Connect with us

Articles

സംവരണ പ്രഖ്യാപനത്തിലെ കുതന്ത്രങ്ങള്‍

Published

|

Last Updated

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ അവസരങ്ങളിലും സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനവും അത് നടപ്പാക്കുന്നതിലേക്ക് ഭരണഘടന ഭേദഗതി ചെയ്യുക എന്ന നിര്‍ദേശവും അടുത്തുവരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള അടവായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ നിന്ന് പുറംതള്ളപ്പെട്ടപ്പോള്‍, മുന്നാക്ക വിഭാഗങ്ങളുടെ അതൃപ്തി കൂടി അതിനൊരു കാരണമായെന്ന വിലയിരുത്തല്‍ ബി ജെ പിക്കുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുക പ്രയാസമാകും. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. മുന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം പ്രതിപക്ഷ പാര്‍ട്ടികളില്‍ ആശയക്കുഴപ്പമുണ്ടാക്കുക എന്നത് കൂടിയാണ് സാമ്പത്തിക സംവരണമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നതിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംവരണത്തിന്റെ മാനദണ്ഡം മാറ്റുക എന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ അജന്‍ഡ നടപ്പാക്കുക എന്ന ദീര്‍ഘകാല ലക്ഷ്യം കൂടി ഇതിനുണ്ടാകണം. തത്കാല നേട്ടത്തിനുള്ള ഉപായത്തിന് അപ്പുറത്ത് അതാകണം യഥാര്‍ഥ ലക്ഷ്യം.

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ല്, പാര്‍ലിമെന്റിന്റെ നടപ്പ് സമ്മേളനത്തിലോ ബജറ്റ് അവതരിപ്പിക്കുന്നതിന് ചേരുന്ന അടുത്ത സമ്മേളനത്തിലോ പാസ്സാക്കാനാകില്ല. സംസ്ഥാന നിയമസഭകളില്‍ പകുതിയിലധികം ഈ ബില്ല് അംഗീകരിക്കുകയും വേണം. ഇതൊക്കെ കഴിഞ്ഞാലും നീതിന്യായ സംവിധാനത്തിന്റെ പരിശോധനക്ക് വിധേയമാകേണ്ടിവരും. സാമൂഹികമായ അസമത്വമാണ് സംവരണത്തിനുള്ള മാനദണ്ഡമായി ഭരണഘടന വിഭാവനം ചെയ്യുന്നത്. അതില്‍ വരുത്തുന്ന മാറ്റം, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളില്‍ വരുത്തുന്ന മാറ്റമായി കാണേണ്ടിവരും. അത് അനുവദിക്കാവുന്നതാണോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം നീതിന്യായ സംവിധാനത്തിനുണ്ട്. സംവരണത്തിന്റെ തോത് 50 ശതമാനത്തില്‍ അധികമാകരുത് എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്നു. അതിനപ്പുറത്ത് സംവരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം, ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നാക്കാവസ്ഥ ബോധ്യപ്പെട്ടതുകൊണ്ടാണെന്ന് നീതിന്യായ സംവിധാനത്തെ ബോധ്യപ്പെടുത്തേണ്ടിവരും കേന്ദ്ര സര്‍ക്കാറിന്. ഇതിനൊക്കെ കാലമേറെ വേണ്ടിവരുമെന്നതിനാല്‍, രണ്ട് മാസത്തിനകം പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സാമ്പത്തിക സംവരണം നടപ്പാക്കാനെടുത്ത തീരുമാനം പ്രാഥമികമായി രാഷ്ട്രീയ ലക്ഷ്യം മാത്രമുള്ളതാണ്.

