Connect with us

Articles

മനോരാജ്യത്തിലെന്തിന് അര്‍ധരാജ്യം?

Published

|

Last Updated

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ വന്ന് നടത്തിയ പ്രസംഗവും കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഇടക്കാല ബജറ്റും അയഥാര്‍ഥമായ കണക്കുകള്‍ കൊണ്ടും വാഗ്ദാനങ്ങള്‍ കൊണ്ടും അലങ്കരിച്ചവയാണ്. ഒന്നും നടക്കാന്‍ പോകുന്നില്ല എന്നതിനാല്‍ എന്തും പറയാമല്ലോ? മനോരാജ്യത്തിലെന്തിന് അര്‍ധരാജ്യമാക്കണം? പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനം ‘പണ്ട് സോമാലിയയെന്ന് വിളിച്ചധിക്ഷേപിച്ച മണ്ണിലേക്ക് ഒരു മാസത്തിനിടെയുള്ള രണ്ടാമത്തേതായിരുന്നു. കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധികള്‍ നേരിട്ട പ്രളയകാലത്തും പ്രളയാനന്തരവും കേരളത്തോടും കേരളജനതയോടും കാണിക്കാതെ പോയ പ്രതിബദ്ധതയും മമതയും സ്‌നേഹവും ഇന്ന് മോദിയുടെ വാക്കുകളില്‍ മുഴച്ചുനില്‍ക്കുന്നുണ്ട്. ഇന്ദ്രപ്രസ്ഥത്തിലെ തന്റെ അധികാരഭാവി തുലാസിലാണെന്ന തിരിച്ചറിവാണ് മോദിയുടെ ഈ പരിണാമത്തിന് കാരണം.

പതിവ് പോലെ തന്നെ ചെറിയ നേട്ടങ്ങളെ പര്‍വതീകരിച്ച് ചിത്രീകരിക്കാനും പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും തേക്കിന്‍കാട് മൈതാനിയിലും പ്രധാനമന്ത്രി മറന്നില്ല. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ പ്രതിപക്ഷം കശാപ്പു ചെയ്യുകയാണെന്നും അഴിമതി വെച്ച് പൊറുപ്പിക്കുകയില്ലെന്നുമുള്ള മോദിയുടെ പ്രഖ്യാപനം അല്‍പ്പം നര്‍മ രസത്തോടെയാണ് ജനാധിപത്യ വിശ്വാസികള്‍ എതിരേറ്റത്. കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും രാജ്യത്തിനും ലഭിക്കേണ്ട നേട്ടങ്ങള്‍ മോദിയോടുള്ള അന്ധമായ വിരോധം മൂലം നഷ്ടപ്പെടുത്തരുതെന്ന് വികാരാധീനനായി ആവശ്യപ്പെട്ട അദ്ദേഹം രാജ്യത്തെ പാവപ്പെട്ടവരെ മോദി വിരോധം മൂലം ദുരിതത്തിലേക്ക് വലിച്ചെറിയരുതെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

രാജ്യ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധികളിലേക്ക് കര്‍ഷകരെയും പൊതുജനങ്ങളെയും തള്ളിയിട്ടത് മോദിയുടെ ഏകാധിപത്യപരവും നിരുത്തരവാദിത്വപരവുമായ തീരുമാനങ്ങളും ഇടപെടലുകളുമാണെന്ന് ഏതൊരു പൗരനും അറിയാവുന്ന യാഥാര്‍ഥ്യമാണ്. എന്നിട്ടും രാജ്യത്തെ കര്‍ഷകരുടെ സംരക്ഷകരായിട്ടുള്ളത് ഞങ്ങളാണ്, രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ദ്രുതഗതിയില്‍ മുന്നോട്ട് നീങ്ങുകയാണ്, 2014ന് ശേഷം യുവാക്കള്‍ക്ക് ലക്ഷങ്ങളോളം തൊഴിലവസരങ്ങള്‍ തുറക്കപ്പെട്ടു, അധഃസ്ഥിത വിഭാഗത്തിന് എന്‍ ഡി എ സര്‍ക്കാര്‍ നല്‍കുന്ന പരിഗണന ചെറുതല്ല എന്നിങ്ങനെയുള്ള കളവുകള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

