Connect with us

Articles

ഇനി സമുദായം വളരട്ടെ

Published

|

Last Updated

മുത്വലാഖ്, സാമ്പത്തിക സംവരണം ബില്ലുകള്‍ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും നടന്ന രാഷ്രീയ നീക്കങ്ങളും പുതിയ ചേരിതിരുവുകളും കൂട്ടുകെട്ടുകളും ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തെ കുറിച്ചുള്ള സവിശേഷമായ ചില പുനരാലോചനകള്‍ക്ക് വക നല്‍കുന്നുണ്ട്. നിയമനിര്‍മാണ സഭകളിലെ മുസ്‌ലിംകളുടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം/ പ്രാതിനിധ്യമില്ലായ്മ ഏതെങ്കിലും തരത്തില്‍ അവരുടെ സാമൂഹിക നീതിയുടെ ചോദ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ടോ എന്നതാണ് അതില്‍ പ്രധാനപ്പെട്ട ചോദ്യം. ലോക്‌സഭയില്‍ ഈ ബില്ലുകളെ എതിര്‍ത്തുകൊണ്ട് വോട്ട് ചെയ്തവരുടെ (യഥാക്രമം പതിനൊന്നും മൂന്നും) എണ്ണത്തെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചകളില്‍ പലതും ഉന്നയിക്കാന്‍ ശ്രമിച്ചത് ഇത്തരം ചില ആശങ്കകളാണ്. അതേ സമയം ഇന്ത്യയിലെ വളരെ സങ്കീര്‍ണമായ മുസ്‌ലിം അവസ്ഥകളെ കുറിച്ചുള്ള, പ്രത്യേകിച്ചും അവര്‍ നേരിടുന്ന രാഷ്ട്രീയ ചോദ്യങ്ങളെ കേവലം എണ്ണങ്ങളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നത് പ്രശ്‌നങ്ങളുടെ ലളിതവത്കരണമല്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല.

ജസ്റ്റിസ് സച്ചാറിന്റെ നേതൃത്വത്തില്‍ 2006ല്‍ തയ്യാറാക്കിയ മുസ്‌ലിംകളുടെ സാമൂഹിക സ്ഥിതിയെ കുറിച്ചുള്ള വസ്തുതാന്വേഷണപഠന റിപ്പോര്‍ട്ട്, ഇന്ത്യയിലെ മുസ്‌ലിം പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നതിനുള്ള ഒരു പ്രധാന ഡോക്യുമെന്റായി ഇതിനകം തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. ആ അര്‍ഥത്തില്‍ മുസ്‌ലിം ചോദ്യങ്ങളെ സമീപിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിലും ഒരു “സച്ചാര്‍ ടേണ്‍” തന്നെ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. മുസ്‌ലിം പ്രശ്‌നങ്ങളെ ഗണാത്മകമായി (ക്വാണ്ടിറ്റേറ്റീവ്) സമീപിക്കുന്ന രീതിക്ക് നമ്മുടെ വിശകലനങ്ങളില്‍ പ്രാമുഖ്യം ലഭിക്കുന്നതില്‍ ഈ ടേണ്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പക്ഷേ, ഈ ഗണാത്മക വിശകലനത്തെ ഗുണാത്മകമായി (ക്വാളിറ്റിറ്റീവ്) വികസിപ്പിച്ചെടുക്കാനോ മുന്നോട്ടുകൊണ്ടുപോകാനോ എത്രമാത്രം സാധിച്ചിട്ടുണ്ട്? അതോ ഇന്ത്യയിലെ മുസ്‌ലിം പ്രശ്‌നങ്ങളെ ഗണാത്മകമായി മാത്രമായേ നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നുണ്ടോ? എന്താണ് ഈ രണ്ട് സമീപനങ്ങളും മുസ്‌ലിം സമുദായത്തെ കുറിച്ച് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളിലെ വ്യത്യസ്തതയും വ്യതിരക്തതയും? മുസ്‌ലിംകള്‍ എണ്ണത്തില്‍ പെരുകുന്നു എന്ന ആരോപണത്തിന്റെ മറപിടിച്ചാണ് വലതുപക്ഷ രാഷ്ട്രീയം സമീപകാലത്ത് അവരുടെ വളര്‍ച്ചക്ക് അടിത്തറയും സ്വീകാര്യതയും നിര്‍മിച്ചെടുത്തത്. അതേ സമയം മുസ്‌ലിംകള്‍ എണ്ണത്തില്‍ പിറകിലാകുന്നു (അത് ജനസംഖ്യയില്‍ ആകട്ടെ, പ്രാതിനിധ്യത്തിന്റെ തലത്തില്‍ ആകട്ടെ) എന്ന ആശങ്ക വന്‍ തോതില്‍ ഉയര്‍ത്തിക്കൊണ്ടാണ് മുസ്‌ലിം സമുദായത്തിനകത്തെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ സമീപകാലത്തായി പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. അടിസ്ഥാനപരമായി ഈ രണ്ട് ആശങ്കകളും തമ്മില്‍ രീതിശാസ്ത്രപരമായി എന്തെങ്കിലും വ്യത്യാസമുണ്ടോ? അതോ പ്രായോഗിക രാഷ്ട്രീയമായി ഒരേ രീതിയിലാണോ വിവര്‍ത്തനം ചെയ്യപ്പെടുന്നത്?