ഗുജറാത്തില്‍ പട്ടേല്‍ സുദായവും ബി ജെ പിയും തമ്മിലുള്ള അകല്‍ച്ചക്ക് പ്രധാന കാരണം സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പട്ടേല്‍ വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. 50 ശതമാനത്തിലധികം സംവരണം പാടില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. ഹരിയാനയില്‍ ജാട്ടുകളുള്‍പ്പെടെ സമുദായങ്ങള്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ച് ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമവും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ മറാഠികള്‍ക്ക് 16 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ ബി ജെ പി സര്‍ക്കാര്‍ തീരമാനിച്ചത് അടുത്തിടെയാണ്. നിലവില്‍ 52 ശതമാനം സംവരണമുള്ള മഹാരാഷ്ട്രയില്‍ 16 ശതമാനം കൂടി സംവരണം ചെയ്യുക എന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യത ഏറെയാണ്. ഈ വിഭാഗങ്ങളെയൊക്കെ ഒപ്പം നിര്‍ത്താനുള്ള ഉപായമാണ് കേന്ദ്രം ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന സാമ്പത്തിക സംവരണം.

ഇതിനൊപ്പം പ്രധാനമാണ് പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാകാനുള്ള സാധ്യത. മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമെന്ന നിര്‍ദേശത്തെ കോണ്‍ഗ്രസ് തത്വത്തില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സാമൂഹികമായ പിന്നാക്കാവസ്ഥയാണ് സംവരണത്തിന് മാനദണ്ഡമാക്കേണ്ടത് എന്ന് വാദിക്കുന്ന പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ നിന്ന് ഭിന്നമായ നിലപാടെടുക്കാന്‍ സാധ്യത ഏറെയാണ്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമൊക്കെ എതിര്‍ നിലപാടുമായി രംഗത്തുവന്നാല്‍ പ്രതിപക്ഷനിര ഭിന്നിച്ചുവെന്ന പ്രതീതി സൃഷ്ടിക്കപ്പെടും. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ച പാര്‍ട്ടിയാണ് ബി എസ് പി. ഉത്തര്‍ പ്രദേശില്‍ ബി ജെ പിയെ എതിര്‍ക്കാന്‍ എസ് പി – ബി എസ് പി സഖ്യമുണ്ടായാല്‍, സംവരണതത്തിലെ നിലപാടുകള്‍ അസ്വാരസ്യം സൃഷ്ടിച്ചേക്കാം. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റത്തിന് പിറകില്‍ പട്ടേല്‍ – പിന്നാക്ക – ദളിത് വിഭാഗങ്ങളുടെ പിന്തുണ പ്രധാനമായിരുന്നു. ഈ ഐക്യത്തില്‍ വിള്ളലുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം കാരണമായേക്കും.

ഇടതുപക്ഷത്തിന് നേതൃത്വം നല്‍കുന്ന സി പി എം മുന്‍കാലത്ത് സാമ്പത്തിക സംവരണത്തെയാണ് പിന്തുണച്ചിരുന്നത്. പില്‍ക്കാലത്ത് സംവരണത്തിന് അടിസ്ഥാനം സാമൂഹികമായ പിന്നാക്കാവസ്ഥയാണെന്ന് അംഗീകരിച്ചുവെങ്കിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി സ്വീകരിച്ച നിലപാടിന്റെ തുടര്‍ച്ചയായാണ്, കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നാക്കത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം തത്വത്തില്‍ അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചതും അത് നടപ്പാക്കുന്നതിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സംവരണം അനുവദിച്ചതും. കോണ്‍ഗ്രസ് – ബി ജെ പി ഇതര സഖ്യമെന്ന ആശയം പിന്തുടരുന്ന ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാവുന്ന പാര്‍ട്ടികളില്‍ വലിയൊരളവ് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്നവരല്ല. അത്തരമൊരു സഖ്യത്തിനുള്ള വിദൂര സാധ്യതയില്‍പ്പോലും വിള്ളലുണ്ടാക്കും നരേന്ദ്ര മോദി സര്‍ക്കാറിന്റെ പുതിയ തന്ത്രം.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാ ദള്‍ (യുനൈറ്റഡ്), രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി എന്നിവയുടെ എതിര്‍പ്പ് മാത്രമാണ് ബി ജെ പിക്ക് നേരിടേണ്ടിവരിക. ബിഹാറില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിനാല്‍ ആ പാര്‍ട്ടികള്‍ സാമ്പത്തിക സംവരണമെന്ന പ്രശ്‌നം മാത്രമുയര്‍ത്തി എന്‍ ഡി എയില്‍ നിന്ന് പുറത്തുപോകാന്‍ ഇടയില്ല. പുറത്തുപോയാല്‍ തന്നെ, സാമ്പത്തിക സംവരണത്തെ തത്വത്തില്‍ അംഗീകരിച്ച കോണ്‍ഗ്രസിനൊപ്പം നില്‍ക്കേണ്ടിവരുന്ന സാഹചര്യം കൂടുതല്‍ പ്രയാസമാകും സൃഷ്ടിക്കുക. ആ നിലക്ക്, എന്‍ ഡി എയെ അപേക്ഷിച്ച് പ്രതിപക്ഷ സഖ്യത്തിലാണ് കൂടുതല്‍ ആശയക്കുഴപ്പത്തിന് സാധ്യത.

മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം എന്ന നിര്‍ദേശം, സാമ്പത്തിക സംവരണം എന്ന ആശയത്തിന് ഭരണഘടനാ സാധുത നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് എന്നതാണ് ഏറ്റം പ്രധാനം. സി പി എം, ബി എസ് പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം എന്ന ആശയത്തെ പിന്തുണക്കുന്നു. അതിനുള്ള ബില്ല് ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടുവെക്കുമ്പോള്‍, രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ അജന്‍ഡകളിലൊന്നായി അത് സ്ഥാനം പിടിക്കുകയാണ്. വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായി അത് മാറുകയും ചെയ്യും. നിര്‍ദിഷ്ട സംവരണം നടപ്പാക്കുമെന്നത് ബി ജെ പിയുടെ മുഖ്യ വാഗ്ദാനങ്ങളിലൊന്നാകുമ്പോള്‍ കോണ്‍ഗ്രസിനോ ബി എസ് പിക്കോ സി പി എമ്മിനോ അത്തരമൊരു വാഗ്ദാനത്തെ ഒഴിവാക്കി നിര്‍ത്താനാകില്ല. സംവരണത്തിന് സാമ്പത്തികാവസ്ഥ കൂടി മാനദണ്ഡമാകുക എന്ന ആശയം പൊതുസ്വീകാര്യതയുള്ള ഒന്നായി മാറുന്ന അവസ്ഥ അധികം അകലെയല്ല എന്ന് ചുരുക്കം. ഇതു തന്നെയാണ് ആര്‍ എസ് എസിന്റെയും യഥാര്‍ഥ ലക്ഷ്യം.

സംവരണം എന്ന ആശയം ചര്‍ച്ചയായ കാലത്തു തന്നെ, ജാതി അടിസ്ഥാനമായുള്ള സംവരണം രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന വിമര്‍ശം ഉന്നയിക്കപ്പെട്ടിരുന്നു. അതിനെ തള്ളിക്കളഞ്ഞുകൊണ്ടാണ്, നൂറ്റാണ്ടുകള്‍ ജാതി വിവേചനത്തിന്റെ ഇരകളായി കഴിയേണ്ടിവന്നവര്‍ക്ക് അധികാരസ്ഥാനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതിനും സാമൂഹിക അന്തസ്സ് ഉറപ്പാക്കുന്നതിനുമുള്ള ഉപാധിയായി സംവരണമെന്ന ആശയത്തെ ഭരണഘടനയുടെ ഭാഗമാക്കിയത്. അന്ന് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന ആശങ്ക പടര്‍ത്തിയത് സവര്‍ണാധിപത്യത്തിന്റെ വക്താക്കളായിരുന്നു. അവരുടെ പിന്‍മുറക്കാരാണ് സംവരണത്തിന്റെ മാനണ്ഡമായി സമ്പത്തിനെക്കൂടി ഉള്‍പ്പെടുത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതിനെ മുന്‍പിന്‍ നോക്കാതെ പിന്തുണക്കേണ്ടി വരികയാണ് കോണ്‍ഗ്രസിനെയും സി പി എമ്മിനെയും പോലുള്ള പാര്‍ട്ടികള്‍ക്ക്.

