Articles
മുസ്‌ലിംകള്‍ ആരില്‍ കണ്ണുംനട്ടിരിക്കണം?
ഇന്ത്യയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ഗതി നിര്‍ണയിക്കുന്നത് രൂപപ്പെടാനിരിക്കുന്ന സഖ്യങ്ങളുടെ സ്വഭാവമായിരിക്കും എന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറയുന്നത്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍, നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വോട്ട് ചെയ്യുക എന്നത് പ്രായോഗികമല്ല. അഭിലഷണീയവുമല്ല. ഈ സാഹചര്യത്തില്‍ പ്രായോഗികമായ നീക്കുപോക്കുകള്‍ക്കപ്പുറം മുസ്‌ലിംകളെ രാഷ്ട്രീയമായി പിന്തുണക്കാന്‍ ആരൊക്കെ, എപ്പോഴൊക്കെ തയ്യാറാകും എന്നത് സഖ്യരാഷ്ട്രീയത്തിന്റെ കാലത്ത് മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ പ്രത്യേകമായി നേരിടാന്‍ പോകുന്ന ചോദ്യമാണ്. കൂടുതല്‍ മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ രംഗത്തുണ്ടാകുന്നത് തിരഞ്ഞെടുപ്പില്‍ മാത്രമല്ല, തിരഞ്ഞെടുപ്പിനു ശേഷവും മുസ്‌ലിംകളുടെ വിലപേശല്‍ ശേഷി കുറക്കും എന്നതാണ് അനുഭവം. പലയിടത്തും പൊതുശത്രുവിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ അതു സഹായകമാവുകയും ചെയ്യാറുണ്ടെന്നാണ് വോട്ടിംഗ് ശതമാനത്തിലെ കണക്കുകള്‍ വെച്ച് ചിലര്‍ വാദിക്കുന്നത്. കേരളത്തില്‍ മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതിനെ ഇവിടത്തെ മുസ്‌ലിംകളുടെ രാഷ്ട്രീയ കരുത്തായും മഹാരാഷ്ട്രയില്‍ മജ്‌ലിസ് മത്സരിക്കുന്നത് മുസ്‌ലിം താത്പര്യങ്ങളെ ബലികൊടുക്കുന്ന നീക്കമായും തെറ്റിദ്ധരിക്കപ്പെടുന്നത് ഈ വൈരുധ്യത്തില്‍ നിന്നാണ്. ഇതിനു പരിഹാരം ഏതെങ്കിലും ഒരു കോര്‍ മുസ്‌ലിം പാര്‍ട്ടി മാത്രം രംഗത്തുണ്ടാകുന്നതും അല്ലെന്നാണ് നമ്മുടെ അനുഭവം. മുസ്‌ലിം അനുഭവങ്ങളുടെയും ആവശ്യങ്ങളുടെയും വൈവിധ്യത്തെ പ്രതിനിധീകരിക്കാന്‍ അത്തരമൊരവസ്ഥക്കു കഴിയില്ലെന്നു മാത്രമല്ല, ചില പ്രത്യേക താത്പര്യങ്ങളുടെ അപ്രമാദിത്വത്തില്‍ ആയിരിക്കും അതു ചെന്നവസാനിക്കുക എന്നതാണ് അനുഭവങ്ങള്‍.
