Connect with us

Ongoing News

കുമാരസ്വാമി രാജിയെക്കുറിച്ച് പറയുമ്പോള്‍

Published

|

Last Updated

എട്ട് മാസം പ്രായമായ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പി നീക്കങ്ങള്‍ നടത്തിവരുന്നതിനിടെയാണ് സ്വന്തം പാളയത്തില്‍ നിന്ന് തന്നെ അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും സര്‍ക്കാറിന് നേരിടേണ്ടിവരുന്നത്. സര്‍ക്കാറിനോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നിര്‍ബന്ധിതമായതിനാലാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് പൊതുവേദിയില്‍ വെച്ച് കരയേണ്ടി വന്നത്. അന്ന് കരയാനിടയാക്കിയ സാഹചര്യങ്ങള്‍ക്ക് ഇന്നും അറുതിയായിട്ടില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ സംഭവങ്ങള്‍.

കുമാരസ്വാമിക്കെതിരെ സിദ്ധരാമയ്യയുടെ അനുയായികളുടെ വിമര്‍ശനം ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തുന്നില്ലെന്നും വികസന കാര്യത്തില്‍ സിദ്ധരാമയ്യ കാര്യമായ പങ്കുവഹിക്കണമെന്നുമാണ് ബെംഗളൂരു വികസന അതോറിറ്റി ചെയര്‍മാനും എം എല്‍ എയുമായ എസ് ടി സോമശേഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് മന്ത്രിമാരായ എം ടി ബി നാഗരാജ്, പുട്ടരംഗ ഷെട്ടി എന്നിവരും സിദ്ധരാമയ്യ മുഖ്യമന്ത്രിയായാല്‍ മാത്രമേ വികസനം സാധ്യമാവുകയുള്ളൂവെന്ന് പറഞ്ഞു. കോണ്‍ഗ്രസിന് എം എല്‍ എമാരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജി വെക്കാന്‍ താന്‍ സന്നദ്ധനാണെന്ന് കുമാരസ്വാമിയെക്കൊണ്ട് പറയിപ്പിക്കുന്നതില്‍ വരെ കാര്യങ്ങളെത്തി. കോണ്‍ഗ്രസ് എം എല്‍ എമാരെ നിലക്ക് നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാറിനെ വിമര്‍ശിച്ച സോമശേഖറിനോട് വിശദീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഒരു പ്രാദേശിക പാര്‍ട്ടിയുടെ മുഖ്യമന്ത്രിക്ക് കീഴില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കാന്‍ കഴിയില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് കോണ്‍ഗ്രസ് നല്‍കിക്കൊണ്ടിരിക്കുന്നത്. ചില അസൂയാലുക്കളാണ് താന്‍ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടഞ്ഞതെന്നും അഞ്ച് വര്‍ഷം കൂടി മുഖ്യമന്ത്രിയായിരുന്നെങ്കില്‍ സംസ്ഥാനത്തെ വികസന കാര്യത്തില്‍ ബഹുദൂരം മുന്നോട്ട് പോകാന്‍ സാധിക്കുമായിരുന്നുവെന്നുമുള്ള സിദ്ധരാമയ്യയുടെ പ്രസ്താവന ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. പ്രസ്താവന ഗുരുതര അച്ചടക്ക ലംഘനമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നിലപാടെടുക്കുമ്പോള്‍ ഓരോ എം എല്‍ എക്കും അവരുടെ അഭിപ്രായമുണ്ടാകുമെന്നും അത് പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നുമാണ് ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയുടെ പക്ഷം. പാളയത്തില്‍ പട സര്‍ക്കാറിന്റെ സുഗമമായ പ്രവര്‍ത്തനങ്ങളെ പിടിച്ചുലക്കുന്നതിനിടയിലാണ് താഴെയിറക്കാനുള്ള ബി ജെ പിയുടെ നീക്കം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമെന്നിരിക്കെ കന്നഡ മണ്ണില്‍ ശക്തിതെളിയിക്കണമെങ്കില്‍ എങ്ങനെയെങ്കിലും സംസ്ഥാന ഭരണം തിരിച്ചുപിടിക്കണമെന്ന ദൃഢനിശ്ചയത്തോടെയാണ് ബി ജെ പി മുന്നോട്ട് പോകുന്നത്. ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനമാണ് കര്‍ണാടക. കേരളം, തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന തുടങ്ങിയ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പ്രതീക്ഷയില്ല. 2014ല്‍ സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റില്‍ 17ലും ബി ജെ പിയെ ജയിപ്പിച്ച കര്‍ണാടകയില്‍ കാര്യങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് അനുകൂലമല്ല. കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം ബി ജെ പിയുടെ ജനകീയാടിത്തറ നഷ്ടപ്പെട്ടുവെന്നതിന്റെ തെളിവാണ്. കോണ്‍ഗ്രസും ജനതാദളും വെവ്വേറെ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് 2014ല്‍ ബി ജെ പിക്ക് വലിയ വിജയം നേടിക്കൊടുത്തത്. എന്നാല്‍, ഇത്തവണ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ദള്‍ സഖ്യം നിലവില്‍ വന്നതോടെ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബി ജെ പിക്ക് നല്ല പോലെ ബോധ്യമുണ്ട്. കഴിഞ്ഞ തവണ വിവിധ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോള്‍ തന്നെ ആറ് മണ്ഡലങ്ങള്‍ ബി ജെ പിക്ക് നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തും. കോണ്‍ഗ്രസ്- ദള്‍ സഖ്യത്തെ അതിജീവിച്ച് ഈ സീറ്റുകള്‍ നിലനിര്‍ത്താന്‍ ബി ജെ പിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. മൈസൂരു, ദാവന്‍ഗരെ, വിജയപുര, ബീദര്‍, കൊപ്പാള്‍ എന്നീ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസിനും ദളിനുമാണ് മേധാവിത്വം. കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഗ്രസ് വിരുദ്ധ വികാരമോ മോദി തരംഗമോ ഇത്തവണ പ്രകടമല്ലാത്തതും സീറ്റ് നിലനിര്‍ത്തുന്ന കാര്യത്തില്‍ ബി ജെ പിക്ക് വെല്ലുവിളിയാണ്.

ഈ ആശങ്കകള്‍ക്കിടയിലാണ് സംസ്ഥാന ഭരണം പിടിക്കാന്‍ ഒരു ഭാഗത്ത് ബി ജെ പി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. സമീപനാളില്‍ കോണ്‍ഗ്രസ് എം എല്‍ എമാരെ ചാക്കിട്ട് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബി ജെ പി നടത്തിയ നീക്കത്തെ അവസരോചിതമായ ഇടപെടലിലൂടെയാണ് കോണ്‍ഗ്രസ് പ്രതിരോധിച്ചത്. എന്നാല്‍ സംസ്ഥാന ബജറ്റിന് മുമ്പ് തന്നെ സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പി ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്തിരിക്കുകയാണ്. ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസിലെ ആറ് വിമത എം എല്‍ എമാര്‍ രാജിവെച്ചേക്കുമെന്ന വിവരം പുറത്തുവന്നതോടെ കോണ്‍ഗ്രസ് പാളയം വീണ്ടും ആശങ്കയിലാണ്.

ബി ജെ പി അധികാരത്തില്‍ വരുന്നത് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജെ ഡി എസുമായി കൈ കോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്. 104 സീറ്റുകള്‍ നേടി ബി ജെ പി വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസ് ആവിഷ്‌കരിച്ച ഈ തന്ത്രമാണ് ബി ജെ പിയെ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യിപ്പിച്ചത്. 117 എം എല്‍ എമാരുടെ പിന്തുണയായിരുന്നു അന്ന് കോണ്‍ഗ്രസ് ജെ ഡി എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് എം എല്‍ എ സ്ഥാനം രാജി വെച്ച് വരുന്നവര്‍ക്ക് 35 കോടി മുതല്‍ 60 കോടി രൂപ വരെയും മന്ത്രി സ്ഥാനവുമാണ് ബി ജെ പി വാഗ്ദാനം ചെയ്തിരുന്നത്. കോണ്‍ഗ്രസിലെ അതൃപ്തരായ എം എല്‍ എമാരെ മുംബൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയും രണ്ട് സ്വതന്ത്രരെ രാജിവെപ്പിച്ചും ബി ജെ പി നടത്തിയ നീക്കങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. എം എല്‍ എമാരെ കോണ്‍ഗ്രസ് സ്വന്തം പാളയത്തില്‍ എത്തിച്ചതോടെയാണ് നീക്കം പൊളിക്കാന്‍ സാധിച്ചത്. സര്‍ക്കാറുമായി ചില കാര്യങ്ങളില്‍ അതൃപ്തിയുണ്ടെങ്കിലും കോണ്‍ഗ്രസ് വിട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിമത പക്ഷത്തിന് നേതൃത്വം നല്‍കിയ മുന്‍മന്ത്രി രമേശ് ജാര്‍ക്കിഹോളി അറിയിച്ചിട്ടുണ്ടെങ്കിലും ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കാത്ത അവസ്ഥയാണ്. തങ്ങളുടെ എം എല്‍ എമാര്‍ എല്ലാവരും തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും സര്‍ക്കാര്‍ സുരക്ഷിതമാണെന്നും കുമാരസ്വാമി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ വിമത എം എല്‍ എമാര്‍ മറുകണ്ടം ചാടാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയാത്ത രാഷ്ട്രീയ കാലാവസ്ഥയാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്.

ഫെബ്രുവരി ആദ്യം ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് സര്‍ക്കാറിനെ താഴെയിറക്കാനാണ് ബി ജെ പിയും യെദ്യൂരപ്പയും പദ്ധതിയിട്ടിരിക്കുന്നതെന്നാണ് വിവരം. ബജറ്റിന് മുമ്പ് ആറ് വിമത എം എല്‍ എമാര്‍ രാജിവെച്ചേക്കുമെന്നാണ് സൂചന. മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തവര്‍ ഇപ്പോള്‍ ബെംഗളൂരു വിട്ടുനില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. നാല് എം എല്‍ എമാര്‍ മുംബൈയിലാണ്. ഒരാള്‍ പൂനെയിലും. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാംപ്ലി എം എല്‍ എ ജെ എന്‍ ഗണേഷ് ഒളിവിലാണ്. ബജറ്റ് സെഷന് മുമ്പ് ഇവര്‍ ബെംഗളൂരുവില്‍ തിരിച്ചെത്തുമെന്നും രാജിവെക്കുമെന്നുമാണ് ബി ജെ പി കേന്ദ്രങ്ങള്‍ പറയുന്നത്. ഇവര്‍ രാജിവെക്കുന്നതോടെ വിമത സ്വരം ഉയര്‍ത്തുന്ന ചിലര്‍ കൂടി രാജി സന്നദ്ധത അറിയിക്കുമെന്നും അത് സര്‍ക്കാറിനെ വീഴ്ത്താന്‍ സഹായകമാകുമെന്നും ബി ജെ പി കണക്കുകൂട്ടുന്നു.

സഖ്യസര്‍ക്കാറിന്റെ അംഗ ബലം കുറച്ച് ബജറ്റ് സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി ജെ പി നീക്കം. നിലവില്‍ 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 80 എം എല്‍ എമാരാണുള്ളത്. ജെ ഡി എസിന് 37 പേരും ബി എസ് പിക്ക് ഒരു എം എല്‍ എയുമുണ്ട്. രണ്ട് പേര്‍ സ്വതന്ത്രരാണ്. ബി ജെ പിക്ക് 104 എം എല്‍ എമാരുടെ പിന്തുണയുമുണ്ട്. സര്‍ക്കാറിനെ താഴെയിറക്കണമെങ്കില്‍ 13 എം എല്‍ എമാരുടെ പിന്തുണ കൂടി വേണം. 2008ല്‍ കര്‍ണാടകയിലുണ്ടായ രാഷ്ട്രീയ സ്ഥിതിക്ക് ഇപ്പോള്‍ വീണ്ടും സാക്ഷ്യം വഹിക്കുമോയെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

സുസ്ഥിരമായ സര്‍ക്കാറും കാര്യക്ഷമമായ രീതിയിലുള്ള ഭരണവുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തി കുത്സിത ശ്രമത്തിലൂടെ അധികാരക്കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചാലും അത് ജനാധിപത്യ വ്യവസ്ഥിതിക്ക് നിരക്കുന്നതല്ല. കര്‍ണാടകയില്‍ എച്ച് ഡി കുമാര സ്വാമിക്ക് ഭരണം മുന്നോട്ട് കൊണ്ടുപോകാനുള്ള അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കേണ്ടതും അത് ഉറപ്പ് വരുത്തേണ്ടതും ഭരണത്തില്‍ പങ്കാളിയായ കോണ്‍ഗ്ര സിന്റെ ആത്യന്തികമായ ചുമതലയാണ്. ഇതില്‍ നിന്ന് വ്യതിചലിക്കുന്നത് ഒട്ടും ആശാസ്യകരമല്ല. സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പി ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാറിന് പൂര്‍ണമായ രീതിയില്‍ സംരക്ഷണ കവചം ഒരുക്കാനുള്ള ധാര്‍മികമായ ബാധ്യത കോണ്‍ഗ്രസിനുണ്ട്.

രമേശന്‍ പിലിക്കോട്‌

Latest