Articles
നീതിയുടെ ദ്വിമുഖങ്ങള്‍
ജയിലില്‍ തടവിലിടുന്നത് ഒരു ശിക്ഷയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം ഒരു സുഖവാസ കേന്ദ്രമാണ് ജയിലെന്നാണ് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ ജീവിതത്തെ സംബന്ധിച്ചു പുറത്തു വന്ന വിവരാവകാശ രേഖകള്‍ കാണിക്കുന്നത്. അഞ്ച് മുറികള്‍, പത്യേകം പാചകക്കാരി, അടുക്കള, നിയന്ത്രണമില്ലാതെ സന്ദര്‍ശകര്‍ തുടങ്ങി വി ഐ പി പരിഗണനയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികലക്ക് ബെംഗളൂരു പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ലഭിച്ചു വരുന്നതെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തി നല്‍കിയ അപേക്ഷയില്‍ അധികൃതര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയത്. ജയിലിലെ നാല്മുറികളില്‍ കഴിഞ്ഞിരുന്ന വനിതാ തടവുകാരെ മാറ്റിയാണ് 2017 ഫെബ്രുവരി 14 മുതല്‍ ശശികലക്ക് അഞ്ച് മുറികള്‍ അനുവദിച്ചത്.
ജയിലില്‍ ആര്‍ക്കും പ്രത്യേകം ഭക്ഷണം പാകം ചെയ്യുന്നതിന് അനുമതിയില്ല. എങ്കിലും ശശികലക്കു ഭക്ഷണം ഉണ്ടാക്കുന്നതിനായി ജയില്‍ അധികൃതര്‍ ഒരു തടവുകാരിയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതിന് പരിമിതിയുണ്ടെങ്കിലും ശശികലക്ക് ഇത് ബാധകമല്ല. അവരെ കാണാന്‍ കൂട്ടത്തോടെയാണ് സന്ദര്‍ശകര്‍ എത്തുന്നത്. ശശികലയും ബന്ധുവായ കൂട്ടുപ്രതി ഇളവരശിയും സാധാരണ വേഷത്തില്‍ ജയിലിന്റെ മുഖ്യ കവാടത്തിലേക്ക് നടന്നു പോകുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലാലു പ്രസാദ് യാദവിനുമുണ്ട് വീട്ടില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ടെലിവിഷന്‍. പത്രങ്ങള്‍ തുടങ്ങിയ പ്രത്യേക സൗകര്യങ്ങള്‍ വേറെയും.
ബലാത്സംഗക്കേസില്‍ ഇരുപത് വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗൂര്‍മീത് റാമും ജയില്‍ അധികൃതര്‍ക്ക് വി ഐ പിയാണ്. പ്രത്യേക വാഹനത്തില്‍ ജയിലിന് പുറത്ത് നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് ഗുര്‍മീതിന് നല്‍കുന്നത്. മറ്റു തടവുകാര്‍ക്ക് ജയിലില്‍ വിവിധ ജോലികള്‍ നല്‍കുമ്പോള്‍ ഗുര്‍മീതിന് ജോലികളൊന്നും നല്‍കുന്നില്ല. ജയിലിലെ തടവുകാര്‍ക്ക് 20 മിനിറ്റാണ് പരമാവധി സന്ദര്‍ശന സമയമെങ്കിലും ഗുര്‍മീതിന് രണ്ട് മണിക്കൂര്‍ വരെ സന്ദര്‍ശകരുമായി കൂടിക്കാഴ്ച അനുവദിക്കുന്നു. ജാമ്യത്തില്‍ ഇറങ്ങിയ തടവുകാരനായ രാഹുല്‍ ജെയ്ന്‍ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
പൊതുഖജനാവില്‍ നിന്ന് കോടികള്‍ തിരിമറി നടത്തിയെന്ന കോടതിയുടെ കണ്ടെത്തലില്‍ ശിക്ഷിക്കപ്പെട്ടവരാണ് ശശികലയും ലാലുപ്രസാദ് യാദവും. കൊലക്കുറ്റത്തിനും ക്രൂരമായ സ്ത്രീപീഡനത്തിനും ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളിയാണ് ഗുര്‍മീത്. ഇവരൊക്കെ ജയിലില്‍ സുഖജീവിതം നയിക്കുമ്പോള്‍ നിസ്സാര കുറ്റത്തിനു ശിക്ഷിക്കപ്പെട്ട സാധാരണക്കാര്‍ ജയിലില്‍ ദുരിത ജീവിതമാണ് നയിക്കുന്നത്. രാജ്യത്തെ നീതിയുടെ ഇരട്ടമുഖങ്ങളാണ് ഇതിലൂടെ പ്രകടമാകുന്നത്. തുല്യനീതിയാണ് ഭരണഘടന അനുശാസിക്കുന്നതെങ്കിലും സാധാരണക്കാര്‍ക്കൊരു നീതി, രാഷ്ട്രീയ മേലാളന്മാര്‍ക്കും സ്വാധീനമുള്ളവര്‍ക്കും മറ്റൊരു നീതിയെന്നതാണ് രാജ്യത്ത് പൊതുവെ കാണപ്പെടുന്നത്.
