Connect with us

Ongoing News

വനിതാ മതില്‍ ഉയരുമ്പോള്‍

Published

|

Last Updated

ലോകമെമ്പാടുമുളള ജനങ്ങള്‍ പുതുവത്സരത്തെ സ്വാഗതം ചെയ്യുന്ന ദിനമാണ് ജനുവരി ഒന്ന്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുളള ശിവഗിരി തീര്‍ഥാടനം അവസാനിക്കുന്ന ദിനവും അന്നാണ്. ആ ദിനത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുകയെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ടും വനിതാ മതില്‍ ഉയരുന്നത്. കേരളത്തെ ഭ്രാന്താലയമായി മാറ്റരുതെന്ന മുദ്രാവാക്യവും ഇത് മുന്നോട്ടുവെക്കുന്നുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ രൂപപ്പെടുമ്പോള്‍ അതിനോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് ജനാധിപത്യ കേരളം ഒപ്പമുണ്ടാകുമെന്നും വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

വനിതാ മതില്‍ സൃഷ്ടിക്കുന്നതിന് ഇടയായ സാഹചര്യം സ്ത്രീ – പുരുഷ തുല്യത എന്ന ഭരണഘടനാ തത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്. ഈ കാഴ്ചപാടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി വിധിച്ചത്.
വിധി വന്നയുടനെ അത് നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചവര്‍ തന്നെ പിന്നീട് അതിനെതിരായി രംഗത്തുവന്നു. ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി കേരളത്തിലെ സ്ത്രീകള്‍ വിധിക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒപ്പം ഇതിന്റെ മറവില്‍ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകള്‍ അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുളള പ്രചാരവേലകളും ഉയര്‍ന്നുവന്നു. ഹിന്ദുമതവിഭാഗങ്ങളിലാണ് ഇത്തരത്തിലുളള പ്രചാരവേലകള്‍ ഉയര്‍ത്തികൊണ്ടുവന്നത്.

ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹിന്ദു മതവിഭാഗങ്ങളില്‍ നവോത്ഥാന മുദ്രാവക്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ട് പ്രവര്‍ത്തിച്ച പാരമ്പര്യമുളള സംഘടനകള്‍ ഉള്‍പ്പെടെയുളളവരുടെ യോഗം വിളിച്ചുചേര്‍ത്തത്. നവോത്ഥാന ആശയങ്ങള്‍ക്കും സ്ത്രീ-പുരുഷ സമത്വത്തിനും ഒപ്പമാണ് കേരളത്തിലെ സ്ത്രീകളെന്ന് പ്രഖ്യാപിക്കേണ്ടത് നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമാണെന്ന ആശയം ഈ യോഗത്തില്‍ ഉയര്‍ന്നുവന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വന്ന ആശയമായിരുന്നു വനിതാ മതിലിന്റേത്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരെയും ഇതില്‍ അണിനിരത്തേണ്ടതിന്റെ പ്രാധാന്യവും ഇതിനോടൊപ്പം ഉയര്‍ന്നുവന്നിരുന്നു. സ്ത്രീ-പുരുഷ സമത്വം ഉറപ്പുവരുത്തുക എന്നതും സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കുക എന്നതുമാണ് സര്‍ക്കാരിന്റെ നയം. അതുകൊണ്ടു തന്നെ സര്‍ക്കാറിന് ആ ആശയത്തെ പിന്തുണക്കുന്നതില്‍ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അതിന്റെയടിസ്ഥാനത്തില്‍ യോഗത്തില്‍ ഒരു സംഘാടക സമിതി രൂപവത്കരിച്ചു. പിന്നീട് വനിതാ സബ് കമ്മിറ്റി രൂപവത്കരിക്കുകയും അതിന്റെ ഭാരവാഹികളെയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വിവിധ സംഘടനകള്‍ ഇതിന് പിന്തുണയുമായി രംഗത്തിറങ്ങി. ഇടതുപക്ഷജനാധിപത്യ വനിതാ മുന്നണിയും ഇതോടൊപ്പം ചേര്‍ന്ന് നേതൃത്വപരമായി തന്നെ ഇടപ്പെട്ടു.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരും വനിതാ മതിലിനായുളള തയ്യാറെടുപ്പുകളിലും ഐക്യദാര്‍ഢ്യപ്രകടനങ്ങളിലും നിരന്തരം പങ്കെടുത്തുകൊണ്ടിരിക്കുന്നു. സ്ത്രീകളുടെ ഈ മുന്നേറ്റത്തിന് പിന്തുണ അറിയിച്ചുകൊണ്ട് നിരവധി ചുവരെഴുത്തുകളും പാട്ടുകളും കഥാപ്രസംഗങ്ങളും വീഡിയോകളും പ്രകടനങ്ങളും തെരുവുനാടകങ്ങളും ഫഌഷ് മോബുകളും മറ്റും നാടിന്റെ എല്ലാഭാഗങ്ങളിലും ഉണ്ടായി. അവയില്‍ എല്ലാവിഭാഗങ്ങളിലുംപ്പെട്ട സ്ത്രീകള്‍ സജീവമായി തന്നെ പങ്കാളികളായി. നവോത്ഥാനവും സ്ത്രീ-പുരുഷ സമത്വവും കേളീയ സമൂഹമാകമാനം ചര്‍ച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി. ലോകം തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി വനിതാ മതില്‍ മാറി.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവര്‍ പലവിധ വിമര്‍ശനങ്ങളുമായി ഇപ്പോള്‍ രംഗത്തുവരികയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരം സംഘടനകളുമായി ചേര്‍ന്നുകൊണ്ട് നവോത്ഥാന മുദ്രാവാക്യത്തിനായി പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നതാണ് ഒരു വാദം. എന്നാല്‍ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരിട്ടു നടത്തിയ സമരങ്ങളായിരുന്നു പാലിയം സമരവും കുട്ടംകുളം സമരവും. പാലിയം റോഡിലൂടെ എല്ലാവര്‍ക്കും പ്രവേശനം വേണമെന്നാവശ്യം പാലിയത്ത് ഉയര്‍ന്നപ്പോള്‍ ഇരിങ്ങാലകുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വഴികളിലെ പ്രവേശനത്തിനായിരുന്നു കുട്ടംകുളം സമരം. ഈ സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയത് എസ് എന്‍ഡി പിയും പുലയ മഹാസഭയും പ്രജാമണ്ഡലവും ഒക്കെയായി ചേര്‍ന്നുകൊണ്ടായിരുന്നു എന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെ ഇവര്‍ വിസ്മരിക്കുന്നു.

വനിതാ മതില്‍ സംഘടിപ്പിച്ചതിലൂടെ വര്‍ഗരാഷ്ട്രീയം കൈയൊഴിഞ്ഞ് സ്വത്വരാഷ്ട്രീയത്തിന്റെ പാതയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നീങ്ങിയെന്ന് വ്യഖ്യാനിക്കുന്നവരുമുണ്ട്. ഒരു വിഭാഗത്തിന്റെ പ്രശ്‌നം മറ്റൊരു വിഭാഗത്തിന് മനസ്സിലിക്കാനാവില്ല എന്ന കാഴ്ചപാടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവെക്കപ്പെടുന്നതാണ് സ്വത്വരാഷ്ട്രീയം. ഇവിടെ സ്ത്രീകളുടെ പ്രശ്‌നം സജീവമായി ഏറ്റെടുക്കണമെന്ന് പറയുകയും അതിനായി പിന്തുണയുമായി എത്തുകയും ചെയ്തത് സ്ത്രീകള്‍ മാത്രമല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ തന്നെ പുരുഷന്മാര്‍ ഉണ്ടായിരുന്നു എന്ന വസ്തുതയേയും മറച്ചുവെക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

വനിതാ മതിലിനെ പിന്തുണയ്ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗസമരമെന്ന കാഴ്ചപാടിന് വിരുദ്ധമാണെന്ന വാദം തെറ്റാണ്. വര്‍ഗ്ഗസമരത്തിന്റെ ഭാഗമെന്ന നിലയിലാണ് സാമൂഹ്യമായ അവശതകളുടെ പ്രശ്‌നങ്ങളെ കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നത്. ജാതീയമായ അടിച്ചമര്‍ത്തലിനെതിരെ പൊരുതുക എന്നതും ലിംഗസമത്വത്തിനായി നിലക്കൊള്ളുക എന്നതും അതുകൊണ്ടു തന്നെ വര്‍ഗ്ഗസമരത്തിന്റെ ഭാഗം തന്നെയാണ്. സ്ത്രീവിമോചനം സാമൂഹ്യവിമോചനത്തിന്റെ ഭാഗംതന്നെയാണ് എന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്.

നവോത്ഥാന മുന്നേറ്റത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും സജീവമായി തന്നെ നവോത്ഥാന നായകര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും വി ടി ഭട്ടതിരിപ്പാടും മന്നത്ത് പത്മനാഭനും ഇത്തരം ഇടപെടലുകള്‍ സജീവമായി നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും നവോത്ഥനം സജീവമായിരുന്നു. ഇങ്ങനെ എല്ലാ ജനവിഭാഗങ്ങളെയും സ്വാധീനിച്ചുപോയ മഹാപ്രവാഹമായിരുന്നു നവോത്ഥാനം. അത് സംരക്ഷിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നു പറയുന്നത് വര്‍ഗ്ഗീയതയാവുന്നു എന്നതാണ് ചിലരുടെ കണ്ടുപിടിത്തം. ഇത് ചരിത്ര നിഷേധമാണ്.
നവോത്ഥാനം മുന്നോട്ടുവെച്ച ആശയങ്ങളെ ദേശീയപ്രസ്ഥാനവും തുടര്‍ന്ന് കര്‍ഷക-തൊഴിലാളി പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തമായി മുന്നോട്ടുകൊണ്ടുപോയി. സാമൂഹിക അവശതകള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വ്യാപൃതരായി. ഇത്തരം അവശതകള്‍ക്ക് അടിസ്ഥാനമായ ജന്മിത്വത്തിന്റെ – സാമ്പത്തിക അടിത്തറയെ തകര്‍ക്കുന്ന പ്രവര്‍ത്തനം 1957-ലെ സര്‍ക്കാര്‍ നടപ്പിലാക്കി. ഇത്തരം ഇടപെടലുകളുടെ ഫലമായി കേരളത്തിലെ സ്ത്രീകളുടെ ജീവിതം മുന്‍കാലങ്ങളിലുളളതിനേക്കാള്‍ മെച്ചപ്പെടുത്താനായിട്ടുമുണ്ട്.
ലോകപ്രസിദ്ധമായ കേരള വികസനമാതൃകയിലൂടെ മാതൃമരണം കുറക്കാനും സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ കാര്യത്തില്‍ മുന്നോട്ടുപോകാനും കഴിഞ്ഞു. എന്നാല്‍ കേരളത്തിന്റെ പൊതുവായ വികാസത്തിനൊപ്പം സ്ത്രീകള്‍ ഇനിയും എത്തിയിട്ടില്ലാ എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. നമ്മുടെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ പൂര്‍ണമായി ഉള്‍ക്കൊള്ളാതെ കേരളത്തിന്റെയാകെ വികസനവും പുരോഗതിയും യാഥാര്‍ഥ്യമാവുകയില്ല എന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത തന്നെയാണ് പുലര്‍ത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഒരു പ്രത്യേക വകുപ്പുതന്നെ ഈ സര്‍ക്കാര്‍ രൂപീകരിച്ചു. ജന്‍ഡര്‍ ബജറ്റിംഗ് നടപ്പാക്കുകയും അതിലൂടെ സ്ത്രീസൗഹൃദ പദ്ധതികള്‍ക്കായി പ്രത്യേക വകയിരുത്തല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പൊതു ഇടങ്ങളില്‍ സ്ത്രീസൗഹൃദ ശുചിമുറികള്‍, ഷീ-ലോഡ്ജ്, ഷീ-പാഡ് എന്നീ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി. അതോടൊപ്പം സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കി. ജന്‍ഡര്‍ പാര്‍ക്ക്, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജൂറിസ്പ്രൂഡന്‍സ് എന്നിവ യാഥാര്‍ഥ്യമാക്കുകയാണ്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താനായി പിങ്ക് പോലീസ്, പിങ്ക് പട്രോള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു.

സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പുരുഷനോടൊപ്പം തുല്യതയോടെ ജീവിക്കുന്നതിനുളള അവകാശമുണ്ട്. എല്ലാ മേഖലയിലും അത് ലഭിക്കാനുളള സാഹചര്യമൊരുക്കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം യാഥാര്‍ഥ്യമാകണമെങ്കില്‍ നമ്മുടെ ബോധമണ്ഡലത്തിലും ജീവിത വീക്ഷണത്തിലും അതിനു സമാനായ മാറ്റങ്ങളുണ്ടാകണം. പുരുഷനൊപ്പമാണ് സ്ത്രീ എന്ന ആത്മവിശ്വാസം അവരില്‍ രൂപപ്പെടുത്താനുമാകണം. വനിതാ മതിലുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ നടന്ന ആശയസംവാദങ്ങള്‍ ഇക്കാര്യത്തില്‍ കേരളീയ സമൂഹത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമാണ്.
കേരളത്തിന്റെ സമൂഹത്തില്‍ സ്ത്രീയുടെ ജീവിതം കൂടുതല്‍ ഗുണപരമായ മാറ്റങ്ങളിലേക്ക് നയിക്കാനുതകുന്ന വിധമുളള ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വനിതാ മതിലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം മാറ്റം സ്ത്രീകളുടെ സാമൂഹിക പദവി കൂടുതല്‍ ഉയര്‍ത്തുന്നതിനു വേണ്ടിയുളള സര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് കരുത്തായി തീരുമെന്നതിലും തര്‍ക്കമില്ല. കേരളീയ സ്ത്രീകളുടെ ഉണര്‍വിന്റെയും വളര്‍ച്ചയുടെയും ചരിത്രത്തില്‍ മായാതെ നില്‍ക്കുന്ന ഒന്നായിരിക്കും വനിതാ മതില്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല.