നേടുന്നതിലൂടെ പഠനം പൂര്‍ത്തിയായെന്ന് കരുതരുതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഓര്‍മിപ്പിച്ചു. ഇനിയും അധ്വാനിച്ച് പഠിക്കുകയും കഴിവുകള്‍ ആര്‍ജ്ജിക്കുകയും വേണം. സമൂഹത്തിന് ഉപകരിക്കുന്ന പണ്ഡിതരായി മാറണമെന്നും അദ്ദേഹം പറഞ്ഞു. പഠിച്ച് എത്ര ഉന്നത സ്ഥാനങ്ങളിലെത്തിയാലും ആശയ, ആദര്‍ശ വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് സനദ്ദാന പ്രഭാഷണം നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും പറഞ്ഞു.

വൈസനിയം സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന സനദ്ദാന സമ്മേളനം തന്നെ വരും ദിവസങ്ങളിലെ ജനബാഹുല്യം വെളിപ്പെടുത്തുന്നതായി മാറി. സനദ് സ്വീകരിക്കാനെത്തിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങളെല്ലാം അതിരാവിലെ തന്നെ മഅ്ദിന്‍ എജ്യുപാര്‍ക്കിലെത്തിയിരുന്നു. വിശാലമായ പന്തല്‍ ഉള്‍കൊള്ളാനാകാതെ തിങ്ങി നിറഞ്ഞ ജനങ്ങളെ ഹൃദ്യമായാണ് സംഘാടകര്‍ സ്വീകരിച്ചത്.