Malappuram
പത്താംക്ലാസ് കടത്താന്‍ വിദ്യാര്‍ഥികളെ ഭിന്നശേഷിക്കാരാക്കുന്നു
സംസ്ഥാനത്ത് ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നവരില്‍ 8120 വിദ്യാര്‍ഥികള്‍ വൈകല്യമുള്ളവരോ? ആണെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാ ആനുകൂല്യം ലഭിക്കാന്‍ അപേക്ഷ നല്‍കിയത് 8182 വിദ്യാര്‍ഥികളാണ്. ഇവരില്‍ 62 അപേക്ഷകള്‍ മാത്രമാണ് മതിയായ രേഖകളില്ലെന്ന കാരണത്താല്‍ തള്ളിയത്. ഇവര്‍ക്ക് അടുത്ത മാസം രണ്ടാം തീയതിക്കകം രേഖകളുമായി വീണ്ടും അപേക്ഷ സമര്‍പ്പിച്ചാല്‍ ആനുകൂല്യം ലഭിക്കുകയും ചെയ്യും.
പകരക്കാരെ (സ്‌ക്രൈബ്) വെച്ച് പരീക്ഷയില്‍ വിജയിപ്പിച്ച് നൂറുശതമാനം വിജയം കൊയ്യാനുള്ള സ്‌കൂളുകളുടെ മത്സരത്തിന് വിദ്യാര്‍ഥികളെ ബലിയാടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിന് വിദ്യാഭ്യാസ വകുപ്പ് കൂട്ടുനില്‍ക്കുന്നതിനാലാണ് ഇത്രയധികം പേര്‍ക്ക് ആനുകൂല്യം നല്‍കിയത്. പകരക്കാരെ വെക്കല്‍, അധികസമയം, ചോദ്യപേപ്പര്‍ വായിച്ച് ലളിതമാക്കി നല്‍കുന്നതിന് വ്യാഖ്യാതാവ്, ശ്രവണ വൈകല്യം, ബുദ്ധിപരമായ വൈകല്യം എന്നിവയുള്ളവര്‍ക്ക് 25 ശതമാനം ഗ്രേസ്മാര്‍ക്ക്, ഗ്രാഫ്, ഡ്രോയിംഗ്, ഡയഗ്രം, ജോമെട്രിക്കല്‍ ഫിഗേഴ്‌സ് എന്നിവ ഒഴിവാക്കല്‍ എന്നീ ആനുകൂല്യങ്ങളാണ് പ്രധാനമായും ലഭിക്കുന്നത്.
വിദ്യാഭ്യാസ ജില്ലകളില്‍ ആനുകൂല്യം ഉപയോഗപ്പെടുത്തി പരീക്ഷ എഴുതുന്നവരുടെ എണ്ണം
നെയ്യാറ്റിന്‍കര: 355
തിരുവനന്തപുരം: 407
ആറ്റിങ്ങല്‍: 380
കൊല്ലം: 289
കൊട്ടാരക്കര: 123
പുനലൂര്‍: 80
പത്തനംതിട്ട: 231
തിരുവല്ല: 125
ആലപ്പുഴ: 85
മാവേലിക്കര: 131
ചേര്‍ത്തല: 56
കുട്ടനാട്: 39
കോട്ടയം: 103
പാലാ: 36
കടുത്തുരുത്തി: 51
കാഞ്ഞിരപ്പള്ളി: 78
തൊടുപുഴ:(പ്രസിദ്ധീകരിച്ചിട്ടില്ല)
കടപ്പന: 341
മൂവാറ്റുപ്പുഴ: 61
കോതമംഗലം: 93
എറണാകുളം: 473
ആലുവ: 623
ഇരിങ്ങാലക്കുട: 276
തൃശൂര്‍: 181
ചാവക്കാട്: 187
ഒറ്റപ്പാലം: 131
പാലക്കാട്: 173
മണ്ണാര്‍ക്കാട്: 89
തിരൂര്‍: 444
മലപ്പുറം: 1130
തിരൂരങ്ങാടി: 201
വണ്ടൂര്‍: (പ്രസിദ്ധീകരിച്ചിട്ടില്ല)
കോഴിക്കോട്: 79
വടകര: 133
താമരശ്ശേരി: 154
വയനാട്: 95
തലശ്ശേരി: 158
കണ്ണൂര്‍: 77
തളിപ്പറമ്പ്: 139
കാസര്‍കോട്: 155
കാഞ്ഞങ്ങാട്: 95
വ്യാജമായി സര്‍ട്ടിഫിക്കറ്റുണ്ടാക്കി അപേക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതു പരിഗണിക്കാറില്ല. അധികസമയവും ഗ്രേസ് മാര്‍ക്കും, വ്യാഖ്യാതാവിന്റെയും ആനുകൂല്യങ്ങള്‍ ഒരുമിച്ച് ലഭിച്ച നിരവധി പേരാണുള്ളത്. വര്‍ഷങ്ങളായി ഇത്തരത്തില്‍ പഠന നിലവാരം കുറഞ്ഞ വിദ്യാര്‍ഥികളെ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങളോടെ പരീക്ഷക്കിരുത്തുന്നത് തുടരുകയാണ്. സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാല്‍ സ്‌കൂളുകള്‍ ഓരോ വര്‍ഷവും വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടുകയും ചെയ്യുന്നു. പരീക്ഷയില്‍ പരാജയപ്പെട്ടാലും തുടര്‍ന്നു വരുന്ന സേ പരീക്ഷക്കും ഇത് ഉപയോഗപ്പെടുത്താന്‍ അനുവാദമുണ്ട്.
എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കുന്നതെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളും ഒട്ടും കുറവല്ല. തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ പട്ടം സെന്റ് മേരീസ് സ്‌കൂള്‍ 49 പേരെയും മലപ്പുറം ജില്ലയിലെ ചെറുകുളമ്പ് ഐ കെ ടി എച്ച് എസ്് 48 വിദ്യാര്‍ഥികളെയുമാണ് ഇത്തവണ ഈ രീതിയില്‍ പരീക്ഷക്കിരുത്തുന്നത്. മലപ്പുറം മേല്‍മുറി എം എം ഇ ടി എച്ച് എസ് എസ് (42), കോട്ടൂര്‍ എ കെ എം എച്ച് എസ് എസ് (38), എന്‍ എച്ച് എസ് എസ് കൊളത്തൂര്‍ (37), അങ്ങാടിപ്പുറം ടി എച്ച് എസ് (34), കെ കെ എം എച്ച് എസ് എസ് ചീക്കോട് (32) എന്നിവരാണ് വിദ്യാര്‍ഥികളെ അനൂകുല്യങ്ങളോടെ പരീക്ഷക്കിരുത്തുന്നവരില്‍ മുന്നിലുള്ളത്.
വിജയശതമാനത്തില്‍ സമീപത്തെ സ്‌കൂളുകളെ പിന്നിലാക്കി സ്‌കൂളിന്റെ പ്രശസ്തി ഉയര്‍ത്തുന്നതിനാണ് അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും സഹായത്തോടെ വിദ്യാര്‍ഥികളെ വൈകല്യമുള്ളവരാക്കി മാറ്റുന്നത്. കഴിഞ്ഞ വര്‍ഷം നിയമസഭയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നെങ്കിലും വ്യാജരേഖയുണ്ടാക്കി വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുന്നത് മാനേജ്‌മെന്റ് തുടരുകയാണ്. 1995ലെ വികലാംഗ സംരക്ഷണ നിയമം, 2016ലെ വികലാംഗരുടെ അവകാശ നിയമനം എന്നിവയുടെ അടിസ്ഥാനത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ട ആനുകൂല്യമാണ് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്.
ജലീല്‍ കല്ലേങ്ങല്‍പടി
മലപ്പുറം