Connect with us

Gulf

തുല്യതാ സര്‍ട്ടിഫിക്കറ്റ്: കൂടുതല്‍ തൊഴില്‍ മേഖലകള്‍ പ്രതിസന്ധിയിലേക്ക്

Published

|

Last Updated

അജ്മാന്‍: ബിരുദ യോഗ്യതയുള്ളവര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കൂടുതല്‍ തൊഴില്‍ മേഖലകളിലേക്കും വ്യാപിക്കുന്നു. നേരത്തെ സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്കായിരുന്നു ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ഇതര ജീവനക്കാര്‍ക്കും നിയമം ബാധമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓഫീസ് ജീവനക്കാര്‍, അക്കൗണ്ട്‌സ് വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ എന്നിവിടങ്ങളിലും ഈ നിബന്ധന കര്‍ശനമാക്കാന്‍ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ക്ക് 2018 ജനുവരിക്ക് മുമ്പും ഓഫീസ് ജീവനക്കാര്‍ക്ക് 2019 ഡിസംബര്‍ 30നുമകവും തുല്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പിക്കാനാണ് കാലാവധി നിശ്ചയിച്ചിട്ടുള്ളത്.

ഇതോടെ ദഅ്‌വാ കോളജ്, പാരലല്‍ കോളജ്, വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെ പഠനം പൂര്‍ത്തിയാക്കിയവര്‍ തുടങ്ങിയവരുടെ ജോലിയുടെ ഭാവി ആശങ്കയിലായി. ഏതെങ്കിലും ഒരു സര്‍വകലാശാല ആ സര്‍വകലാശാലയുടെ അതേ നിലവാരത്തിലുള്ള ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും തുല്യമായ ബിരുദമാണെന്ന് അംഗീകരിക്കുന്ന രേഖയാണ് തുല്യതാ സര്‍ട്ടിഫിക്കറ്റ് അഥവാ ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റ്.
അതത് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയങ്ങളാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇതിനായി ഉദ്യോഗാര്‍ഥി ബിരുദ പഠനത്തിന് രജിസ്റ്റര്‍ ചെയ്ത ഇന്ത്യയിലെ സര്‍വകലാശാലയില്‍ നിന്ന് ജെന്യൂനിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴിയാണ് സര്‍വകലാശാലകള്‍ ഇത് അയക്കുന്നത്. എന്നാല്‍ ഈ രേഖയില്‍ പഠന രീതിയ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴിയോ വിദുര വിദ്യാഭ്യാസമാര്‍ഗമോ (ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍) ആണെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയില്ല.

കോഴ്‌സുകളുടെ നടത്തിപ്പില്‍ സര്‍വകലാശാലകള്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡം പാലിക്കാത്ത വിലയില്ലാത്ത രേഖയായിട്ടാണ് പല വിദേശ രാജ്യങ്ങളിലെയും വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകളെ കാണുന്നത്.
കേരളത്തില്‍ മലബാര്‍ മേഖലയില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ കോളജുകള്‍ കുറവായതിനാല്‍ പാരലല്‍ കോളേജ്, ദഅ്‌വാ കോളജ് എന്നിങ്ങനെയുള്ള സ്ഥാപങ്ങളിലുമായി ആയിരക്കണക്കിനാളുകളാണ് ബിരുദവും ബിരുദാനന്തര കോഴ്‌സുകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്.
അധ്യാപക മേഖലയില്‍ ഈ നിയമം 2017 മുതല്‍ നടപ്പിലാക്കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷമാണ് സ്‌കൂളുകള്‍ കര്‍ശനമായി നടപടികളിലേക്ക് നീങ്ങിയത്. ഇതോടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. കൂടാതെ ഡിഗ്രി റെഗുലര്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വരുന്ന പുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലിയും കിട്ടാത്ത പ്രതിസന്ധിയുമുണ്ട്.

അതേസമയം പ്രൈവറ്റ് രജിസ്‌ട്രേഷന്‍, വിദൂര വിദ്യാഭ്യാസ മാര്‍ഗത്തിലൂടെ ഇന്ത്യയിലെ മിക്ക സര്‍വകലാശാലകളും യഥേഷ്ടം കോഴ്‌സുകള്‍ നടത്തിവരികയാണ്. ഇതൊന്നുമറിയാതെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ വിവിധയിടങ്ങളിലായി പഠനവും തുടരുന്നുണ്ട്.
പ്രശ്‌നം സംബന്ധിച്ച് കേരളത്തിലെ എം എല്‍ എ, എം പി, മന്ത്രിമാര്‍, മുഖ്യമന്ത്രി തുടങ്ങി കേന്ദ്രതലത്തില്‍ വിദേശകാര്യമന്ത്രിവരെയുള്ള ഭരണകൂട തലത്തില്‍ യു എ ഇയിലെ അധ്യാപകരുടെ കൂട്ടായ്മകള്‍ വിഷയം നിരവധി അവണ അവതരിപ്പിച്ചെങ്കിലും പരിഹാരം വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest