Connect with us

Kerala

ആലപ്പാട് ഖനനം; സമരത്തെ തള്ളി പഞ്ചായത്ത് പ്രസിഡന്റ് പിന്നില്‍ വന്‍ ഗൂഡാലോചനയെന്നും ആരോപണം

Published

|

Last Updated

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായി നടക്കുന്ന സമരം 75-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരത്തെ തള്ളി പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. സമരത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും സമരക്കാര്‍ക്ക് പ്രാദേശക പിന്തുണയില്ലെന്നും ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സലീന പറഞ്ഞു.

മലപ്പുറം, വയനാട്, ഇടുക്കി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വാഗമണില്‍ വെച്ച് ചിലര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇതില്‍ എസ് ഡി പി ഐയുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തതിന് വ്യക്തമായ തെളിവുകളുണ്ട്. പ്രദേശത്തെ ഒരു യൂത്ത്കോണ്‍ഗ്രസ് നേതാവാണ് പ്രധാനമായും മുന്നിട്ട് നില്‍കുന്നത്. കരയോഗങ്ങളുടെയും ജനപ്രതിനിധികളുടെയും പിന്തുണ സമരക്കാര്‍ക്കില്ല.

വര്‍ഷങ്ങള്‍കൊണ്ട് നടക്കുന്ന പ്രക്രീയയാണ് ഖനനം, പ്രദേശവാസികള്‍ വസ്തു ഖനനത്തിന് വിട്ട് കൊടുത്തിട്ട് നഷ്ടപരിഹാരം വാങ്ങുകയും ചെയ്യുന്നുണ്ട്. ഞാന്‍ പ്രതിനിധാനം ചെയ്യുന്ന 15-ാം വാര്‍ഡായ മുക്കുംപുഴയിലാണ് പ്രധാനമായും ഖനനം നടക്കുന്നത്. പഞ്ചായത്തില്‍ 16 വാര്‍ഡുകളാണ് ആകെ ഉള്ളത്. 13 മുതല്‍ 16 വരെയുള്ള വാര്‍ഡുകളാണ് ഖനനത്തിനായി ഐ ആര്‍ ഇ ഏറ്റെടുത്തിട്ടുള്ളത്. ഇതില്‍ 15, 16 വാര്‍ഡുകളില്‍ മാത്രമാണ് ഇപ്പോള്‍ ഖനനം നടക്കുന്നത്. ലീസ് പാക്കേജ് പ്രകാരം ഭൂമി ഏറ്റെടുത്ത ശേഷം ഖനനം നടത്തി വീണ്ടും മണ്ണ് നിറത്ത് ഭൂമി തിരികെ നല്‍കാനാണ് പദ്ധതി. ഇത്പ്രകാരം 15-ാം വാര്‍ഡില്‍ മൂന്ന് ഏക്കറോളം ഇതിനോടകം നികത്തിയിട്ടുണ്ട്. ഇവിടെ നിന്ന് മണ്ണ് വാരിക്കൊണ്ട് പോകുന്ന രീതിയാണ് നേരത്തെ തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രാദേശികമായി ശക്തമായ ആവശ്യം ഉയര്‍ന്നതിന് ശേഷമാണ് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി ഇവിടെ ഡീപ്പ് മൈനിംഗ് ആരംഭിച്ചത് തന്നെ.

സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് പോലുള്ള വിഷയങ്ങള്‍ ആലപ്പാട്ടില്ല. ഇവിടെ വന്ന് അന്വേഷിച്ചാല്‍ മാത്രമെ പിന്നിലുള്ള വസ്തുതകളറിയാന്‍ പറ്റു. തീരദേശം ഇല്ലാതാകുന്നത് ഖനനം മൂലമല്ല, പ്രകൃതിക്ഷോഭം മൂലം പലയിടത്തും തീരദേശം ഇല്ലാതായിട്ടുണ്ട്. ആലപ്പുഴ, പുറക്കാട്, ആറാട്ടുപുഴ, പരവൂര്‍ തുടങ്ങി കേരളത്തിന്റെ പല തീരദേശമേഖലകളില്‍ ഉണ്ടാകുന്നത് പോലെ തീരം ഇടിയുന്നത് ആലപ്പാട്ടില്ല. തീരം സംരക്ഷിക്കുന്നതിന് ഒമ്പത് കോടി അമ്പത് ലക്ഷം രൂപ ചെലവഴിച്ച് കമ്പനി പ്രദേശത്ത് പുലിമുട്ട് നിര്‍മിക്കുന്നുണ്ട്. ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇന്‍മനൈറ്റും മോണോസൈറ്റും കയറ്റുമതി ചെയ്യുന്നതിന് പരിശോധനാ അനുമതി സ്വകാര്യ മേഖലയെ ഒഴിവാക്കി ഐ ആര്‍ ഇക്ക് മാത്രമാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതോട് കൂടിയായാണ് പ്രതിഷേധം ഉയര്‍ന്ന് തുടങ്ങിയത്. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കരിമണല്‍ ഖനനമല്ല ആലപ്പാടിനെ തകര്‍ത്തതു സൂനാമിയാണെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു.സമരത്തിന് പിന്നില്‍ പുറത്തുള്ളവരുണ്ടെന്നും മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഇടതുമുന്നണി ഭരിക്കുന്ന ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റും സമരത്തെ തള്ളി രംഗത്തെത്തിയത്.

– മുനീർ കുമരംചിറ

Latest