Connect with us

Thiruvananthapuram

ഫാന്‍സി നമ്പറിന് 31 ലക്ഷം രൂപ; സംസ്ഥാനത്തെ റെക്കോര്‍ഡ്

Published

|

Last Updated

 പോര്‍ഷെ 718 ബോക്സ്റ്റ് കാര്‍. ഇന്‍സെറ്റില്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഒരു ലക്ഷം രൂപ ഫീസടക്കം കെ എല്‍ 01 സി കെ 1 നമ്പറിന് ദേവി ഫാര്‍മ ഉടമയായ തിരുവനന്തപുരം സ്വദേശി കെ എസ് ബാലഗോപാല്‍ മുടക്കിയത് 31 ലക്ഷം രൂപ. ഒന്നാം നമ്പറിന് നടന്ന വാശിയേറിയ ലേലത്തിലാണ് ബാലഗോപാല്‍ സി കെ 1 സ്വന്തമാക്കിയത്. മൂന്ന് പേരായിരുന്നു ലേലത്തിനുണ്ടായിരുന്നത്. പത്ത് ലക്ഷത്തിലും 25 ലക്ഷത്തിലും രണ്ട് പേര്‍ ലേലം അവസാനിപ്പിച്ചപ്പോള്‍ ബാലഗോപാല്‍ 30 ലക്ഷത്തിന് നമ്പര്‍ സ്വന്തമാക്കി.

ഇതോടെ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പറിന്റെ ഉടമയെന്നത് ബാലഗോപാലിന് സ്വന്തം. തന്റെ പുതിയ പോര്‍ഷെ 718 ബോക്സ്റ്റിന് വേണ്ടിയാണ് 31 ലക്ഷം രൂപ മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. പോര്‍ഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായ 718 ബോക്സ്റ്ററിന്റെ മയാമി ബ്ലൂ എന്ന സ്വപെഷ്യന്‍ കളറാണിതിന്. രണ്ട് ലിറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 300 ബി എച്ച് പി കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.9 സെക്കന്റുകള്‍ മതി. ഏകദേശം ഒരു കോടി രൂപയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

നേരത്തെ കെ എല്‍ 01 സി ബി 1 എന്ന നമ്പര്‍ ബാലഗോപാല്‍ 18 ലക്ഷം രൂപക്കായിരുന്നു സ്വന്തമാക്കിയത്. ലാന്‍ഡ് ക്രൂസറിനായിരുന്നു അന്ന് റെക്കോര്‍ഡ് തുകക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ ആ റെക്കോര്‍ഡാണ് പോര്‍ഷെക്ക് വേണ്ടി ബാലഗോപാല്‍ തന്നെ തകര്‍ത്തത്.
2004 മുതല്‍ തുടങ്ങിയതാണ് വാഹനപ്രേമിയായ ബാലഗോപാലന് ഒന്നാം നമ്പറോടുള്ള ഇഷ്ടം. ഒമ്പത് വാഹനങ്ങളാണ് ബാലഗോപാലിനുള്ളത്. 2004ല്‍ എ കെ ഒന്നിലാണ് തുടക്കം. ഇനിയും പുതിയ വണ്ടി വന്നാല്‍ ഇഷ്ടനമ്പര്‍ എന്തുവിലകൊടുത്തും സ്വന്തമാക്കാന്‍ തയ്യാറാണ് ബാലഗോപാല്‍. പുതുതായി ഒരു വാഹനം വാങ്ങിയ സമയത്താണ് പുതിയ നമ്പര്‍ ലേലത്തില്‍ വരുന്ന സമയം കൂടി ആണെന്ന് അറിഞ്ഞത്. പുതിയ സീരീസ് കൂടി തിരുവനന്തപുരം ആര്‍ ടി ഒയില്‍ ഓപ്പണ്‍ ആയതും ഇതേ സമയത്തായതിനാലാണ് ആദ്യ നമ്പര്‍ ആയ ഒന്ന് തന്നെ ലേലത്തില്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. വണ്ടി നമ്പറുകളില്‍ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താത്പര്യം. തന്റെ പക്കലുള്ള മൊബൈല്‍ നമ്പറുകള്‍ക്കും ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി. 0 മുതല്‍ 9 വരെയുള്ള എല്ലാ ഒരേ നമ്പര്‍ സീരീസും ബാലഗോപാലിന്റെ കൈവശമുണ്ട്.

Latest