വ്യത്യസ്തമായ സമീപനങ്ങളാണ് മേല്‍ ചോദ്യങ്ങളോട് ഇന്ത്യയിലെ മുസ്‌ലിം ചിന്തകരും രാഷ്ട്രീയക്കാരും സ്വീകരിച്ചത്. ചിലര്‍ ജനസംഖ്യാനുപാതികമായി വിവിധ സ്ഥാപനങ്ങളിലുള്ള, പ്രത്യേകിച്ചും പാര്‍ലിമെന്ററി സ്ഥാപനങ്ങളിലുള്ള പ്രാതിനിധ്യത്തെ എല്ലാത്തിനുമുള്ള പ്രശ്‌ന പരിഹാരമാര്‍ഗമായി കാണുന്നു. അങ്ങനെയെങ്കില്‍ സമുദായത്തിനകത്തെ വൈജാത്യങ്ങളെയും സാമൂഹിക സാമ്പത്തിക അസമത്വങ്ങളെയും ഈ പ്രാതിനിധ്യം എങ്ങനെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത് എന്ന ആശങ്കയാണ് മറ്റു ചിലര്‍ ഉയര്‍ത്തുന്നത്. വിവിധ മുസ്‌ലിം താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന കൂടുതല്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാവുക/ നിലവിലുള്ള പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രതിനിധികള്‍ ഉണ്ടാവുക തുടങ്ങിയവയാണ് ഏറെക്കുറെ ഈ രണ്ട് കൂട്ടരും മുന്നോട്ടുവെക്കുന്ന ഒരു പോംവഴി. വേറെ ചിലരാകട്ടെ, രാജ്യത്തെ ഭരണഘടന ഉറപ്പ് നല്‍കുന്ന പൊതുനിയമങ്ങളുടെയും വ്യവസ്ഥയുടെയും അകത്തു നിന്ന് തന്നെ മുസ്‌ലിം പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ കഴിയുമെന്നും അതുകൊണ്ടു തന്നെ പ്രാതിനിധ്യം പോലുള്ള പ്രത്യേക പരിഗണനകള്‍ ആവശ്യമില്ല എന്നും വാദിക്കുന്നു. എന്നാല്‍, ഇന്ത്യയിലെ സവിശേഷമായ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ദേശരാഷ്ട്രത്തിന്റെ ലോജിക് അനുസരിച്ച് പരിഹരിക്കാന്‍ കഴിയുന്നതല്ല മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നതിനാല്‍ സ്‌റ്റേറ്റിനെ ഒരു രക്ഷകനായി കാത്തിരിക്കുന്നതില്‍ വലിയ അര്‍ഥമില്ലെന്നും, പകരം മറ്റു പല സമുദായങ്ങള്‍ക്കും ഗവണ്‍മെന്റ് ഒരുക്കി കൊടുക്കുന്ന സൗകര്യങ്ങള്‍ മുസ്‌ലിം സമുദായം സ്വന്തമായി ഒരുക്കലാണ് പോംവഴിയെന്നും മറ്റു ചിലര്‍ കരുതുന്നു. സ്വന്തം വഴിക്കു കാര്യങ്ങള്‍ നടത്തുമ്പോള്‍ തന്നെ സ്‌റ്റേറ്റും ഭരണഘടനയുമായി ഒരു സഹവര്‍ത്തിത്തം രൂപപ്പെടുത്തുന്നതോടൊപ്പം തന്നെ സമുദായത്തിനകത്ത് നിന്നും വിഭവങ്ങള്‍ കണ്ടെത്തുന്നവരാണ് വേറൊരു കൂട്ടര്‍. തീര്‍ത്തും തുച്ഛമായ മറ്റൊരു വിഭാഗമാകട്ടെ റാഡിക്കലായ നിലപാടുകളെടുത്ത് പെരുമാറുന്നു. ഇങ്ങനെ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണത്തിനും ന്യൂനപക്ഷ പീഡനം എന്ന ആഭ്യന്തര വിശദീകരണത്തിനുമിടയിലെ പരസ്പരം കണ്ടുമുട്ടാത്ത, കണ്ടുമുട്ടാന്‍ സാധ്യതകളില്ലാത്ത പല അടരുകളായി പകുത്തെടുക്കപ്പെട്ടിരിക്കുകയാണ് ഇന്നു മുസ്‌ലിം രാഷ്ട്രീയം.

സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യയിലെ മുസ്‌ലിംകളുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണമാവുകയും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും പല മുഖങ്ങളുള്ള വെല്ലുവിളികള്‍ അവര്‍ക്കു നേരിടേണ്ടി വരികയും ചെയ്തു. വിഭജനത്തിന്റെ മുറിവുകള്‍ ഉണക്കാനുള്ള രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ പൊതു ശ്രമങ്ങള്‍ക്കിടയില്‍ മുസ്‌ലിംകള്‍ മാത്രം നേരിട്ട സവിശേഷവും അതിഭയാനകവുമായ അവസ്ഥകള്‍ അടിസ്ഥാനമപരമായി ഒരിക്കലും അഭിമുഖീകരിക്കപ്പെട്ടില്ല. എന്നു മാത്രമല്ല, തകര്‍ക്കപ്പെട്ട മുസ്‌ലിം സമുദായത്തിന്റെ ചരിത്രസാംസ്‌കാരിക അസ്തിത്വങ്ങള്‍ക്കു മുകളിലാണ് ആധുനിക ഇന്ത്യ പടുത്തുയര്‍ത്തിയത് തന്നെ. വിഭജനത്തിന് ശേഷം, ഡല്‍ഹിയില്‍ മുസ്‌ലിം കേന്ദ്രങ്ങള്‍ വ്യാപകമായി അക്രമിക്കപ്പെട്ടപ്പോള്‍ അതേ കുറിച്ച് പരാതിപറയാന്‍ പോയ അബുല്‍ കലാം ആസാദിനോട് നമ്മുടെ സങ്കല്‍പ്പത്തിലുള്ള ഇന്ത്യ പിന്നെ നമ്മള്‍ വേറെ എവിടെ പണിയും എന്ന് ജവഹര്‍ലാല്‍ നെഹ്‌റു തിരിച്ചു ചോദിച്ചത് ആനന്ദ് വിവേക് തേജ ഡല്‍ഹിയിലെ മുസ്‌ലിംകളും ഗവണ്മെന്റുകളും തമ്മിലുള്ള ബന്ധങ്ങളുടെ പരിണാമം വിശദീകരിക്കുന്ന പുസ്തകത്തില്‍ എടുത്തുദ്ധരിക്കുന്നുണ്ട്. ചരിത്രാനുഭവങ്ങള്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ അവരുടെ മുന്നോട്ടുള്ള പോക്കിനെ തെളിച്ചമുള്ളതാക്കാനല്ല, മറിച്ച് മായ്ച്ചുകളയാനോ ദുരൂഹമാക്കാനോ ആണ് ഇന്ത്യയില്‍ ഉപയോഗിച്ചിട്ടുള്ളത് എന്നും തേജ പറയുന്നു.

മുസ്‌ലിം ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ശ്രമിച്ച ഒറ്റപ്പെട്ട സമുദായ രാഷ്ട്രീയ നേതാക്കള്‍ വരികയും പോകുകയും ചെയ്‌തെങ്കിലും, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും വ്യവസ്ഥാപിത രൂപം കൈക്കൊള്ളാനോ തുടര്‍ച്ചകള്‍ ഉണ്ടാക്കാനോ കഴിഞ്ഞില്ല. ഇതുകൊണ്ടൊക്കെ തന്നെ, അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും അതിജീവിക്കുന്നതിലും മുസ്‌ലിംകള്‍ വിജയിച്ചുമില്ല. സമുദായത്തിന്റെ പേരില്‍ വന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇവ്വിഷയങ്ങളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നു മാത്രമല്ല, മുസ്‌ലിം പ്രശ്‌നങ്ങളെ കൈയൊഴിയാന്‍ മുഖ്യധാരാ സംഘടനകള്‍ക്ക് അത് സഹായകമായി വര്‍ത്തിക്കുകയും ചെയ്തു. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം ഈ സ്ഥിതിഗതികള്‍ കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി മാറി. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന് പല തലത്തിലുള്ള മേല്‍ക്കൈ ലഭിച്ച കഴിഞ്ഞ രണ്ട് ദശാബ്ദങ്ങള്‍ മുസ്‌ലിം രാഷ്ട്രീയത്തെ മാത്രമല്ല, മുസ്‌ലിം രാഷ്ട്രീയത്തോടുള്ള മുഖ്യധാരാ മതേതര രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. മുസ്‌ലിം വിരുദ്ധതയെ ആന്തരികവത്കരിക്കാതെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ വികസിക്കുകയാണ്. പശു കടത്തുമായി ബന്ധപ്പെട്ട കേസില്‍ ഈയിടെ മധ്യപ്രദേശില്‍ കര്‍ഷകര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചത് ബി ജെ പിക്കെതിരെ ക്യാമ്പയിന്‍ നടത്തി അധികാരത്തിലെത്തിയ ഒരു സര്‍ക്കാറാണ് എന്നത് ബി ജെ പി അനന്തര ഇന്ത്യയിലെ മുഖ്യധാരാ മതേതര രാഷ്ട്രീയത്തിന്റെ ഘടനാപരമായ വ്യതിയാനത്തിലേക്കു കൂടി സൂചന നല്‍കുന്നുണ്ട്. ബി ജെ പിക്ക് ശ്രീരാമനെങ്കില്‍ കോണ്‍ഗ്രസിന് ശിവന്‍ എന്ന കണക്കു കൂട്ടലിനപ്പുറത്തേക്ക് പോകാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് കഴിയുമോ? ആത്യന്തികമായി ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വലതുപക്ഷവത്കരിക്കുക എന്നതും, അതുവഴി ആര്‍ക്ക് വോട്ടു ചെയ്താലും അതിന്റെ ആത്യന്തിക ഗുണഫലം തീവ്രവലതുപക്ഷത്തിന് ലഭിക്കുക എന്നതുമാണ് സംഘ്പരിവാര്‍ സംഘടനകളുടെ ദീര്‍ഘകാല ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് അവര്‍ അടുത്തുകൊണ്ടിരിക്കുന്നു എന്ന് ന്യായമായും സംശയിക്കാന്‍ കഴിയും വിധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള രാഷ്ട്രീയ ശ്രമങ്ങള്‍ തുടക്കത്തില്‍ സൂചിപ്പിച്ച വ്യത്യസ്ത നിലപാടുക അനന്തരഫലമായിരുന്നു. ഓരോ കാലത്തും രാഷ്ട്രീയമായി മേല്‍കൈ നേടുന്ന നിലപാടുകളും രാഷ്ട്രീയ കക്ഷികളുടെ അജന്‍ഡകളുമാണ് മുസ്‌ലിംകള്‍ക്ക് വേണ്ടി എന്ന പേരില്‍ നിലവില്‍ വന്ന നയനിലപാടുകള്‍ ആയി മാറിയത്. അതേ സമുദായത്തിനകത്തു നിന്നുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ആകട്ടെ, വോട്ട് നിലനിര്‍ത്താനും പിടിക്കാനുമുള്ള ഉപരിപ്ലവ പരിപാടികള്‍ക്കപ്പുറത്തേക്കു പോകാന്‍ കഴിയാതെ സ്തംഭിച്ചു നില്‍ക്കുന്നു. ഇതിന്റെ ഫലമായി വല്ലപ്പോഴുമുണ്ടാകുന്ന ചെറിയ നേട്ടങ്ങള്‍ വലിയ സംഭവങ്ങളായി അവതരിപ്പിക്കുകയും സമുദായത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ അവശേഷിക്കുകയും ചെയ്യുന്ന സ്ഥിതി വന്നു. മുസ്‌ലിംകളുടേത് മാത്രമല്ലാത്ത, എളുപ്പത്തില്‍ പരിഹാരം കണ്ടെത്താവുന്ന പൊതു പ്രശ്‌നങ്ങള്‍ മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിക്കപ്പെടുകയും സമുദായത്തിന്റെ വിഭവ ശേഷിയും ഊര്‍ജവും വന്‍ തോതില്‍ അത്തരം പ്രശ്‌നങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കുകയും ചെയ്തു. ഉദാഹരണത്തിന്, കരിപ്പൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട യാത്രാവികസന പ്രശ്‌നങ്ങള്‍ കേരളത്തില്‍ കൈകാര്യം ചെയ്യപ്പെടുന്ന രീതി പരിശോധിക്കുക.

വലിയൊരു വൈരുധ്യത്തിന്റെ പുറത്താണ് നിലവില്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മുസ്‌ലിംകള്‍ അടിസ്ഥാനപരമായി അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഭൂരിഭാഗവും ദേശീയതലത്തില്‍, എല്ലാ പ്രദേശങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളെയും ഏതാണ്ട് ഒരുപോലെ ബാധിക്കുന്നവയാണ്. അതേസമയം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ വന്ന മുസ്‌ലിം പാര്‍ട്ടികളാകട്ടെ എല്ലാം പ്രാദേശിക കക്ഷികള്‍ ആയാണ് രൂപം കൊണ്ടതും പ്രവര്‍ത്തിക്കുന്നതും. പ്രാദേശികമായി വിവിധ സംസ്ഥാനങ്ങളിലെ, പലപ്പോഴും സംസ്ഥാനങ്ങളിലെ തന്നെ ചില ഉപ പ്രദേശങ്ങളിലെ ആവശ്യങ്ങളും താത്പര്യങ്ങളുമാണ് സ്വാഭാവികമായും ഈ സംഘടനകളുടെ മുഖ്യ അജന്‍ഡ. മുസ്‌ലിം ലീഗ് മലബാറിലും മജ്‌ലിസ് ഹൈദരാബാദ് നഗരത്തിലും എ യു ഡി എഫ് അസാമിലെ ചില പ്രദേശത്തും ചുരുങ്ങി നില്‍ക്കുന്നതിലെ വൈരുധ്യം നാം എങ്ങനെയാണ് വിശദീകരിക്കുക? ദേശീയ സമുദായവും പ്രാദേശിക താത്പര്യങ്ങളും തമ്മിലുള്ള അന്തരവും പലപ്പോഴും വിപരീത ദിശയില്‍ നില്‍ക്കുന്ന താത്പര്യങ്ങളും ഇത്തരം പാര്‍ട്ടികളുടെ നയനിലപാടുകളില്‍ മുഴച്ചു നില്‍ക്കുന്നതായി കാണാം. അവരുടെ ദേശീയ കാഴ്ചപ്പാടുകള്‍ കേവലം പേരുകളില്‍ മാത്രം തുടങ്ങി അവസാനിക്കുന്നു. സമുദായ ശാക്തീകരണത്തേക്കാള്‍ മറ്റു പലതിനും അതുകൊണ്ടുതന്നെ അവര്‍ക്ക് പ്രാധാന്യം നല്‍കേണ്ടി വന്നു. സ്വാഭാവികമായും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കും മുന്നില്‍ സാമുദായിക പ്രശ്‌നങ്ങള്‍ പിന്നിലേക്ക് തള്ളപ്പെട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മത്സ്യബന്ധന മേഖല ഏറ്റെടുക്കാന്‍ വകുപ്പ് വിഭജന വേളയില്‍ മുസ്‌ലിം ലീഗ് ഒരിക്കല്‍പോലും ആവശ്യം ഉന്നയിച്ചിട്ടില്ല. ഒരുപക്ഷേ, ഇന്ത്യയില്‍ തന്നെ ഒരു മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും അധിക കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത് കേരളത്തില്‍ ആയിരിക്കും. എന്നിട്ടും ലീഗ് മുന്‍കൈ എടുത്തു തുടങ്ങിയത് എന്നവകാശപ്പെടുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ഉര്‍ദു ഒരു പഠന വിഭാഗമായി ഇതുവരെയും വന്നിട്ടില്ല. ദേശീയ തലത്തില്‍ മുസ്‌ലിംകളോട് സംസാരിക്കാന്‍ കഴിയുന്ന ഒരു ഭാഷയോ പ്രവര്‍ത്തനങ്ങളോ മുസ്‌ലിം ലീഗിന് ഇല്ലാതെ പോയി എന്നതില്‍ പിന്നെ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ. കേവലം ഒരു യൂനിവേഴ്‌സിറ്റിയിലെ പഠനവിഭാഗത്തിന്റെ മാത്രം പ്രശ്‌നമല്ലിത്. മുസ്‌ലിംകളുടെ ദേശീയഭാഷക്ക് കേരളം പോലെ മുസ്‌ലിംകള്‍ക്ക് രാഷ്ട്രീയ സ്വാധീനമുള്ളൊരിടത്ത് ലഭിക്കുന്ന പരിഗണനയുടെ കൂടി പ്രശ്‌നമാണിത്. ഇത്തരം സംഘടനകള്‍ പുറം സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആകട്ടെ പലപ്പോഴും സ്വന്തം തട്ടകങ്ങളിലെ പ്രചാരണായുധങ്ങള്‍ മാത്രമായി ചുരുങ്ങിപോകാറുണ്ടെന്നത് ഖേദകരമായ വസ്തുതയാണ്. കേരളത്തില്‍ നാം നേടിയെടുത്തു എന്നവകാശപ്പെടുന്ന പുരോഗതി ഉത്തരേന്ത്യന്‍ സമൂഹങ്ങളുമായി പങ്കുവെക്കുന്നതിലല്ല, മറിച്ചു അവരുടെ ദൈന്യതയെ നമ്മുടെ പുരോഗതിയെ വീണ്ടും മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമാക്കി ഉപയോഗിക്കുകയാണ് പലരും. അതിനപ്പുറത്തേക്ക് പോകുന്ന ഒരു ദേശീയ പരിപ്രേക്ഷ്യം രൂപപ്പെടുത്താന്‍ ഈ പ്രാദേശിക മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ ആശയപരമായും വിഭവങ്ങളുടെ കാര്യത്തിലും അശക്തരാണ്.

