Connect with us

Gulf

പോറ്റമ്മയായ യു എ ഇയോട് തോറ്റതില്‍ അത്ര വലിയ സങ്കടമില്ല; പക്ഷേ, ബഹ്‌റൈനെതിരെ ജയിക്കണം; പ്രതീക്ഷയോടെ പ്രവാസികള്‍

Published

|

Last Updated

അജ്മാന്‍: കഴിഞ്ഞ മത്സരത്തില്‍ പോറ്റമ്മയായ യു എ ഇയോട് തോറ്റതില്‍ അത്ര വലിയ സങ്കടമില്ലെങ്കിലും ഇന്നത്തെ മത്സരത്തില്‍ ബഹ്‌റൈനെതിരെ ജയിക്കുകയെന്നത് ഇന്ത്യന്‍ ടീമിന് പുറമെ പ്രവാസിഫുട്‌ബോള്‍ പ്രേമികളുടെകൂടി ആവിശ്യമാണ്. ഇന്ന് ഷാര്‍ജ അന്താരാഷ്ട്ര ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാന്‍ നൂറുകണക്കിനാളുകളാണ് ടിക്കറ്റെടിത്തിട്ടുള്ളത്. രാത്രി എട്ടിനാണ് മത്സരം.

ആദ്യ മത്സരത്തില്‍ തായ്‌ലാന്‍ഡിനെതിരെ നേടിയ ഉജ്വല വിജയം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്കും അഭിമാന നിമിഷം സമ്മാനിച്ചിരുന്നു. ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും തങ്ങള്‍ മികവുറ്റവരാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യ-തായ്‌ലാന്‍ഡ് ഫുട്‌ബോള്‍ മത്സരം. മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തിളക്കമാര്‍ന്ന വിജയം. രണ്ടാം മത്സരത്തില്‍ ആതിഥേയരായ യു എ ഇയോട് പൊരുതി കളിച്ചെങ്കിലും രണ്ട് ഗോളിന് പരാജയപ്പെടുകയായിരുന്നു.

ഭാഗ്യമില്ലാതെ പോയ ദിനം എന്നാണ് പ്രവാസികളായ നിരവധി ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഈ മത്സരത്തെ വിശേഷിപ്പിച്ചത്. എതിര്‍ ടീമിന്റെ പോസ്റ്റില്‍ രണ്ടു തവണ തട്ടി നേരിയ വ്യത്യാസത്തിലും യു എ ഇ ഗോള്‍ കീപ്പറുടെ അത്ഭുതകരമായ പെര്‍ഫോമന്‍സിലും ഇന്ത്യക്ക് ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല. അതേസമയം പ്രതിരോധ നിരയിലെ വീഴ്ചകള്‍ പ്രകടമായത് ഇന്ത്യന്‍ ആരാധകരിലും നിരാശയുണ്ടാക്കി.
മലയാളിയായ ആശിഖ് കുരുണിയന്റെ മുന്നേറ്റവും ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുമൊത്തുള്ള ഒരുമിച്ചുള്ള മുന്നേറ്റവും ഏറെ പ്രശംസ നേടി. മറ്റൊരു താരം അനസ് എടത്തൊടിയും മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ അഭിമാനമാണ്.

ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ അറബ് രാജ്യങ്ങള്‍ക്കിടയില്‍ പോലും ഇന്ത്യന്‍ ഫുട്‌ബോളിന് കിട്ടുന്ന വലിയ അംഗീകാരമായിരിക്കുമിതെന്ന് ദുബൈ സി എഫ് ഫുട്‌ബോള്‍ അക്കാദമിയിലെ പരിശീലകനായ ജസീര്‍ മുണ്ടോടന്‍ പറഞ്ഞു.

ഇന്ന് നടക്കുന്ന മത്സരത്തില്‍ സമനില പാലിക്കുകയോ വിജയിക്കുകയോ ചെയ്യേണ്ടത് ഇന്ത്യന്‍ ടീമിന് അത്യാവശ്യമാണ്. എങ്കില്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യക്ക് പ്രവേശിക്കാനാവൂ. അതുകൊണ്ടു തന്നെ നിര്‍ണായക കളി കാണാന്‍ സ്റ്റേഡിയത്തില്‍ നിരവധി പേരെത്തും. സ്റ്റേഡിയത്തിലെത്താന്‍ കഴിയാത്തവര്‍ക്ക് ടെലിവിന്‍ ചാനലുകള്‍ തന്നെയാണ് ആശ്രയം. അതേസമയം മൊബൈല്‍ഫോണിലെ വിവിധ ആപ്ലിക്കേഷനുകള്‍ മുഖേന കളികാണാനും ശ്രമിക്കുന്നവരുണ്ട്.