ഇത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയില്‍ എന്താണ് മുസ്‌ലിം രാഷ്ട്രീയം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്നത് ശക്തമായ പുനരാലോചനകള്‍ ആവശ്യപ്പെടുന്ന ചോദ്യമാണ്. സ്ഥാപിത കാല ലക്ഷ്യങ്ങളും താത്പര്യങ്ങളുമായി മാത്രം നിലവിലെ സാഹചര്യത്തില്‍ നിലനില്‍ക്കുക അസാധ്യമാണ്. അതു നാം ലക്ഷ്യങ്ങള്‍ നേടിയെടുത്തതു കൊണ്ടല്ല. ഇനിയും നേടിയെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന പരിമിതി കൊണ്ടാണ്. ചിത്രത്തില്‍ തുടരാന്‍ സമഗ്രമായ ഒരഴിച്ചുപണിക്ക് മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം തയ്യാറാകേണ്ടതുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചുള്ള സ്വയം വ്യക്തതയില്ലായ്മയാണ് മുസ്‌ലിം രാഷ്ട്രീയ സംഘടനകളെയും, സര്‍വോപരി മുസ്‌ലിം ആവശ്യങ്ങളെയും അപ്രസക്തമാക്കി കൊണ്ടിരിക്കുന്നതും അവയെ അവഗണിക്കാനുള്ള ആത്മവിശ്വാസം മറ്റു സംഘടനകള്‍ക്ക് നല്‍കുന്നതും. മുത്വലാഖ്, സാമ്പത്തിക സംവരണ വിഷയങ്ങളില്‍ നാം കണ്ടത് അതാണ്.
മുസ്‌ലിംകളുടെ രാഷ്ട്രീയ അജന്‍ഡകള്‍ നിര്‍ണയിക്കുന്നതിലും അവകാശങ്ങള്‍ നേടിയെടുക്കുന്നതിലും രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. അപ്പോഴും അവരുടെ സമയവും സന്ദര്‍ഭവും ആവശ്യവും പരിഗണിച്ചായിരുന്നു സാമുദായിക പാര്‍ട്ടികളുടെ നിലപാടുകളും തീരുമാനങ്ങളും രൂപപ്പെട്ടിരുന്നത്. തിരിച്ചു, മുസ്‌ലിം സംഘടനകളുടെ ആവശ്യത്തിനനുസരിച്ച് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാടുകള്‍ ചിട്ടപ്പെടുത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ മുസ്‌ലിംകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന് വലിയ വില നല്‍കേണ്ടി വരികയും ചെയ്തിട്ടുണ്ട്. ശരീഅത്ത് വിവാദകാലത്തും ബാബരി മസ്ജിദ് തകര്‍ച്ചയുടെ കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ ഉദാഹരണം. അതോടൊപ്പം, മുസ്‌ലിം പ്രശ്‌നങ്ങളെ പ്രാദേശികമായി കൈകാര്യം ചെയ്താല്‍ മതി എന്ന നിലപാടിലേക്ക് മുഖ്യധാരാ ദേശീയ പാര്‍ട്ടികളും എത്തി. സാമുദായിക രാഷ്ട്രീയ സംഘടനകളുടെ പ്രാദേശിക താത്പര്യങ്ങളാണ് അങ്ങനെയൊരു നിലപാടിലേക്ക് ദേശീയ പാര്‍ട്ടികളെയും കൊണ്ടുചെന്നെത്തിച്ചത്. കേരളത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിനോ സി പി എമ്മിനോ മറ്റു സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ കാര്യത്തില്‍ സ്വീകരിക്കാന്‍ കഴിയാതെ പോകുന്നത് അതുകൊണ്ടാണ്.
സമുദായത്തിന്റെ വളര്‍ച്ചയും പുരോഗതിയും സ്വപ്‌നം കണ്ട ഒറ്റപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഈ സാഹചര്യങ്ങളില്‍ നിന്ന് മാറി ചിന്തിക്കുകയും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും അതുപോലും പലപ്പോഴും കക്ഷി രാഷ്ട്രീയത്തില്‍ തട്ടിത്തടഞ്ഞ് വീണുപോയിട്ടുമുണ്ട്. സമുദായം യഥാര്‍ഥത്തില്‍ പരിഹരിക്കേണ്ട, നേടിയെടുക്കേണ്ട കാര്യങ്ങളിലേക്കെത്താന്‍ പലപ്പോഴും കഴിഞ്ഞില്ല എന്നതാണ് ഇതിന്റെയൊക്കെ ആത്യന്തിക ഫലം. സ്വന്തം പാര്‍ട്ടിയെ ശക്തിപ്പെടുത്താനും മുന്നണി രൂപീകരിക്കാനും അത് നിലനിര്‍ത്താനും വോട്ട് ബേങ്ക് അട്ടിമറിയാതിരിക്കാനുമുള്ള പരിശ്രമങ്ങളായി മാത്രം ഒതുങ്ങാന്‍ ഈ നീക്കങ്ങള്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളെ സഹായിച്ചു എന്നും വേണമെങ്കില്‍ പറയാം. തിരിച്ചു, മുസ്‌ലിം സമുദായം എന്നു കേള്‍ക്കുമ്പോഴേക്കും അതിനെ ഏതാനും ചില സാമുദായിക രാഷ്ട്രീയകക്ഷികളെക്കുറിച്ചാണ് ആ പറയുന്നത് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ഒരു അവസരം ഈ സാഹചര്യം മുഖ്യധാരാ സംഘടനകള്‍ക്കും ഒരുക്കിക്കൊടുത്തു. അതേ സമയം നിര്‍ണായക സമയങ്ങളില്‍ അവര്‍ പാലം വലിക്കുകയും ചെയ്തു. ബാബരി മസ്ജിദിന്റെ വിഷയത്തിലും ഒടുവില്‍ സാമ്പത്തിക സംവരണ വിഷയത്തിലും നാമതു തെളിച്ചത്തോടെ കണ്ടു.