ഒരു അഭിമുഖത്തില്‍ എം എന്‍ കാരശ്ശേരി ചൂണ്ടിക്കാട്ടിയതു പോലെ ബാല്‍താക്കറെയുടെയും യാക്കൂബ് മേമന്റെയും കാര്യത്തില്‍ സര്‍ക്കാറും നീതിന്യായ മേഖലയും എടുത്ത സമീപനങ്ങളിലും കാണാം പ്രകടമായ വൈജാത്യം. 1993ലെ മുംബൈ കലാപത്തില്‍ പങ്കാളിത്തമുണ്ടെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയ ബാല്‍താക്കറെ മരണപ്പെട്ടപ്പോള്‍ ആദരാഞ്ജലി അര്‍പ്പിച്ചു സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുകയായിരുന്നു. അതേസമയം കുറ്റത്തില്‍ പങ്കാളിത്തം സ്ഥിരീകരിക്കാത്ത മേമന് വധശിക്ഷയും നല്‍കി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മുസ്‌ലിം സമൂദായത്തോടും തീവ്രഹിന്ദുത്വത്തോടും ഭരണകൂടം കാണിക്കുന്ന വ്യത്യസ്ത സമീപനങ്ങളുടെ ഒരു ഭാഗം മാത്രമാണ്. നിസ്സാര കുറ്റകൃത്യങ്ങളുടെ പേരില്‍ പിടികൂടുന്ന മുസ്‌ലിം യുവാക്കളെ യു എ പി എ പോലെയുള്ള കരിനിയമങ്ങള്‍ ചുമത്തി അനന്തകാലത്തേക്ക് ജയിലിലടക്കുമ്പോള്‍ പശുവിന്റെ പേരില്‍ നടത്തപ്പെടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളിലെ പ്രതികളായ ഹിന്ദുത്വ ഭീകരര്‍ക്ക് നേരെ നിയമം കണ്ണടക്കുകയാണ്.
ഒരു മുസ്‌ലിം പണ്ഡിതനായതിന്റെ പേരില്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് നേരിടേണ്ടി വന്ന നീതിനിഷേധവും നമ്മുടെ മുമ്പിലുണ്ട്. നിരവധി രോഗങ്ങള്‍ ബാധിച്ചു പാടേ അവശനായിട്ടു പോലും അദ്ദേഹത്തിന് ജയിലില്‍ പ്രത്യേക സൗകര്യങ്ങളൊന്നും അനുവദിച്ചില്ലെന്നു മാത്രമല്ല, ചികിത്സിക്കാനുള്ള അനുമതി പോലും പലപ്പോഴും നിഷേധിക്കപ്പെട്ടു. ആദ്യത്തെ ജയില്‍ വാസക്കാലത്തെ പത്ത് വര്‍ഷത്തിനിടയില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് പോലും പരോളനുവദിക്കാന്‍ കോടതികള്‍ അദ്ദേഹത്തോട് കനിവ്കാട്ടിയില്ല. അതേസമയം കൊടിയ വര്‍ഗീയ വിഷം ചീറ്റുന്ന പ്രകോപനപരമായ പ്രസംഗങ്ങള്‍ നാടുനീളെ നടത്തുന്ന തൊഗാഡിയമാരും ശശികലമാരും രാജ്യത്ത് സ്വതന്ത്രരായി വിലസുകയും ചെയ്യുന്നു. കുറ്റം സംശയാതീതമായി തെളിയിക്കാന്‍ സാധിക്കാത്ത തീവ്രവാദ കേസുകളില്‍ “പൊതുവികാരം” മാനിച്ചു കൊലക്കയര്‍ വിധിക്കാറുണ്ട് നീതിപീഠങ്ങള്‍. പൊതുസുരക്ഷ കണക്കിലെടുത്ത് കൊടുംക്രിമിനലുകളെ ജീവിതാന്ത്യം വരെ തടവു ശിക്ഷ നല്‍കാന്‍ വിമുഖത കാണിക്കുകയും ചെയ്യുന്നു.
ശിക്ഷകള്‍ യഥാര്‍ഥത്തില്‍ ശിക്ഷണമാണ്. കുറ്റവാളികളെ തിരുത്താനും മെരുക്കാനും അവരില്‍ മാനസാന്തരമുണ്ടാക്കി നല്ലവരായി മാറ്റാനുമുള്ളതാണത്. ജയിലിനു പുറത്തു ലഭിക്കുന്ന അതേ സുഖസൗകര്യങ്ങള്‍ ജയിലിലും ലഭിക്കുമ്പോള്‍ കുറ്റവാളികള്‍ക്ക് എങ്ങനെ മാനസാന്തരമുണ്ടാകാനാണ്? മറ്റു തടവുകാര്‍ ജയിലിലെ ഈ ഇരട്ട നീതി കാണുമ്പോള്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാകുകയും ചെയ്യുന്നു. സമ്പന്നര്‍ക്കും അധികാരതലങ്ങളില്‍ പിടിപാടുള്ളവര്‍ക്കും വിധേയപ്പെടുത്താകുന്ന പരുവത്തിലുള്ളതാകരുത് നീതി. ഹിന്ദുത്വരെ കാണുമ്പോള്‍ മുട്ടു വിറക്കുന്നതുമാകരുത്. മേമനെ കാണുന്ന അതേ കണ്ണു കൊണ്ട് താക്കറെമാരെയും തൊഗാഡിയമാരെയും കാണണം. സാധാരണക്കാരായ സാമ്പത്തിക കുറ്റവാളിയെ കൈകാര്യം ചെയ്യുന്ന അതേ രീതിയില്‍ തന്നെയായിരിക്കണം രാഷട്രീയ നേതൃത്വത്തിലെ കുറ്റവാളികളെയും കൈകാര്യം ചെയ്യുന്നത്. നിയമത്തിനും നീതിക്കും തുല്യസമീപനമായിരിക്കണം എല്ലാ വിഭാഗങ്ങളോടും.
ലത്വീഫ് ഫൈസി