Malappuram
ഇവര്‍ കാലിഗ്രഫിയിലെ 'ഇരട്ട' വിസ്മയങ്ങള്‍

കാലിഗ്രഫി കലാരൂപങ്ങളില്‍ വിസ്മയം തീര്‍ക്കുകയാണ് ഈ ഇരട്ട സഹോദരങ്ങള്‍. അറബ് നാടുകളില്‍ വ്യാപകമായി കണ്ടുവരുന്ന കാലിഗ്രഫിയുടെ വിവിധ മോഡലുകള്‍ക്ക് രൂപം നല്‍കുന്നതില്‍ സജീവമാണ് കാവനൂര്‍ ഏലിയാപറമ്പ് സ്വദേശികളായ മുഹമ്മദ് ഹസ്സനും മുഹമ്മദ് ഹുസൈനും. കേരളത്തില്‍ കാലിഗ്രഫിയുടെ പ്രചാരണം നടത്തുന്നതോടൊപ്പം കാലിഗ്രഫി ഉപയോഗിച്ച് പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും പുതുവിപ്ലവം തീര്‍ക്കുകയാണ് ഈ യുവാക്കള്‍. ഇതിന് പുറമേ ആനുകാലിക വിഷയങ്ങളിലെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ കാലിഗ്രഫിയിലൂടെ ഇവര്‍ ഇടപെടുന്നുണ്ട്. ഇസ്‌ലാമിക വാസ്തു കലയില്‍ പ്രധാന ഇനമായ കാലിഗ്രഫി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണമുണ്ടെങ്കിലും കേരളത്തില്‍ ഇതിന്റെ വ്യാപനം കുറവാണെന്നും പഴയ കാലത്ത് പള്ളികളിലും ചുമരുകളിലും കൊത്തിവെച്ചിരുന്ന കാലിഗ്രഫി ലിപികള്‍ക്ക് പുനര്‍ജന്മം നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.
അല്ലാഹുവിന്റെ നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന), പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരുകള്‍, ഖുര്‍ആന്‍ വചനങ്ങള്‍ തുടങ്ങി അറബിക് ലിപിയിലുള്ള വ്യത്യസ്ത പോസ്റ്ററുകളും ചുവരെഴുത്തുകളും കാലിഗ്രഫിയില്‍ മിനുറ്റുകള്‍ക്കകം എഴുതി നല്‍കാന്‍ മിടുക്കരാണ് ഈ വിദ്യാര്‍ഥികള്‍. അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകളിലെല്ലാം അനായാസം കാലിഗ്രഫി ലിപിയിലെഴുതാന്‍ ഇവര്‍ മിടുക്കരാണ്. വരക്കുന്ന ചിത്രങ്ങളെല്ലാം ഏവരുടെയും മനം കവരുന്നതാണ്. ഓരോ എഴുത്തുകളും അനുയോജ്യമായ ആശയങ്ങളിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അറബിക് കാലിഗ്രഫി മോഡലുകള്‍ പതിച്ച ചായക്കപ്പുകള്‍, ക്ലോക്കുകള്‍, പേപ്പര്‍ ഗ്ലാസുകള്‍ എന്നിവ ഈ കലാകാരന്മാര്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്. മഅ്ദിന്‍ അക്കാദമി വൈസനിയം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫെസ് എക്‌സ്‌പോയില്‍ സന്ദര്‍ശകര്‍ക്ക് ഇവരുടെ കാലിഗ്രഫി സ്റ്റാള്‍ ദൃശ്യ വിസ്മയമൊരുക്കിയിരുന്നു. സ്‌കൂളുകളിലും മദ്‌റസകളിലും സ്മാര്‍ട്ട് റൂമുകള്‍ ആകര്‍ഷകമായ രീതിയില്‍ പെയിന്റ് ചെയ്ത് നല്‍കാനും ഇവര്‍ ഒരുക്കമാണ്.
മലയാളികള്‍ക്ക് കാലിഗ്രഫിയും വിവിധ ആര്‍കിടെക്ചറുകളും പരിചയപ്പെടുത്താന്‍ തങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ചെറുപ്രായത്തില്‍ തന്നെ ചിത്രം വരയില്‍ മികവ് പുലര്‍ത്തുന്നത് കണ്ട് മാതാപിതാക്കള്‍ ഇവര്‍ക്ക് പ്രചോദനം നല്‍കിയിരുന്നു. ഒമ്പത് വര്‍ഷമായി മലപ്പുറം മഅ്ദിന്‍ അക്കാദമിയിലാണ് പഠനം നടത്തുന്നത്. കിതാബുകളില്‍ കാലിഗ്രഫി ലിപി കണ്ടാണ് ഇരുവരും എഴുത്ത് തുടങ്ങിയത്. പിന്നീട് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെയും മറ്റ് ഗുരുനാഥന്മാരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനം കൂടിയായപ്പോള്‍ കൂടുതല്‍ എഴുതി പരിശീലനം നേടി. ഇപ്പോള്‍ മഅ്ദിന്‍ കോളജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് വിദ്യാര്‍ഥികളാണ്.
കാലിഗ്രഫിയില്‍ ബിരുദവും ഈ മേഖലയില്‍ ഉന്നത പഠനം നടത്തണമെന്നുമാണ് ഇരുവരുടെയം മോഹം. കാവനൂര്‍ നടുലവീട്ടില്‍ മുഹമ്മദ് ഹനീഫ മുസ്‌ലിയാര്‍-മുണ്ടക്കാപറമ്പന്‍ സൈനബ ദമ്പതികളുടെ മക്കളാണ്.
ത്വയ്യിബ് പെരുവള്ളൂര്‍
മലപ്പുറം