ഈയൊരു സാഹചര്യത്തില്‍ മുസ്‌ലിം രാഷ്ട്രീയം നിലവിലുള്ള രൂപത്തില്‍ തന്നെ ശക്തിപ്പെടണം എന്നു വാശിപിടിക്കുന്നതില്‍ അര്‍ഥമില്ല. ഇന്ത്യന്‍ പാര്‍ലിമെന്റിലെ അംഗങ്ങളായിരുന്ന ചില മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ തന്നെ ചരിത്രത്തില്‍ അത് തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന മൗലാനാ അബുല്‍ കലാം രാജ്യത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 1958 വരെ മന്ത്രിയായി തുടര്‍ന്ന അദ്ദേഹം മുസ്‌ലിംകള്‍ക്ക് വേണ്ടി കൊണ്ടുവന്ന നേട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. മഹാത്മാ ഗാന്ധി മുന്നോട്ടുവെച്ച അഹിംസയിലും ചേരിചേരാ പ്രസ്ഥാനത്തിലും സ്വരാജിലും ശക്തമായി വിശ്വസിച്ചിരുന്ന അബുല്‍ കലാം ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റി, അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി എന്നിവ സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ഐ ഐ ടി, യു ജി സി എന്നീ ആശയങ്ങളും അദ്ദേഹത്തിന്റേതായിരുന്നു. ഗ്രാമങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി അദ്ദേഹം സാര്‍വത്രിക സൗജന്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും സ്‌കൂള്‍ വിദ്യാഭ്യാസം രാജ്യത്ത് സൗജന്യമാക്കുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
ഹിന്ദുക്കളും മുസ്‌ലിംകളും തമ്മില്‍ രക്തരൂക്ഷിതമായ ലഹള നടക്കുകയും കൊലപാതകങ്ങള്‍ കൂടിവരികയും ചെയ്തപ്പോള്‍ മുസ്‌ലിംകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടുവന്നത് അബുല്‍ കലാം ആസാദായിരുന്നു. തുടര്‍ന്ന് ബംഗാള്‍, ബിഹാര്‍, അസാം, പഞ്ചാബ് എന്നിവിടങ്ങളില്‍ നേരിട്ടെത്തി സമാധാനം പുനഃസ്ഥാപിക്കാന്‍ നേതൃത്വം നല്‍കുകയും കലാപങ്ങളിലെ ഇരകള്‍ക്ക് വേണ്ടി ക്യാമ്പുകള്‍ തുറക്കുകയും ചെയ്തു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായി അടുത്ത ബന്ധം സൂക്ഷിക്കുകയും പ്രശ്‌നങ്ങള്‍ നേരിടുന്ന മുസ്‌ലിംകള്‍ക്ക് വേണ്ടി അദ്ദേഹത്തോട് നിരന്തരം സംസാരിക്കുകയും ചെയ്തു കലാം. മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പ്രധാനമന്ത്രി നെഹ്‌റു അബുല്‍ കലാമിനോടാണ് ഉപദേശം തേടിയിരുന്നത്. ഒരുപക്ഷേ, ഒരു പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ പരിമിതിയെ മറികടന്നുകൊണ്ട് മുസ്‌ലിംകളെ കുറിച്ച് ഇതുപോലെ വിശാലമായ ദേശീയ കാഴ്ചപ്പാടോടെ ഉയര്‍ന്നുവന്ന അവസാനത്തെ നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബായിരിക്കും. ഇങ്ങനെ വിശാലമായ കാഴ്ചപ്പാടുകളുമായി മുസ്‌ലിം രാഷ്ട്രീയത്തില്‍ ഇടപെടുകയും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുകയും ചെയ്യുന്ന രാഷ്ട്രീയ മുന്നേറ്റമാണ് ഇന്നത്തെ സാഹചര്യത്തില്‍ സമുദായത്തിന് ആവശ്യം. മുസ്‌ലിം ആവശ്യങ്ങളെ വിശാലമായ സാമൂഹിക രാഷ്ട്രീയ ആവശ്യങ്ങളിലേക്കു പരാവര്‍ത്തനം ചെയ്യാന്‍ സാധിച്ചു എന്നതായിരുന്നു ഇവരുടെ കരുത്ത്. മുസ്‌ലിം ആവശ്യങ്ങള്‍, വിശാലമായ സാമൂഹിക രാഷ്ട്രീയ താല്പര്യങ്ങള്‍ എന്നീ ദ്വന്ദങ്ങളില്‍ അവര്‍ കുരുങ്ങിയില്ല.
മുസ്‌ലിം രാഷ്ട്രീയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമുദായത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ കക്ഷികളെ വളര്‍ത്തുക എന്നതല്ല. രാഷ്ട്രീയ ബോധമുള്ള പൗരന്മാരെ വളര്‍ത്തിയെടുക്കുകയും അതിലൂടെ മുസ്‌ലിംകള്‍ സ്വയം ഒരു രാഷ്ട്രീയ സമൂഹമായി മാറുകയും ചെയ്യുക എന്നതാണ്. അങ്ങനെ ഒരു രാഷ്ട്രീയ സമൂഹമായി മാറാന്‍ പലപ്പോഴും തടസ്സമായി നിന്നത് സാമുദായിക രാഷ്ട്രീയ സംഘടനകളാണ് എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ ദളിത് സമൂഹങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ മുസ്‌ലിംകള്‍ക്കു ഏറെ പഠിക്കാനുണ്ട്. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ നിലപാടുകള്‍ രൂപീകരിക്കാന്‍ ശേഷിയുള്ള മുസ്‌ലിംകള്‍ വളര്‍ന്നുവരുമ്പോള്‍ മാത്രമേ സാമുദായിക രാഷ്ട്രീയത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരികയുള്ളൂ. മുഖ്യധാരാ രാഷ്ട്രീയ സംഘടനകളെ മുസ്‌ലിം പ്രശ്‌നങ്ങളില്‍ ധാര്‍മിക ഉത്തരവാദിത്വമുള്ളവരാക്കുക എന്നതാണ് അതിനുള്ള പോംവഴി. ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ ഭാഗമായി നില്‍ക്കുകയും അവരെ മാത്രം പിന്തുണക്കുകയും ചെയ്യുന്നതിന് പകരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള മുസ്‌ലിം നേതൃത്വത്തെ ശക്തിപ്പെടുത്തുകയും, അതുവഴി ഘടനാപരമായി തന്നെ മുസ്‌ലിം രാഷ്ട്രീയ ആവശ്യങ്ങളെ പൊതു ആവശ്യങ്ങളാക്കി മാറ്റുകയും ചെയ്യണം. കേരളത്തില്‍ ഒരു കാലത്ത് മുഹമ്മദ് അബ്ദുര്‍റഹിമാന്‍ സാഹിബും ദേശീയ തലത്തില്‍ അബുല്‍ കലാം ആസാദിനെ പോലുള്ളവരും ചെയ്തത് അതാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നുകൊണ്ട്, കേരളത്തില്‍ നിന്ന് ഇമ്പിച്ചി ബാവയും പാലോളി മുഹമ്മദ് കുട്ടിയെ പോലുള്ളവരും ചെയ്തത് അതാണ്. സ്വന്തം വോട്ടു ബേങ്കുകള്‍ വികസിപ്പിക്കുന്നതിലല്ല, മറിച്ചു, ആത്യന്തികമായി സമുദായത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുക എന്നതും അതിനു സ്വീകരിക്കുന്ന വഴികളും ആണ് ഫലപ്രദമായ ശാക്തീകരണം. മുസ്‌ലിം ആവശ്യങ്ങളെ പൊതു ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതില്‍ വിജയിച്ചു എന്നതാണ് അവരുടെ മികച്ച നേട്ടം. രാജ്യത്ത് നിലനില്‍ക്കുന്ന പുതിയ സാഹചര്യത്തില്‍ ഈ രൂപത്തിലുള്ള രാഷ്ട്രീയ ബോധത്തിന് വലിയ പ്രാധാന്യമാണുള്ളത്.
വരാനിരിക്കുന്ന നിര്‍ണായകമായ ലോക് സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സീറ്റ് വിഭജനം നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് കേരളത്തിലെ മുസ്‌ലിംകള്‍ എടുക്കുന്ന രാഷ്ട്രീയനിലപാടുകള്‍ ഇക്കാര്യത്തില്‍ മാതൃകാപരമാകേണ്ടതുണ്ട്. മുഖ്യധാരാ പാര്‍ട്ടികള്‍ മുസ്‌ലിം പ്രശ്‌നങ്ങളെയും പ്രതിനിധാനങ്ങളെയും മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്വവും ചുമതലയുമായി ചുരുക്കരുത്. പകരം ആ പ്രതിനിധാനം ഏറ്റെടുക്കാന്‍ അവരും തയ്യാറാകണം. ഏതെങ്കിലും മുസ്‌ലിം രാഷ്ട്രീയ സംഘടനക്ക് ഒന്നോ രണ്ടോ സീറ്റുകള്‍ അധികം നല്‍കി പരിഹരിക്കാനോ ഒഴിഞ്ഞു മാറാനോ കഴിയുന്നതല്ല ഇന്ത്യയിലെ മുസ്‌ലിം അവസ്ഥ. രാഷ്ട്രീയത്തെക്കുറിച്ച് സാമ്പ്രദായികമായി നാളിതുവരെയും മറ്റ് പാര്‍ട്ടികള്‍ സങ്കല്‍പ്പിച്ചുപോരുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരം ആവശ്യങ്ങള്‍ ഉയരുന്നത്. സീറ്റുകളല്ല വീതം വെക്കേണ്ടത്. പകരം ഉത്തരവാദിത്വങ്ങളാണ്. അതിനു മുഖ്യധാരാ രാഷ്ട്രീയ സംഘടനകളില്‍ നിന്ന് തന്നെ കൂടുതല്‍ മുസ്‌ലിംകള്‍ രംഗത്തുവരേണ്ടതുണ്ട്. മുസ്‌ലിം ലീഗിനോ, ഐ എന്‍ എല്ലിനോ കിട്ടുന്ന അധിക സീറ്റുകള്‍ അല്ല ഈ സമുദായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോകുന്നത്. മറിച്ചു, സി പി എമ്മിലെ യും കോണ്‍ഗ്രസിലെയും മുസ്‌ലിം അനുഭാവികള്‍ക്കു കിട്ടുന്ന സീറ്റുകളാണ്. സമുദായം, സാമുദായിക രാഷ്ട്രീയം എന്നത് ഏതെങ്കിലും ചില പാര്‍ട്ടികള്‍ മാത്രമാണ് എന്ന പരമ്പരാഗത രീതി തിരുത്താനും അതനുസരിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധിക്കണം. ഇതുവഴി പ്രത്യേക കക്ഷികള്‍ മാത്രം മുസ്‌ലിംകളുടെ പാര്‍ട്ടി ആവുകയും മുഖ്യധാരാ രാഷ്ട്രീയ സംഘടനകളോട് ചേര്‍ന്നുനില്‍ക്കാനുള്ള മുസ്‌ലിംകളുടെ അവസരം ഇല്ലാതാവുകയുമാണ് ഫലത്തില്‍ ചെയ്യുക. സമുദായത്തിന്റെ വിശാലമായ താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി ഇക്കാര്യത്തില്‍ അജണ്ടകള്‍ പുനഃക്രമീകരിക്കാന്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണം.
ഒന്നും രണ്ടും യു പി എയുടെ ഭരണ കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സഹായകമാകുന്ന തരത്തിലുള്ള പല നയനിലപാടുകളും രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസിലെ മുസ്‌ലിം നേതാക്കള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്നാണ്ഇതേ കുറിച്ച് പഠനം നടത്തിയ പലരുടെയും നിരീക്ഷണം. ന്യൂനപക്ഷ വിഷയങ്ങളില്‍ സി പി എമ്മിനെ ധാര്‍മികമായി ഉത്തരവാദിത്വമുള്ളവരാക്കുന്നതില്‍ അവരുടെ പങ്കാളികളായ മുസ്‌ലിം നേതാക്കളും അനുഭാവികളും വഹിച്ച പങ്കും ചെറുതല്ല. വാചോടാപങ്ങള്‍ക്കപ്പുറം നയനിലപാടുകളിലേക്ക് മുസ്‌ലിം ആവശ്യങ്ങളെ വിവര്‍ത്തനം ചെയ്‌തെടുക്കാന്‍ കൂടുതല്‍ നല്ലതും അതാണ്. അത്തരമൊരു നിലപാടിനേ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാഷ്ട്രീയ സമൂഹമായി വളരാന്‍ മുസ്‌ലിംകളെ സഹായിക്കുകയുള്ളൂ. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ക്കു വളരാന്‍ കഴിയുന്നതിന്റെ പരമാവധി വളര്‍ന്നിട്ടുണ്ട്. അങ്ങനെയൊരു പൂരിത ഘട്ടത്തില്‍ നിന്നുകൊണ്ട് അവര്‍ക്കു കൂടുതല്‍ എന്തെങ്കിലും സമുദായത്തിനു ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മുസ്‌ലിംകള്‍ക്കിടയില്‍ ആരോഗ്യ, തൊഴില്‍ പാര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്‌ലിം ലീഗ് പോലൊരു പാര്‍ട്ടിക്ക് സന്നദ്ധ പ്രവര്‍ത്തനം നടത്തേണ്ടി വരുന്നത് അവരുടെ പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. മുസ്‌ലിംകളുടെ ദാരിദ്ര്യം എന്തുകൊണ്ട് ഒരു രാഷ്ട്രീയ പ്രശ്‌നമായി കേരളത്തില്‍ പോലും വളര്‍ന്നുവന്നില്ല എന്നതിന്റെ ഉത്തരത്തിലുണ്ട് ഈ പ്രതിസന്ധിയുടെ ആഴം. അതേ സമയം മുസ്‌ലിം സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമൊന്നുമില്ലാത്ത തമിഴ്‌നാട്ടില്‍ പല മുസ്‌ലിംപ്രശ്‌നങ്ങളും രാഷ്ട്രീയ പ്രശ്‌നങ്ങളായി ഉയര്‍ന്നുവരികയും പരിഹാരങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട് എന്നു കാണാം. മുസ്‌ലിം ലീഗിന്റെ ഭാഗമായി നില്‍ക്കുന്നതിലല്ല, ഡി എം കെയുടെ ഭാഗമായി നില്‍ക്കുന്നതാണ് സമുദായത്തിനു കൂടുതല്‍ മെച്ചം എന്ന നിലപാടു സ്വീകരിച്ച ഖാദര്‍ മൊയ്തീനെ പോലുള്ളവരുടെ നിലപാട് ഇക്കാര്യത്തില്‍ മാതൃകയാക്കാവുന്ന ഒന്നാണ്.
പൊതുശത്രുവിനെതിരെയുള്ള വലിയ പോരാട്ടങ്ങള്‍ക്കിടയില്‍ പ്രാദേശികമായ ചെറു പ്രശ്‌നങ്ങളില്‍ കണ്ണും നട്ടിരിക്കുന്നതില്‍ നിന്നും മുസ്‌ലിം സമുദായ സംഘടനകള്‍ മോചിതരാവണം. പകരം ഈ രണ്ട് പോരാട്ടങ്ങളെയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുപോകാന്‍ കഴിയും വിധത്തില്‍ തുറസ്സാര്‍ന്ന നിലപാടുകള്‍ എടുക്കാന്‍ തയ്യാറാകണം. ചിന്നി ചിതറിക്കിടക്കുന്ന മുസ്‌ലിം പോപ്പുലേഷനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും പ്രദേശത്തില്‍ നിന്നുള്ള കേവല പ്രാതിനിധ്യം കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിലേക്ക് അവര്‍ വഴിമാറണം. മലപ്പുറത്തു നിന്നോ, ഹൈദരാബാദില്‍ നിന്നോ അല്ല നമുക്ക് മുസ്‌ലിം പ്രതിനിധികളെ ആവശ്യം. മറ്റു ഇടങ്ങളില്‍ നിന്നാണ്. കേരളത്തിലെ പാരമ്പര്യ മുസ്‌ലിം കേന്ദ്രമായ പൊന്നാനിയെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് സി പി എമ്മിലെ പി. രാമകൃഷ്ണനാണ്. ബി ജെ പിക്ക് സാധ്യത കല്‍പ്പിച്ച പാലക്കാട് നിന്ന് നിയമസഭയിലേക്ക് വന്നത് കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ ആണ്.
ഇത്തരം മാതൃകകള്‍ വ്യാപകമാക്കാന്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും അതിലേക്ക് അവരെ കൊണ്ടുചെന്നെത്തിക്കാന്‍ മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികളും സാമുദായിക സംഘടനകളും തയ്യാറാകണം. ദേശീയ പാര്‍ട്ടികളുടെ മുസ്‌ലിം കാഴ്ചപ്പാടുകളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അത്തരം ശ്രമങ്ങള്‍ക്ക് കഴിയും. അതിനാവശ്യമായ വിധം നിലപാടുകളും ആവശ്യങ്ങളും പുനഃക്രമീകരിക്കാനും വിശാലമായ കാഴ്ചപ്പാടുകള്‍ സ്വീകരിക്കാനും മുസ്‌ലിം സംഘടനകള്‍ തയ്യാറാകേണ്ടതുണ്ട്. നേരത്തെ സൂചിപ്പിച്ചതു പോലെ, മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടികള്‍ അവയുടെ വളര്‍ച്ചയുടെ ഘട്ടം പൂര്‍ത്തിയാക്കി പരിണിത ഘട്ടത്തിലാണ്. അവര്‍ക്കിനിയും എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നത് പ്രായോഗികാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അത്യാഗ്രഹമായിരിക്കും. പ്രതിപക്ഷ നിരക്കെതിരെയുള്ള മൂന്ന് വോട്ടു പോലെയുള്ള അതികാല്‍പ്പനികമായ വിവരണങ്ങള്‍ക്കപ്പുറത്തേക്കു സമുദായ താത്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ അവ അപര്യാപ്തമാണ്. ആ അപര്യാപ്തതയെ മറികടക്കാന്‍ മുസ്‌ലിംകള്‍ സ്വയം ഒരു രാഷ്ട്രീയ സമൂഹമായി മാറണം. ആ മാറ്റത്തിനേ സുസ്ഥിരവും സമാധാനപരവുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. ഇനി മുസ്‌ലിം സമുദായം വളരട്ടെ. ആ വളര്‍ച്ചക്ക് വഴിയൊരുക്കി കൊടുക്കലാണ് മുസ്‌ലിം രാഷ്ട്രീയ സംഘടനകള്‍ക്ക് ചെയ്യാനുള്ള പരമമായ സേവനം.
ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി