Connect with us

Articles

ഇന്ധന നികുതി ഏകീകരണം ഉയര്‍ത്തുന്ന ആകാശ സ്വപ്‌നങ്ങള്‍

Published

|

Last Updated

ചിറകു വിരിച്ച് പറക്കാന്‍ തുടങ്ങുമ്പോഴേക്ക് കരിപ്പൂരിനെ താഴെയിറക്കാനുളള ശ്രമങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് കരിപ്പൂര്‍ വിമാനത്താവളത്തോളം തന്നെ പഴക്കമുണ്ട്. അവഗണനയും അടിച്ചമര്‍ത്തലുകളും വിവിധ കാരണങ്ങളായി ഇപ്പോഴും തുടരുന്നുണ്ട്. അതിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമങ്ങളെയെല്ലാം ചെറുത്ത് തോല്‍പ്പിച്ചായിരുന്നു 1988 മാര്‍ച്ച് 23ന് കരിപ്പൂരില്‍ ആദ്യമായി വിമാനം പറന്നിറങ്ങിയത്. ജീവിത മാര്‍ഗം തേടി കടല്‍ കടന്ന ഒരു ജനതയുടെ അഭിലാഷമായിരുന്നു കരിപ്പൂര്‍ വിമാനത്താവളം. ഏറ്റവും ഒടുവിലാണ് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂരിനെയും തിരുവനന്തപുരത്തെയും ഒഴിവാക്കി സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കണ്ണൂര്‍ വിമാനത്താവളത്തിന് വിമാന ഇന്ധന നികുതിയില്‍ ഇളവ് നല്‍കി തീരുമാനമുണ്ടായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (എ ടി എഫ്) പൊതു വില്‍പ്പന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമാക്കി കുറക്കാനായിരുന്നു തീരുമാനം. കരിപ്പൂരില്‍ നിന്ന് 29.04 ശതമാനമാണ് ഇന്ധന നികുതി ഈടാക്കുന്നത് എന്നിരിക്കെയാണ് പുതിയ വിമാനത്താവളമെന്ന പരിഗണന നല്‍കി കണ്ണൂരിന് മാത്രം ഇളവ് അനുവദിച്ചത്.

കേന്ദ്ര വ്യാമയാന നയം അനുസരിച്ച് ഉഡാന്‍ സര്‍വീസില്‍ ഉള്‍പ്പെട്ട വിമാനങ്ങള്‍ക്ക് നികുതി കുറക്കാമെങ്കിലും മറ്റു വിമാനങ്ങള്‍ക്ക് കൂടി നികുതി ഒരു ശതമാനമാക്കിയത് വിവേചനപരമായിരുന്നു. കൂടുതല്‍ വിമാനക്കമ്പനികളെ കണ്ണൂരിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായകമാകുമ്പോള്‍ കരിപ്പൂര്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ നിരക്കില്‍ യാത്ര ചെയ്യേണ്ടി വരുമെന്നതാണ് ഇതിന്റെ പരിണിതഫലം. ഇതിനെതിരെ പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ജനഹിതം മാനിച്ച സര്‍ക്കാറിന്റെ നിലപാടിനെ സ്വാഗതം ചെയ്യേണ്ടതു തന്നെയാണ്. കണ്ണൂരിന് നല്‍കിയ ഇളവ് കരിപ്പൂരിനും ലഭിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. എല്ലായാത്രക്കാരെയും ഒരു പോലെ കാണുക എന്നത് പ്രധാനമാണെന്നതിനാല്‍ കണ്ണൂര്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് കിട്ടുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും കരിപ്പൂര്‍ വിമാനത്താവളം ഉപയോഗിക്കുന്നവരും അര്‍ഹരാണ്.

അമിതമായ ടിക്കറ്റ് നിരക്കാണ് പ്രധാനമായും യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. രണ്ട് വിമാനത്താവളങ്ങളിലേയും ആഭ്യന്തര സര്‍വീസുകളുടെ നിലവിലെ ടിക്കറ്റ് പരിശോധിച്ചാല്‍ മാറ്റം വ്യക്തമാകും. കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് 1930 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് എങ്കില്‍ കരിപ്പൂരില്‍ നിന്ന് ഇതേ സ്ഥലത്തേക്ക് 2,500 രൂപയില്‍ നിന്നാണ് നിരക്ക് ആരംഭിക്കുന്നത്. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലേക്കെല്ലാം ഇതുതന്നെയാണ് അവസ്ഥ. കണ്ണൂര്‍- മുംബൈ റൂട്ടില്‍ 3,000 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ കരിപ്പൂരില്‍ നിന്ന് ഇരട്ടിയിലധികം വര്‍ധനവാണുളളത്. 6,100 രൂപയാണ് ഏറ്റവും ചുരുങ്ങിയ നിരക്ക്. കാലിക്കറ്റ് – ഡല്‍ഹി റൂട്ടില്‍ 8,100 ഈടാക്കുമ്പോള്‍ കണ്ണൂരില്‍ നിന്ന് 6,800 രൂപക്ക് യാത്ര ചെയ്യാന്‍ കഴിയും. മിക്ക നഗരങ്ങളിലേക്കും ഈ മാറ്റം കാണാനാകും.

