Education
എസ്എസ്എല്‍സി പരീക്ഷക്കൊരുങ്ങാം; വിജയമൊരുക്കാം
പ്രിയമുള്ള കുട്ടികളേ,
എസ് എസ് എല്‍ സി പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണല്ലോ നിങ്ങള്‍. ഏതാനും ദിവസങ്ങള്‍ മാത്രമേ ഇനി പൊതു പരീക്ഷക്കുള്ളൂ. മാര്‍ച്ച് 13ന് തുടങ്ങുന്ന പരീക്ഷക്ക് സജീവമായി തയ്യാറെടുപ്പുകള്‍ നടത്തേണ്ട സമയമാണ് ഇപ്പോള്‍.
കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ വിദ്യാലയ പഠനത്തില്‍ നിങ്ങള്‍ ഒരുപാട് പരീക്ഷകളെ അഭിമുഖീകരിച്ചിട്ടുണ്ടാകും. എന്നാല്‍, എസ് എസ് എല്‍ സി പരീക്ഷ അത്തരത്തിലുള്ള ഒരു സാധാരണ പരീക്ഷയല്ല എന്നായിരിക്കും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടാവുക. ഒമ്പതാം ക്ലാസ് കഴിയുമ്പോഴേ വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും പറഞ്ഞുതുടങ്ങും “” മോളേ/ മോനേ നോക്കിക്കേ അടുത്ത വര്‍ഷം പത്താം ക്ലാസിലേക്കാ…” ഇത്തരം അഭിപ്രായങ്ങള്‍ സ്വാഭാവികമായും പത്താം തരത്തെ സംബന്ധിച്ച് അതുവരെയില്ലാത്ത ചില ധാരണകള്‍ നമ്മളില്‍ സൃഷ്ടിക്കും. വിദ്യാലയത്തിലും വീട്ടിലും പൊതു സമൂഹത്തിലും ശക്തിപ്പെടുന്ന ഇത്തരം അഭിപ്രായങ്ങളാണ് പലപ്പോഴും പത്താം തരം വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുന്നത്.
. പത്താംതരം മറ്റു ക്ലാസുകളെപ്പോലെയല്ലേ? പത്താം തരം പരീക്ഷ മറ്റു പരീക്ഷകളെ
പോലെയല്ലേ?
ഇത്തരമൊരു ചോദ്യത്തിന് നമുക്ക് രണ്ട് തരത്തില്‍ ഉത്തരം നല്‍കാന്‍ കഴിയും
1. പത്താം തരം മറ്റു ക്ലാസുകളെ പോലെ തന്നെ. പരീക്ഷയും അങ്ങനെ തന്നെ.
2. പത്താം തരം മറ്റു ക്ലാസുകളെ പോലെയല്ല. അതുകൊണ്ട് പരീക്ഷയും അങ്ങനെയല്ല.
എന്താണ് ഇത്തരത്തില്‍ വൈരുധ്യം നിറഞ്ഞ ഉത്തരത്തിന് കാരണം. ഒരര്‍ഥത്തില്‍ രണ്ട് ഉത്തരവും ശരിയാണ്.
പത്താം തരം മറ്റു ക്ലാസുകളെ പോലെ തന്നെ. പത്ത് വിഷയങ്ങള്‍… പരീക്ഷകള്‍… എല്ലാം മറ്റു ക്ലാസുകളെ പോലെ തന്നെയാണ്. വ്യത്യാസങ്ങള്‍ ഒന്നും ക്ലാസിനെ സംബന്ധിച്ചോ പരീക്ഷയെ സംബന്ധിച്ചോ ഇല്ല.
എന്നാല്‍, മറ്റൊരര്‍ഥത്തില്‍ പത്താം തരം മറ്റു ക്ലാസുകളെ പോലെ അല്ല. അതുകൊണ്ട് പരീക്ഷകള്‍ ഒട്ടുമല്ല. കാരണം
1. പത്താം തരം വരെയുള്ള പഠനം നിങ്ങളുടെ തുടര്‍ പഠനത്തെ നിശ്ചയിക്കുന്നില്ല.
2. കുട്ടികള്‍ക്ക് താത്പര്യമുള്ള പഠനമേഖലകളിലേക്ക് വഴിതിരിയാനുള്ള ഒരു പ്രധാനപ്പെട്ട ക്ലാസ് ആണ് പത്താം ക്ലാസ്.
3. പത്താം തരത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ/ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് തുടര്‍പഠനം.
4. കുട്ടികള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍, കോമ്പിനേഷനുകള്‍, വിദ്യാലയങ്ങള്‍ എന്നിവയെല്ലാം ലഭിക്കണമെങ്കില്‍ ഉയര്‍ന്ന സ്‌കോര്‍ ആവശ്യമായി വരുന്നു.
ഈ കാരണങ്ങളാല്‍ എസ് എസ് എല്‍ സിക്ക് കൂടുതല്‍ ശ്രദ്ധ വേണ്ടിവരുന്നു. അതുകൊണ്ടാണ് പത്താംതരം മറ്റു ക്ലാസുകളെ പോലെയല്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത്.
. യഥാര്‍ഥത്തില്‍
നമുക്കുണ്ടാകേണ്ട
സമീപനം എന്ത്?
എസ് എസ് എല്‍ സി മറ്റെല്ലാ ക്ലാസുകളെയും പോലെ തന്നെയുള്ള ഒന്നാണെന്ന ലളിതമായ സമീപനമോ, എസ് എസ് എല്‍ സി ഓരോ കുട്ടിയുടെയും ഭാവി നിര്‍ണയിക്കുന്ന അത്യന്തം പ്രധാനപ്പെട്ട ഒരു പഠന സന്ദര്‍ഭമാണ് എന്ന ഭീതിതമായ കാഴ്ചപ്പാടോ അല്ല വേണ്ടത്. ഈ രണ്ട് കാഴ്ചപ്പാടുകള്‍ക്കും നടുവില്‍ ഒരു ശരിയായ നിലപാട് ഉണ്ടാകേണ്ടതുണ്ട്. അത് അല്‍പ്പം ശ്രദ്ധ വേണ്ട ഒരു പഠനസന്ദര്‍ഭമാണ് എസ് എസ് എല്‍ സി എന്നത്രേ. ഇത് കുട്ടികളെ സമ്മര്‍ദത്തിലാക്കേണ്ടതല്ല.
. ആഗ്രഹിക്കുന്ന
സ്‌കോര്‍ നേടാന്‍
എന്തു ചെയ്യണം
ഓരോ കുട്ടിയും ആഗ്രഹിക്കുന്ന സ്‌കോര്‍ ഉയര്‍ന്ന സ്‌കോര്‍ തന്നെയാകണം. അത് പൊതു സമൂഹമോ മറ്റു സ്ഥാപനങ്ങളോ നിശ്ചയിക്കുന്നതാകരുത്. ഇന്ന് വിദ്യാലയത്തിന്റെയും വീടിന്റെയും പൊതുസമൂഹത്തിന്റെയും സമ്മര്‍ദത്തിന്റെ ഫലമായി വിദ്യാര്‍ഥികള്‍ കൂടുതല്‍ ടെന്‍ഷന്‍ ഉള്ളവരായിത്തീര്‍ന്നിട്ടുണ്ട്. ഫുള്‍ എ പ്ലസ് എന്നത് വിദ്യാലയത്തിന്റെയും രക്ഷിതാക്കളുടെയും അഭിമാനത്തിന്റെ അടയാളമായിത്തീര്‍ന്നിട്ടുണ്ട്. ചില കുട്ടികളാകട്ടെ ഇത്തരം ബാഹ്യസമ്മര്‍ദങ്ങള്‍ ഇല്ലാതെ തന്നെ ഫുള്‍ എ പ്ലസ് നേടണം എന്ന് സ്വയം തീരുമാനിക്കുകയും സ്വയം തന്നെ സമ്മര്‍ദത്തിലാകുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ഫുള്‍ എ പ്ലസ് നേടുന്നത് നല്ലതാണ്. പക്ഷേ, അങ്ങനെ ലഭിച്ചില്ലെങ്കില്‍ ആകെ പോയി എന്ന നിലപാട് പുലര്‍ത്തേണ്ടതില്ല. ഈ കാര്യങ്ങളിലൊക്കെ ആരോഗ്യകരമായ മാനസികാവസ്ഥ പുലര്‍ത്തുകയാണ് വേണ്ടത്.
എന്തായാലും ഓരോരുത്തരും ആഗ്രഹിക്കുന്ന ഗ്രേഡ് നേടാന്‍ ഓരോരുത്തര്‍ക്കും അര്‍ഹതയുണ്ട്.
ഇനി നമ്മുടെ മുന്നില്‍ 46 ദിവസങ്ങള്‍ ഉണ്ട്. നന്നായി വിനിയോഗിച്ചാല്‍ ഏതൊരു കുട്ടിക്കും ഉയര്‍ന്ന ഗ്രേഡ് നേടാന്‍ ഇത്രയും ദിവസങ്ങള്‍ ധാരാളം മതിയാകും.