യാഥാര്‍ഥ്യങ്ങളോടുള്ള കൊഞ്ഞനം കുത്തലുകളായേ ഇത്തരം പ്രഖ്യാപനങ്ങളെയും അവകാശവാദങ്ങളെയും വിലയിരുത്താനാകൂ. കാരണമുണ്ട്, അധികാരമേറിയ കാലം മുതല്‍ നാലര വര്‍ഷക്കാലത്തെ സ്ഥിതിവിവരക്കണക്കുകളും സംഭവവികാസങ്ങളും ഈ അവകാശവാദങ്ങളെ ശരിവെക്കുന്നില്ല. സമീപകാലത്തൊന്നും ദര്‍ശിച്ചിട്ടില്ലാത്ത രൂപത്തിലുള്ള പ്രതിസന്ധികളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. മൂര്‍ച്ഛിക്കുന്ന സാമ്പത്തിക അസമത്വം, വര്‍ധിക്കുന്ന കിട്ടാക്കടം, പെരുകുന്ന കര്‍ഷക കടബാധ്യത, രൂക്ഷമായ തൊഴിലില്ലായ്മ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രമാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പൊതുയോഗങ്ങളില്‍ ഭരണപക്ഷത്തിനെതിരെ എന്‍ ഡി എ മുഖ്യമായും ഉയര്‍ത്തിയ ആരോപണങ്ങളിലൊന്നായിരുന്നു രാജ്യത്തെ തൊഴിലവസരങ്ങളുടെ അപര്യാപ്തത. രാജ്യത്തെ യുവാക്കള്‍ തൊഴിലിടങ്ങള്‍ കണ്ടെത്താനാകാതെ ഉഴറുകയാണെന്നും അക്കാരണത്താല്‍ അവരുടെ കുടുംബം മുഴുപ്പട്ടിണിയിലാണെന്നും നിരന്തരം ആവര്‍ത്തിച്ചാക്രോശിച്ചാണ് അവര്‍ പ്രചാരണം പൊടിപൊടിച്ചിരുന്നത്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ഈ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭരണസാരഥ്യമേറ്റെടുത്ത് നാലരവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ മേഖലയില്‍ പൂര്‍ണ പരാജയമാണെന്നാണ് വസ്തുതകള്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിപ്പോള്‍ നിലനില്‍ക്കുന്ന തൊഴിലില്ലായ്മയുടെ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.1 ശതമാനമെന്നാണ് നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട്. 1972- 73 കാലത്തിന് ശേഷം രാജ്യം ആദ്യമായാണ് ഇത്രത്തോളം രൂക്ഷമായ തൊഴില്‍ ക്ഷാമം നേരിടുന്നത് എന്ന് ചുരുക്കം. 2017-18 വര്‍ഷത്തിലെ തൊഴിലില്ലായ്മയുടെ ഈ വിവരം പുറത്ത് വിടാന്‍ എന്‍ ഡി എ സര്‍ക്കാര്‍ വിസമ്മതിച്ചതിനാല്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് പേര്‍ രാജിവെക്കുകയും ചെയ്തിരുന്നു.

ജി എസ് ടി, നോട്ട് നിരോധനം എന്നിവ നടപ്പിലാക്കിയതിന് ശേഷം രാജ്യത്ത് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഉത്പാദന മേഖല കരകയറിയിട്ടില്ലെന്ന് ആള്‍ ഇന്ത്യ മാനുഫാക്‌ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചെറുകിട സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ വന്‍ ഇടിവാണ് ഉണ്ടായതെന്നും ഈ മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുവെന്നും പഠനം സൂചിപ്പിക്കുന്നു. ഉത്പാദന മേഖലയില്‍ 2017 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 87,000 തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ലേബര്‍ ബ്യൂറോ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മയുടെ നേര്‍ചിത്രമാണ് ഇന്ത്യന്‍ റെയില്‍വേയുടെ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകളുടെ ആധിക്യം. റെയില്‍വേയിലെ താഴ്ന്ന നിലയിലുള്ള 90,000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ ലഭിച്ചത് 25 മില്യണ്‍ അപേക്ഷകളാണ്. അപേക്ഷകരില്‍ തൊഴിലുള്ളവരും ഉള്‍പ്പെടുമെങ്കിലും ഭൂരിപക്ഷവും തൊഴില്‍രഹിതരാണെന്നതാണ് വാസ്തവം. തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമായിട്ടും രാജ്യത്ത് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ അധികരിച്ചുവെന്നും ആവശ്യമായിടങ്ങളില്‍ സര്‍ക്കാര്‍ പരിഹാരം കാണുന്നുണ്ട് എന്നുമുള്ള മോദിയുടെ പ്രഖ്യാപനം എത്രത്തോളം അസംബന്ധമാണ്.

സബ്കാ സാഥ്, സബ്കാ വികാസ്- എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എന്‍ ഡി എ നേതാക്കള്‍ ഉലകം ചുറ്റുമ്പോഴാണ് ഓക്‌സ്ഫാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കൂരമ്പ് പോലെ നെഞ്ചില്‍ തറക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഇരു വിഭാഗമായി ഭാഗിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. പൗരന്മാരുടെ ഇടയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള ഭീതിയുളവാക്കുന്ന കണക്കുകളാണ് ഓക്‌സ്ഫാം വക്താക്കള്‍ ജനങ്ങളോട് വിളിച്ച് പറഞ്ഞത്. രാജ്യത്തെ ഒമ്പത് അതിസമ്പന്നര്‍ ജനസംഖ്യയുടെ പകുതി സ്വത്ത് കൈവശം വെക്കുന്നു, ഒരു വര്‍ഷത്തിനിടെ ധനികരുടെ സ്വത്തില്‍ 36 ശതമാനം വളര്‍ച്ചയുണ്ടാകുന്നു, ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ രാജ്യത്ത് 37ശതമാനം വര്‍ധനവുണ്ട്, ഏറ്റവും സമ്പന്നരായ 10 ശതമാനം പേരുടെ സ്വത്ത് നാല് സംസ്ഥാനങ്ങളുടെ ജി ഡി പിക്കും ആറ് മന്ത്രാലയങ്ങളുടെ ബജറ്റിനും തുല്യമാണ് എന്നിങ്ങനെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. എത്ര സുന്ദരം, സബ്കാ വികാസ്!

ചരിത്രപരമായി വലിയ തോതില്‍ അസമത്വമുണ്ടായിരുന്ന മധ്യപൂര്‍വ രാഷ്ട്രങ്ങളിലും ബ്രസീലിലും കാലക്രമേണ അസമത്വം കുറഞ്ഞ് വരുമ്പോള്‍ ഇന്ത്യയുടെ സഞ്ചാരം നേരെ എതിര്‍ദിശയിലേക്കാണ്. ദേശീയ വരുമാനത്തിന്റെ സിംഹഭാഗവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനം കൈയില്‍ വെച്ചിട്ടുള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലും ചൈനയിലും സാമ്പത്തിക അസമത്വം വര്‍ധിച്ചു വരുന്നുവെന്നാണ് ഐ എം എഫിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ജനസംഖ്യയുടെ മുപ്പത് ശതമാനം ദാരിദ്ര്യരേഖക്ക് താഴെയാണെന്നതാണ് തമാശ. സാമ്പത്തിക അസമത്വ സൂചിക 2008ല്‍ 81.2 ശതമാനമായിരുന്നെങ്കില്‍ 2018 ആകുമ്പോഴേക്കും അത് 85.4 ശതമാനമായി വര്‍ധിച്ചു. ഋരീിീാശര ലൂൗമഹശ്യേ ശ െവേല ാമേെലൃസല്യ ീേ ിീി ്ശീഹലി േശിറലുലിറലിരല എന്ന ഗാന്ധിയുടെ വാക്കുകള്‍ അര്‍ഥമാക്കുന്നത് സാമ്പത്തിക സമത്വത്തിന്റെ ആവശ്യകതയെയാണ്. അസമത്വം ദൈനംദിനം വര്‍ധിക്കുമ്പോഴും എല്ലാവര്‍ക്കുമുള്ള വികസനമാണ് ഞങ്ങള്‍ സൃഷ്ടിച്ചത്, സൃഷ്ടിച്ചെടുക്കുന്നത് എന്ന മോദിയുടെ പ്രഖ്യാപനം തീര്‍ത്തും യാഥാര്‍ഥ്യവിരുദ്ധമാണെന്ന് വ്യക്തം.

തേക്കിന്‍കാട് മൈതാനത്ത് മോദി പ്രതിപക്ഷത്തോട് വികാരാധീനനായി പറഞ്ഞ വാക്കുകളുണ്ട്: നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ എന്നെ ആക്ഷേപിക്കാം, പക്ഷേ കര്‍ഷകരെ അബദ്ധത്തില്‍ ചാടിക്കരുത്. യഥാര്‍ഥത്തില്‍ കര്‍ഷകരെ അബദ്ധത്തില്‍ ചാടിച്ചതും വഞ്ചിച്ച് കൊണ്ടിരിക്കുന്നതുമാരാണ്? അര്‍ഹിക്കുന്ന അവകാശങ്ങളും ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങളും പാലിക്കാതെ കര്‍ഷകരെ ആത്മാഹുതിയിലേക്ക് വലിച്ചെറിയുന്ന നിലപാടുകളാണ് എന്‍ ഡി എ സര്‍ക്കാര്‍ സ്വീകരിച്ച് കൊണ്ടിരുന്നത്. അതിജീവനത്തിനായി ബേങ്കുകളില്‍ നിന്നെടുത്ത കടം തിരിച്ചടക്കാനാകാതെ കയറില്‍ ജീവിതം ഹോമിപ്പിക്കേണ്ട ഗതികേടിലേക്ക് കര്‍ഷകരെത്തിയിരിക്കുകയാണ്. തങ്ങളുടെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കാനായി കോടികള്‍ കടമെടുത്ത് തിരിച്ചടക്കാതെ മുതലാളി ഭീമന്മാര്‍ ചുറ്റിനടക്കുന്ന രാജ്യത്ത് തന്നെയാണ് ഇത് നടക്കുന്നത് എന്നത് എന്തൊരു വിരോധാഭാസമാണ്. രാജ്യത്തിന്റെ തെരുവുകളെ വിസ്മയിപ്പിച്ച് നടന്ന കിസാന്‍ മുക്തി മാര്‍ച്ച്, കിസാന്‍ ലോംഗ് മാര്‍ച്ച് എന്നിവ ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള വ്യക്തമായ പ്രഖ്യാപനമായിരുന്നു. കര്‍ഷകരോട് ഇത്രയും ക്രൂരമായ നിലപാട് സ്വീകരിക്കുമ്പോഴും ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ് എന്ന് പ്രഖ്യാപിക്കുന്നു. ബജറ്റിലും അത്തരം ഗിമ്മിക്കുകളാണ് കണ്ടത്. നടക്കണമെന്ന് ആഗ്രഹമില്ലെങ്കില്‍ എന്ത് വാഗ്ദാനവും നല്‍കാമല്ലോ.

സ്ത്രീ- പുരുഷ സമത്വം പ്രതിപക്ഷത്തിന്റെ അജന്‍ഡയിലുള്ള കാര്യമല്ലെന്നും അത് സാധ്യമാക്കാനുള്ള വഴികള്‍ എന്‍ ഡി എ സര്‍ക്കാര്‍ സജീവമായി തേടുന്നുണ്ടെന്നും മോദി അവകാശപ്പെടുന്നുണ്ട്. മുത്വലാഖ് നിരോധനത്തിന് സമത്വമെന്ന പുകമറ സൃഷ്ടിച്ച് ശബ്ദമുയര്‍ത്തിയ ബി ജെ പി ശബരിമലയിലെത്തുമ്പോള്‍ സ്ത്രീ- പുരുഷ സമത്വത്തിനെതിരെയുള്ള നിലപാടിലേക്കാണ് എത്തിച്ചേര്‍ന്നത്. ഒരേ ജോലിക്ക് രാജ്യത്തെ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ 34 ശതമാനം വേതനം കുറവാണെന്ന് ഓക്‌സ്ഫാം ചൂണ്ടിക്കാണിക്കുന്നു. എല്ലാ വര്‍ഷവും പതിനായിരക്കണക്കിന് പെണ്‍കുട്ടികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് മൂലം വിദ്യാഭ്യാസം അവസാനിപ്പിക്കുന്നു എന്ന വിവരവും ഈ റിപ്പോര്‍ട്ടിലുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം തേടാതെ സ്ത്രീ- പുരുഷ സമത്വത്തിന് നിലകൊള്ളുന്നുവെന്ന് കാണിക്കാന്‍ മുത്വലാഖ് ബില്‍ എന്ന ക്രൗര്യം പുറത്തെടുക്കുകയാണ് സര്‍ക്കാര്‍.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മുന്നോട്ടുള്ള ഗമനത്തിലാണെന്ന് വരുത്തിത്തീര്‍ക്കാനുതകുന്ന സര്‍വ വഴികളും എന്‍ ഡി എ സര്‍ക്കാര്‍ തേടുന്നുണ്ട്. അതിന്റെ പ്രത്യക്ഷമായ തെളിവാണ് നീതി ആയോഗിനെ ഉപയോഗിച്ച് യു പി എ കാലത്തെ ജി ഡി പി വളര്‍ച്ചാ നിരക്ക് തരംതാഴ്ത്തിക്കെട്ടാനുള്ള ശ്രമം. ഭരണസാരഥ്യമേറ്റെടുത്ത് മോദി പ്രഖ്യാപിച്ച മിക്ക പദ്ധതികളുടെയും പര്യവസാനം പരാജയത്തിലായിരുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വിളിച്ച് പറയുന്നു. 2015ല്‍ പാരീസ് ആതിഥ്യം വഹിച്ച കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ മോദി അവകാശപ്പെട്ടത് സോളാര്‍ ഊര്‍ജം ഉത്്പാദിപ്പിക്കുന്നവരില്‍ അഞ്ചാം സ്ഥാനത്തേക്ക് ഞങ്ങള്‍ ഉയരുമെന്നായിരുന്നു. എന്നാല്‍ സോളാര്‍ ഉപകരണങ്ങള്‍ക്ക് ഇറക്കുമതി നികുതി ഏര്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം ഉത്തരവ് വന്നു. രാജ്യത്തെ പ്രമുഖ ന്യൂസ് ഏജന്‍സി നടത്തിയ അന്വേഷണപ്രകാരം സര്‍ക്കാറിന്റെ പുതിയ ഉത്തരവിന്റെ ഫലമായി 2018-19 വര്‍ഷത്തില്‍ 55 ശതമാനത്തോളം സോളാര്‍ ഊര്‍ജ നിര്‍മാണത്തില്‍ ഇടിവുണ്ടാകുമെന്നും മോദി പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താന്‍ വര്‍ഷങ്ങളിനിയും കാത്തിരിക്കേണ്ടി വരുമെന്നുമാണ് വിവരം. 2014 ആഗസ്റ്റില്‍ ആരംഭിച്ച മറ്റൊരു പദ്ധതിയായിരുന്നു പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. എല്ലാവര്‍ക്കും ബേങ്കിംഗ് സൗകര്യമൊരുക്കുക എന്നതായിരുന്നു ഇതിന്റെ പരമമായ ലക്ഷ്യം. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം 335 മില്യണ്‍ ജനങ്ങള്‍ അക്കൗണ്ട് ആരംഭിച്ചുവെങ്കിലും അതില്‍ 23 ശതമാനത്തോളം അക്കൗണ്ടുകള്‍ 2018 ആയിട്ടും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. എല്ലായിടങ്ങളിലും ബേങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടതാണ് ഈ പദ്ധതിയുടെ തകര്‍ച്ചക്ക് കാരണമായത്. മേക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികളുടെയും സ്ഥിതി ഇതുതന്നെ.

ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരസ്ഥനായി, ജനങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവജ്ഞയോടെ അവഗണിച്ചാണ് മോദി തന്റെ ഭരണകാലം പൂര്‍ത്തികരിക്കാനിരിക്കുന്നത്. തന്റെ ഇഷ്ടക്കാരായ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വാരിക്കോരി നല്‍കി രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ അവര്‍ തീരുമാനിക്കുന്ന സ്ഥിതിവിശേഷമാണ് രാജ്യത്ത് സംജാതമായിട്ടുള്ളത്. ഇനിയൊരല്‍പ്പ കാലം കല്ലുവെച്ച നുണകളുടെയും പ്രഖ്യാപനങ്ങളുടെയും കാലമാണ്. പ്രലോഭനങ്ങള്‍ മുന്നോട്ട് വെച്ചും പണച്ചാക്കൊഴുക്കിയും ജനങ്ങളെ വരുതിയിലാക്കാന്‍ വ്യഗ്രത കാട്ടുന്ന കാലം. ബജറ്റ് ഇതിന്റെ ഏറ്റവും നല്ല നിദര്‍ശനമാണ്. ഭരണകാലം മുഴുവന്‍ കര്‍ഷകരെ ദ്രോഹിച്ചിട്ട് ഒടുവില്‍ കൈയിലെടുക്കുന്നത് കണ്ടില്ലേ? ഇത് ജനാധിപത്യത്തിന്റെ അട്ടിമറിയാണ്. ജനവികാരം വഴിതിരിച്ചു വിടാന്‍ പലതരം കെണികള്‍ ഒരുക്കിയിരിക്കുകയാണ്. സൂക്ഷിക്കണം. ഇത്തവണ കൂടി പിഴച്ചാല്‍ പിന്നെ തിരുത്താന്‍ സാധിച്ചെന്ന് വരില്ല.

എ ഫസീഹ് കുണിയ