പ്രാദേശികമായ താത്പര്യങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതു കൊണ്ട് തന്നെ വിവിധ പ്രാദേശിക മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള പരസ്പര ധാരണ രൂപപ്പെടുക പോയിട്ട്, അങ്ങനെയൊന്നിലേക്ക് എത്തിച്ചേരാനുള്ള വിദൂര സാധ്യത പോലും ഇന്ത്യയില്‍ രൂപപ്പെട്ടിട്ടില്ല. പകരം, ദേശീയ തലത്തില്‍ പരസ്പരം ശത്രുക്കള്‍ ആയാണ് ഇവര്‍ കാണുന്നത്. സ്വന്തം തട്ടകങ്ങളില്‍ മറ്റു മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ പ്രവര്‍ത്തിക്കാനെത്തുന്നത് ഇവര്‍ ഇഷ്ടപ്പെടുന്നില്ല എന്നു മാത്രമല്ല, പരസ്പരം, ഇടങ്കോലിടുകയും ചെയ്യും. പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മേല്‍ക്കൈ വന്നു തുടങ്ങിയത് തൊണ്ണൂറുകളുടെ പകുതിയോടെയാണ്. ഈ സവിശേഷ സാഹചര്യം പ്രാദേശിക മുസ്‌ലിം പാര്‍ട്ടികളെ കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് തള്ളിയിടുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. തെലങ്കാനയില്‍ ടി ആര്‍ എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന, ഒരു പക്ഷേ ഇന്ത്യയില്‍ ദേശീയ പാര്‍ട്ടിയാകാന്‍ വിദൂരമായ ഒരു പൊട്ടന്‍ഷ്യലെങ്കിലും ഉള്ള മജ്‌ലിസിനെ ഉദാഹരണമായെടുത്താല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. പ്രാദേശികമായ താത്പര്യങ്ങളുടെയും സമ്മര്‍ദങ്ങളുടെയും പേരില്‍ ദേശീയതലത്തില്‍ എന്തു നിലപാടും എടുക്കാന്‍ മെയ്‌വഴക്കമുള്ള ടി ആര്‍ എസ് പോലുള്ള ഒരു പാര്‍ട്ടിക്ക് തെലങ്കാനക്ക് പുറത്തുള്ള മുസ്‌ലിം പ്രശ്‌നങ്ങളോട് എന്തു സമീപനമായിരിക്കും സ്വീകരിക്കാനുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
(തുടരും)

ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി

Latest