Connect with us

Articles

പരീക്ഷാക്കാലം: റിവിഷനാകണം പ്രധാനചര്യ

Published

|

Last Updated

പഠനം കഴിഞ്ഞ്, പരീക്ഷകളിലേക്കു പ്രവേശിക്കുകയാണ് വിദ്യാർഥികൾ. പഠിച്ചത് നന്നായി ഓർത്തെടുത്ത് പരീക്ഷാപേപ്പറിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമങ്ങളിലാണവർ. നന്നായി ഒരുങ്ങിയാൽ നല്ല റിസൾട്ട് സമ്പാദിക്കുവാൻ കഴിയും. റിവിഷനാകണം പരീക്ഷാക്കാലത്തെ ഏറ്റവും പ്രധാന പഠനചര്യ.
ഏറ്റവും സാധാരണവും ഫലപ്രദവുമായ പഠനമാർഗം ആവർത്തനമാണ്. ഹൃസ്വകാല ഓർമയിൽ നിന്നും ദീർഘകാല ഓർമയിലേക്ക് പഠിച്ചവയെ കൊണ്ടുപോകാൻ റിവിഷൻ സഹായിക്കും. ആവർത്തിച്ച് ഉറക്കെ വായിച്ചാൽ അത് ഓർമയിൽ അടിയുറക്കും. തലച്ചോറിലെ “ന്യൂറൽ പാത്‌വേ”കൾ എന്ന പഠിച്ച കാര്യത്തിലേക്കുള്ള വഴികൾ കൂടുതൽ കൂടുതൽ തെളിഞ്ഞു വരുന്നത് ആവർത്തനങ്ങളിലൂടെയാണ്. ആവർത്തനമാണ് ഓർമയുടെ ശാസ്ത്രം.

പുതിയ ആശയങ്ങളെ ശേഖരിക്കാനും അവയെ നിലനിറുത്താനും ആവശ്യമനുസരിച്ച് ഉപയോഗിക്കാനുമുള്ള മനസ്സിന്റെ കഴിവിനെയാണ് ഓർമശക്തി എന്നുപറയുന്നത്. ഓർമക്ക് മൂന്ന് തലമുണ്ട്. 1. അൽപ്പസമയം നിലനിൽക്കുന്ന ഓർമശക്തി 2. കുറച്ചുനാൾ 3. എന്നും നിലനിൽക്കുന്ന ഓർമ. പഠിച്ചാൽ അൽപ്പസമയം മാത്രം നിൽക്കും. ആവർത്തിച്ചാൽ ഹൃസ്വകാല മെമ്മറിയിൽ പ്രവേശിക്കും. കൂടുതൽ ആവർത്തിച്ചുള്ള പഠനം വഴിയാണ് ദീർഘകാല മെമ്മറിയിലേക്ക് കാര്യങ്ങളെ എത്തിക്കാൻ കഴിയുക. ആവർത്തിച്ചുള്ള പഠനം ഓർമശക്തി വർധിപ്പിക്കും.

മറവി പലരുടേയും പ്രശ്‌നമാണ്. മറവിയെ മറികടക്കാൻ മാർഗങ്ങളുണ്ട്. പഠിച്ചകാര്യം കൂടെക്കൂടെ ഓർമിക്കുക, ശ്രദ്ധയോടും ഏകാഗ്രതയോടുംകൂടി പഠിക്കുക, സ്വന്തം ഓർമ ശക്തിയിൽ വിശ്വസിക്കുക, അർഥമറിഞ്ഞ് പഠിക്കുക, മുന്നറിവുമായി ബന്ധിപ്പിച്ച് പഠിക്കുക, പഠിച്ചവ വീണ്ടും കൂടുതൽ പഠിക്കുക, പഠിച്ചവ സ്വന്തം വാക്കുകളിൽ പറഞ്ഞു നോക്കുക, പഠിച്ച പാഠം 24 മണിക്കൂറിനുള്ളിൽ റിവൈസ് ചെയ്യുക, യുക്തിപൂർവം പഠിക്കുക, പോയിന്റുകൾ മനസ്സിലുറപ്പിക്കുക, ആസ്വദിച്ച് പഠിച്ചാൽ മറക്കില്ല. ചെയ്തു പഠിക്കുക. ഈ മാർഗങ്ങളെല്ലാം മറവിയെ തരണം ചെയ്യാൻ സഹായകമാണ്. പഠിച്ചിട്ടും ഓർമയിൽ നിൽക്കാത്ത സൂത്രവാക്യങ്ങൾ, തത്വങ്ങൾ, ഉദ്ധരണികൾ, ഫോർമുല, വർഷം, പേര് തുടങ്ങിയവ ചെറിയ കാർഡുകളിൽ എഴുതി സൂക്ഷിക്കുക. അവ ഇടക്ക് മറിച്ചു നോക്കിയാൽ ഓർമയിൽ കൊണ്ടുവരാനാകും.
നമ്മുടെ ഉപബോധ മനസ്സ് ശക്തനും മിടുക്കനുമാണ്. ബോധമനസ്സിനേക്കാൾ 5,000 മടങ്ങ് ശക്തി ഉപബോധമനസ്സിനുണ്ട്. ഉറങ്ങുന്നതിനുമുമ്പുള്ള നമ്മുടെ ചിന്തകളെ ഉപബോധ മനസ്സ് ഏറ്റെടുക്കുകയും അതിന് മേൽ ജോലി ചെയ്യുകയും ചെയ്യും. ഉറങ്ങാൻ കിടക്കുമ്പോൾ പഠിച്ച കാര്യങ്ങൾ ഓർത്തു കിടന്നാൽ ലോഗ് ടൈം മെമ്മറിയിൽ ഉപബോധ മനസ്സ് അവ അടുക്കിവെക്കും. പിന്നെ ഓർത്തെടുക്കാൻ എളുപ്പമായിരിക്കും. പ്രയാസമുള്ള, കഠിന പാഠങ്ങളും ഉറങ്ങുന്നതിനു മുൻപ് പഠിക്കുക. രാവിലെ ഉണരുമ്പോൾ തലേദിവസം രാത്രി ആവർത്തിച്ചവ ഓർത്തു നോക്കുക. അത് കൃത്യമായി തെളിഞ്ഞുവരും. ഉപബോധ മനസ്സിന്റെ കഴിവാണത്.
സ്ഥലകാലപരിധികൾക്കപ്പുറത്ത് എന്തും സാധ്യമാക്കാനുള്ള ശേഷി ഉപബോധമനസ്സിനുണ്ട്. ഈ വർഷത്തെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നതവിജയം കരസ്ഥമാക്കുമെന്ന് ഉറച്ചു വിശ്വസിക്കുക. വിജയം നേടിയതും ഫോട്ടോ പത്രത്തിൽ വരുന്നതും അനുമോദനങ്ങൾ ഏറ്റുവാങ്ങുന്നതും ഭാവനയിൽ സങ്കൽപ്പിച്ച് അനുഭവിക്കുക.
മനസ്സ് ഒരു വലിയ ഊർജ സ്രോതസ്സാണ്. ലക്ഷ്യം മനസ്സ് സാധിച്ചുതരും.

അഡ്വ. ചാർളി പോൾ

---- facebook comment plugin here -----

Latest