നാലരക്കൊല്ലം അധികാരത്തിലിരുന്ന ശേഷം, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംവരണത്തിന് ബില്ല് കൊണ്ടുവരുന്നത് പ്രീണനം മാത്രമുദ്ദേശിച്ചാണെന്ന് വിമര്‍ശിക്കാന്‍ കോണ്‍ഗ്രസും സി പി എമ്മും തയ്യാറാകുന്നു. എങ്കിലും ഞങ്ങള്‍ പണ്ടുമുതലേ പറഞ്ഞുകൊണ്ടിരിക്കുന്നത്, ഇപ്പോള്‍ ബി ജെ പിക്ക് പോലും അംഗീകരിക്കേണ്ടി വന്നിരിക്കുന്നുവെന്ന മട്ടുണ്ട് സി പി എം നേതാക്കളുടെ പ്രതികരണത്തില്‍. നിര്‍ദേശം സ്വീകരിക്കാമെങ്കിലും അത് നടപ്പാക്കുന്ന രീതിയില്‍ വിയോജിപ്പുണ്ടെന്നാണ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയുടെ സാരം. ഹിന്ദുത്വ ഫാസിസം മുന്നോട്ടുവെക്കുന്നത് എത്ര നല്ല ആശയമാണെങ്കിലും അതിന്റെ മറവില്‍ അവരുടെ വിനാശകരമായ അജന്‍ഡകളുണ്ടാകുമെന്ന് തിരിച്ചറിയാനുള്ള വിവേകം ഇനിയുമുണ്ടായിട്ടില്ല ഈ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുള്ളവര്‍ക്ക്.

സാമ്പത്തിക സംവരണമെന്ന ആശയത്തിന് രാഷ്ട്രീയ സാധുതയെങ്കിലും നേടിയെടുക്കാന്‍ സാധിക്കുകയാണെങ്കില്‍, സാമൂഹികമായ പിന്നാക്കാവസ്ഥ കണക്കിലെടുത്ത് നല്‍കുന്ന സംവരണം ദശകങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ അതിലൊരു പുനരാലോചന വേണമെന്നും ക്രീമിലെയറിന്റെ രൂപത്തില്‍ ഇപ്പോള്‍ തന്നെ അതിനെ നിയന്ത്രിക്കുന്ന സാമ്പത്തിക ഘടകം മുഖ്യ മാനദണ്ഡമാക്കണമെന്നുമാകും അടുത്തഘട്ടത്തില്‍ സജീവമാന്‍ സാധ്യതയുള്ള വാദം. സാമൂഹിക അന്തസ്സിന്റെയും അധികാര തലങ്ങളിലെ പ്രാതിനിധ്യത്തിന്റെയും കാര്യത്തില്‍ ഇപ്പോഴും പിന്നാക്കം നില്‍ക്കുന്ന, സവര്‍ണാധികാരത്തിന്റെ പിന്തുണയുള്ള അക്രമിക്കൂട്ടങ്ങള്‍ക്ക് എപ്പോഴും ആക്രമിച്ചൊതുക്കാവുന്ന വിധത്തില്‍ ദളിതുകള്‍ തുടരുന്ന രാജ്യത്താണ് സവര്‍ണരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷത്തിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന നിര്‍ദേശം വരുന്നതും തത്വത്തില്‍ അത് പിന്തുണക്കപ്പെടുന്നതും.

---- facebook comment plugin here -----

Latest