Connect with us

Kerala

അഞ്ച് വര്‍ഷം, 1,265 മരണം; പരിചരണമില്ലാതെ ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍

Published

|

Last Updated

പാലക്കാട്: ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ ശരിയായ പരിചരണവും ചികിത്സയും ലഭിക്കാതെ കുട്ടികള്‍ മരിക്കുന്നു. സംസ്ഥാനത്ത് സാമൂഹികനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പതിനേഴ് അംഗീകൃത ദത്തെടുക്കല്‍ സ്ഥാപനങ്ങളിലായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറ് വരെ പ്രായമുള്ള 24 കുട്ടികളാണ് മരിച്ചത്. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. 2014 ഏപ്രിലിനും 2019 ജനുവരി 31നും ഇടയില്‍ രാജ്യത്താകെയുള്ള സ്‌പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സികളിലായി (എസ് എ എ) 1,265 കുട്ടികളാണ് ശരിയായ പരിചരണം ലഭിക്കാതെ മരിച്ചത്.

സംസ്ഥാനത്ത് 2014- 15 വര്‍ഷത്തില്‍ അഞ്ച് കുട്ടികളും 2015- 16ല്‍ ഏഴ് കുട്ടികളും 2016- 17ല്‍ അഞ്ച് കുട്ടികളും 2017- 18ല്‍ ഏഴ് കുട്ടികളുമാണ് മരിച്ചത്. പിന്നീട് സംസ്ഥാനത്തെ ഇത്തരം കേന്ദ്രങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രാജ്യത്താകെ നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 484 കേന്ദ്രങ്ങളാണുള്ളത്. കുട്ടികളെ ദത്തെടുക്കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങളാണിത്. പലപ്പോഴും ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന സംരക്ഷണ കാലയളവില്‍ കുട്ടികള്‍ക്ക് കൊടിയ പീഡനം അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ ദത്തെടുക്കുന്നതിനുള്ള മാനദണ്ഡം പലപ്പോഴും പാലിക്കപ്പെടാറില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇത്തരം കേന്ദ്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 172 കുട്ടികള്‍. കേന്ദ്ര വനിതാ ശിശുക്ഷേമ സഹമന്ത്രി വീരേന്ദ്ര കുമാര്‍ ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. ശശി തരൂര്‍ എം പി എഴുതി നല്‍കിയ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്. തൊട്ടുപിന്നില്‍ ഉത്തര്‍ പ്രദേശും (170) ബിഹാറുമാണ് (134).

രാജ്യത്താകെയുള്ള ദത്തെടുക്കല്‍ കേന്ദ്രങ്ങളിലായി 2014- 15 വര്‍ഷത്തില്‍ മാത്രം 277 കുട്ടികളാണ് മരിച്ചത്. 2015- 16ല്‍ 280 കുട്ടികളും 2016- 17ല്‍ 276 കുട്ടികളും 2017- 18ല്‍ 292 കുട്ടികളും മരിച്ചു. ഇതിന് ശേഷം ഈ വര്‍ഷം ജനുവരി 31 വരെ 140 കുട്ടികളാണ് മരിച്ചത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജസ്ഥാനിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളിലായി 93ഉം തമിഴ്‌നാട്ടില്‍ 85ഉം കുട്ടികളാണ് മരിച്ചത്. അതേസമയം, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, മേഘാലയ, ചണ്ഡീഗഢ്, ഗോവ, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കുട്ടികളുടെ പ്രായം, മരണ കാരണം തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല, മരണത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പറയുമ്പോഴും കുട്ടികളില്‍ പലരും മര്‍ദനമേറ്റും വൈദ്യസഹായം ലഭിക്കാതെയുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. പല കുട്ടികളെയും മരിച്ച ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായും പറയുന്നു.

പല സംസ്ഥാനത്തും ദത്തെടുക്കല്‍ ഏജന്‍സി മുഖേന നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ സ്ഥിതി പരിതാപകരമാണ്. ചില സംസ്ഥാനങ്ങളില്‍ കുട്ടികള്‍ക്ക് അസുഖം വന്നാല്‍ ചികിത്സ നല്‍കാന്‍ പോലും തയ്യാറാകുന്നില്ല. പല കുട്ടികളും അതിക്രൂരമായ അനുഭവങ്ങള്‍ നേരിട്ടാണ് മരിക്കുന്നതെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നയിമ നടപടിയെടുക്കണമെന്നുമുള്ള ആവശ്യം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി 31 വരെ ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് 26,464 കുട്ടികളെ ദത്ത് നല്‍കിയിട്ടുണ്ട്.

2014-19ലെ മരണ നിരക്ക്

മഹാരാഷ്ട്ര 172
ഉത്തര്‍പ്രദേശ് 170
ബിഹാര്‍ 134
രാജസ്ഥാന്‍ 93
തമിഴ്‌നാട് 85
കര്‍ണാടക 81
തെലങ്കാന 79
പശ്ചിമ ബംഗാള്‍ 62
ഒഡീഷ 59
ഗുജറാത്ത് 51
മധ്യപ്രദേശ് 40
ഛത്തീഗഢ് 26
പഞ്ചാബ് 25
ഡല്‍ഹി 24
ആന്ധ്രാപ്രദേശ് 23
അസാം 21