Kerala
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ നിര്‍ണായകമാകും: മര്‍ക്കണ്ഡേയ കട്ജു
മലപ്പുറം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികള്‍ നിര്‍ണായകമാകുമെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മര്‍ക്കണ്ഡേയ കട്ജു. മഅ്ദിന്‍ വൈസനിയം സമ്മേളനത്തില്‍ ഇന്ത്യ: ഭാവിയുടെ വിചാരങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി ജെ പിക്കും കോണ്‍ഗ്രസിനും 125 വീതം സീറ്റുകള്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ലഭിക്കും. ബാക്കി സീറ്റുകള്‍ നേടി മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു എന്നിവരെപ്പോലുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നിര്‍ണായകമായ റോളിലേക്ക് വരും. ബി ജെ പിക്ക് 20 ശതമാനം വരുന്ന ഉയര്‍ന്ന ജാതിക്കാരുടെ വോട്ട് മാത്രമാണുള്ളത്. ബാക്കിയുള്ള വോട്ടുകള്‍ നേടുന്നതിനായി വര്‍ഗീയ ലഹളകളും സാമുദായിക ധ്രുവീകരണവും സൃഷ്ടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബി ജെ പിയെ നേരിടുന്നതിന് മതേതര കക്ഷികള്‍ക്ക് ഒന്നിക്കാനാവുന്നില്ല. യോജിച്ചാല്‍ തന്നെ മന്ത്രിമാരുടെ വകുപ്പുകളുടെ പേരില്‍ ഭിന്നിക്കുകയാണ് അവര്‍. കര്‍ണാടകയിലെ സംഭവങ്ങള്‍ പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. ബി ജെ പി ശക്തിപ്പെട്ടാല്‍ 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വലിയതോതില്‍ പിന്നോട്ടടിക്കും. മുഗളാനന്തര ഭരണത്തേക്കാള്‍ മോശം അവസ്ഥയിലാണ് ഇന്ത്യ ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെയും ജാതിയുടെയും ഉപജാതിയുടെയും അടിസ്ഥാനത്തിലുള്ള പാര്‍ലിമെന്ററി ജനാധിപത്യം ഇന്ത്യയുടെ പുരോഗതിയെ പിറകോട്ടടിപ്പിക്കുകയാണ്. ഇന്ത്യയെയും ചൈനയെയും താരതമ്യപ്പെടുത്തിയാല്‍ അഞ്ചിരട്ടി മുകളിലാണ് അവര്‍. ദീര്‍ഘവീക്ഷണവും ആധുനിക വികസന ചിന്തകളുമുള്ള രാഷ്ട്രീയ നേതാക്കള്‍ നമ്മുടെ രാജ്യത്തില്ല. അതിനാല്‍ വലിയ സങ്കല്‍പ്പങ്ങളും സ്വപ്‌നങ്ങളും അറിവുമുള്ള പുതിയ രാഷ്ട്രീയ നേതൃത്വമാണ് വേണ്ടത്. പശുവിന്റെയും ക്ഷേത്രത്തിന്റെയും പേരില്‍ തമ്മിലടിക്കുന്നവര്‍ക്ക് പുരോഗതി പ്രാപിച്ച ഇന്ത്യയെ സൃഷ്ടിക്കാനാകില്ല. ഇന്ത്യയിലെ നിലവിലുള്ള രാഷ്ട്രീയ നേതൃത്വം പിന്തിരിപ്പന്‍ ഫ്യൂഡല്‍ ചിന്തകള്‍ ഉള്ളവരാണ്. മോദിഭരണത്തില്‍ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞിരിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയെന്നെല്ലാം പറയുന്നത് വലിയ കളവാണ്. ലോകത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളില്‍ പകുതിയും നമ്മുടെ രാജ്യത്താണെന്നും അദ്ദേഹം പറഞ്ഞു.
ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. കര്‍ണാടക വഖ്ഫ് മന്ത്രി യു ടി ഖാദര്‍, എം എല്‍ എമാരായ കെ എന്‍ എ ഖാദര്‍, എന്‍ എ ഷംസീര്‍, കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദീഖ്, ഫ്രണ്ട്‌ലൈന്‍ എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, അമ്മാന്‍ ഔഖാഫ് അഡൈ്വസര്‍ ഇസ്മാഈല്‍ ബിന്‍ നാസര്‍ അല്‍ ഔഫി, എന്‍ അലി അബ്ദുല്ല, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി സംസാരിച്ചു.