എയര്‍ ഇന്ത്യ കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകള്‍ക്കെല്ലാം ഭീമമായ നിരക്കാണ് യാത്രക്കാരുടെ മേല്‍ ചുമത്തുന്നത്. ആഭ്യന്തര സര്‍വീസുകള്‍ക്ക് വിമാനക്കമ്പനി ഏതെന്ന് യാത്രക്കാര്‍ പരിഗണിക്കാറില്ല. ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ ലക്ഷ്യ സ്ഥാനത്ത് എത്തുമെന്നതിനാലാണ് ആകാശയാത്ര തിരഞ്ഞെടുക്കുന്നത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കാരണം ഏതാനും മണിക്കൂറുകള്‍ ആവശ്യമായ അഭ്യന്തര യാത്രകള്‍ക്ക് പോലും വിമാനം ഒഴിവാക്കി ദിവസങ്ങള്‍ നീളുന്ന തീവണ്ടി തന്നെയാണ് ഇപ്പോഴും ബഹുഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത്. നിരക്ക് ഏകീകരണം ഇല്ലാത്തതിനാല്‍ വിമാനക്കമ്പനികള്‍ തോന്നുംപടി നിശ്ചയിക്കുകയും യാത്രക്കാര്‍ ഇതിന് വഴങ്ങേണ്ട സാഹചര്യവുമാണ് ഇപ്പോഴുമുള്ളത്. കരിപ്പൂര്‍ ഉള്‍പ്പെടെയുള്ള മറ്റ് വിമാനത്താവളങ്ങള്‍ക്ക് ഇന്ധന നികുതി അഞ്ച് ശതമാനമാക്കിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ കുറച്ചത്. അപ്പോഴും കണ്ണൂരിന് ഒരു ശതമാനം തന്നെയാണ് നികുതിയുള്ളത്. നികുതി കുറയുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ പൂര്‍ണമായും യാത്രക്കാരായിരിക്കണം. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കൂടുകയും കൂടുതല്‍ പേര്‍ വിമാനയാത്ര തിരഞ്ഞെടുക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും.

ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങി പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേക്ക് ദിവസങ്ങള്‍ നീളുന്ന തീവണ്ടി യാത്ര ഒഴിവാക്കി ആകാശ മാര്‍ഗമാക്കാന്‍ പുതിയ തീരുമാനം കാരണമാകും. നികുതി കുറച്ചതോടെ ടിക്കറ്റ് കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍. ഇതിനു പകരം നികുതി കുറയുമ്പോഴുണ്ടാകുന്ന ഇളവ് വിമാനക്കമ്പനികള്‍ മുതലെടുക്കുന്ന സാഹചര്യം ഉണ്ടായാല്‍ അത് യാത്രക്കാരോടുള്ള ചതിയായിരിക്കും. മാത്രമല്ല ഖജനാവിലെത്തേണ്ട വന്‍തുക വിമാനക്കമ്പനികള്‍ കൊളളയടിക്കപ്പെടുന്ന സാഹചര്യവും വരും. സര്‍ക്കാറാണ് ഇതിനെല്ലാം മുന്നിട്ടിറങ്ങേണ്ടത്. യാതൊരു മാനദണ്ഡവുമില്ലാത്ത ടിക്കറ്റ് നിരക്ക് വര്‍ധന പിടിച്ചു കെട്ടുക തന്നെ വേണം.

ലാഭത്തില്‍ ഓടുന്ന കേരളത്തിലെ രണ്ടാമത്തെ വിമാനത്താവളമാണ് കരിപ്പൂര്‍. കഴിഞ്ഞ ഡിസംബറില്‍ വൈറ്റ് ബോഡി വിമാനങ്ങള്‍ ഇറങ്ങുന്നതിന് മുമ്പ് പത്ത് സര്‍വീസുകള്‍ മാത്രം നടത്തിയിട്ടും വരുമാനത്തില്‍ രണ്ടാം സ്ഥാനമായിരുന്നു കരിപ്പൂരിന്. നെടുമ്പാശ്ശേരിയില്‍ പതിനാല് വിമാനങ്ങളാണ് ഈ സമയത്ത് സര്‍വീസ് നടത്തിയിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 226.54 ലക്ഷത്തിന്റെ വരുമാനമാണ് കരിപ്പൂര്‍ നേടിയത്. കൂടുതല്‍ സര്‍വീസുകള്‍ കരിപ്പൂരിലെത്തുന്നതോടെ ഒന്നാം സ്ഥാനത്തേക്ക് ഉയരും. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, എയര്‍ ഏഷ്യ, മലേഷ്യന്‍ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ ലങ്ക എന്നിവയുടെ വലിയ വിമാനങ്ങള്‍ ഏറെ വൈകാതെ കരിപ്പൂരിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുമെന്ന പ്രതീക്ഷയിലാണ് മലബാറില്‍ നിന്നുള്ള പ്രവാസികള്‍.

ജലീല്‍ കല്ലേങ്ങല്‍പടി