Connect with us

Malappuram

അറിവ് കൊണ്ട് അന്ധതയെ തുരത്തി ജലാലുദ്ദീന്‍ മുസ്‌ലിയാര്‍

Published

|

Last Updated

ജലാലുദ്ദീന്‍ മുസ്‌ലിയാര്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കുന്നു

ഇരുട്ടിന്റെ ലോകത്താണെങ്കിലും വിദ്യയുടെ വെളിച്ചത്ത് നേട്ടങ്ങളുടെ പടവുകള്‍ കയറുകയാണ് ജലാലുദ്ദീന്‍ മുസ്‌ലിയാര്‍. ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കില്‍ എന്തും സ്വന്തമാക്കാമെന്ന് തെളിയിക്കുകയാണ് ഈ യുവ പണ്ഡിതന്‍. ഇരുള്‍ നിറഞ്ഞ ലോകത്ത് ജീവിക്കുമ്പോഴും തന്റെ സഹപാഠികള്‍ക്ക് അകക്കണ്ണ് കൊണ്ട് അറിവിന്റെ വിജ്ഞാന മുത്തുകള്‍ പകര്‍ന്നുകൊടുക്കുകയാണ് കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശി പനയത്തില്‍ ജലാലുദ്ദീന്‍ മുസ്‌ലിയാര്‍. അന്ധതയെ അതിജീവിച്ച് വിദ്യയുടെ വെളിച്ചം മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുന്നതില്‍ സജീവമാകുകയാണ് ഈ 26കാരന്‍. വിധിയെ പഴിക്കാതെ പരിമിതികളെയെല്ലാം ഇച്ഛാശക്തി കൊണ്ട് നേരിടുകയാണ് ഇദ്ദേഹം.

വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ സരളമായും ഗഹനമായും വിശദീകരിച്ചു കൊടുക്കാന്‍ ജലാലുദ്ദീന്‍ മുസ്‌ലിയാരുടെ മിടുക്ക് വേറെ തന്നെയാണ്. ഏഴ് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടുന്നതിന് കോളജില്‍ പോകും മുമ്പ് ഒരു വര്‍ഷം ദര്‍സ് നടത്തുന്നതില്‍ പരിശീലനം നേടുകയാണിപ്പോള്‍.

എട്ട് വര്‍ഷമായി മഅ്ദിന്‍ പെരുമ്പറമ്പ് ദഅ്‌വ കോളജിലാണ് പഠനം നടത്തുന്നത്. തുടക്കത്തില്‍ അധ്യാപകരുടെ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്തും ബ്രെയില്‍ ലിപിയില്‍ കേട്ടെഴുതിയുമാണ് പഠനം നടത്തിയത്. ക്ലാസിലെ കൂട്ടുകാരുടെ സഹായം കൂടിയായപ്പോള്‍ പഠനം എളുപ്പമായി. പിന്നീട് വായന അനിവാര്യമായപ്പോള്‍ സ്വന്തം കൈക്കൊണ്ട് തന്നെ ബ്രെയില്‍ ലിപിയില്‍ കിതാബുകള്‍ എഴുതിയുണ്ടാക്കി. ആദ്യമായി ദര്‍സുകളില്‍ ഓതുന്ന നഹ്‌വ്-സ്വര്‍ഫ് കിതാബുകളായ മീസാന്‍, അവാമില്‍, തഖ്‌വീമുല്ലിസാന്‍, ഖത്വര്‍നദാ തുടങ്ങിയ കിതാബുകള്‍ ബ്രെയില്‍ ലിപിയില്‍ തയ്യാറാക്കി. പിന്നീട് മൂന്ന് ലക്ഷം രൂപ വിലയുള്ള ബ്രെയില്‍ ലിപി ടൈപ്പിംഗ് യന്ത്രം സുമനസ്സുകളുടെ സഹായത്തോടെ ജലാലുദ്ദീന്‍ മുസ്‌ലിയാര്‍ സ്വന്തമാക്കി. ഇപ്പോള്‍ അല്‍ഫിയ്യ, ഫത്ഹുല്‍ മുഈന്‍ കിതാബുകള്‍ പണിപ്പുരയിലാണ്.
മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ ഓരോ മാസവും നടന്നുവരുന്ന അന്ധര്‍ക്കുള്ള പരിശീലന ക്യാമ്പില്‍ നിന്നാണ് ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളെ കുറിച്ച് ജലാലുദ്ദീന്‍ അറിയുന്നത്. പിന്നീട് 2011ല്‍ മഅ്ദിനിലെത്തി. ഇവിടുത്തെ അന്ധവിദ്യാലയത്തിലെ അധ്യാപകരുടെ സഹായത്തോടെ ബ്രെയില്‍ ലിപി പഠിച്ചു.

കാഴ്ചയുള്ളവരുടെ കൂടെ പഠിക്കാനും എല്ലാ വിഷയങ്ങളിലും കഴിവ് നേടിയെടുക്കാനുമായിരുന്നു ജലാലുദ്ദീന്‍ മുസ്‌ലിയാരുടെ ആഗ്രഹം. അദനി ബിരുദം നേടുന്നതിന് അടുത്ത വര്‍ഷം മഅ്ദിന്‍ മുത്വവ്വല്‍ കോളജിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍. ബാല്യത്തില്‍ പഠിക്കാനുള്ള മോഹത്തിന് മാതാപിതാക്കള്‍ എല്ലാ പിന്തുണയും നല്‍കി. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായവും കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ഉറ്റ സുഹൃത്തായ ഉനൈസ് പടിഞ്ഞാറ്റുംമുറി നിഴല്‍ പോലെ ജലാലുദ്ദീന്‍ മുസ്‌ലിയാരുടെ കൂടെയുണ്ട്.

പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി അറബി സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. ഇനി പി എച്ച് ഡി ചെയ്യണമെന്നാണ് മോഹം. പ്രസംഗത്തിലും കരകൗശല നിര്‍മാണത്തിലും കഴിവ് സ്വായത്തമാക്കിയ ജലാലുദ്ദീന്‍ മുസ്‌ലിയാര്‍ പാഠ്യേതര വിഷയങ്ങളിലും വെന്നിക്കൊടി പാറിക്കുകയാണ്. അനായാസം നീന്താനും സൈക്കിള്‍ ചവിട്ടാനും പഠിച്ചിട്ടുണ്ട്. മുഹമ്മദ് കുട്ടി-സുലൈഖ ദമ്പതികളുടെ മകനാണ്.

 

ത്വയ്യിബ് പെരുവള്ളൂര്‍
മലപ്പുറം

Latest