Connect with us

Articles

#സേവ് ആലപ്പാട്; നമ്മള്‍ ഒപ്പമുണ്ടാകണം

Published

|

Last Updated

കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് കടല്‍ തീരത്തെ കരിമണല്‍ ഖനനം

സുനാമി അവരുടെ നെഞ്ച് പിളര്‍ത്തിയാണ് കടന്ന് പോയത്, ഓഖി അവരെ തകര്‍ത്തെറിയാന്‍ ശ്രമിച്ചു. എന്നിട്ടും പതറാതെ അവര്‍ പിടിച്ചു നിന്നു. ഓഖിയും സുനാമിയുമൊക്കെ തീര്‍ത്ത മുറിവില്‍ നിന്ന് കരകയറിയ ആലപ്പാട് നിവാസികള്‍ ഇപ്പോള്‍ മറ്റൊരു ദുരന്തമുഖത്ത് പകച്ച് നില്‍കുകയാണ്. ജനിച്ചു വീണ മണ്ണ് ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാകുന്ന കാഴ്ച കണ്ട് അമ്പരന്ന് നില്‍ക്കുന്ന അവര്‍ ലോകത്തോട് വിളിച്ച് പറയുകയാണ് ഞങ്ങളുടെ “ആലപ്പാടിനെ രക്ഷിക്കണം”.

പ്രളയം നാടിനെ തുടച്ച് നീക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ സകലതും മറന്ന് സഹജീവികളുടെ രക്ഷകരായി നിലകൊണ്ടവരാണ് ആലപ്പാട്ടെ മത്സ്യത്തൊഴിലാളികള്‍. ജനിച്ചുവീണ മണ്ണ് സംരക്ഷിക്കാന്‍ വേണ്ടി അവര്‍ പോരാടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഇനിയും നാം മടിക്കരുത്. കാരണം അത്രമേല്‍ ഭീതിതമാണ് ആലപ്പാട്ടെ കാഴ്ചകള്‍.

പതിറ്റാണ്ടുകളായി തുടരുന്ന കരിമണല്‍ ഖനനമാണ് കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് കടല്‍ തീരങ്ങളുടെ സന്തുലിനാവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഒരുവശത്ത് കായലും മറുവശത്ത് കടലും കൊണ്ട് ചുറ്റപ്പെട്ട പഞ്ചായത്താണ് ആലപ്പാട് പഞ്ചായത്ത്. ഫലഭൂഷ്ടിയുള്ള മണ്ണും വിവിധയിനം മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന കടല്‍തീരവും ഒരുകാലത്ത് ഈ നാടിന്റെ സമ്പത്തായിരുന്നു. ആലപ്പാട് ഉള്‍പ്പെടുന്ന നീണ്ടകര മുതല്‍ കായംകുളം വരെ 23 കിലോ മീറ്റര്‍ നീളത്തില്‍ കിടക്കുന്ന കടല്‍ത്തീരത്തെ മണലില്‍ ഇല്‍മനൈറ്റ്, സിലിക്കോണ്‍, റൂട്ടൈന്‍, ഗാര്‍നൈറ്റ്, മോണോസൈറ്റ്, സിലിമിനൈറ്റ് സിലിക്ക എന്നീ ധാതുക്കളുടെ നിക്ഷേപം 1925 മുതല്‍ തന്നെ വലിയ തോതിലുണ്ടായിരുന്നു. 1930 കളില്‍ ബിട്ടീഷുകാരാണ് ഈ പ്രദേശങ്ങളിലെ തീരങ്ങളില്‍ ഖനനം തുടങ്ങുന്നത്. പിന്നീടിങ്ങോട്ട് പല സ്വകാര്യ കമ്പനികളും ഇവിടെ ഖനനം നടത്തി. ഏറ്റവുമൊടുവില്‍ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ ഏര്‍ത് ലിമിറ്റഡ് (ഐ ആര്‍ ഇ എല്‍) ഉം, കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെ എം എം എല്‍) ഉം വരെ എത്തിനില്‍ക്കുന്നു ആ നീണ്ട നിര.

1955 ലെ ലിത്തോ മാപ്പ് പ്രകാരം ആലപ്പാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇപ്പോഴത് 8.9 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 80 ചതുരശ്ര കിലോമീറ്ററോളം സ്ഥലം എവിടെപ്പോയെന്ന് ചോദ്യം ഉത്തരം കിട്ടാതെ അധികൃതര്‍ക്ക് മുന്നിലുണ്ട്. അനുകൂലിക്കുന്നവരെപ്പോലെ പ്രതികൂലിക്കുന്നവര്‍ക്കും പറയാന്‍ കാര്യങ്ങളും കാരണങ്ങളും ഒരുപാടുണ്ടാകുമെങ്കിലും പതിറ്റാണ്ടുകളായി വലിയതോതില്‍ തുടരുന്ന ഖനനം ഈ കടല്‍ തീരങ്ങളുടെ
വിസ്താരം അനിയന്ത്രിതമാം വിധം കുറയുന്നതിലേക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണെന്നത് വസ്തുതയാണ്.

കടല്‍ വല്ലാത്തൊരു ആസക്തിയോടെ ആലപ്പാടിന്റെ കര കവര്‍ന്നെടുക്കുകയാണെന്നത് ഇവിടെ എത്തുന്നവര്‍ക്ക് നിസ്സംശയം ബോധ്യമാകും. മൂന്ന് കിലോ മീറ്റര്‍ വീതിയുണ്ടായിരുന്ന ആലപ്പാടുള്ള വെള്ളനാട് എന്ന ഗ്രാമം ഇപ്പോള്‍ വെറും 95 മീറ്റര്‍ വീതി മാത്രമാണെന്നതും ഖനനം മൂലം ഉണ്ടായ വിപത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്തുന്നതാണ്. ആരാധനാലയങ്ങള്‍, കളിസ്ഥലങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയവ നിലനിന്നിരുന്ന ആലപ്പാട് ഗ്രാമത്തില്‍ ഇന്ന് കാണപ്പെടുന്ന കടല്‍ഭിത്തിക്കും എത്രയോ പടിഞ്ഞാറ് ഭാഗം വരെ മുമ്പ് വീടുകള്‍ ഉണ്ടായിരുന്നു. കാലക്രമേണ കളിസ്ഥലങ്ങളും ആരാധനാലയങ്ങളും വീടുകളുമെല്ലാം കടലെടുത്തു. അവശേഷിക്കുന്നിടത്ത് കടല്‍ഭിത്തി കെട്ടിയെങ്കിലും അവ പലയിടത്തും പൊട്ടിത്തകര്‍ന്നു കിടക്കുന്നു. ആലപ്പാട്ട് ഇപ്പോള്‍ കടലും ടി എസ് കനാലും തമ്മില്‍ പലയിടത്തും കഷ്ടിച്ച് 50 മീറ്റര്‍ മാത്രമേ ദൂരവ്യത്യാസമുള്ളൂ. ദിനംപ്രതിയെന്നോണം കടലും കരയും തമ്മിലുള്ള ദൂരം കുറഞ്ഞുവരികയാണ്.

സൂനാമി ആഞ്ഞടിച്ചപ്പോള്‍ ആലപ്പാട് അപ്പാടെ തകര്‍ന്നിരുന്നതാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായത് ഇവിടെയാണ്. ഏറ്റവും കൂടുതല്‍ പേര്‍ കുടിയൊഴിപ്പിക്കപ്പെട്ടതും ആലപ്പാട് നിന്നാണ് സൂനാമി ദുരന്തമുണ്ടായപ്പോള്‍ രണ്ടായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അവരില്‍ നല്ലൊരു പങ്കും പിന്നീടു മടങ്ങിവന്നു. ഏകദേശം 7,500 കുടുംബങ്ങളാണ് ഇന്ന് ആലപ്പാട് പഞ്ചായത്തിലുള്ളത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ആര്‍ ഇയുടെ (ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് ലിമിറ്റഡ്) പ്രധാന ഖനനപ്രദേശങ്ങളിലൊന്ന് ആലപ്പാട് പഞ്ചായത്തിലെ വെള്ളനാത്തുരുത്താണ്. വെള്ളനാത്തുരുത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും കടലിലായി. ഇതിന് തെക്കുഭാഗത്ത് കെ എം എം എല്ലിന്റെ ഖനനമേഖലയായ പന്മന ഗ്രാമപഞ്ചായത്തില്‍പ്പെട്ട പൊന്മനയും ഏതാണ്ട് ഇല്ലാതായി. സീ വാഷ് എന്ന പേരില്‍ അശാസ്ത്രീയ കരിമണല്‍ ഖനനം ഐ ആര്‍ ഇ നടത്തുന്നതാണ് കര നഷ്ടപ്പെടുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഐ ആര്‍ ഇ നടത്തി വരുന്ന ഖനനവും ഭൂമി ഏറ്റെടുക്കലും നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി ആലപ്പാട് നിവാസികള്‍ കക്ഷി രാഷ്ട്രീയ ഭേതമന്യേ കഴിഞ്ഞ കുറേ നാളുകളായി പോരാട്ടത്തിലാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം ആ പോരാട്ടത്തിന്റെ തിരമാലകള്‍ ഇപ്പോള്‍ ആഞ്ഞടിച്ച് തുടങ്ങിയിട്ടുണ്ട്. അറബിക്കടലിനും ടി എസ് കനാലിനും മധ്യേ സ്ഥിതി ചെയ്യുന്ന ആലപ്പാടെന്ന കൊച്ചുഗ്രാമം പ്രളയകാലത്ത് നമുക്കൊപ്പം നിന്ന മത്സ്യത്തൊഴിലാളിള്‍ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൊന്ന് കൂടിയാണ്. അതുകൊണ്ട് തന്നെ ഭൂപടത്തില്‍ നിന്ന് ആലപ്പാട് മാഞ്ഞ് പോകരുത്. സഹജീവിസ്‌നേഹത്തിന്റെ പ്രതീകമായി ആലപ്പാട് എന്നും  ഇവിടെ നിലനില്‍ക്കണം. കാണേണ്ടവർ കണ്ണടക്കുമ്പോഴും, സുനാമിയും ഓഖിയും അതിജീവിച്ച ആലപ്പാട് നിവാസികള്‍ മനസാക്ഷി മരിച്ചിട്ടില്ലാത്തവരുടെ പിന്തുണയില്‍ അതിജീവനം സാധ്യമാക്കുക തന്നെ ചെയ്യുമെന്ന് തന്നെയാണ് ഈ നാടിന്റെ പ്രതീക്ഷ.

---- facebook comment plugin here -----

Latest